വൈകാരിക മനുഷ്യ ജീവിതങ്ങളുടെ ‘കാപ്പ’

ഒരു സാധാരണ മനുഷ്യൻ ഗുണ്ടയായി മാറുന്ന വഴികളും തുടർന്നുള്ള കലാപ കലുഷിതമായ അയാളുടെ ജീവിതവുമാണ് ‘കാപ്പ’. മനുഷ്യത്വ വിരുദ്ധമാണ് ഏതൊരു അധിനിവേശവും എന്ന് ഓർമ്മപ്പെടുത്താനും ചിത്രം മടിക്കുന്നില്ല. മണ്ണിൽ ഉറച്ചുനിന്നുകൊണ്ട് കഥ പറയുന്ന കാലത്തെയും നാടിനെയും ജീവിതത്തെയും ഒരുപോലെ അടയാളപ്പെടുത്താൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഷാജി കൈലാസിനെ പരിഹാസത്തോടെ ചികഞ്ഞ ചിലരോടെങ്കിലുമുള്ള മറുപടിയാണ് ‘കാപ്പ’.

രക്ത രൂക്ഷിതമായ കാലത്തെയും മനുഷ്യരെയും അടയാളപ്പെടുത്താൻ നിരവധി മലയാള ചിത്രങ്ങൾക്ക് സാധിച്ചിട്ടുണ്ടല്ലോ. സമാനമായ കാഴ്ച്ച അനുഭവമാണ് ഇവിടെയും. പകയും വിദ്വേഷവും മനുഷ്യനെ കീഴ്‌പ്പെടുത്തുന്നത് വ്യക്തമായി വരച്ചിടുന്നു. ഓരോ കഥാപാത്രങ്ങളും കഥയുടെ ചടുലതയോട് ചേർന്ന് നിൽക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തിരുവനന്തപുരം നഗരവും ചുറ്റുപാടുകളുമാണ് കഥാ പശ്ചാത്തലം.

ഗുണ്ടാ സംഘങ്ങളും അവരുടെ കുടിപ്പകയുമാണ് ചിത്രത്തിലുടനീളം. പൃഥിരാജ് വേഷമിട്ട കൊട്ട മധു എന്ന ഗുണ്ടാ നേതാവിനേയും അയാളെ ചുറ്റിപ്പറ്റി നടക്കുന്ന സംഘർഷങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്. പതിയിരിക്കുന്ന അപകടത്തെ ഏത് നിമിഷവും പ്രതീക്ഷിക്കുന്ന വല്ലാത്ത നെഞ്ചൂക്കുള്ള മനുഷ്യനാണ് കൊട്ട മധു. അതേസമയം തന്റെ കുടുംബത്തെ ചേർത്തുപിടിക്കുന്ന മറ്റൊരു മനുഷ്യനേയും മധുവിലൂടെ കാണാം. ഇത്തരത്തിൽ വ്യത്യസ്ത ചിന്തയും സ്വഭാവ സവിശേഷതയുമുള്ള വ്യക്തിയാണ് മധു. അത് ഇത്രമേൽ അനുഭവമാക്കിയത് പൃഥ്വിരാജ് എന്ന നടന്റെ കൈയടക്കമാണ്.


ജഗദീഷിന്റെ പ്രകടനവും പ്രേക്ഷകന് നൽകുന്നത് മികച്ച കാഴ്ച്ചാനുഭവമാണ്. ലീലയിലെ തങ്കപ്പൻ നായരെപ്പോലെ വിസ്മയകരമായ വേഷപകർച്ചയാണ് ഈ ചിത്രത്തിലും. ഓരോ ചലനത്തിലും നോട്ടങ്ങളിലും കഥാപത്രത്തിന്റെ ആത്മാവ് തൊടാൻ ജഗദീഷിനായിട്ടുണ്ട്. കൊട്ട മധുവിന്റെ നിഴലായി തുടരുന്ന കഥാപാത്രമാണ്‌ അദ്ദേഹത്തിന്റേത്. ഗുണ്ടാ ഗെറ്റപ്പിലുള്ള രൂപമാറ്റവും പ്രകടനവും കണ്ടറിയേണ്ടത് തന്നെയാണ്.

ഓരോ കഥാപാത്രത്തിനും ആഴത്തിലുള്ള കഥാപശ്ചാത്തലമുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. അതൊരു നൂലിലെ മുത്തുപോലെ ചേർന്നും അകന്നും കിടക്കുന്നു. പ്രമീള, ലത്തീഫ്, ആനന്ദ്, ബിനു ത്രിവിക്രമൻ എന്നിവരിലൂടെ അത് അടിവരയിടുന്നു. ആനന്ദായി വന്ന ആസിഫലിയും അപർണാ ബാലമുരളിയുടെ പ്രമീളയും ഫ്രെയിമിൽ നിന്ന് മനസ്സിലേക്ക് പടരുന്നതാണ്. ലത്തീഫ് ആയി വേഷമിട്ട ദിലീഷ് പോത്തനും അന്ന ബെന്നും പ്രകടനത്തിൽ മികച്ചുനിന്നു.

ജി.ആർ. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന ചെറു നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം രൂപപ്പെടുത്തിയത്. മികച്ച സൃഷ്ട്ടികൾ മലയാളിക്ക് സമ്മാനിച്ച കഥാകാരനാണ് ജി.ആർ. ഇന്ദുഗോപൻ. സിനിമയിലെ കഥാപാത്രങ്ങൾ അത്രമേൽ മണ്ണിലുറച്ച് നിൽക്കുന്നതിന്റെ കാരണവും കഥാകാരന്റെ അക്ഷരക്കരുത്താണ്.

ജോമോൻ ടി. ജോണിന്റെ ക്യാമറ വൈകാരികതയുടെ തലങ്ങൾ കൃത്യമായി പകർത്തിയിട്ടുണ്ട്. ഡോൺ വിൻസെന്റിന്റെ പശ്ചാത്തലസംഗീതവും രംഗങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നു. അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ ഒന്നുമില്ലെങ്കിലും ‘കാപ്പ’ അത്തരം കുറച്ചു മനുഷ്യരുടെ ജീവിതം പറയുന്നതിൽ വിജയിച്ചു എന്നു കാണാൻ സാധിക്കും.

News Summary - Kaapa movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT