മരവിപ്പിന്‍റെ കാഴ്ചാനുഭവം

ബോധമണ്ഡലത്തിൽനിന്ന് ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ ദിവസങ്ങളോളം നമ്മെ വേട്ടയാടുന്ന ഒരു ചലച്ചിത്രം കണ്ടിട്ടുണ്ടോ? അഭിനേതാക്കൾ ഉറക്കിലും ഉണർവിലും രൂക്ഷമായ നോട്ടത്തോടെ സ്ക്രീനിൽ നിന്നിറങ്ങി നമ്മെ പിന്തുടരുന്ന വിചിത്രാനുഭവം നിങ്ങൾക്ക് ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടോ? മറ്റാരും അധികം പരീക്ഷിക്കാത്ത പ്ലോട്ടും അതിശക്തമായ തിരക്കഥയും അഭിനേതാക്കളുടെ ഗംഭീരപ്രകടനവും സമ്മേളിക്കുമ്പോൾ പ്രേക്ഷകന് ലഭിക്കുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത സിനിമാനുഭവമാകും.

കണ്ടിട്ട് തരിച്ചുനിന്നുപോയ ആ സിനിമയാണ് ആൻസൊന്തി (Incendies) അഥവാ The Fire. 2010ൽ ഇംഗീഷ്, അറബി, ഫ്രഞ്ച് ഭാഷകളിൽ നിർമിച്ച ഇൗ കനേഡിയൻ സിനിമ നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. ഡെനിസ് വിൽനെഫ് സംവിധാനം നിർവഹിച്ച ഈ സിനിമ ലബനീസ് എഴുത്തുകാരനും തിയറ്റർ ആക്ടിവിസ്റ്റുമായ വജ്ദി മുവാദിന്റെ ആൻസൊന്തി എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ്.

സംവിധായകനൊപ്പം വലേറിയ ബെഗ്രാൻടും തിരക്കഥയിൽ പങ്കാളിയായി. 1975-90 കാലത്തെ ലബനീസ് ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം വികസിക്കുന്നത്. നവാൽ മർവാൻ എന്ന സ്ത്രീയുടെ ദയാരാഹിത്യത്തിന്റെ കാഴ്ചാപരിസരങ്ങളിലേക്ക് പ്രേക്ഷകരെ സിനിമ കൂട്ടിക്കൊണ്ടു പോകുന്നു. നവാൽ മർവാന്റെ തടവറജീവിതവും അവർ നേരിടേണ്ടി വരുന്ന അവിശ്വസനീയമായ അനുഭവവും അത്ര മേൽ നമ്മെ നടുക്കുന്നവയാണ്. ജീവിതത്തിൽ അനിശ്ചിതത്വവും ദുരിതങ്ങളും ഏറ്റുവാങ്ങിയപ്പോഴും വിധിയുടെ തീരുമാനങ്ങൾക്കു മുന്നിൽ ധൈര്യം കൈവെടിയാത്ത സ്ത്രീയാണ് നവാൽ മർവാൻ.

തന്റെ ഇരട്ടക്കുട്ടികളായ സിമോൺ മർവാനോടും ജെൻ മർവാനോടും നിങ്ങൾക്ക് മറ്റൊരു സഹോദരൻ ഉണ്ടെന്ന് മരണശേഷം നവാൽ വിൽപത്രത്തിലൂടെ അറിയിക്കുകയാണ്. മാത്രമല്ല, കുട്ടികളുടെ പിതാവ് ജീവനോടെയുണ്ടെന്നും കത്തിലൂടെ അവർ പറയുന്നു. തന്റെ ഭൗതിക ശരീരം രണ്ടുപേരെയും കണ്ടെത്തുന്നത് വരെ ഖബറടക്കം ചെയ്യരുത് എന്നും വിൽപത്രത്തിൽ അവർ ആവശ്യപ്പെടുന്നു. അതിനിടെ, അമ്മയുടെ ഇരുളഞ്ഞ ഭൂതകാലം തേടിയുള്ള ആ രണ്ട് മക്കളുടേയും യാത്രകളാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.

യുദ്ധം കശക്കിെയറിഞ്ഞ മണ്ണും മനസ്സുമുള്ള ദേശങ്ങളിലൂടെ സത്യം തേടിയുള്ള യാത്രയിൽ അവർ കാണേണ്ടി വന്ന കണ്ണീർചിത്രങ്ങളും പ്രേക്ഷകന് കാണാം. സംവിധായകന്റെ കൈയടക്കവും ഉജ്ജ്വലമായ തിരക്കഥയുടെ സാന്നിധ്യവും സിനിമയിലുടനീളം കാണാം. പ്രേക്ഷകർ പകച്ചുപോകുന്ന ഗംഭീര ക്ലൈമാക്സാണ് ചിത്രത്തിൽ. ക്ലൈമാക്സാണ് ഈ സിനിമയെ അത്രമേൽ അടയാളപ്പെടുത്തുന്നത്.

1+1: 1 എന്ന കോഡ് ഭാഷയൊക്കെ തിരിച്ചറിയുമ്പോൾ നമ്മുടെ കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ തോന്നും. ഹൃദയം തണുത്തുറഞ്ഞു പോകുന്ന മരവിപ്പോടെ മാത്രമേ നമുക്ക് അവസാന രംഗം കണ്ടിരിക്കാനാകൂ. നവാൽ ആയി വേഷമിട്ട ലുബ്ന അസബെലിന്റെ കിടയറ്റ അഭിനയം എടുത്തുപറയേണ്ടതാണ്. കാലമേറെ കഴിഞ്ഞാലും ഒരു നീറ്റലായി നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ചിത്രമാണ് ആൻസൊന്തി.

Tags:    
News Summary - The visual experience of numbness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.