‘ആദിപുരുഷ്’ വിവാദങ്ങൾക്കിടെ നാല് പതിറ്റാണ്ടിന് ശേഷം ‘രാമായൺ’ വീണ്ടും പ്രദർശനത്തിന്

രാമായണ കഥയെ ആസ്പദമാക്കി വൻ മുതൽമുടക്കിൽ ഓം റൗത്ത് ഒരുക്കിയ ‘ആദിപുരുഷ്’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരു​ന്നതിനിടെ നാല് പതിറ്റാണ്ടിന് ശേഷം ‘രാമായൺ’ സീരിയൽ വീണ്ടും പ്രദർശനത്തിനെത്തുന്നു. പ്രഭാസ് നായകനായ ചിത്രത്തെ പലരും ദൂരദർശനിലെ എക്കാലത്തെയും മികച്ച ഹിറ്റ് പരമ്പരകളിലൊന്നായ രാമാനന്ദ് സാഗറിന്റെ ‘രാമായൺ’ സീരിയലുമായി താരതമ്യം ചെയ്താണ് രംഗത്തെത്തിയിരുന്നത്. ഇതിനിടയിലാണ് ഷെമാരൂ ടി.വി ജനപ്രിയ ടെലിവിഷൻ ഷോ വീണ്ടും പ്രേക്ഷകരിലെത്തിക്കുന്നത്. ജൂൺ മൂന്നിനാണ് ​സംപ്രേഷണം തുടങ്ങുക.

‘ലോകപ്രശസ്ത പുരാണ സീരിയൽ രാമായണം എല്ലാ ആരാധകർക്കും നമ്മുടെ പ്രേക്ഷകർക്കും വേണ്ടി തിരിച്ചെത്തുന്നു. ജൂലൈ മൂന്ന്, രാത്രി 7.30 മുതൽ നിങ്ങളുടെ പ്രിയപ്പെട്ട ചാനലായ ഷെമാരൂ ടി.വിയിൽ ഇത് കാണാം’, രാമായൺ വീണ്ടുമെത്തുന്ന വിവരം അറിയിച്ച് ഷെമാരൂ ടി.വി അധികൃതർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘രാമായൺ’ സീരിയലിൽ രാമന്റെ വേഷമിട്ട അരുൺ ഗോവിൽ ആദിപുരുഷിനെതിരെ രംഗത്തെത്തിയിരുന്നു. ‘ഹോളിവുഡിലെ കാർട്ടൂൺ’ എന്നായിരുന്നു അ​ദ്ദേഹത്തിന്റെ പരിഹാസം. സീതയായി ദീപിക ചിക്‍ലിയയും ലക്ഷ്മണനായി സുനിൽ ലാഹിരിയുമാണ് രാമായണിൽ വേഷമിട്ടത്.

ജൂൺ 16ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദ​ർശനത്തിനെത്തിയ ആദിപുരുഷിനെതിരെ മോശം വി.എഫ്.എക്സിന്റെയും സംഭാഷണങ്ങളുടെയും പേരിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. 600 കോടിയോളം മുടക്കി ഒരുക്കിയ ചിത്രം വൻ നഷ്ടത്തിലേക്കാണ് നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രഭാസിന് പുറമെ സെയ്ഫ് അലി ഖാൻ, കൃതി സാനോൺ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.  

Tags:    
News Summary - 'Ramayan' to be screened again after four decades amid 'Adipurush' controversies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.