ആടുജീവിതത്തില്‍ വേണ്ടത്ര ചര്‍ച്ചയാകാതെ പോയ ചില സീനുകളുണ്ട്: പൃഥിരാജ്

 പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ആഗോള ബോക്സോഫീസിൽ 150 കോടി കളക്ഷൻ നേടി പ്രദർശനം തുടരുകയാണ്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തിൽ വേണ്ടത്ര ചര്‍ച്ചയാകാതെ പോയ ചില രംഗങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ പൃഥ്വിരാജ്.  ആടുജീവിതത്തിന്റെ വിജയാഘോഷത്തിനോട് അനുബന്ധിച്ച് മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം പറഞ്ഞത്. മൂന്ന് വർഷത്തിന് ശേഷം നജീബ് ഹക്കിമിനെ മരുഭൂമിയിൽ കണ്ടുമുട്ടുന്ന രംഗത്തെ ബന്ധപ്പെടുത്തിയാണ് ഇക്കാര്യം പറഞ്ഞത്.

'സിനിമയിൽ അഭിനയിക്കുന്ന നടനിലും നടിയിലുമാണ് ഒരു കഥാപാത്രത്തിന്റെ അഭിനയ പൂർണത ഇരിക്കുന്നത്. ഞാൻ സംവിധാനം ചെയ്ത സിനിമകളിലും അതിന്റെ ഫൈനൽ പ്രോസസ് എന്റെ അഭിനേതാക്കളുടെയാണ്. ഒരു സംവിധായകനെന്ന നിലയിൽ ഇതു മുഴുവൻ എന്റെ നിയന്ത്രണത്തിലാണെന്ന് വിശ്വസിച്ചാൽ നമ്മൾ മണ്ടനാവുകയാണ് ചെയ്യുന്നത്.

ആടുജീവിതത്തിൽ  എന്റെ മനസിൽ തോന്നിയ കാര്യം ഞാൻ ബ്ലെസി ചേട്ടനോട് പറഞ്ഞു. ഇയാൾ മരുഭൂമിയിൽ വന്നുപ്പെട്ടതിന്റെ മാനസിക സമ്മർദത്തിൽ ഉള്ളിലുള്ള ദേഷ്യം പറഞ്ഞുതീർത്തു കഴിഞ്ഞാൽ പിന്നെ ഇയാൾ ഭാഷ ഉപയോഗിക്കുന്നുണ്ടാകില്ല. അവിടെ മലയാളം സംസാരിക്കാനോ ഇയാൾ പറയുന്നത് മനസിലാക്കാനോ ആരുമില്ല. ആടുകളോടും  ഒട്ടകങ്ങളോടും ഇയാൾക്കൊരു ബന്ധം ഉണ്ടെങ്കിലും ദിവസേന ഇവറ്റകളുമായി വർത്തമാനം പറയില്ല. അങ്ങനെ വരുമ്പോൾ ഭാഷ ഉപയോഗിക്കുന്നതിന്റെ ബ്രെയ്നിലെ മസിൽ മെമ്മറി പതുക്കെ കുറഞ്ഞു വരും.മൂന്ന് വർഷങ്ങൾക്കു ശേഷം ഹക്കീമിനെ കണ്ടുമുട്ടുന്ന സമയത്ത് ഇയാൾക്ക് പെട്ടെന്ന് സംസാരിക്കാൻ ഭാഷ കിട്ടുന്നില്ല എന്ന സാധനം പെർഫോമൻസിൽ കൊണ്ടുവരണമെന്ന് എനിക്കു ആഗ്രഹമുണ്ടായിരുന്നു.  ഇത് ഞാൻ പറഞ്ഞപ്പോൾ ബ്ലെസി ചേട്ടന് ഇഷ്ടമാവുകയും ചെയ്തു.

മറ്റൊരു സീനിലും  ഇതുപോലെ ഞാൻ ചെയ്തിട്ടുണ്ട്. ഹക്കീം ഒരു കത്തുവച്ചിട്ട് പോകുന്ന രംഗമുണ്ട്.നജീബ് ഓടിപ്പോയി ആ കത്ത് എടുക്കുന്നുണ്ട്. ആദ്യം ആ കത്തെടുത്ത് വായിക്കാന്‍ കുറച്ച് അധികനേരം ശ്രമിക്കും.  വാക്കുകൾ പിടികിട്ടുന്നില്ല. കുറച്ച് സമയം പേപ്പറിൽ നോക്കുമ്പോഴാണ് കത്ത് തിരിച്ചാണ് പിടിച്ചിരിക്കുന്നതെന്ന് മനസിലാകുന്നത്. ഭാഷ തിരിച്ചറിയാനും സംസാരിക്കാനുമുള്ള ശേഷി ഇതിനോടകം നഷ്ടപ്പെട്ടിട്ടുണ്ടാകുമല്ലോ എന്ന ഡീറ്റെയ്‌ലിങ് കൊണ്ടുവരാനാണ് ഞാൻ ഇതിലൂടെ ശ്രമിച്ചത്. കുറച്ച് ആളുകൾ ഇത് കണ്ടെത്തി പറഞ്ഞു, പക്ഷേ അങ്ങനെ വലിയൊരു ചർച്ചയായില്ല'- പൃഥ്വിരാജ് പറഞ്ഞു.

Tags:    
News Summary - Prithviraj Sukumaran Opens Up aadujeevitham Movie's his perfomance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.