‘ആടുജീവിതത്തിനായി അഞ്ചുമാസത്തിനിടെ കുറച്ചത് 31 കിലോ ശരീരഭാരം’ -മനസ്സു തുറന്ന് പൃഥ്വീരാജ്

കോഴിക്കോട്: ‘ആടുജീവിത’ത്തിനായി അഞ്ചുമാസത്തിനിടെ താൻ കുറച്ചത് 31 കിലോശരീരഭാരമെന്ന് നടൻ പൃഥീരാജ്. തന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായേക്കാവുന്ന ‘ആടുജീവിത’ത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളും സിനിമയുടെ പൂർത്തീകരണവഴിയിൽ നേരിടേണ്ടിവന്ന വെല്ലുവിളികളും കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വീരാജ് വിശദീകരിച്ചത്. സംവിധായകൻ ​െബ്ലസിയും പൃഥ്വീരാജും ചേർന്ന് ബെന്യാമിന്റെ പ്രശസ്ത നോവലായ ‘ആടുജീവിതം’ സിനിമയാക്കാൻ തീരുമാനിക്കുന്നത് 2008ലാണ്. തീരുമാനമെടുത്ത് പത്തുവർഷം കഴിഞ്ഞ ശേഷമാണ് ഷൂട്ടിങ്ങിന് തുടക്കമാവുന്നത്. 

‘​െബ്ലസിയും ഞാനും 2008ലാണ് ആടുജീവിതം അഭ്രപാളികളിലാക്കാൻ ഔദ്യോഗികമായി തീരുമാനിക്കുന്നത്.​ െബ്ലസി അന്ന് മലയാള സിനിമയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളാണ്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ എല്ലാ നടന്മാരും ​െബ്ലസിയുടെ സിനിമയിൽ അഭിനയിക്കാൻ കൊതിച്ചിരുന്ന സമയം. ആരെവെച്ചും അദ്ദേഹത്തിന് പടമെടുക്കാമായിരുന്നു. ആ സമയത്താണ് ഞങ്ങൾ ആടുജീവിതം പ്ലാൻ ചെയ്യുന്നത്. എന്നാൽ, സിനിമ തുടങ്ങാൻ പത്തുവർഷം പിന്നി​ടേണ്ടിവന്നു. അന്ന് അത്തരമൊരു സിനിമക്ക് ചിലവിടേണ്ടി വരുന്ന ഭാരിച്ച തുകയും ​​​ആ സിനിമയെക്കുറിച്ച െബ്ലസിയുടെ വിഷനും നിർമാതാക്കൾക്ക് ഊഹിക്കാൻ കഴിയുന്നതിന് അപ്പുറത്തായതിനാലാണ് അത്രയും വർഷത്തെ താമസമുണ്ടായത്.

2018ൽ ആടുജീവിതം ഷൂട്ടിങ് തുടങ്ങി. ആദ്യ ദിവസത്തെ ഷൂട്ടിങ്ങിൽ ആദ്യഷോട്ടെടുക്കുന്നതിന് തൊട്ടുമുമ്പ് ​​െബ്ലസി എന്റെ അടുത്തുവന്നു. എന്നെ ആ​ശ്ലേഷിച്ച​ശേഷം പത്തുമിനിറ്റോളം അദ്ദേഹം കരയുകയായിരുന്നു. അന്നെനിക്ക് മനസ്സിലായ കാര്യം ആ മനുഷ്യൻ പത്തു വർഷങ്ങളായി ഒരു സിനിമക്ക് മാത്രമായി പണിയെടുക്കുകയായിരുന്നുവെന്നതാണ്. ഞാൻ, മറ്റു സിനിമകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. എന്റെ ​വഴികളിലൂടെ സിനിമയിൽ സജീവമായി തുടരുന്നതിനിടയിലായിരുന്നു അദ്ദേഹം പത്തുവർഷം ഇതിനുമാത്രമായി അർപ്പിച്ചത്.

പിന്നീടാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. തുടക്കത്തിൽ ഞങ്ങൾ കരുതിയത്, ആടുകളെ വിദേശത്തുനിന്നുമെത്തിച്ച് രാജസ്ഥാനിൽ വലിയൊരുഭാഗം ഷൂട്ട് ചെയ്യാമെന്നായിരുന്നു. 250 ആടുകളെ സൗദിയിൽനിന്നു വാങ്ങി കപ്പൽമാർഗം ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതികളെല്ലാം റെഡിയായിരുന്നു. എന്നാൽ, അവസാന നിമിഷം മൃഗസംരക്ഷണ വകുപ്പ് അതിന് അനുമതി നൽകിയില്ല. അതോടെ, മറ്റു സ്ഥലങ്ങളെക്കുറിച്ചായി അന്വേഷണം. ദുബൈ, അബൂദബി, സൗദി അറേബ്യ, മൊറോക്കോ, ഒമാൻ തുടങ്ങി ലോകത്തിന്റെ പലയിടങ്ങളെക്കുറിച്ചും ഞങ്ങൾ ആലോചിച്ചുകൊണ്ടിരുന്നു. ഒടുവിൽ 2019ൽ ആ ​അന്വേഷണം ജോർദനിൽ അവസാനിച്ചു. അങ്ങനെയാണ് ഷൂട്ടിങ് ജോർദാനിൽ ആരംഭിക്കുന്നത്.

Full View

ആടുജീവിതത്തിലെ കഥാപാത്രം ചെയ്യാനായി 30 കിലോ ഭാരം കുറക്കേണ്ടതുണ്ടായിരുന്നു. എത്രദിവസം വേണ്ടിവരുമെന്ന് ​െബ്ലസി ചോദിച്ച​പ്പോൾ ആറു മാസം എന്നായിരുന്നു എന്റെ മറുപടി. എന്നാൽ, അതിനേക്കാൾ വേഗത്തിൽ ലക്ഷ്യം കണ്ടു. നാലഞ്ച് മാസമായപ്പോൾ തന്നെ 31 കിലോ കുറഞ്ഞു. ​പട്ടിണി കിടന്നൊക്കെയായിരുന്നു അത്രയേറെ മെലിഞ്ഞത്. െബ്ലസിക്ക് ഏറെ സന്തോഷമായി. 45 ദിവസത്തെ ഷെഡ്യൂളിൽ സിനിമ തീരുമെന്ന് ചിന്തിച്ചും സ്വയം പ്രചോദിപ്പിച്ചും ഞാൻ ആവേശത്തോടെ മുമ്പോട്ടുപോയി. ആറു ദിവസം ഷൂട്ടിങ് പിന്നിടവേ, എല്ലാ കണക്കുകൂട്ടലും തകർത്ത് ​കോവി​ഡ് എത്തി. ലോകം അടഞ്ഞുകിടന്നു. ഷൂട്ടിങ് അതോടെ തടസ്സപ്പെട്ടു. ഷൂട്ടിങ് പുനഃരാരംഭിക്കാൻ ഒന്നര വർഷമെങ്കിലും കഴിയുമെന്ന് അന്ന് ഞങ്ങൾക്കറിയുമായിരുന്നില്ല.

ഒന്നര വർഷത്തിനുശേഷം, റോളിന്റെ തുടർച്ച കിട്ടാനായി വീണ്ടും എനിക്ക് ശരീരഭാരം കുറക്കണമായിരുന്നു. ശരീരം ആഗ്രഹങ്ങൾക്കൊത്ത് പ്രതികരിക്കുമോ എന്നതുൾപ്പെടെ അതേക്കുറിച്ച് കുറേ സംശയമുണ്ടായിരുന്നെങ്കിലും എങ്ങനെയൊക്കെയോ ഞാനത് ചെയ്തു. ഒടുവിൽ എല്ലാം ഭംഗിയായി ഒത്തുവന്നു. അൾജീരിയ ഉൾപ്പെടെ കൂടുതൽ വർണമനോഹരമായ ഇടങ്ങളിൽ ഞങ്ങൾ ഷൂട്ടിങ് പുനരാരംഭിച്ചു. ഒടുവിൽ ലക്ഷ്യസാക്ഷാത്കാരമായി ഞങ്ങളുടെ സിനിമ പൂർത്തീകരിച്ചു. കേരളത്തിൽ ഷൂട്ടുചെയ്ത ​ൈക്ലമാസിന്റെ അവസാനഷോട്ടിനു ശേഷം ​െബ്ലസി വീണ്ടും എന്റെ അടുക്കൽവന്നു. എന്നെ കെട്ടിപ്പിടിച്ചു, ഒരുപാട് കരഞ്ഞു. ലക്ഷ്യപൂർത്തീകരണത്തിനിടയിലെ ഒരു ‘വൃത്തം’ അങ്ങനെ പൂർത്തിയായി. തന്റെ കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കവേ, 2008 മുതൽ 2023 വരെയുള്ള 15 വർഷത്തിനിടെ, ​െബ്ലസി എന്ന സംവിധായകൻ ഒരു പടം മാത്രമാണ് ചെയ്തത്. അതാണ് ആടുജീവിതം’ -പൃഥ്വീരാജ് പറഞ്ഞു.

അ​റേബ്യയിൽ ജോലിക്കെത്തുന്ന മലയാളിയായ നജീബിന്റെ യാതനകളുടെ കഥയാണ് ആടുജീവിതം. പ്രവാസി തൊഴിലാളിയായ നജീബ് അതിവിജനമായ പ്രദേശത്തെ ഫാമിൽ ആടുകളെ നോക്കുന്ന ജോലിയിലേർപ്പെടുന്നതും തുടർന്നുള്ള ആത്മസംഘർഷങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. പൃഥ്വീരാജിനെ കൂടാതെ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, റിക് അബി തുടങ്ങി നിരവധി താ​​​രങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 2024  ഏപ്രിൽ പത്തിന് സിനിമ പ്രദർശനത്തിനെത്തും. 

Tags:    
News Summary - Prithviraj Sukumaran about Aadujeevitham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.