അതിവേഗം 100 കോടി ക്ലബിൽ; റെക്കോഡുകൾ തകർത്തെറിഞ്ഞ് ‘ആടുജീവിതം’

മലയാളത്തിൽ അതിവേഗം 100 കോടി ക്ലബിലെത്തിയ ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കി ‘ആടുജീവിതം’. റിലീസ് ചെയ്ത് ഒമ്പത് ദിവസം കൊണ്ടാണ് ചിത്രം സമാനതകളില്ലാത്ത നേട്ടത്തിലെത്തുന്നത്. 100 കോടിയിലെത്തിയ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച നായകൻ പൃഥ്വിരാജ് സുകുമാരൻ അഭൂതപൂർവമായ വിജയത്തിന് നന്ദിയും അറിയിച്ചു.

Full View

ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിലെ നജീബ് എന്ന കഥാപാത്രത്തിന്റെ അതിജീവന കഥയാണ് ബ്ലസ്സിയുടെ സംവിധാനത്തിലെത്തി ആഗോള ബോക്സോഫിസിൽ നിറഞ്ഞോടുന്നത്. നേരത്തെ ഏറ്റവും വേഗത്തിൽ 50 കോടി, 75 കോടി ക്ലബിലെത്തിയ ചിത്രമായും ആടുജീവിതം മാറിയിരുന്നു. ഇന്ത്യയിൽനിന്ന് ഇതുവരെ 49.75 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.

11 ദിവസം കൊണ്ട് നൂറ് കോടിയിലെത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘2018’നെ പിന്നിലാക്കിയാണ് ആടുജീവിതം ഏറ്റവും വേഗത്തിൽ 100 കോടി നേടിയ മലയാള സിനിമയായത്. മഞ്ഞുമ്മൽ ബോയ്സ്, ലൂസിഫർ എന്നിവ 12 ദിവസം കൊണ്ടാണ് നൂറുകോടിയിലെത്തിയത്. 13 ദിവസം കൊണ്ട് ഈ നേട്ടത്തിലെത്തിയ ‘പ്രേമലു’വാണ് അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനത്തുള്ള മോഹൻലാൽ ചിത്രം പുലിമുരുകൻ 36 ദിവസം കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്.

ആഗോള ​ബോക്സോഫിസിൽനിന്ന് ഏറ്റവും കൂടുതൽ പണം വാരിയ മലയാള ചിത്രം നിലവിൽ ചിദംബരത്തിന്റെ സംവിധാനത്തിൽ എത്തിയ മഞ്ഞുമ്മൽ ബോയ്സാണ്. 220 കോടിയിലധികമാണ് ഇതുവരെ നേടിയത്. ഇന്ത്യയിൽനിന്ന് മാത്രം 150 കോടിയോളം ചിത്രം സ്വന്തമാക്കി. ഈ റെക്കോഡ് പൃഥ്വിരാജ് ചിത്രം മറികടക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.  

2024ൽ നൂറുകോടി കളക്ഷൻ നേടുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ആടുജീവിതം. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്. 

Tags:    
News Summary - Fast forward to 100 crore club; 'Goat life' by breaking records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.