'വിഹിതം പ്രദേശത്തെ ജനങ്ങൾക്കുള്ളത്, ഇന്ത്യ പണം നൽകിയാലേ വികസനം നടക്കൂ'; ധുരന്ധറിന്‍റെ കലക്ഷൻ വിഹിതം ആവശ്യപെട്ട് ലിയാരി നിവാസികൾ

ധുരന്ധർ: ദി റിവഞ്ച് സിനിമക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റെക്കോഡുകൾ മറികടന്ന് വമ്പൻ കലക്ഷനാണ് ചിത്രം ഇതിനോടകം നേടിയത്. വെറും 11 ദിവസംകൊണ്ട് 1000 കോടി കലക്ഷൻ മറികടക്കുന്ന ഇന്ത്യൻ സിനിമ എന്ന നേട്ടവും ധുരന്ധർ സ്വന്തമാക്കി. ധുരന്ധറിന്‍റെ കലക്ഷൻ വാർത്തകൾ കത്തി നിൽക്കുന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാവുകയാണ് ലിഹാരി നിവാസികളുടെ വിഡിയോ.

ധുരന്ധർ സിനിമക്ക് ആധാരമായ ഭൂപ്രദേശമാണ് ലിയാരി. പ്രദേശത്തിന്‍റെ പേരും പശ്ചാത്തലവും സിനിമയിൽ ഉപയോഗിച്ചതിനാൽ ചിത്രത്തിന്‍റെ കലക്ഷൻ വിഹിതം തങ്ങൾക്ക് നൽകണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് ലിയാരി നിവാസികൾ. സമൂഹത്തിന് സാമ്പത്തികമായി പ്രയോജനം ലഭിക്കണമെന്ന് ഓൺലൈനിൽ പ്രചരിക്കുന്ന വിഡിയോകളിൽ നാട്ടുകാർ പറയുന്നു. ഇന്ത്യ പണം നൽകിയാൽ മാത്രമേ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് റോഡുകൾ മെച്ചപ്പെടുത്താൻ കഴിയൂ എന്ന് ഒരു താമസക്കാരൻ അഭിപ്രായപ്പെട്ടു. നൂറുകണക്കിന് കോടികൾ പ്രദേശത്തെ പൊതുജനക്ഷേമത്തിനായി പങ്കുവെക്കണമെന്നാണ് മറ്റു ചിലരുടെ ആവശ്യം.

ലിയാരിയുടെ സാഹചര്യങ്ങൾ ധുരന്ധർ മുതലെടുത്തുവെന്ന വാദത്തിൽ നിന്നാണ് ഈ ആവശ്യങ്ങൾ ഉയർന്നത്. പ്രദേശത്തെ മോശം അടിസ്ഥാന സൗകര്യങ്ങൾ എടുത്തുകാണിച്ചത് സിനിമയുടെ വാണിജ്യ വിജയത്തിന് അനുകൂലമായി എന്ന് വാദിച്ചുകൊണ്ടാണ് പ്രദേശവാസികൾ ആവശ്യങ്ങൾ മുന്നോട്ട് വെച്ചത്. കഥയുടെ ആധികാരികത ലിയാരിയുടെ യഥാർത്ഥ ജീവിത പശ്ചാത്തലത്തിൽ വേരൂന്നിയതായതിനാൽ ചിത്രത്തിന്‍റെ വരുമാനത്തിന്റെ 70-80 ശതമാനം വിഹിതം തങ്ങൾക്ക് നൽകണമെന്നാണ് ചിലരുടെ വിചിത്ര വാദം. എന്നാൽ സിനിമയുടെ നിർമാതാക്കളോ അണിയറ പ്രവർത്തകരോ ഇത്തരം വാദപ്രതിവാദങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Dhurandhar earnings share Lyari demand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.