സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഭരതനാട്യം. 2024 ആഗസ്റ്റിൽ റിലീസായ ചിത്രം തിയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാൽ ഒ.ടി.ടിയിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണവും നിരൂപക പ്രശംസയും ലഭിച്ചു. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ.എം.നായർ, ശ്രുതി സുരേഷ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ഭരതനാട്യത്തിന്‍റെ രണ്ടാംഭാഗമായ മോഹിനിയാട്ടം ഇപ്പോൾ തിയറ്ററിൽ വിജയഗാഥ തുടരുകയാണ്. മോഹിനിയാട്ടത്തിന്‍റെ പ്രശസ്തി ആദ്യഭാഗമായ ഭരതനാട്യത്തിനും ഗുണം ചെയ്തു. രണ്ടാം ഭാഗം മാത്രം തിയറ്ററിൽ കണ്ട പ്രേക്ഷകർ ഒ.ടി.ടിയിൽ ആദ്യ ഭാഗം തിരഞ്ഞെത്തി. ഇതോടെ ഭരതനാട്യം വീണ്ടും ഒ.ടി.ടിയിൽ ഹിറ്റടിച്ചു.
വെറും ദിവസങ്ങൾ കൊണ്ട് കോടികളുടെ ആഗോള കലക്ഷൻനാണ് മോഹിനിയാട്ടം ബോക്സ് ഓഫീസിൽ നേടിയത്. നിലവിൽ ബോക്സ് ഓഫീസിൽ 'ക്ലീൻ ഹിറ്റ്' പദവി സ്വന്തമാക്കിയ ചിത്രം, വരും ആഴ്ചകളിലും ഇതേ മുന്നേറ്റം തുടരുകയാണെങ്കിൽ 'സൂപ്പർ ഹിറ്റ്' പട്ടികയിലേക്ക് ഉയരും എന്നാണ് റിപ്പോർട്ടുകൾ.
കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം തോമസ് തിരുവല്ലാ ഫിലിംസ്, സൈജുക്കുറുപ്പ് എന്‍റർടൈൻമെന്‍റസ് എന്നീ ബാനറുകളിൽ ലിനി മറിയം ഡേവിഡ്, അനുപമ. ബി. നമ്പ്യാർ എന്നിവരാണ് നിർമിച്ചത്. ഒരു സാധാരണ കുടുംബത്തിനുള്ളിലെ സംഭവബഹുലമായ സംഘർഷങ്ങൾ കൂട്ടിയിണക്കി കുടുംബ പ്രേക്ഷകർക്കിടയിലേക്ക് എത്തിയ ചിത്രമായിരുന്നു ഭരതനാട്യം. ആദ്യ ഭാഗമായ ഭരതനാട്യം തിയറ്ററിൽ അത്ര വിജയം കൈവരിച്ചില്ലെങ്കിലും ഒ.ടി.ടിയിൽ ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്. അതിന്‍റെ ഭാഗമായാണ് ചിത്രത്തിന് രണ്ടാം ഭാഗം എടുക്കാൻ ഉറപ്പിച്ചത്. കോമഡിയും ക്രൈമും കൂട്ടിയിണക്കിയാണ് മോഹിനിയാട്ടവും ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകർക്ക് കൗതുകവും, ചിരിയുമൊക്കെ സമ്മാനിച്ചു കൊണ്ടുതന്നെയാണ് കൃഷ്ണദാസ് മുരളി മോഹിനിയാട്ടത്തേയും അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഭരതനാട്യത്തിലെ അഭിനേതാക്കളായ കലാരഞ്ജിനി, നന്ദു പൊതുവാൾ, ദിവ്യാ എം. നായർ, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, അഭിരാം രാധാകൃഷ്ണൻ, സോഹൻ സീനുലാൽ , ശ്രീജ രവി, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, എന്നിവരും ഇവർക്കു പുറമേ സുരാജ് വെഞ്ഞാറമൂട്, ബേബി ജീൻ, വിനയ് ഫോർട്ട് , ജഗദീഷ്, നിസ്താർ സേട്ട്, ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് ഗുരുവായൂർ തുടങ്ങിയ പ്രമുഖ താരങ്ങളും ശ്രീരേഖ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.