സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പരസ്പരം സല്യൂട്ട് ചെയ്യുന്ന വിജയും തൃഷയും
ചെന്നൈ: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും നടി തൃഷ കൃഷ്ണനും പരസ്പരം സല്യൂട്ട് ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ മുഖപത്രമായ ‘മുരസൊലി’. വിജയ്നേയും ചടങ്ങിലെ തൃഷയുടെ ഇരിപ്പിട ക്രമീകരണത്തേയും വിമർശിച്ച് പത്രം മുഖപ്രസംഗമെഴുതി.
ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ, തൃഷ മുൻനിരയിൽ വിജയ് യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറിനും ശോഭക്കുമൊപ്പമാണ് ഇരുന്നത്. ഔദ്യോഗിക ചുമതലകളുടെ ഭാഗമായി വിജയ് കടന്നുപോകുന്നതിനിടെ നടി, അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് വിജയ്‌യും തൃഷയും പരസ്പരം സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങളും ചർച്ചയായി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടിയിൽ ഒരു നടിയെ മുൻനിരയിൽ ഇരുത്തുകയും ഇരുവരും പരസ്പരം സല്യൂട്ട് ചെയ്യുകയും ചെയ്തതിനെ ചോദ്യം ചെയ്ത മുഖപത്രം, ഇത്തരം നടപടിയെ അംഗീകരിക്കാനാകില്ലെന്ന് കുറ്റപ്പെടുത്തി. വിജയുടെ ആരാധകരും ടി.വി.കെയെ പിന്തുണക്കുന്നവരിൽ ചിലരും സംഭവത്തിൽ അസ്വസ്ഥരാണെന്നും മുഖപ്രസംഗം അവകാശപ്പെട്ടു. അതേസമയം, വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തൃഷയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് പുതിയ സംഭവവും ചർച്ചയാകുന്നത്. ഈ മാസം തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ പരാമർശിച്ചുവെന്നാരോപിക്കപ്പെട്ട ഇരട്ട അർഥമുള്ള പരാമർശത്തെ തുടർന്ന് വിവാദത്തിലായിരുന്നു. സംഭവത്തിൽ ഉദയനിധിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, തന്റെ പരാമർശം തൃഷയെ ലക്ഷ്യമിട്ടല്ലെന്നും കാവേരി ജലവുമായി ബന്ധപ്പെട്ട സർക്കാർ നടപടികളെയാണ് ഉദ്ദേശിച്ചതെന്നുമാണ് ഉദയനിധിയുടെ വിശദീകരണം.
വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷയുടെ സാന്നിധ്യം വലിയ വാർത്തയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി വിജയിയും തൃഷയും തമ്മിലുള്ള വ്യക്തിബന്ധത്തെക്കുറിച്ച് നിരന്തരം അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.