വിജയ്, പ്രേമലത വിജയ്കാന്ത്
തമിഴ് രാഷ്ട്രീയത്തിലെ പുതിയ അധ്യായത്തിന് സാക്ഷ്യം വഹിച്ച സത്യപ്രതിജ്ഞാ ചടങ്ങിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി സി.വി. വിജയ് നടത്തിയ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. രാഷ്ട്രീയ വൈരത്തിനപ്പുറം മുതിർന്നവരോടും തന്റെ ഗുരുതുല്ല്യരായവരോടും വിജയ് കാണിക്കുന്ന ആദരവാണ് ആരാധകർക്കിടയിൽ അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്നത്.
ചടങ്ങിനെത്തിയ അന്തരിച്ച നടനും ഡി.എം.ഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ ഭാര്യ പ്രേമലത വിജയകാന്തിനെ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് നിന്ന് വണങ്ങുന്ന വിജയ്‍യുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നടൻ വിജയ്‍യുടെ പിതാവ് എസ്.എ. ചന്ദ്രശേഖർ സംവിധാനം ചെയ്ത 'സെന്തൂരപാണ്ഡി' എന്ന ചിത്രത്തിൽ വിജയകാന്തിന്‍റെ കൂടെ അദ്ദേഹം അഭിനയിച്ചിരുന്നു. വിജയ്‍യുടെ സിനിമാ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവായ ആ ചിത്രം മുതൽ തുടങ്ങിയ ആത്മബന്ധം രാഷ്ട്രീയത്തിലും അദ്ദേഹം കാത്തുസൂക്ഷിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പോരാട്ടങ്ങൾക്കിടയിലും വ്യക്തിബന്ധങ്ങൾക്ക് വിജയ് നൽകുന്ന പ്രാധാന്യം തമിഴ് ജനതയെ അൽഭുതപ്പെടുത്തുകയാണ്. വിജയകാന്തിന്റെ അതേ പാത പിന്തുടർന്ന് ആരാധക കൂട്ടായ്മകളിലൂടെ പാർട്ടിക്ക് അടിത്തറ പാകിയ വിജയ് തനിക്ക് രാഷ്ട്രീയത്തിലേക്കുള്ള വഴികാട്ടിയായ വിജയകാന്തിനോടുള്ള കടപ്പാട് അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രകടിപ്പിക്കുന്നു. വിജയ്‍യുടെ വിജയത്തിൽ 'പ്രിയപ്പെട്ട അനിയന് അഭിനന്ദനങ്ങൾ' എന്ന പോസ്റ്റ് പ്രേമലത നേരത്തെസോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.