കോഴിക്കോട്: റഫയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിക്കെതിരായ പ്രതികരണത്തെ വിമർശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ നടൻ ഷെയ്ൻ നിഗമിനെ തിരുത്തി കവിയും നിരൂപകനുമായ ശൈലൻ. സംഘിയുടെ വിപരീതപദം സുഡാപ്പി എന്നല്ലെന്നും സെക്കുലറിസ്റ്റ് എന്നാണും ശൈലൻ ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം സ്വത്വമാണ് വെളിപ്പെടുത്താൻ ഉദേശിക്കുന്നതെങ്കിൽ I'm an Indian Muslim എന്നാണ് ശരിയെന്നും ശൈലൻ വ്യക്തമാക്കി.
സ്വത്വം വെളിപ്പെടുത്തണമെങ്കിൽ I’m an Indian Muslim എന്നാണ് ശരി
പ്രിയപ്പെട്ട ഷെയ്ൻ..
സംഘി എന്നതിന്റെ വിപരീതപദം സുഡാപ്പി എന്നല്ല.. അതിനെ വേണമെങ്കിൽ ഒരു പര്യായപദമായി എണ്ണാം.
സംഘിയുടെ എതിർപദം ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ സെക്യൂലറിസ്റ്റ് എന്നുതന്നെ ഉപയോഗിക്കുക.
ഇനി സ്വത്വമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത് എങ്കിൽ I'm an Indian Muslim എന്നാണ് കറക്റ്റ്..
അല്ലെങ്കിൽ, അവർക്കിഷ്ടമില്ലാത്ത സിനിമ കാണുന്നവരെ മുഴുവൻ സുഡാപ്പി എന്ന് വിശേഷിപ്പിക്കുന്ന സംഘികളും നിങ്ങളും തമ്മിൽ എന്തുഭേദം?
റഫയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിക്കെതിരെ 'എല്ലാ കണ്ണുകളും റഫയിലേക്ക്' എന്ന് ഷെയ്ൻ നിഗം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇത്തരത്തിൽ പോസ്റ്റിട്ടവർക്കെതിരെ സംഘ്പരിവാര്‍ സൈബര്‍ പ്രൊഫൈലുകളില്‍ നിന്ന് സൈബര്‍ ആക്രമണം നേരിട്ടിരുന്നു. സൈബർ ആക്രമണത്തിന് മറുപടിയായി 'സുഡാപ്പി ഫ്രം ഇന്ത്യ' എന്ന തലക്കെട്ടൊടെ ഖഫിയ ധരിച്ചുള്ള ചിത്രമാണ് ഷെയ്ൻ പോസ്റ്റ് ചെയ്തത്. 'സുഡാപ്പി ഫ്രം ഇന്ത്യ' എന്ന പരാമർശമാണ് ശൈലൻ തിരുത്തിയത്.
സിനിമാ വിശേഷങ്ങളെ കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാടുകൾ തുറന്ന് പറയുന്ന ഷെയ്ൻ നിഗം നിരവധി തവണ സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് ഷെയ്ൻ നൽകിയ അഭിമുഖത്തിലെ വാക്കുകൾ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിച്ചിരുന്നു. ഏറ്റവും പുതിയ ചിത്രമായ 'ലിറ്റിൽ ഹാർട്സി'ന്റെ പ്രെമോഷന്റെ ഭാഗമായി നൽകി അഭിമുഖത്തിൽ പറഞ്ഞ വാക്കുകളായിരുന്നു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.