സമീറ റെഡ്ഡി
വാരണം ആയിരം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സമീറ റെഡ്ഡി. നടിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ എപ്പോഴും ആക്ടീവ് ആണ്. വിവാഹവും കുട്ടികളും ഗർഭകാലവുമെല്ലാം തന്നെ തന്‍റെ ആരാധകരുമായി പങ്കുവെക്കാൻ താരം മടിക്കാറില്ല.
ഗർഭധാരണത്തിന് ശേഷമുള്ള ശരീരഭാരം, പ്രസവാനന്തര വെല്ലുവിളികൾ, ഡിപ്രഷനുമായുള്ള പോരാട്ടം തുടങ്ങിയ താൻ കടന്നുപോയ വഴികളെ പച്ചയായി സമൂഹത്തിന് മുന്നിൽ എത്തിച്ചതിന് താരം ഏറെ പ്രശംസ നേടിയിരുന്നു. തന്‍റെ കുട്ടിക്കാലത്ത് ശബ്ദത്തിന് വിക്ക് ഉണ്ടായതിനാൽ ഒരുപാട് കളിയാക്കലും അവഗണനയും നേരിട്ടിരുന്നതായി താരം വെളിപ്പെടുത്തി. ആത്മവിശ്വാസം വീണ്ടെടുക്കാൻ വർഷങ്ങളുടെ തെറാപ്പി വേണ്ടി വന്നെന്നും സമീറ പറയുന്നു.
ഹിന്ദുസ്ഥാൻ ടൈംസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. താൻ വളർന്നുവരുന്ന കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് സമീറ തുറന്നുപറയുന്നു. 'ബുദ്ധു' അല്ലെങ്കിൽ 'കഴിവുകെട്ടവൻ' പോലുള്ള നെഗറ്റീവ് ലേബലുകൾ ഒരു കുട്ടിയുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും എങ്ങനെ ആഴത്തിൽ സ്വാധീനിക്കുവെന്നും താരം പറഞ്ഞു.
'ഞാൻ വിക്ക് ഉണ്ടായിരുന്ന ആളാണ്. അതിന്‍റെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ടു, അവഗണിക്കപ്പെട്ടു. അത് ഇപ്പോഴും എനിക്കൊരു ട്രോമയാണ്. ആത്മവിശ്വാസം വളർത്തിയെടുക്കാൻ വർഷങ്ങളോളം ചികിത്സ വേണ്ടിവന്നു. ഇന്നും ആരെങ്കിലും വിക്കി സംസാരിച്ചാൽ അതെന്നെ ബാധിക്കും. ബാല്യകാലത്തുണ്ടാകുന്ന ചില കാര്യങ്ങൾ അത്രത്തോളം ആഴത്തിൽ നിങ്ങളിൽ തങ്ങിനിൽക്കും' സമീറ പറഞ്ഞു.
'സാധാരണമായ ലേബലുകൾ പോലും ഒരു കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും. അവർ 'മന്ദബുദ്ധികൾ' അല്ലെങ്കിൽ 'ദുർബലർ' ആണെന്ന് ആവർത്തിച്ച് കേൾക്കുന്നത് അവരുടെ ഉള്ളിൽ തന്നെ സംശയം സൃഷ്ടിക്കും. ഇത് കുട്ടികൾ അക്കാദമികമായും സാമൂഹികമായും റിസ്ക് എടുക്കാൻ ശ്രമിക്കാതിരിക്കാനും സാധ്യത കുറക്കും. ഒരു കുട്ടിയെ 'ദുർബലൻ' അല്ലെങ്കിൽ 'ബുദ്ധു' എന്ന് ആവർത്തിച്ച് വിളിക്കുമ്പോൾ അവർ അതിൽ വിശ്വസിക്കാൻ തുടങ്ങും. ആ വിശ്വാസം പതുക്കെ അവർ സ്വയം എങ്ങനെ കാണുന്നു എന്നതിനെ രൂപപ്പെടുത്തുന്നു. അവർ പരിശ്രമിക്കുന്നത് പൂർണ്ണമായും നിർത്തിയേക്കാം.' സമീറ കൂട്ടിച്ചേർത്തു.
തന്റെ മക്കളെക്കുറിച്ചും സമീറ സംസാരിച്ചു. 'എന്റെ കുട്ടികളോട് ഞാൻ പറയുന്നത് എന്നോട് സംസാരിക്കാനാണ്. ഒരു മേഖലയിലെ കഴിവ് അവർ ആരാണെന്ന് നിർവചിക്കുന്നില്ലെന്നും പകരം മറ്റൊരാളെ താഴ്ത്തിക്കെട്ടരുതെന്നുമാണ് ഞാൻ പറയാറ്. കുട്ടികൾക്ക് പ്രോത്സാഹനവും മാർഗനിർദേശവും സ്വന്തം വേഗതയിൽ പഠിക്കാനുള്ള അവസരങ്ങളും ലഭിക്കുമ്പോൾ, ആത്മവിശ്വാസവും പ്രതിരോധശേഷിയും സ്വാഭാവികമായി വളരുന്നു. ഒരു കുട്ടിയുടെ മാനസ്സിക സന്തോഷത്തിൽ മാതാപിതാക്കൾ, അധ്യാപകർ, കൂട്ടുകാർ എന്നിവർക്ക് പങ്കുണ്ട്. കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ അവരുടെ കഴിവുകളുടെ പ്രതിഫലനമല്ല' സമീറ റെഡ്ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.