'മിന്നൽ മുരളി'യായി രവീന്ദ്ര ജഡേജയുടെ വർക്ക്ഔട്ട് വിഡിയോ, പിന്നാലെ കമന്‍റുമായി യഥാർഥ മിന്നൽ മുരളിയും
ബംഗളൂരു: ഇംഗ്ലീഷ് പ്രീമിയർ ലീഗിന് പിന്നാലെ മിന്നൽ മുരളി എഫക്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിലും. മിന്നൽ മുരളിയിലെ ഗാനത്തിനൊപ്പം വർക്ക് ഔട്ട് ചെയ്യുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ് ഇപ്പോൾ മിന്നും താരം. ബംഗളൂരു നാഷനൽ ക്രിക്കറ്റ് അക്കാദമിയിലെ ജിമ്മിൽ ജഡേജ വർക്ക്ഔട്ട് ചെയ്യുന്നതാണ് ദൃശ്യങ്ങൾ. ദൃശ്യങ്ങൾക്കൊപ്പം നൽകിയത് 'തീ മിന്നൽ തിളങ്ങി, കാറ്റും കോളും തുടങ്ങി' എന്ന ഗാനത്തിലെ മഞ്ചാടിക്കാട്ടിനുള്ളിൽ എന്നു തുടങ്ങുന്ന വരികളും.
വിഡിയോ പങ്കുവെച്ചതിന് പിന്നാലെ 'യഥാർഥ മിന്നൽ മുരളി'യായ ടൊവിനോ തോമസ് പോസ്റ്റിന് കീഴിൽ കമന്‍റുമായെത്തി. ഇമോജികളാണ് ടൊവിനോ പങ്കുവെച്ചത്. 'മിന്നൽ ജഡ്ഡു' എന്ന കമന്‍റുകളുമായി ജഡേജയുടെ ആരാധകരും പോസ്റ്റിന് കമന്‍റുമായെത്തി.
നേരത്തേ, പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയിൽ 'മിന്നൽ എഫക്ട്' പ്രത്യക്ഷപ്പെട്ടിരുന്നു. അൾജീരിയൻ താരം റിയാദ് മെഹ്റസിന്റെ േഫാട്ടോക്ക് 'മെഹ്റസ് മുരളി, ഞങ്ങളുടെ സൂപ്പർ ഹീറോ' എന്ന അടിക്കുറിപ്പ് നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചത്. നിമിഷങ്ങൾക്കകം പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരുന്നു. സിറ്റി പങ്കുവെച്ച പോസ്റ്റിനും ടൊവിനോ കമന്‍റുമായെത്തിയിരുന്നു. 'മിന്നൽ മുരളി (ഒറിജിനൽ) നിങ്ങളെ കാണുന്നുണ്ട്' എന്ന കമന്‍റാണ് ടൊവിനോ പങ്കുവെച്ചത്. ഇതിനുപിന്നാലെ മലയാളികൾ കൂട്ടത്തോടെ പോസ്റ്റിന് കീഴിൽ കമന്‍റുകളുമായെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.