‘അഭിനയിക്കാൻ ആർക്കും പറ്റും, എം.എൽ.എ ആയി ജീവിക്കാനാണ് പാട്’; രമേഷ് പിഷാരടിക്ക് മമ്മൂട്ടിയുടെ കുറിക്ക് കൊള്ളുന്ന മറുപടി!

ഈ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പാലക്കാട് മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം നേടിയ ജനപ്രതിനിധിയാണ് നടൻ രമേഷ് പിഷാരടി. ജനവിധി തേടി എം.എൽ.എ ആയതിന് ശേഷം പിഷാരടിയും മമ്മൂട്ടിയും ആദ്യമായി ഒരേ വേദി പങ്കിട്ട നിമിഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

ലണ്ടനിൽ വെച്ച് നടന്ന പ്രശസ്തമായ ആനന്ദ് ടിവി അവാർഡ്സ് വേദിയിലായിരുന്നു ഇരുവരും തമ്മിലുള്ള രസകരമായ കൂടികാഴ്ച നടന്നത്. വേദിയിൽ വെച്ച് മമ്മൂട്ടി താൻ ഒരു എം.എൽ.എ അല്ല എന്ന് തമാശ രൂപേണ ഓർമിപ്പിച്ചതോടെയാണ് സംഭാഷണങ്ങളുടെ തുടക്കം. ഇതിന് മറുപടിയായി മമ്മൂട്ടിയുടെ ദീർഘകാലത്തെ രാഷ്ട്രീയ സിനിമാ ജീവിതത്തെയും അദ്ദേഹം സ്ക്രീനിൽ അനശ്വരമാക്കിയ മുഖ്യമന്ത്രി വേഷങ്ങളെയും പിഷാരടി ജനങ്ങൾക്ക് മുന്നിൽ എടുത്തുപറഞ്ഞു:

‘മമ്മൂക്ക എം.എൽ.എ ഒന്നുമല്ലായിരിക്കാം, പക്ഷേ അദ്ദേഹം ഇന്ത്യയിലെ മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായി വെള്ളിത്തിരയിൽ ജീവിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും മുഖ്യമന്ത്രിയായ അദ്ദേഹം വൺ എന്ന സിനിമയിൽ നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രിയായ കടക്കൽ ചന്ദ്രനുമായിരുന്നു. പിഷാരടിയുടെ ഈ പരാമർശത്തിന് തൊട്ടുപിന്നാലെ സദസ്സിനെ ഒന്നടങ്കം ചിരിപ്പിച്ചുകൊണ്ട് മമ്മൂട്ടിയുടെ വക കുറിക്ക് കൊള്ളുന്ന മറുപടി എത്തി.

‘അഭിനയിക്കാൻ ആർക്കും പറ്റും. പക്ഷേ ഒരു എം.എൽ.എ ആയി ജീവിക്കുക എന്നത് വലിയ പാടുള്ള കാര്യമാണ് എന്നായിരുന്നു മമ്മൂട്ടിയുടെ തമാശ കലർന്ന കൗണ്ടർ. മമ്മൂട്ടിയുടെ ഈ തഗ് മറുപടി കയ്യടികളോടെയാണ് ലണ്ടനിലെ കാണികൾ സ്വീകരിച്ചത്. തുടർന്ന് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ വൺ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രശസ്തമായ ഒരു രാഷ്ട്രീയ ഡയലോഗ് താൻ പ്രസംഗങ്ങളിൽ ഉപയോഗിച്ചിരുന്ന കാര്യവും രമേഷ് പിഷാരടി വെളിപ്പെടുത്തി.

ചിത്രത്തിന്റെ യഥാർത്ഥ തിരക്കഥയിൽ ഇല്ലാതിരുന്ന ആ ഡയലോഗ് മമ്മൂട്ടി സ്വന്തം ഇഷ്ടപ്രകാരം കൂട്ടിച്ചേർത്തതാണെന്നും പിഷാരടി ഓർത്തെടുത്തു. ‘ഞാൻ വോട്ടർമാരെ കാണാൻ പോയപ്പോൾ മമ്മൂക്ക വൺ സിനിമയിൽ പറഞ്ഞ ഒരു ഡയലോഗ് സ്ഥിരമായി പ്രസംഗങ്ങളിൽ ഉപയോഗിക്കുമായിരുന്നു. ജനപ്രതിനിധികൾ ജനങ്ങളെ ഭരിക്കാൻ നോക്കരുത്, മറിച്ച് ജനങ്ങൾക്ക് വേണ്ടി ഭരിക്കണം എന്നതായിരുന്നു ആ വരികൾ.

യഥാർത്ഥത്തിൽ ആ ഡയലോഗ് സിനിമയുടെ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല, മമ്മൂക്ക സ്വന്തമായി ചേർത്തതാണ്. പിഷാരടി പറഞ്ഞു. ഇത് കേട്ടയുടൻ ആ ഡയലോഗ് കൂടുതൽ വ്യക്തതയോടെ മമ്മൂട്ടി വേദിയിൽ വെച്ച് തന്നെ വീണ്ടും ആവർത്തിച്ചു. ഞാൻ അത് ഒരിക്കൽ കൂടി കൃത്യമായി പറഞ്ഞുതരാം. ഒരു ജനാധിപത്യ സർക്കാരിന്റെ ലക്ഷ്യം ജനങ്ങളെ ഭരിക്കുക എന്നതല്ല; മറിച്ച് ജനങ്ങൾക്ക് വേണ്ടി ഭരിക്കുക എന്നതാണ്. ഇരുവരെയും നിറ കയ്യടികളോടെയാണ് ജനം സ്വീകരിച്ചത്.  

Tags:    
News Summary - After Ramesh Pisharody calls him a three-time CM on screen, Mammootty quips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.