ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ചോറ്റാനിക്കരയിൽ സംഘടിപ്പിച്ച ജില്ലതല
വിപണന മേളയിൽനിന്ന്
കൊച്ചി: ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിപണന മേളകളിലൂടെ അഭിമാനാർഹമായ നേട്ടംകൊയ്ത് കുടുംബശ്രീ. ജില്ല മിഷന്റെ നേതൃത്വത്തിൽ വിപണന മേളകൾ, പായസ മേളകൾ, ഓണസദ്യ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് ‘ഓണം കുടുംബശ്രീയോടൊപ്പം’ പ്രമേയത്തിൽ ഇത്തവണ ഒരുക്കിയത്. ഇതുവഴി 3.67 കോടിയുടെ വിറ്റുവരവുണ്ടായതായി കുടുംബശ്രീ ജില്ല മിഷൻ അധികൃതർ അറിയിച്ചു. ചില ദിവസങ്ങളിലെ പ്രതികൂല കാലാവസ്ഥയെ മറികടന്നും വലിയ തിരക്കാണ് വിപണന മേളകളിൽ അനുഭവപ്പെട്ടത്. കഴിഞ്ഞവർഷത്തെ വിറ്റുവരവിനെ ഇത്തവണ മറികടക്കാൻ കഴിഞ്ഞു.
ജില്ലയിലെ 102 കുടുംബശ്രീ സി.ഡി.എസുകൾക്ക് കീഴിൽ രണ്ടുവീതം എന്ന തോതിൽ 204 വിപണന മേളകളാണ് സംഘടിപ്പിച്ചത്. മേളകളിൽനിന്നും ഓണസദ്യ, പായസ വിൽപ്പന എന്നിവയിൽനിന്നും 3,67,37,354 രൂപയാണ് വിറ്റുവരവ്. ഓണം വിപണന മേളയുടെയും പായസ വിൽപ്പനയുടെയും മാത്രം വിറ്റുവരവ് 3,27,37,354 രൂപ. ഓണസദ്യക്ക് 19,460 ഓർഡറുകളിൽനിന്നായി 40 ലക്ഷം രൂപ ലഭിച്ചു. പായസമേള, ഓണസദ്യ എന്നിവക്ക് ഇത്തവണ പൊതുജനങ്ങളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.
പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ഊന്നൽ നൽകിയാണ് മേളകൾ വിഭാവനം ചെയ്തിരുന്നത്. കുടുംബശ്രീ സംരംഭകരും ആക്ടിവറ്റി ഗ്രൂപ്പുകളും അയൽക്കുട്ടങ്ങളും നിർമിച്ച വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് മേകളിൽ വിൽപനക്കെത്തിച്ചത്. സൂക്ഷ്മസംരംഭകരും കാര്‍ഷിക-മൃഗസംരക്ഷണ മേഖലകളിലെ സംരംഭകരും കര്‍ഷകരും ഉല്‍പാദിപ്പിച്ച ഭക്ഷ്യോല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, കാര്‍ഷികോൽപന്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവക്കൊപ്പം കുടുംബശ്രീയുടെ വിവിധ പദ്ധതികളുടെ ഭാഗമായി കൃഷിചെയ്ത പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവയും മേളകളിലുണ്ടായിരുന്നു.
ജില്ലയിലെ 40ലധികം കുടുംബശ്രീ യൂനിറ്റുകൾ വഴിയാണ് ഓണസദ്യക്ക് ഓർഡറുകൾ സ്വീകരിച്ചത്. വിഭവങ്ങൾക്കനുസരിച്ച് 170 മുതൽ 250 രൂപ വരെയായിരുന്നു നിരക്ക്. ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനും വിലയിലെ സുതാര്യത ഉറപ്പാക്കാനും തയാറാക്കിയ പ്രത്യേക പ്രവര്‍ത്തന മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലായിരുന്നു മേളകളുടെ പ്രവർത്തനം.
ഹരിതചട്ടം പൂർണമായി പാലിച്ച് ഒരുക്കിയ സ്റ്റാളുകൾ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കി പ്രാദേശിക ഉത്സവങ്ങള്‍, സാംസ്കാരിക പരിപാടികള്‍, തിരക്കേറിയ പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചത്. ജില്ലതല, സി.ഡി.എസ് തല ഏകോപന സമിതികള്‍ക്കായിരുന്നു നടത്തിപ്പ് ചുമതല. ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപത്തായിരുന്നു കുടുംബശ്രീയുടെ ജില്ലതല വിപണന മേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.