ചൂ​നാ​ട് തെ​ക്കേ ജ​ങ്​​ഷ​നി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ൻ

പെരുമകളുടെ ഗതകാല സ്മൃതികളുമായി വഴിയോര കച്ചവടം

കായംകുളം: പെരുമകളുടെ ഗതകാല സ്മൃതികൾ ഓർമപ്പെടുത്തുന്ന ഗ്രാമീണ ചന്തകളിലെ അന്യമാകാത്ത തനത് കച്ചവട സംസ്കാര കാഴ്ചകൾ ശ്രദ്ധേയമാകുന്നു. ദശാബ്ദങ്ങൾ പഴക്കമുള്ള കച്ചവട സംസ്കൃതിയുടെ അവശേഷിപ്പുകളാണ് പുതുതലമുറക്ക് കൗതുക കാഴ്ചകളാവുന്നത്.

നൂറ്റാണ്ട് പഴക്കമുള്ള ഇലിപ്പക്കുളം ചൂനാട് ചന്തയുടെ വഴിയോരങ്ങളിലാണ് പഴയ കച്ചവട രീതികളെ ഓർമിപ്പിക്കുന്ന വ്യാപാരം നടക്കുന്നത്. കശുവണ്ടിയും കൊട്ടപ്പാക്കും മുട്ടയുമാണ് ഇപ്പോഴത്തെ പ്രധാന കച്ചവടം. പ്രതാപമുള്ള കച്ചവടക്കാലത്തിന്‍റെ ഓർമകളാണ് ഇവർക്കും പങ്കുവെക്കാനുള്ളത്. 'ബാർട്ടർ' കച്ചവട രീതിയിലൂടെ വികസിച്ച ചരിത്രമാണ് ചന്തക്കുള്ളത്.

തേങ്ങയും നെല്ലും പായുമൊക്കെ ചന്തയിൽ വിറ്റഴിച്ച് അരിയും പലചരക്കും സാധനങ്ങളുമായി രാത്രിയോടെ മടങ്ങിയിരുന്ന കച്ചവട കാലത്തിലൂടെയായിരുന്നു തുടക്കം. വീടുകളിൽ ഉൽപാദിപ്പിച്ചിരുന്നവയെല്ലാം വിറ്റഴിക്കാൻ കഴിയുന്ന വിപണിയായിരുന്നു. മീൻ, പായ, തേങ്ങ, ചീനി തെരുവുകളായി വിഭജിക്കപ്പെട്ടിരുന്ന കച്ചവട കാലം ഓർമയായി. നൂറുകണക്കിന് ഉപഭോക്താക്കളും കച്ചവടക്കാരും ആശ്രയിച്ചിരുന്ന ചന്ത ഇന്ന് പേരിന് മാത്രമാണ് നടന്നുവരുന്നത്.

തഴപ്പായകളുടെ കച്ചവടത്തിലും നാട് പെരുമ കേട്ടിരുന്നു. നെയ്തെടുത്ത വിവിധയിനം പായകളുമായി വീട്ടമ്മമാരാണ് ചന്തകളിൽ വന്നിരുന്നത്. പായ വിറ്റ് സാധനങ്ങളുമായിട്ടായിരുന്നു മടക്കം. ഇന്ന് പായ നെയ്ത്ത് നാട്ടിൽനിന്നുതന്നെ അപ്രത്യക്ഷമായി. അസംസ്കൃത വസ്തുവായ കൈതകൾ ഇല്ലാതായതാണ് പായ നെയ്ത്തിനെ തകർത്തത്. ചന്തയിൽ പ്രധാന വിപണിയായിരുന്ന തേങ്ങാകച്ചവടവും നിലച്ചു. പ്രധാന കവാടത്തിൽ ആയിരക്കണക്കിന് തേങ്ങകളാണ് കുന്നുകൂടി കിടന്നിരുന്നത്. ഇവിടെ പൊതിച്ചിടുന്ന തൊണ്ട് കയറ്റാൻ എത്തിയിരുന്ന കാളവണ്ടികളും കടന്നുപോയിരുന്ന ചെമ്മൺ പാതകളും പഴയ തലമുറയുടെ ഓർമകളിൽ മാത്രമായി. 80 കിലോമീറ്റർ ദൂരമുള്ള ആലപ്പുഴ, തൈക്കൽ കടപ്പുറങ്ങളിൽനിന്നും സൈക്കിളിലാണ് ഇവിടേക്ക് മീനുകൾ കച്ചവടത്തിനായി എത്തിച്ചിരുന്നത്. 25 കിലോമീറ്ററിനപ്പുറത്ത് നിന്നും തലച്ചുമടായി കൊണ്ടുവന്നവരും ഏറെയായിരുന്നു. കശുവണ്ടി, പുന്നക്ക, നെല്ല്, മുട്ട, പുല്ല്, പച്ചമരുന്നുകൾ , മരോട്ടിക്കുരു, പച്ചക്കറികൾ, കാർഷിക വിളകൾ തുടങ്ങി എന്തും ഇവിടെ വിൽക്കാനാകുമായിരുന്നു. കാർഷിക വിത്തുകൾ വാങ്ങാനും കിട്ടുമായിരുന്നു. പേരിന് മാത്രമായി പല കച്ചവടങ്ങളും ഇന്നും തുടരുന്നു. കശുവണ്ടി, കൊട്ടപ്പാക്ക്, മുട്ട എന്നിവ വാങ്ങുന്ന കച്ചവടക്കാർ വഴിയോരത്ത് ഉപഭോക്താക്കളെയും കാത്ത് ഇപ്പോഴുമുണ്ട്. വടക്കേ ജങ്ഷൻ മുതൽ തെക്കേ ജങ്ഷൻ വരെ ഇത്തരത്തിൽ നിരവധി കച്ചവടക്കാരാണുള്ളത്.

പ്രധാന വരുമാനമായിരുന്ന കശുവണ്ടി കച്ചവടത്തിന്‍റെ പ്രതാപവും കുറഞ്ഞ് വരികയാണെന്ന് വ്യാപാരികൾ പറയുന്നു. കശുമാവുകൾ പറമ്പുകളിൽനിന്നും അന്യമായി തുടങ്ങിയതാണ് കാരണം. പച്ചമരുന്നുകളും പുന്നക്ക, മരോട്ടിക്കുരു തുടങ്ങിയവയുടെ കച്ചവടവും പൂർണമായി ഇല്ലാതായി. കശുവണ്ടി കിലോ 120 രൂപ നിരക്കിലാണ് വാങ്ങുന്നത്. കൊട്ടപ്പാക്കിന് മുന്നൂറ് രൂപയുണ്ട്. നേരത്തേ ഇതിന്റെ മൂന്നിരട്ടി കച്ചവടക്കാരാണ് വഴിയോരത്ത് ഉപഭോക്താക്കളെ കാത്തിരിക്കാൻ ഉണ്ടായിരുന്നത്. കച്ചവട വാശി ഉൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കാനും കാരണമായിരുന്നു. 

Tags:    
News Summary - Roadside shopping with memories of the past

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.