അമ്പലപ്പുഴ മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപത്തെ മതിലിൽ എൽ.ഡി.എഫ് സ്ഥാനാർഥി
എച്ച്. സലാമിനായുള്ള ചുവരെഴുത്ത്
അമ്പലപ്പുഴ: കേരളം ഉറ്റുനോക്കുന്ന മത്സരത്തിനാണ് അമ്പലപ്പുഴ മണ്ഡലം കാത്തിരിക്കുന്നത്. വിപ്ലവ പോരാട്ടത്തിന് വളക്കൂറായി മാറിയ പുന്നപ്ര സമര ഭൂമിലെ പോരാട്ടം സി.പി.എം വിട്ട വിമതൻ ജി. സുധാകരനും സിറ്റിങ് എം.എൽ.എ എച്ച്. സലാമും തമ്മിലാണ് പോരാട്ടം. വി.എസ്. അച്യുതാനന്ദൻ ആദ്യ പോരിനിറങ്ങിയ മണ്ണിൽ ഇവരിൽ ആര് നിയമസഭയിലേക്ക് പോകുമെന്ന് കാത്തിരുന്ന് കാണാം. പാർട്ടി വിട്ട് സ്വതന്ത്രനായിട്ടാകും മത്സരിക്കുമെന്ന് ജി. സുധാകരന് പറയുമ്പോഴും യു.ഡി.എഫ് അനുകൂല സമീപനമെടുക്കുമെന്നാണ് വിവരം. അതിനുള്ള അണിയറ നീക്കവും സജീവമാണ്. അതേസമയം, അമ്പലപ്പുഴ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസിനുള്ളിൽ പൊട്ടിത്തെറിയും പടലപ്പിണക്കവുമുണ്ട്. കോണ്‍ഗ്രസ് വിമതൻ മത്സര രംഗത്തിറങ്ങാനുള്ള സാധ്യതയും തള്ളിക്കളാനായിവില്ല. കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ എ.എ. ഷുക്കൂർ, എം. ലിജു എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്. സീറ്റ് കിട്ടിയില്ലെങ്കിൽ കോൺഗ്രസ് ഗ്രൂപ്പ് പോരിനും കളമൊരുങ്ങും.
അഞ്ച് പഞ്ചായത്തും ആലപ്പുഴ നഗരസഭയിലെ 27 ഡിവിഷനുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകൾ എൽ.ഡി.എഫും പുന്നപ്ര തെക്ക്, പുറക്കാട് പഞ്ചായത്തുകളും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫുമാണ് ഭരിക്കുന്നത് ആലപ്പുഴ നഗരസഭയിൽ 12 വാർഡ് എൽ.ഡി.എഫ്, 10 യു.ഡി.എഫ്, മൂന്ന് എൻ.ഡി.എ, ഒന്നുവീതം എസ്.ഡി.പി.ഐ, പി.ഡി.പി കക്ഷികളുമുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും നഗരസഭയും എല്‍.ഡി.എഫ് ആയിരുന്നു ഭരിച്ചിരുന്നത്.
പുന്നപ്ര സമരനായകൻ വി.എസ്. അച്യുതാനന്ദൻ ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന ചരിത്രവും മണ്ഡലത്തിലുണ്ട്. രക്തസാക്ഷികളുടെ വീരസ്മരണകൾ ഇരമ്പുന്ന പുന്നപ്ര സമരഭൂമി ഉൾപ്പെടുന്ന മണ്ഡലത്തിൽ വി.എസ്. തോറ്റുവെന്നതും ചരിത്രമാണ്.2006 വരെ കൈനകരി, നെടുമുടി, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട്, തകഴി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതായിരുന്നു മണ്ഡലം.1965ലാണ് മണ്ഡലം രൂപവത്കരിച്ചത്. വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ച് കോൺഗ്രസിലെ കൃഷ്ണക്കുറുപ്പ് അമ്പലപ്പുഴയുടെ ആദ്യ എം.എൽ.എയായെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ ചേർന്നില്ല.
1967ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് വി.എസ്. അച്യുതാനന്ദനാണ് അമ്പലപ്പുഴയെ ആദ്യമായി ചുവപ്പണിയിച്ചത്. 1970ലും വിജയിച്ച വി.എസ്, 1977ൽ പരാജയപ്പെട്ടു. അന്ന് ജയിച്ചത് ആർ.എസ്.പിലെ കെ.കെ. കുമാരപിള്ളയാണ്. മുതിർന്ന നേതാവായിരുന്ന പി.കെ. ചന്ദ്രാനന്ദനും ജയപരാജയങ്ങൾ നൽകിയ മണ്ഡലമാണ്. 1982ലും 1987ലും യു.ഡി.എഫിനായിരുന്നു വിജയം. 1982ല്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച വി. ദിനകരന് 1987 ല്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയായും മത്സരിച്ച് വിജയിച്ചു. 2001-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അഡ്വ. ഡി. സുഗതനാണ് വിജയിച്ചത്.
1991ൽ സി.പി.എമ്മിലെ സി.കെ. സദാശിവൻ വിജയിച്ചു. 1996ൽ സുശീല ഗോപാലനെയും 2006ലും 2016ലും ജി. സുധാകരനെയും മന്ത്രിയാക്കി. 2011 ലും അദ്ദേഹം വിജയിച്ച് എം.എല്‍.എ ആയിട്ടുണ്ട്. തുടര്‍ന്ന് 2021ൽ ഡി.സി.സി അധ്യക്ഷനായിരുന്ന എം. ലിജുവിനെ പരാജയപ്പെടുത്തിയാണ് എല്‍.ഡി.എഫിലെ എച്ച്. സലാം ജനപ്രതിനിധിയായത്.
അമ്പലപ്പുഴയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ ജനങ്ങള്‍ എല്‍.ഡി.എഫിനെ പിന്തുണക്കുമെന്നാണ് പ്രതീക്ഷ. തന്നില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വിജയത്തിലെക്കുമെന്നാണ് ജി. സുധാകരനുള്ളത്. താന്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് അമ്പലപ്പുഴയില്‍ വീണ്ടും എല്‍.ഡി.എഫിന് നിലനിര്ത്താനായതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ 2016ല്‍ ജി. സുധാകരന് 63,069 വോട്ടുകള്‍ നേടിയെങ്കില്‍ 2021ല്‍ എച്ച്. സലാമിന് 61365 വോട്ടുകള്‍ നേടാനായി.
2016 ല്‍ കിട്ടിയ വോട്ടും 2021ല്‍ കിട്ടിയതുമായി വിലയിരുത്തിയാല്‍ 1704 വോട്ടുകളുടെ കുറവ് മാത്രമാണ് ഉണ്ടായതെന്ന വിശ്വാസമാണ് എല്‍.ഡി.എഫിനുള്ളത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്.2006ൽ ജി. സുധാകരനായിരുന്നു വിജയം. കോണ്‍ഗ്രസിലെ അഡ്വ. ഡി. സുഗതനെയാണ് പരാജയപ്പെടുത്തിയത്. 11929 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2011ലും 2016ലും ജി. സുധാകരന് വിജയം ആവർത്തിച്ചു.
എൽ.ഡി.എഫ് സർക്കാറിൽ മന്ത്രിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് തന്നെയാണ് മണ്ഡലം നിലനിര്‍ത്തിയത്. എല്‍.ഡി.എഫിലെ എച്ച്. സലാമിന് 61365 വോട്ടുകള്‍ ലഭിച്ചു. എതിര് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ എം. ലിജുവിന് 50240 വോട്ടുകള്‍ ലഭിച്ചു. എച്ച്. സലാം വിജയിച്ചത് 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. എസ്.ഐ.ആർ വോട്ടർ പട്ടിക പ്രകാരം മണ്ഡലത്തിൽ ആകെ വോട്ടുകള്‍ 169826 കളാണുള്ളത്. സ്ത്രീകൾ 86975, പുരുഷൻ 82849, മറ്റുള്ളവർ രണ്ട് എന്നിങ്ങനെയാണ്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എച്ച്. സലാമിന്റെ ചുവരെഴുത്തുകള്‍ തുടങ്ങിയെങ്കിലും യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.