ലോക്​ഡൗൺ കാലത്ത്​ മനസ്സ്​ വീണ്ടും 'ഉസ്​കൂൾ' മുറ്റത്തെത്തിയപ്പോൾ...

ഗ്രാമത്തിലെ വളഞ്ഞുതിരിഞ്ഞ ഇടവഴികളെല്ലാം എത്തിച്ചേരുന്നത് തളിക്കുന്ന് നിവാസികളുടെ പ്രിയ വിദ്യാലയ മുറ്റത്തേക്കാണ്. കൊച്ചുകൊച്ചു പെരകളുടെ മണ്ണ് തേച്ച് മനോഹരമാക്കിയ മുറ്റങ്ങളില്‍ നിന്നുമാണ് വഴികളുടെ തുടക്കം. അവരുടെ കുട്ടിക്കാലം ഒരു നിഴലായി അവിടെ നില്‍ക്കുന്നുവെങ്കിലും, കാലടിപ്പാടുകളെക്കുറിച്ചൊന്നും ചിന്തിക്കാതെ, അവര്‍ യാത്ര തുടരുകയാണ്മണ്ണ് പൊത്തി അടച്ച ചുവരുകള്‍ക്കിടയിലെ ചെറിയ മുറികള്‍, വടക്ക് ഭാഗത്ത് ചെരിച്ച് കെട്ടിയ കഴുക്കോലുകള്‍ക്ക് താഴെ പുകയും നനവും നിറഞ്ഞ അടുക്കള, ചിരട്ടകൈലും ഉറിയും മണ്‍ചുവരുകളില്‍ ചിത്രത്തൂണുകള്‍ പോലെ തൂങ്ങിക്കിടക്കുന്നു. ഉരല്‍മുറ്റത്തി നരികത്തായി വിറക്പുര, ആട്ടിന്‍കൂട്, തൊഴുത്ത് വൈക്കോല്‍ കൂന, ആള്‍മറയില്ലാത്ത കിണർ... ഇവയെല്ലാം ചേര്‍ന്നതാണ് വീട്.

ഉമ്മറക്കോലായയില്‍ പഴയ ചാരുകസേരയില്‍ ചാരിക്കിടക്കാന്‍ ശ്രമിക്കുന്ന മൂസ്സാക്ക. മെലിഞ്ഞ കാല് മേല്‍ക്ക്‌മേൽ വെച്ചിട്ടുണ്ട്. കസേരയോട് ചേര്‍ന്നിരിക്കുന്ന കോളാമ്പിയിലേക്ക് ഇടക്ക്​ തുപ്പുന്നുമുണ്ട്. മെലിഞ്ഞുക്ഷീണിച്ച കൈയ്യിലെ ഞരമ്പുകളും കഴുത്തിലെ അസ്ഥികളും എഴുന്നേറ്റ്‌ നില്‍ക്കുന്നു. കണ്ണുകള്‍ക്ക് ക്ഷീണവും ജീവിതത്തോട് മടിപ്പും ബാധിച്ചത്‌ പോലെ പരുക്കന്‍ ഭാവത്തിലിരിക്കുന്ന കാരണവരെ എല്ലാവര്‍ക്കും ഭയവും, അതിലേറെ ബഹുമാനവുമാണ്.


സ്ത്രീകള്‍ക്ക് അങ്ങോട്ട് അധികം പ്രവേശനം ഇല്ല. സ്‌നേഹവും ത്യാഗവും ചേര്‍ന്ന് പുലര്‍ച്ചയോടെ ആരംഭിക്കുന്ന അവരുടെ ജോലികള്‍ അസ്തമനത്തോടെ മാത്രമേ അവസാനിക്കാറുള്ളൂ. നിഷ്‌ക്കളങ്കത ആ ഗ്രാമത്തെ നന്നായി അലങ്കരിച്ചിട്ടുണ്ട്. ലോകത്തെക്കുറിച്ചുള്ള വിവരം അവര്‍ക്ക് അധികം ഇല്ലെങ്കിലും പല നാടുകളിലൂടെ സാധനങ്ങള്‍ തല ചുമടായി നടന്ന് വിറ്റിരുന്ന മൂസ്സാക്ക ആ കുറവ് നികത്തി.

സുധാകരന്‍ മാഷെപ്പോലെ ഓരോ കാലങ്ങളിലും പല ദേശങ്ങളില്‍ നിന്നുമായി അധ്യാപകര്‍ ഉസുക്കൂളിലേക്ക് വരുകയും പോവുകയും ചെയ്തു.ആദരവോടും സ്‌നേഹത്തോടും കൂടിമാത്രമാണ് അവരെ സ്വീകരിച്ചിരുന്നത്. അവരുടെ മടിശീലയില്‍ പൊതിഞ്ഞ് കൊണ്ടുവന്നുകൊടുത്ത പലഹാരം പോലെ അവര്‍ക്ക് കൊടുക്കാന്‍ ഉണ്ടായിരുന്നതും, പാഠപുസ്തകത്തില്‍ നിന്ന് കിട്ടാന്‍ കഴിയാത്തതും അതും മാത്രമായിരുന്നു.

എഴുതാനും വായിക്കാനും ഗ്രാമത്തില്‍ ആര്‍ക്കും അറിയില്ല. അതുകൊണ്ടു തന്നെ തപാല്‍ വഴിവരുന്ന വിവരങ്ങള്‍ വായിച്ച് മറുപടി എഴുതിക്കൊടുത്തിരുന്നത് അവര്‍ക്ക് പ്രിയപ്പെട്ട സുധാകരന്‍ മാഷ് തന്നെയാണ്. വറുതിയുടെ കാലം, കള്ളിത്തുണി ഉടുത്ത് കരിയും, മണ്ണും തേച്ച് പിടിപ്പിച്ച എഴുത്തുപലക കൈയ്യില്‍ ഒതുക്കിപ്പിടിച്ച് വിദ്യാലയത്തിലേക്ക് വന്ന കുട്ടികളുടെ പ്രതീക്ഷ കുറച്ച്​ ഉപ്പുമാവായിരുന്നു.കൃത്യ അളവില്‍ ഉപ്പുമാവ് വിളമ്പുന്ന മൊയ്തീന്‍ മാഷുടെ മുന്നില്‍ കുട്ടികള്‍ വരിതെറ്റാതെ ഒന്നിന് പിറകില്‍ ഒന്നായി നിന്നു. ചാണകം തേച്ച് മിനുക്കിയ തറയില്‍ ഇരുന്നാണ് പഠിക്കുന്നതെങ്കിലും അത് അധിക സമയം വേണ്ടിവരില്ല.ഉപ്പുമാവ് കിട്ടിയാല്‍ ആണ്‍കുട്ടികള്‍ കാട്ടുചോലയില്‍ നീന്തിക്കുളിക്കാനും കന്നു നോക്കാനും പോകും.


പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ ടീച്ചറുടെ വീട്ടിലെ കുട്ടിയെ നോക്കണം. അടുത്ത വീട്ടുകാര്‍ കാത്തിരിക്കും. നെല്ല് കുത്തിക്കൊടുക്കാനും, ചക്കക്കുരു വരണ്ടിക്കൊടുക്കാനും പോകണം. പള്ളയ്ക്ക് കിട്ടിയാല്‍ തന്നെ ധാരാളം.വൃക്ഷലതാദികള്‍ വിദ്യാലയ പരിസരത്തെ ആകര്‍ഷകമാക്കി. ഇവ പറവകള്‍ക്ക് മാത്രമല്ല ഗ്രാമത്തിലെ മനുഷ്യര്‍ക്കും ആശ്വാസമായിരുന്നു.കുന്നിന്‍ചരുവിലെ തളിക്കുന്ന് പറമ്പിലെ ഓത്തുപള്ളിക്കൂടമാണ് ബ്രിട്ടീഷ് ഭരണത്തിന് ശേഷം പ്രൈമറി സ്‌കൂളായി മാറുന്നത്. ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉസ്‌ക്കൂള്‍ കൊണ്ടുതന്നെ പൂര്‍ത്തിയായി. അഭിമാനം കൊണ്ടവര്‍ ഉസ്​കൂളിനെ തളിക്കുന്ന് കോളേജ് എന്ന ഓമന പേരിട്ടു.

തലമുറകളിലൂടെ ആ പേര് കൈമാറിയും പോന്നു. തളിക്കുന്ന് കോളജിലെ പഠനം കഴിഞ്ഞ ആണ്‍കുട്ടികള്‍ ഏറെയും രാജ്യം വിടുകയാണ് പതിവ്. അധികം ആരും മടങ്ങിവരാറില്ല. രാജ്യം വിട്ട അയ്യപ്പന്‍റെ മകന്‍ അച്ഛന്‍റെ തെളിവ് കാണിക്കാന്‍ സ്‌ക്​ള്‍ സര്‍ട്ടിഫിക്കറ്റിനായി ഉസ്‌കൂളിലേക്ക് വന്നിരുന്നു. പെണ്‍കുട്ടികള്‍ മറ്റൊരു സ്ഥലത്ത് പോയി പഠിക്കുന്നതിനോട് പ്രായമായവര്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഉസ്‌കൂള്‍ കഴിഞ്ഞാല്‍ അവര്‍ വിവാഹിതരാകും. പതിവുപോലെ പരീക്കുട്ടിയുടെയും തിത്തുക്കുട്ടിയുടെയും വിവാഹം രാത്രിയിലാണ് നടന്നത്. സദ്യ ഒരുക്കിയത് നാട്ടുകാരെല്ലാം ചേര്‍ന്നാണ്.തിത്തുക്കുട്ടിയെ തിളങ്ങുന്ന കുപ്പായം ധരിപ്പിച്ച് സ്ത്രീകള്‍ ചേര്‍ന്ന് ഒപ്പനപ്പാട്ട് പാടി ഒരുക്കി ഇരുത്തി. കടം വാങ്ങിയ കുപ്പായമാണെങ്കിലും കുപ്പായത്തിന്‍റെ തിളക്കത്തില്‍ പന്ത്രണ്ടു വയസ്സുകാരി തിത്തുക്കുട്ടി ആഹ്ലാദിച്ചു. മുഖം താഴ്ത്തി ഇരിക്കുന്ന അവളുടെ നാണം തിത്തുക്കുട്ടിയെ ഒന്നുകൂടി കാണണം എന്നേ തോന്നിച്ചുള്ളൂ. തലയില്‍ വിളക്ക് പിടിച്ച് മുട്ടിന് താഴെ മാത്രം നില്‍ക്കുന്ന മുണ്ടുടുത്ത് വരിയായി വരുന്ന വിരുന്നുകാര്‍ക്കിടയിലൂടെ വാദ്യാഘോഷങ്ങളോടെ പരീക്കുട്ടി വധുഗ്രഹത്തിലേക്ക് പ്രവേശിച്ചു.

വട്ടം കൂടിയിരിക്കുന്ന വിരുന്നുകാരില്‍ കുപ്പായം ധരിച്ചിട്ടുള്ളത് പരീക്കുട്ടി മാത്രമാണ്. ഓലച്ചൂട്ട് മിന്നിച്ചാണ് അയല്‍ക്കാര്‍ വന്നത്. ദീപ പ്രഭയില്‍ മനസില്‍ സൂക്ഷിച്ച സ്വപ്നങ്ങളൊക്കെ പൂവണിയാനായി തിത്തുക്കുട്ടി കാത്തിരുന്നു. പരസ്പരം പരിചയം ഉണ്ടായിരുന്നില്ലെങ്കിലും അന്നുമുതല്‍ അവരെ ഭാര്യ ഭര്‍ത്താക്കന്മാരായി എല്ലാവരും അംഗീകരിച്ചു.ഗ്രാമത്തിലെ എല്ലാ വിശേഷങ്ങളും എല്ലാവരും ചേര്‍ന്ന് ആഘോഷമാക്കി. ഭഗവതിക്കാവിലെ ഉത്സവവും കൊയ്ത്തും വേലയും എല്ലാം അവര്‍ പാട്ട് പാടി ആഹ്ലാദിച്ചു. പ്രസവത്തിനും രോഗത്തിനും പ്രതിരോധത്തിനും വരെ പാട്ട് ഉണ്ടായിരുന്നു. ഓരോന്നിനും ഓരോ താളം ആയിരുന്നെന്ന്​ മാത്രം.മഴയും വേനലും എത്രയോ വരുകയും പോവുകയും ചെയ്തു. തിരിഞ്ഞുനോക്കുമ്പോള്‍ അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളൂ എന്ന് തോന്നിപ്പോകും.


വിദ്യുച്ഛക്തിയെക്കുറിച്ച് മലയാള പാഠപുസ്തകത്തില്‍ ശ്രദ്ധയോടെ കുട്ടികള്‍ പഠിച്ചു. അധികം വൈകാതെ മണ്ണെണ്ണ വിളക്കിനെ പിന്നിലാക്കി നീളം കൂടിയ കമ്പിയിലൂടെ വളരെ ദൂരം സഞ്ചരിച്ച് വൈദ്യുതി തളിക്കുന്ന് ഗ്രാമത്തിലുമെത്തി. അന്നുവരെ ഗ്രാമത്തിലുള്ള എല്ലാവര്‍ക്കും ഒരുപോലെ കൗതുകമായ യന്ത്രം ഒരു റേഡിയോ മാത്രം ആയിരുന്നു.ഗ്രാമത്തിലെ ഗ്രന്ഥശാലയിലാണ് റേഡിയോ സൂക്ഷിച്ചിരുന്നത്. അതീവ സുഖമുള്ള അതിലെ ശബ്​ദം കേള്‍ക്കാന്‍ ചെറുപ്പക്കാര്‍ അവിടേക്ക് പോവുക പതിവായിരുന്നു. പിന്നീട് കോളാമ്പി മൈക്കിലൂടെയായി ആ ശബ്​ദം. ലോകത്തെക്കുറിച്ച് അറിവ് നല്‍കുന്നവയായിരുന്നു മൈക്കിലൂടെ കേട്ട വാര്‍ത്തകളൊക്കെ.മൂന്ന് ഇടവഴികള്‍ കൂടിച്ചേരുന്നിടത്തെ ദാമോദരേട്ടന്റെ ചായപ്പീടികയില്‍ ലോക വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യാനായി കാരണവന്മാര്‍ ഒത്തുകൂടി.പട്ടണത്തിലെ സിനിമാ കോട്ടയില്‍ നിന്നുവരുന്ന പയ്യന്‍ സിനിമയുടെ പരസ്യചിത്രങ്ങള്‍ അടക്കാമരത്തിന്‍റെ അലകുകൊണ്ട് നിര്‍മ്മിച്ച ചായപ്പീടികയുടെ അഴികള്‍ക്ക് മേലെ പതിച്ചു.

കവലയില്‍ എവിടെ നിന്ന് നോക്കിയാലും ഇത് കാണാം. റേഷന്‍ പീടികയും കേശവന്റെ തുന്നല്‍ പീടികയും വന്നതോടെ ദാമോദരേട്ടന്റെ ചായപ്പീടിക അങ്ങാടിയായി വളരുകയായിരുന്നുഓരോ മാസവും നടീ നടന്മാരുടെ മുഖചിത്രങ്ങളോടെ പുതിയ പരസ്യചിത്രം ചായപ്പീടികയുടെ അഴികളെ അലങ്കരിച്ചു.ഗ്രാമത്തില്‍ ചര്‍ച്ചാവിഷയമായ സംഭവമാണ്, മോട്ടോര്‍ ബൈക്കിന് മുകളിലിരുന്നു പോകുന്ന പ്രേംനസീറിന്‍റെ ചിത്രം.മച്ചിങ്ങയില്‍ ഈറക്കല്‍ കുത്തി, മച്ചിങ്ങ വണ്ടി മുറ്റത്തൂം വഴിയിലും ഓടിച്ച് കുളിച്ച്, മച്ചിങ്ങയുടെ ഉരുളലില്‍ മോട്ടോര്‍ വണ്ടിയെ കണ്ട് ആഹ്ലാദിച്ച കുട്ടികള്‍, മോട്ടോര്‍ വണ്ടി കാണാന്‍ ഇടവഴിയിലൂടെയും മറ്റും ദാമോദരേട്ടന്‍റെ ചായപ്പീടിക ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്നു.ഗ്രാമത്തിലെ യുവാക്കള്‍ സിനിമ കാണാന്‍ പട്ടണത്തിലേക്ക് പോവുക പതിവായി. ചലിക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളായി അവര്‍ സ്വയം സങ്കല്‍പ്പിച്ചു.


പാടത്തും, പറമ്പിലും, കുളക്കടവിലും സിനിമാ കഥകള്‍ വലിയ വിശേഷങ്ങളായി. കഷ്​ടപ്പാടുകള്‍ക്കിടെ ആശ്വാസവും, ആനന്ദവുമായ ഈ കഥകള്‍ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതായി തോന്നി.കാലം ഏറെ മാറി, പരിഷ്‌കൃതമായ ലോകത്ത് പ്രകൃതിയെ വരെ കീഴ്‌പ്പെടുത്തുവാനുള്ള വെപ്രാളത്തിലായിരുന്നു മനുഷ്യന്‍. ഒരു സൂക്ഷ്മ ജീവിക്ക് മുന്നില്‍ സൂപ്പര്‍ മനുഷ്യരും, പരിഷ്‌കൃത മനുഷ്യരും, സാധാരണ മനുഷ്യരുമെല്ലാം തുല്യരായി. ആഘോഷങ്ങള്‍ കെട്ടടങ്ങി. പ്രകൃതിക്ക് മുന്നില്‍ എല്ലാവരും തുല്യരായി.ഇടവഴികളിലൂടെയുള്ള ഏകയായ നടത്തത്തിനൊടുവില്‍ എന്‍റെ ചിന്തകള്‍, സ്‌കൂളിന്‍റെ പോയ കാലങ്ങളില്‍ നിന്നും പൂട്ടിക്കിടന്ന സ്‌ക്കൂള്‍ മുറ്റത്തെത്തി നിന്നു.

മുറ്റത്ത് അലക്ഷ്യമായി വളര്‍ന്ന പലതരത്തിലുള്ള പുല്‍ച്ചെടികള്‍. അവക്ക്​ മുകളിലൂടെ ഒരേ വര്‍ണ്ണ ചിറകുകളുള്ള പൂമ്പാറ്റകള്‍, പുത്തന്‍ ഉടുപ്പിട്ടുവന്ന കുട്ടികളെ പോലെ ഉത്സാഹത്തോടെ പാറിക്കളിക്കുന്നു. ലോക്ഡൗണിന് ശേഷം കുഴിയാനകള്‍ക്കും ചിറക് മുളച്ചു, അവര്‍ മഞ്ഞയും കറുപ്പും കലര്‍ന്ന നിറത്തില്‍ തുമ്പികളായി വിജനതയെ ആഘോഷമാക്കുന്നു. ചിതലരിച്ച് ശൂന്യമായ ക്ലാസ്മുറികള്‍. മൃദുലമായ എത്രയോ കാലടിപ്പാടുകള്‍ അവിടെ ചിതറിക്കിടക്കുന്നു. എത്രയോ നാളുകളായി കുട്ടികള്‍ ഇങ്ങോട്ട് വന്നിട്ട്.മൊബൈല്‍ ഫോണും, കമ്പ്യൂട്ടറുമാണ് ഇന്നവരുടെ ചങ്ങാതിമാര്‍. മതിലിനുമപ്പുറത്ത് അകലെയാണവര്‍.

വീടിനടുത്തുള്ള മരത്തണലിലും പറമ്പിലുമെല്ലാം ശബ്ദമുണ്ടാക്കി നടക്കുന്നുണ്ടാവും.കൊച്ചുമനസ്സുകളുടെ സന്തോഷങ്ങളും ഓടിക്കളികളും കാണാന്‍ കൊതിക്കുന്നതുപോലെ. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്ത്, കൂട്ടുകാരാണ്. ആ സൗഹൃദം വിദ്യാലയം വിട്ടാല്‍ കിട്ടണമെന്നില്ല.ഭൂതകാല സ്മരണകള്‍ അസ്വാസ്ഥ്യത്തോടെ ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നുള്ളൂ. സംസാരപ്രിയയായ ആവണിയുടെ വര്‍ത്തമാനങ്ങളില്‍ അമ്മയും അച്ഛമ്മയും തമ്മിലുള്ള പിണക്കങ്ങളും അച്ഛന്‍ നിർമിക്കാന്‍ പോകുന്ന വീടിന്റെ വിവരണങ്ങളും ഉണ്ടാകും. ഓട്ടക്കാരനായ സക്കീറിന്‍റെ ആഗ്രഹങ്ങളൊക്കെ അവന്റെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളായിട്ടാണ് കൂട്ടുകാരോട് പങ്കുവെയ്ക്കുക.. അതുകൊണ്ട് തന്നെ സങ്കടങ്ങളൊക്കെ സ്വകാര്യങ്ങളായി കാത്തുസൂക്ഷിച്ച്, സക്കീര്‍ ആഹ്ലാദത്തോടെ എല്ലാവരോടും ഇടപെട്ടു.


ഇന്റര്‍വെല്ലിനുള്ള ബെല്ലടിച്ചാല്‍ കൂട് ഇളകിയ ഉറുമ്പിന്‍കൂട്ടങ്ങളെ പോലെ അവര്‍, തുറന്നുകിടക്കുന്ന വാതിലുകളിലൂടെ ഓടുകയായി.ശബ്​ദ കോലാഹലങ്ങള്‍ കൊണ്ട് മൈതാനം മുഖരിതമാകും, മൈതാനത്തിന് നടുവിലെ വൃക്ഷങ്ങളും ഉടഞ്ഞ മണ്‍കൂനകളും ശേഷിച്ച കല്ലുകളും അവരോടൊപ്പം ആഹ്ലാദത്തില്‍ പങ്കെടുക്കും.പിന്നീടുള്ള അവരുടെ ജീവിതത്തിന് വേണ്ട പ്രാപ്തി നേടുന്നത് ഈ ഓടിക്കളികളില്‍ നിന്നാണ്. ഈ അവസരങ്ങളെല്ലാം ഇന്ന് നഷ്ടമായിരിക്കുന്നു.വാതില്‍ തുറന്ന് ഓഫീസിനുള്ളിലേക്ക് കയറി. ഒറ്റപ്പെടല്‍ മനസ്സിനെ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു. ചുവരില്‍ തൂങ്ങിക്കിടന്ന കലണ്ടറിലെ കോളങ്ങളില്‍ ചുവപ്പിലും കറുപ്പിലും എഴുതിയ അക്കങ്ങള്‍ ഒരു വിലയുമില്ലാതെ കടന്നുപോകുന്നു. ഔദ്യോഗിക ജീവിതത്തില്‍ ഇത്രയേറെ വിരസമായ ദിനങ്ങള്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.

നീളന്‍ വരാന്തയിലേക്ക് നടന്നു. മൂകതയുടെ രൂപം എല്ലായിടത്തും തിങ്ങിനില്‍ക്കുന്നു.ചിലന്തിയുടെ മനോഹരമായ കൂട് വിദ്യാലയത്തില്‍ കൃത്യമായി സമയം അറിയിച്ചിരുന്ന ബെല്ലിനെ വരെ ബന്ധിച്ചിരിക്കുന്നു.പൂച്ചകള്‍ അവിടെ ഇവിടെയായി നിന്ന് ഒളിഞ്ഞുനോക്കുന്നുണ്ട്. ആളനക്കം കേട്ടിട്ടാവാം നായ തല പൊക്കിനോക്കി. കൂര്‍ത്ത പല്ലും നഖവുമുള്ള വേറെയും നായ്ക്കള്‍. ആ കണ്ണുകള്‍ ശ്രദ്ധിച്ചു.പരിഭ്രമിച്ചെങ്കിലും ഒട്ടും ഭാവഭേദമില്ലാതെ ഞാന്‍ നിന്നു.മൈതാനത്തിലേക്ക് ഇറങ്ങിനടന്നു. കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസ​ുകൾ മൈതാനത്തനരികിലായി വന്യമൃഗത്തെ പോലെ നില്‍ക്കുന്നു.വേലികളായി വളര്‍ന്ന വള്ളിക്കെട്ടുകളില്‍ വ്യത്യസ്തമായ പൂക്കള്‍ വിടര്‍ന്നുല്ലസിച്ചു നില്‍ക്കുന്നതിനിടയിലൂടെ ഓന്തും അരണയും എന്തോ അന്വേഷിച്ച് നടക്കുന്നു. ഇവിടുത്തെ പുതിയ താമസക്കാര്‍ ഇവരൊക്കെയാണ്.

ഏകാന്തമായി തന്നെ ഓരോ ദിവസവും കടന്ന;പോയിക്കൊണ്ടിരുന്നു.പരിചയപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഓരോ കണ്ടുമുട്ടലുകളിലും നായകള്‍ കൂടുതല്‍ വിനയാന്നുതരായി. തല കുനിച്ച് കടന്നുപോകുന്നു.പുതിയ ഈ ചങ്ങാതിമാരുടെ മര്യാദ പോലും വാര്‍ത്തകളില്‍ നിറഞ്ഞ മനുഷ്യര്‍ക്ക് കാണാന്‍ കഴിയുന്നില്ല.മുഖംമൂടി ഇട്ട മനുഷ്യരുടെ ഭാവമാറ്റങ്ങള്‍ അറിയാന്‍ കഴിയുന്നില്ലെങ്കിലും, അവര്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ കോവിഡ് എന്ന മഹാമാരി പോലെ ഭയാനകമാണ്.ഓരോന്നും എണ്ണിയെടുത്താല്‍ കൈക്കുമ്പിളില്‍ ഒതുങ്ങുന്നവയല്ല.ദിവസങ്ങള്‍ കഴിയുന്തോറും ചോരപുരണ്ട തുണികള്‍ അയയില്‍ തൂങ്ങിക്കിടക്കും പോലെ വാര്‍ത്തകളുടെ എണ്ണം ഏറിവരുന്നു.അവയൊക്കെയും മഴവെള്ളം പോലെ മനസ്സിലൊരു നനവായി ധൃതിയിലൊലിച്ച് ഇറങ്ങിപ്പോയി.മനസ്സിന് വല്ലാത്ത നോവുപകരുന്ന വാര്‍ത്തകള്‍ മനുഷ്യര്‍ പിന്നെയും സൃഷ്ടിച്ചുകൊണ്ടുമിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.