കോഴിക്കോട്: അത്തം പിറക്കുന്നതിനു മുമ്പേ വിപണിയിൽ ഓണം ഓളം. മഴ മാറിയതോടെ സാധനങ്ങൾ വാങ്ങുന്നതിന് നഗരത്തിലേക്ക് ആളൊഴുകിത്തുടങ്ങി. വസ്ത്ര-ഗൃഹോപകരണ വിപണിയിലാണിപ്പോൾ തിരക്കേറിയത്. അത്തം തുടങ്ങുന്നതോടെ പൂവിപണിയുൾപ്പെടെയുള്ളവയും സജീവമാകും.
കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയം വളപ്പിൽ തുടങ്ങിയ ഓണം കൈത്തറി മേളയിൽ കഴിഞ്ഞ ദിവസങ്ങളിൽ തിരക്കേറി. ജില്ലയിലും കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലും നിന്നുള്ള കൈത്തറി സഹകരണ സംഘങ്ങളുടെ 28 സ്റ്റാളുകളാണ് മേളയിലുള്ളത്. കൈത്തറി തുണിത്തരങ്ങൾക്കു പുറമെ കരകൗശല ഉൽപന്നങ്ങളും മിൽമ, കേരള ദിനേശ് ഉൽപന്നങ്ങളും മേളയിൽ ലഭ്യമാണ്. 20 ശതമാനം ഗവ. റിബേറ്റ് ആയിരം രൂപക്കു മുകളിലുള്ള പർച്ചേസുകൾക്ക് സമ്മാന കൂപ്പണും ലഭ്യമാകുന്ന കൈത്തറി മേള സെപ്റ്റംബർ നാലുവരെയുണ്ടാകും.
30 ശതമാനം ഗവ. റിബേറ്റ് നൽകുന്ന ഖാദി മേളയും സജീവമാണ്. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലെയും ഖാദി ഉൽപന്നങ്ങൾ മിഠായിത്തെരുവ് ഖാദി എംപോറിയത്തിൽ നടക്കുന്ന മേളയിലുണ്ട്. ആയിരം രൂപയുടെ പർച്ചേസിന് സമ്മാന കൂപ്പണും സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. എന്നാൽ, വിൽപനയിലും വിലക്കുറവിലും റെക്കോഡ് സൃഷ്ടിച്ച് മുന്നേറുന്നത് ഗൃഹോപകരണ വിപണിയാണ്.
കടുത്ത മത്സരം നടക്കുന്ന ഗൃഹോപകരണ വിപണിയിൽ 80 ശതമാനം വരെ വിലക്കുറവുള്ളതിനാൽ സമീപ ദിവസങ്ങളിലായി വലിയ തിരക്കാണനുഭവപ്പെടുന്നത്. വിദ്യാലയങ്ങളിൽ ഓണാവധി തുടങ്ങുന്നതോടെ വസ്ത്ര വിപണിയും സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ആകർഷകമായ കമാനങ്ങൾ സ്ഥാപിച്ചും ദീപാലംകൃതമാക്കിയും സൗജന്യങ്ങളും സമ്മാനങ്ങളും പ്രഖ്യാപിച്ചും വ്യാപാര സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കാൻ മത്സരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.