കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നാഡീഞരമ്പുകളായ ചെറുകിട വ്യവസായ മേഖല ഏറെ ആവേശത്തോടെയാണ് ഓണക്കാലത്തെ വരവേല്‍ക്കുന്നത്. പലവിധ കാരണങ്ങളാല്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ചെറുകിട വ്യവസായ മേഖലക്ക് ഓണവിപണി പുതിയ പ്രതീക്ഷകളും അവസരങ്ങളും നല്കുന്നു. കേരളത്തിലെ ചെറുകിട വ്യവസായങ്ങള്‍ ഓണക്കാലത്ത് കൂടുതല്‍ സജീവമാകും. ഓണസദ്യയുടെ പ്രധാന വിഭവങ്ങളായ ശര്‍ക്കരവരട്ടി, ഉപ്പേരി, അച്ചാറുകള്‍, വിവിധതരം പായസങ്ങള്‍ എന്നിവയെല്ലാം വീടുകളിലും ചെറുകിട സംരംഭങ്ങളിലും ഒരുങ്ങുന്നു. ബേക്കറി ഉൽപന്നങ്ങള്, പൂക്കള്‍, അലങ്കാര വസ്തുക്കള്‍, ഓണക്കോടികള്‍ ഉള്‍പ്പെടെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവക്കും ഈ സമയത്ത് ആവശ്യക്കാര്‍ ഏറെയാണ്. യാത്രാ പാക്കേജുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങി ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുകിട സംരംഭകര്‍ക്കും ഇത് പ്രതീക്ഷയുടെ കാലമാണ്. ഓരോ മേഖലയിലെയും മലയാളി സംരംഭകർ ഓണവിപണിയെ ആശ്രയിച്ച് ഉൽപന്നങ്ങളും സേവനങ്ങളും വിറ്റഴിക്കുന്നതിലൂടെ വലിയ ലാഭം നേടുന്നു.
കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അതിനിടയിലാണ് കൂനിന്മേല് കുരു എന്നപോലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇറക്കുമതി നയത്തിന്റെ വരവ്. കേരളത്തിന്റെ പ്രധാന കയറ്റുമതി ഉൽപന്നങ്ങളായ കയര്‍, കശുവണ്ടി, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സമുദ്രോൽപന്നങ്ങള്, സുഗന്ധദ്രവ്യങ്ങള്‍, അവയുടെ അനുബന്ധ വ്യവസായങ്ങള്‍ എന്നിവയുടെ വിപണിയെയും അതുപോലെ വിനോദസഞ്ചാര മേഖലയെയും ഇത് പ്രതികൂലമായി ബാധിക്കും. ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പാടുപെടുന്ന സംരംഭകര്‍ക്ക് ഓണക്കാലത്തെ വര്‍ധിച്ച കച്ചവടം വലിയ ആശ്വാസമാണ്.
സാധാരണ സീസണില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ വരുമാനം ഈ സമയത്ത് നേടാന്‍ സാധിക്കുന്നതുകൊണ്ട് അവരുടെ ഉൽപാദനം വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ നടത്താനും സാധിക്കുന്നു. ഓണത്തിനൊപ്പം തുറന്നുകിട്ടുന്ന ചില കമ്പോളബന്ധങ്ങള് തുടര്‍ന്നും ഗുണകരമാവുന്നു.
ഓണവിപണി ചെറുകിട വ്യവസായ മേഖലയില്‍ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. പൂക്കളത്തിന് ആവശ്യമായ പൂവ് വില്‍ക്കുന്ന കച്ചവടക്കാര്‍ മുതല്‍ ഓണസദ്യക്ക് ആവശ്യമായ മുളകുപൊടി, മല്ലിപ്പൊടി, സാമ്പാര്‍ പൊടി, മസാലപ്പൊടികള്‍, അച്ചാറുകള്‍, മാവുകള്‍, പലഹാരങ്ങള്‍, വെളിച്ചെണ്ണ, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവ ഉണ്ടാക്കുന്ന സ്ത്രീകള്‍ വരെയുള്ളവര്‍ക്ക് ഈ സമയത്ത് ജോലി ലഭിക്കുന്നു. ഇത് ഗ്രാമീണ മേഖലയിലെ സാധാരണക്കാര്‍ക്കുപോലും അധിക വരുമാനം നേടാന്‍ അവസരം നല്കുന്നു. പല ചെറുകിട വ്യവസായ സംരംഭങ്ങളും ഈ സമയത്ത് കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നു.
ഓണം ഒരു ആഘോഷം എന്നതിലുപരി, കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകം കൂടിയാണ്. പ്രതിസന്ധിയിലായിരുന്ന പല സംരംഭങ്ങള്‍ക്കും ഓണം പുത്തനുണര്‍വ് നല്കുന്നു. ഈ ആഘോഷം ഒരുമയുടെയും പ്രതീക്ഷയുടെയും പ്രതീകമായി മാറുന്നു.
പരമ്പരാഗത മൂല്യങ്ങളെ കാത്തുസൂക്ഷിച്ചുതന്നെ, നമ്മുടെ സംരംഭകരുടെ വളര്‍ച്ചക്ക് ഉതകുന്ന സാമ്പത്തികപരമായ മുന്നേറ്റം ഈ ഓണക്കാലം കേരളത്തിന് നല്കുന്നു. ചെറുകിട വ്യവസായികളെ സംബന്ധിച്ചടത്തോളം ഗുണമേന്മയുള്ള ഉൽപന്നങ്ങള് ന്യായമായ വിലയില്‍ ജനങ്ങളില്‍ എത്തിക്കുന്നതിലൂടെയാണ് ഓണം സാർഥകമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.