ക​മ്പ​ള​ത്തി​​െ​ൻ​റ പാ​ട്ടും സ​മ​ര​ജീ​വി​ത​വും

'അന്നിരുപത്തൊന്നില് നമ്മളിമ്മലയാളത്തില്

ഒന്നുചേർന്ന് വെള്ളയോടെതിർത്തു നല്ല മട്ടില്'...

മലബാർ സമരാനുസ്മരണ വേദികളിൽ സ്ഥിരമായി കേൾക്കുന്ന വിപ്ലവഗാനത്തിെൻറ ആദ്യ വരികളാണിത്. സമരത്തെ ക്രൂരമായി നേരിട്ട ബ്രിട്ടീഷ് പടക്ക് നേതൃത്വം നൽകിയ പട്ടാള തലവൻ ആർ.എച്ച്. ഹിച്ച്‌ കോക്കിെൻറ പ്രതിമ തകർക്കാൻ സമര പോരാളികൾ പുറപ്പെട്ടപ്പോൾ ആലപിച്ചിരുന്ന പടപ്പാട്ടാണിത്. ആ ഗാനം രചിക്കുകയും ജാഥയിൽ പാടുകയും ചെയ്ത മലബാർ സമരനായകനും സാഹിത്യകാരനും ആയിരുന്നു കമ്പളത്ത് ഗോവിന്ദൻ നായർ. അധ്യാപകനും സാഹിത്യകാരനും മലബാർ സമരത്തിൽ മുന്നണി പോരാളിയുമായ ആ ധീര കമ്യൂണിസ്റ്റിെൻറ ജീവിതം പരിചയപ്പെടുത്തുന്നതാണ് മാധ്യമ പ്രവർത്തകനും ഗവേഷകനുമായ ഷെബീൻ മെഹ്ബൂബിെൻറ 'കമ്പളത്തും ഏറനാട്ടിൻ ധീരമക്കളും' എന്ന പുസ്തകം.

കമ്പളത്തിെൻറ ജീവിതവും അദ്ദേഹത്തിെൻറ അധ്യാപക ജീവിതവും പാർട്ടി പ്രവർത്തനവും മലബാർ സമരത്തിലെ ഇടപെടലുകളും മുഖ്യ വിഷയമാക്കുമ്പോൾതന്നെ കമ്പളത്തിെൻറ ഇതര സാഹിത്യ സൃഷ്ടികളെ പുതു തലമുറക്ക് പരിചയപ്പെടുത്താനും പുസ്തകം ശ്രമിക്കുന്നു. മൂന്ന് ഭാഗങ്ങളാക്കി തിരിച്ച ഈ പുസ്തകത്തിലെ ആദ്യ രണ്ട് ഭാഗങ്ങളിൽ കമ്പളത്തിെൻറ ജീവിതവും രചനകളും അവതരിപ്പിക്കുേമ്പാൾ മലബാർ സമരത്തെ ചരിത്രം സംബന്ധിച്ച പഠനങ്ങൾ പുസ്തകത്തിെൻറ അവസാന ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

കവി, നാടകകൃത്ത്, അഭിനേതാവ്, സ്വാതന്ത്ര്യ സമര സേനാനി, അധ്യാപക സംഘടനാ നേതാവ് എന്നിങ്ങനെ മുഴുസമയ സാംസ്കാരിക പ്രവർത്തകനായിരുന്നു കമ്പളത്ത്. മലപ്പുറം ജില്ലയിലെ നെടിയിരുപ്പിൽ ജനിച്ച അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ തെൻറ തൂലിക പടവാളാക്കി. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനോടൊപ്പമാണ് തെൻറ രാഷ്ട്രീയ ജീവിതം തുടങ്ങുന്നതെങ്കിലും ഇ.എം.എസിനോടുള്ള അടുപ്പം അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാർട്ടിയിലേക്കെത്തിച്ചു. ബ്രിട്ടീഷ് സേനക്കെതിരെ പോരാടാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ അദ്ദേഹം നിരന്തരമായി കവിതകളെഴുതുമായിരുന്നു. രചനകളുടെ പേരിൽ അവർ അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കുകയും കൈയൊടിക്കുകയും ചെയ്തിട്ടുണ്ട്.

'അന്നിരുപത്തൊന്നില്' എന്ന് തുടങ്ങുന്ന കമ്പളത്തിെൻറ പടപ്പാട്ടാണ് ഗ്രന്ഥകാരൻ മുഖ്യ വിഷയമായി എടുത്തിട്ടുള്ളത്. 1939 ജനുവരിയിലാണ് പുളിക്കലിൽനിന്ന് വള്ളുവമ്പ്രത്തേക്ക് ഹിച്ച്കോക്ക് സ്മാരകത്തിനെതിരായ സമര ജാഥ പുറപ്പെടുന്നത്. നാനാ ജാതി മതസ്ഥർ പങ്കെടുത്ത ആ ജാഥയിൽ കമ്പളത്തിെൻറ മാപ്പിള ശീലിൽ രചിക്കപ്പെട്ട ആ ഗാനമായിരുന്നു പാടിയിരുന്നത്. കമ്പളത്തിെൻറ വിപ്ലവഗാനത്തിൽ പ്രകോപിതരായ ബ്രിട്ടീഷുകാർ ഈ ഗാനം ആലപിക്കുന്നത് നിരോധിക്കുകയും അത് പ്രസിദ്ധീകരിച്ച ദേശാഭിമാനി വാരിക കണ്ടുകെട്ടുകയും ചെയ്തു. മാപ്പിളപ്പാട്ടിെൻറ കുലപതിയും ഈയിടെ അന്തരിക്കുകയും ചെയ്ത വി.എം. കുട്ടി ഇൗ പാട്ട് ആദ്യമായി ഗ്രാമഫോൺ റെക്കോഡിലേക്ക് പകർത്തി. കമ്പളത്തിെൻറ പ്രസ്തുത രചനക്ക് മാപ്പിളസാഹിത്യവുമായുള്ള ബന്ധത്തെ കുറിച്ച അന്വേഷണത്തിലൂടെയും പുസ്തകം കടന്നുപോകുന്നുണ്ട്. സമരത്തെ മുന്നിൽനിന്ന് നയിച്ചത് മാപ്പിളമാരായിരുന്നു. അവരുടെ ജനനത്തിലും വിവാഹത്തിലും പ്രസവത്തിലും മറ്റു മംഗള കർമങ്ങളിലും നേർച്ചകളിലുമെല്ലാം പാട്ടുകൾ അവിഭാജ്യ ഘടകമായിരുന്നു. അതുകൊണ്ടുതന്നെ, മാപ്പിളമാർ മുൻനിരയിൽ നിൽക്കുന്ന സമരത്തിനായി അവരുടെ ശൈലിയിൽതന്നെ ഗാനം രചിച്ചു. 'അന്നിരുപത്തൊന്നില്' എന്ന കവിത കമ്പളത്തിേൻറതല്ലെന്ന വലതുപക്ഷ ശക്തികളുടെ വാദങ്ങളെ ഖണ്ഡിക്കാനും പുസ്തകം ശ്രമിക്കുന്നു.

മലബാറിൽ നടന്നിരുന്ന പ്രക്ഷോഭങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിെൻറ ഭാഗമായിരുന്നുവെന്ന് തെളിയിക്കാൻ കമ്പളത്തിെൻറ ഈ കവിത വളരെ സഹായമേകിയിട്ടുണ്ട്. 1921ലെ പോരാട്ടങ്ങളെ, സ്വാതന്ത്ര്യസമരമായി കോൺഗ്രസിലെ സവർണ വിഭാഗവും കൊളോണിയൽ ചരിത്രകാരന്മാരും ദേശീയ നേതാക്കളിൽ ചിലരും അംഗീകരിക്കാത്ത കാലത്താണ് ഇത് ഈ രാജ്യത്തിനുവേണ്ടിയുള്ള സമരം തന്നെയാണെന്ന കാഹളം മുഴക്കി 'ഏറനാട്ടിൻ ധീരമക്കൾ' കടന്നുവരുന്നത്. 'നമ്മളുണ്ടാക്കുന്ന നെല്ല് ജന്മിമാരെ തീറ്റുവാൻ... സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ... നമ്മളുടെ കാശു വാങ്ങി ഇംഗ്ലണ്ടിലേക്കയക്കുവാൻ സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ...

ക​മ്പ​ള​ത്തി​​െ​ൻ​റ പാ​ട്ടും

സ​മ​ര​ജീ​വി​ത​വുംഎന്ന കവിതയിലെ ഈ വരികൾ മലബാറിൽ നടന്നിരുന്ന സമരത്തിെൻറ അടിസ്ഥാന കാരണത്തെ അടിവരയിടുന്നുണ്ട്. 1922ൽ കുമാരനാശാൻ തെൻറ തെറ്റിദ്ധാരണ മൂലം മലബാറിലെ ക്രൂര മുഹമ്മദീയരുടെ നരനായാട്ടായി മലബാർ സമരത്തെ തെൻറ 'ദുരവസ്ഥ' എന്ന കവിതയിലൂടെ ചിത്രീകരിച്ചു. അതിനുള്ള കാവ്യ പ്രതിരോധമായും കമ്പളത്തിെൻറ ഈ കവിതയെ കണക്കാക്കാം. മലബാറിൽനിന്നും ഓടിപ്പോയ ഹിന്ദുക്കൾ പറഞ്ഞുകേട്ട കാര്യങ്ങൾ എന്ന മട്ടിൽ എഴുതപ്പെട്ട 'ദുരവസ്ഥ'യിലെ ആഖ്യാനങ്ങളെ അതേസമുദായത്തിൽപെട്ട കമ്പളത്ത് എഴുതിയ 'ഏറനാട്ടിൻ ധീര മക്കൾ' ഇന്നും ശക്തമായി പ്രതിരോധിക്കുന്നുണ്ട്. മലബാർ സമരത്തിൽ സജീവ സാന്നിധ്യമായിരുന്നിട്ടും മലയാള സാഹിത്യത്തിന് കനപ്പെട്ട സംഭാവനകൾ നൽകിയിട്ടും കമ്പളത്തിന് സാംസ്കാരിക കേരളം വേണ്ട വിധം പരിഗണന നൽകിയിട്ടില്ലെന്നതാണ് വാസ്തവം. ആ നിലക്ക് കമ്പളത്തിന് നമുക്ക് നൽകാൻ സാധിക്കുന്ന മികച്ച സ്മാരകം കൂടിയാകും ഈ പുസ്തകം.

Tags:    
News Summary - the song of kambala And life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.