അശാന്തിയുടെ തീരങ്ങൾ

പേരുകളേറെയാണ് കടലിന്. സമുദ്രം, പാരാവാരം, ആഴി, സാഗരം, അബ്ധി, തോയാകരം, അർണവം, ജലധി, അംബുധി, വാരിരാശി അങ്ങനെ പോകുന്നു അത്. ഓരോന്നിനും ഓരോ അർഥങ്ങളാണ്. ചേന്ദ്രാദയത്തിൽ ജലം തിങ്ങിനിന്ന് അടയാളമുള്ളത് സമുദ്രം, അറ്റം കാണാത്തത് പാരാവാരം, ആഴമുള്ളത് ആഴി, സഗര രാജാവന്റെ മക്കൾ നിർമിച്ചത് സാഗരം, ജലം നിറഞ്ഞത് അബ്ധി അല്ലെങ്കിൽ ജലധരം. എന്നാൽ, കടക്കാൻ പാടില്ലാത്തത് കടൽ. ദ്വീപുകൾ ഉള്ളതുകൊണ്ടാണ് ആ പേര് എന്നും അഭിപ്രായമുണ്ട്. കഥ എങ്ങനെയായാലും ജലത്തെ രണ്ടു ഭാഗങ്ങളാക്കി ഒഴുക്കിക്കളയുന്നതാണ് ദ്വീപ് അഥവാ തുരുത്ത്.

എല്ലാ ദ്വീപുകൾക്കും ഒരു ഒറ്റപ്പെടലുണ്ട്. കടലിൽനിന്നും മറ്റു കരകളിൽനിന്നുമുള്ള ഒറ്റപ്പെടൽ. അതിനാൽ കരകളിലെ ജീവിതവുമായി ദ്വീപ് ജീവിതത്തെ താരതമ്യം ചെയ്യാൻ കഴിയില്ല. കാരണം കാലവും ചരിത്രവും ഒഴുക്കിക്കൊണ്ടുവന്ന പലതും ദ്വീപുകളിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ജൈവികവും അല്ലാത്തതുമായ പലതും ആ കൂട്ടത്തിലുണ്ടാവും. അവ ഉണ്ടാക്കിത്തീർക്കുന്ന ജീവിത പ്രഹേളികകൾ ദ്വീപ് ജീവിതത്തിന് പലപ്പോഴും വിചിത്രവും വിഭിന്നവുമായ സാംസ്കാരിക പരിവേഷങ്ങളായിരിക്കും നൽകുക. ജയചന്ദ്രൻ മൊകേരിയുടെ 'കടൽ നീലം' എന്ന പുസ്തകം ഒന്നിലേറെ അർഥങ്ങളിൽ മാലദ്വീപിന്റെ ഭിന്ന ഭിന്നമായ ജീവിതം പകർത്താനുള്ള ആത്്മാർഥവും സർഗാത്മകവുമായ പരിശ്രമങ്ങളുടെ പരിണതഫലമാണ്. ഒരുപക്ഷേ മാസങ്ങളോളം ജയചന്ദ്രനെ മാലദ്വീപിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൂട്ടിയിട്ടതിന്റെയും പരോക്ഷമായ കാരണം 'കടൽ നീല' മെന്ന കുറിപ്പുകളാകാം.

1965 ജൂലൈ 25 നാണ് മാലദ്വീപ് ബ്രിട്ടീഷ്കാരിൽനിന്ന് സ്വതന്ത്രമാവുന്നത്. അതും ഗാൻ, ഹിതഡ്ഡു എന്നീ പ്രദേശങ്ങളിലെ സൈനിക സംവിധാനം ആറുവർഷത്തേക്ക് ഉപയോഗിക്കാൻ പാട്ടക്കരാർ ഒപ്പിട്ടുകൊണ്ട് മാലദ്വീപ് രാഷ്ട്രീയത്തിൽ പിന്നീട് നടന്ന കുതികാൽവെട്ടുകളുടെയും രക്തച്ചൊരിച്ചിലിന്റെയും കഥ ജയചന്ദ്രൻ വിവരിക്കുന്നുണ്ട്.

ജയചന്ദ്രൻ മനസ്സുനിറയെ സ്വപ്നങ്ങളുമായാണ് മാലദ്വീപിലേക്ക് തുഴഞ്ഞെത്തുന്നത്. എന്നാൽ ജീവിതത്തിന്റെ കണക്കുകൾ എപ്പോഴും തെറ്റിപ്പോകുന്ന ചിലരുണ്ടല്ലോ. ആദ്യദിനം തന്നെ മനഃസ്വാസ്ഥ്യം തകർന്നു. ക്ലാസ് മുറികൾ ഭ്രാന്താശുപത്രിയിലെ സെല്ലുകൾ പോലെ. ബഹളം, പൊട്ടിച്ചിരി, പറന്നുവീഴുന്ന കടലാസ് റോക്കറ്റുകൾ, പൂച്ച കരച്ചിൽ. പാരലൽ കോളജിൽ നിശ്ശബ്ദമായി ക്ലാസ് കാതോർക്കുന്ന കണ്ണിൽ തിളക്കമുള്ള കുട്ടികളെ അദ്ദേഹം ഓർത്തുപോയിട്ടുണ്ടാവും ഒട്ടൊരു ആദരവോടെ. ഈ കുട്ടികളെ നിയന്ത്രിക്കുക എളുപ്പമല്ല. പുറത്താണെങ്കിൽ മയക്കുമരുന്നിനടിമപ്പെട്ട ദ്വീപുകാരുടെ ഉന്മത്ത ലോകം. സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങരുതെന്ന് അവിടെ ഹോട്ടലിൽ പണിയെടുക്കുന്ന മാരിയപ്പൻ ഓർമിപ്പിക്കുന്നുണ്ട്. ദ്വീപ് ദുഃസ്വപ്ന പീഡിതരുടെ വൈചിത്യ്രം തുളുമ്പുന്ന തുരുത്താണെന്ന് ജയചന്ദ്രന് വളരെ വേഗം മനസ്സിലാവുന്നുണ്ട്. ദ്വീപുകാരുടെ സ്വപ്നങ്ങളിൽ കടൽകടന്നുവരുന്ന പിശാചുക്കൾ ഇപ്പോഴും ഉണ്ട്. മറ്റു രാജ്യങ്ങളെ കുറിച്ചോ അവിടെയുള്ള ജീവിതത്തെക്കുറിച്ചോ അവർക്ക് വലിയ ധാരണകളില്ല! 'നിങ്ങളുടെ രാജ്യത്തിന് ഈ ദ്വീപിന്റെ വലുപ്പമുണ്ടോ' എന്ന് ഒരു കുട്ടി ചോദിക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് പത്തു മണിക്കൂർ കര വഴി തീവണ്ടിയാത്ര വേണം തന്റെ നാട്ടിലെത്താൻ എന്ന് ജയചന്ദ്രൻ പറയുമ്പോൾ അത്ഭുതം കൂറി കണ്ണുകൾ വിടർത്തുന്ന ദ്വീപുകാരനായ അധ്യാപകനെയും അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്.

മാലദ്വീപുകാരുടെ വിശിഷ്യ കുട്ടികളുടെ വിചിത്ര ലോകങ്ങൾ ജയചന്ദ്രൻ ഈ പുസ്തകത്തിലൂടെ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നുണ്ട്. അവിടത്തെ കുട്ടികൾ നേരിടുന്ന പീഡനങ്ങൾ ഉദാഹരണങ്ങളിലൂടെ വിവരിക്കുന്നുണ്ട്. ഇടയ്ക്ക് മഹാസഞ്ചാരി എസ്.കെ. പൊറ്റെക്കാട്ടിനെപ്പോലെ നേരനുഭവങ്ങൾ സ്വന്തം നാടുമായി ജയചന്ദ്രൻ താരതമ്യം ചെയ്തുനോക്കുന്നത് കാണാം. ദ്വീപിലെ വൃത്തിയും വെടിപ്പും അദ്ദേഹത്തെ അദ്ഭുതപ്പെടുത്തുന്നുണ്ട്. ദ്വീപിലെ ലൈംഗിക അരാജകത്വത്തിന്റെ ധാരാളം കഥകൾ ജയചന്ദ്രന്റെ വിവരണങ്ങളിൽ നിറയുന്നുണ്ട്. ദ്വീപിൽ കുട്ടികളെ ശാരീരികമായി ശിക്ഷിക്കാനോ ശബ്ദമുയർത്തി ശകാരിക്കാനോ അധ്യാപകനോ രക്ഷിതാവിനോ അവകാശമില്ല. ഈ സ്വാതന്ത്ര്യം സമൃദ്ധമായി ഉപയോഗിച്ച് ദ്വീപിലെ കുട്ടികൾ അരാജകത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ചിറകിലേറി പറക്കുന്നു. എളുപ്പം കുഞ്ഞുമനസ്സുകളിലും 'നീല' നിറയുന്നു.

ചുരുങ്ങിയ കാലം കൊണ്ടാണ് മാലദ്വീപുകൾ ആകെ മാറിപ്പോയത് എന്ന് ജയചന്ദ്രൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരുവശത്ത് അഴിമതിക്കാരായ ഭരണാധികാരികൾ, മറുവശത്ത് മതതീവ്രവാദികൾ. രണ്ടുവിഭാഗവും അവർക്കുനേരെ ഉയരുന്ന വിരലുകൾ കരിച്ചുകളയുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചെഴുതിയ നിരവധി ബ്ലോഗ് എഴുത്തുകാർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ ജയിലുകളിലടയ്ക്കപ്പെട്ടു. പ്രതികരിക്കേണ്ട യുവജനങ്ങൾ ലഹരികളിൽ മുങ്ങിത്താഴുന്നു. അതും ഭരണകൂടത്തിന്റെ തന്ത്രമാകാം. ദ്വീപിൽ ഒട്ടേറെ പാട്ടുകാരും ചിത്രകാരന്മാരും ഉണ്ടായിരുന്നു. സർഗവിസ്മയങ്ങൾ വിടർത്തിയ അവരെല്ലാം ക്രമേണ നിശ്ശബ്ദമായി. അലി റമീഷ്, ഇബ്ബെ, അബ്ദുൽഗാനി എന്നിവരുടെ പാട്ടുകൾ ദ്വീപുകാർ സ്വയംമറന്നു നിന്നുകേട്ട ഒരു കാലമുണ്ടായിരുന്നു. അലി പ്രണയത്തെ കുറിച്ചും നഷ്ടസ്വപ്നങ്ങളെ കുറിച്ചും നിരന്തരം പാടിയിരുന്ന ഗായകനാണ്. അദ്ദേഹത്തിന്റെ നിലയ്ക്കാത്ത സംഗീതയാത്രകൾ ദ്വീപുകളിൽ നിന്ന് ദ്വീപുകളിലേക്ക് നീണ്ടു. ആ മാസ്മരിക സ്വരലാവണ്യങ്ങളിൽ ദ്വീപുകാർ നൃത്തമാടി.

എന്നാൽ, അലിക്ക് തന്റെ ജീവന് തുല്യമായ പാട്ട് നിർത്തേണ്ടിവന്നു. അലി പാട്ടുപാടുന്നത് എന്നത്തേക്കുമായി നിർത്തി! പാട്ടുപാടുന്നത് അനിസ്‍ലാമികമായതിനാൽ അലി പാട്ടു നിർത്തി' എന്നു മാത്രമാണ് ദ്വീപുകാരൻ പറഞ്ഞത്. ഏതായാലും കടുത്ത ബാഹ്യ സമ്മർദങ്ങൾ അലിക്ക് ഉണ്ടായിരുന്നിരിക്കണം. ആളും ആരവങ്ങളും കടൽപോലെ ഇരമ്പിയ ഒരു ജീവിതത്തിൽനിന്ന് അലി നിശ്ശബ്ദമാക്കപ്പെട്ടത് ജയചന്ദ്രൻ വിഷാദാർദ്രമായി അവതരിപ്പിക്കുന്നു.''അയാൾ ശാന്തനായി ഞങ്ങൾക്കരികിലൂടെ നടന്നുപോയി. പഴയ കാല്പനിക ഭാവം തരിമ്പുമില്ല. കാലം പൊള്ളിച്ച നോവുകൾ നിഷ്കളങ്ക നോട്ടത്തിലൂടെ ഞങ്ങൾക്ക് സമ്മാനിക്കാനും അയാൾ മറന്നില്ല.... നടന്നു നടന്ന് അയാൾ തീരങ്ങളിലെ മരങ്ങൾക്കിടയിലെവിടെയോ അപ്രത്യക്ഷനായി. അനന്ത സമുദ്രങ്ങൾക്കപ്പുറം കടൽപ്പക്ഷിയായി അയാൾ പറന്നകന്നെന്നു തോന്നി''... ഇത്തരം ഭാവസാന്ദ്രമായ അവതരണങ്ങൾ കടൽ നീലത്തിന് അഭൗമമായ ഇന്ദ്രനീല കാന്തി നൽകുന്നു. അത് വായനക്കാരിൽ പലവിധ വിചാരധാരകൾ പെയ്യിക്കുകയും ചെയ്യുന്നു. മാലെയിലെ സ്ത്രീ ജീവിതങ്ങളുടെ അനുഭവ സാക്ഷ്യങ്ങളും ജയചന്ദ്രൻ വിവരിക്കുന്നുണ്ട്. കടലിെന്റ കണ്ണീരുപ്പു കലർന്ന കഥകളേറെയുണ്ട് ജയചന്ദ്രന്റെ 'കടൽ നീല'ത്തിൽ. വ്യാകുലപ്പെടുന്ന ഒരു ഹൃദയത്തിന്റെ നിശ്ശബ്ദമായ തേങ്ങലുകൾ അടയിരിപ്പുണ്ട് ആ വിവരണങ്ങളിൽ. ഇത് കേവലമായ ഒരു യാത്രാവിവരണമല്ല മറിച്ച് അനുഭവങ്ങളുടെ തീച്ചൂളയിൽനിന്ന് പകർന്നെടുത്ത അഗ്നി നാളങ്ങൾ തന്നെയാണ്. അതിെന്റ ചൂടും ചൂരും വായനക്കാരെ പിടിച്ചുലയ്ക്കുക തന്നെ ചെയ്യും.

Tags:    
News Summary - review of jayachandran mokeries book kadalneelam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.