വിപരീതങ്ങളാൽ ഉള്ളുപൊള്ളിക്കുന്ന കവിതകൾ

രാമചന്ദ്രൻ കെ.പിയുടെ രണ്ടാമത് കാവ്യസമാഹാരമാണ് നവകേരളം ബുക്സ് പ്രസിദ്ധീകരിച്ച ‘വിപരീതങ്ങളുടെ സദൃശമുഖങ്ങൾ’. വ്യത്യസ്ത പ്രമേയങ്ങളെ സുന്ദരമായ ആഖ്യാനതലങ്ങളിലൂടെ അവതരിപ്പിക്കുന്നു, അങ്ങനെ വിഭിന്നങ്ങളായ സംഘർഷങ്ങളുടെ ഭൂമികയായി ആധുനിക കവിത മാറുന്നു. ദാർശനികമായ വ്യഥകളേക്കാൾ സാമൂഹിക വും വൈയക്തികവുമായ സംഘർഷങ്ങളിലേക്കും അനുഭവങ്ങളിലേക്കും ഇതിലെ കവിതകൾ ആഴ്ന്നിറങ്ങുന്നു. നിരവധി വൈവിധ്യങ്ങളിലും അന്തഃസംഘർഷങ്ങളിലും പടർന്നും പരന്നും കൊണ്ടിരിക്കെ കാവ്യ ഹേതുക്കൾ വിപരീതങ്ങളുടെ ചേരുവകൾകൊണ്ട് സമ്പുഷ്ടമാവുകയാണ്. സമൃദ്ധമായ 50 കവിതകൾ കൊണ്ട് ശ്രദ്ധേയമാണ് ഈ കാവ്യസമാഹാരം.

വിപരീതങ്ങളുടെ സദൃശമുഖങ്ങളിൽ അനാകർഷകമായ സാദൃശ്യങ്ങളും കവി കണ്ടെത്തുന്നുണ്ട്.

‘പിറന്ന് വീഴുമ്പോഴും

പറന്ന് പോകുമ്പോഴും

ജീവന്റെ കാളൽ

അലർച്ചയായിരുന്നു’

-എന്ന് പറയുന്ന കവി

‘ആദിയുമന്തവുമില്ലാത്ത

ജീവിതക്കടലിൽ

ഉയർന്നു താഴുന്നതൊക്കെയും

വിപരീതങ്ങുടെ

സദൃശമുഖങ്ങൾ മാത്രം’

എന്ന് പറയുകയാണ്.

കാവ്യ ഹേതുക്കളുടെ വിപരീതങ്ങളുടെ ചേരുവകൾ ധാരാളം ഇതിൽ കണ്ടെത്താം. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ സംഘർഷത്തെ താൻ അനുഭവിച്ച അതേ അളവിൽ അടയാളപ്പെടുത്തുക അസാധ്യമാണ്. അങ്ങനെ കവിക്ക് തന്റെ വാക്കുകൾ അപര്യാപ്തമാവുകയും ഭാഷ അപൂർണമാവുകയും ചെയ്യുന്ന അവസ്ഥ ഈ സമാഹാരത്തിലെ പല കവിതകളിലുംകാണാം. ആരവങ്ങൾ ഒടുങ്ങിയ ശൂന്യമായ അടുക്കള ഒരു ‘ഷോക്കേസ്’ പോലെ അതിഥികളെ കാത്തിരിക്കുന്നു എന്ന് പറയുന്ന കവി, ലോകം ആഗോള ഗ്രാമമായി ചുരുങ്ങിയപ്പോൾ നമ്മുടെ അകത്തളങ്ങളിലെ നിശ്ചല ദൃശ്യങ്ങളായ് മാറിത്തുടങ്ങിയ കാഴ്ചകൾ ‘അടുക്കള’ എന്ന കവിതയിൽ ആവിഷ്കരിക്കുന്നു.

പച്ചമാംസങ്ങൾ കരിഞ്ഞ് മണക്കുകയും വെന്ത കാഴ്ചകൾ മനസ്സ് നോവിക്കുകയും ചെയ്യുമ്പോൾ കവി നിരവധി ചോദ്യങ്ങളെറിയുന്നുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പലവട്ടം തലകുത്തി മറിഞ്ഞിട്ടും ഒന്നും തിരിയാത്തവന്റെ കണക്കുപുസ്തകമായി ജീവിതം പച്ചയായിത്തന്നെ കവിതകളിലൂടെ ഉള്ളുലക്കുകയാണ്. ഈ ലോകത്തിനപ്പുറത്ത് അലഞ്ഞ് നടന്ന് സത്യം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു പഥികന്റെ കാഴ്ചപ്പാടുകളാണ് മനസ്സിൽ തട്ടുന്ന വിധം വിപരീതങ്ങൾകൊണ്ട് ഈ സമാഹാരത്തിൽ അടയാളപ്പെടുത്തുന്നത്.

Tags:    
News Summary - Ramachandran KP's second collection of poetry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.