വിധിയെപ്പറ്റി വായിച്ച് ഏക്കാലവും ഞെട്ടിത്തരിച്ചിരുന്നത് ഈഡിപ്പസിലാണ്. അച്ഛനെ കൊന്ന് അമ്മയെ വിവാഹം കഴിക്കേണ്ടി വരുന്നവൻ. സത്യമൊടുവിൽ തിരിച്ചറിയുന്ന ഈഡിപ്പസ് കണ്ണുകൾ കുത്തിപ്പൊട്ടിച്ച് വിലപിക്കുന്ന രംഗം സോഫോക്ലിസ് ഹൃദയഭേദകമായി എഴുതി വെച്ചിട്ടുണ്ട്. ഭാഗ്യനിർഭാഗ്യങ്ങൾ മാറി മറിഞ്ഞ കർണനെ പോലുള്ള കഥാപാത്രങ്ങൾ നമുക്ക് പരിചിതമാണ്. മിത്തിനെപ്പറ്റി സംസാരിക്കുമ്പോൾ ഇത് സർവസാധാരണമായ ഒന്നാണ്.

പക്ഷേ, ചരിത്രം ? നേരിട്ട് ഫിക്ഷൻ എഴുതുന്നവർ അനുഭവിക്കാത്ത വെല്ലുവിളികൾ ചരിത്രാഖ്യായികകളിൽ കടന്നു വരാറുണ്ട്. ഒന്ന്, എത്രത്തോളം ചരിത്രം അതിൽ വന്നു പോയാലും അതിന് ഫിക്ഷന്‍റെ സ്വഭാവം കാണിച്ചേ പറ്റൂ. അല്ലെങ്കിൽ വായനാ ക്ഷമതയ്ക്ക് കോട്ടം തട്ടും. അതേ സമയം, ഉള്ള ചരിത്രത്തെ പൂർണമായും ഫിക്ഷനിലേക്ക് മാറ്റാൻ പറ്റില്ല. ഈ വെല്ലുവിളികൾ വാൾട്ടർ സ്കോട്ട് മുതലിങ്ങോട്ട് എല്ലാവരും അനുഭവിച്ചിട്ടുണ്ടാകും. 



കാർത്തിക് നാരായണൻ വിവർത്തനം ചെയ്ത പൊന്നിയിൻ സെൽവൻ വായിച്ച് തുടങ്ങുമ്പോൾ മാർത്താണ്ഡവർമ്മ ഓർമ വന്നു. ഒരു പക്ഷേ, രാജഭരണം നിലനിൽക്കുന്ന കാലത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന എല്ലാ കഥകളെയും ഒരേ ചരടിൽ കോർക്കുന്ന ഒരു ഘടകം ഉപജാപമാണ് ( Intrigue ).

ഏട്ടു വീട്ടിൽ പിള്ളമാരും സുഭദ്രയും അനന്തപത്മനാഭനുമെല്ലാം നമുക്ക് സുപരിചിതരാവുന്നതിനും കഥ മുന്നോട്ട് കൊണ്ട് പോവുന്നതിനും കാരണം ഈ ഉപജാപമാണ്. അധികാരം മനുഷ്യനെ ഭ്രമിപ്പിച്ചത് പോലെ മറ്റൊന്നിനും സാധിച്ചു കാണാൻ വഴിയില്ല.

ഇന്ത്യൻ പുരാണങ്ങൾ നോക്കൂ. മഹാഭാരതത്തിൽ കുരുക്ഷേത്രയുദ്ധമുണ്ടാവുന്നത് അതിന് വേണ്ടിയാണ്. രാമായണത്തിൽ യുദ്ധത്തിന്‍റെ കാരണമേ മാറുന്നുള്ളു, അധികാരത്തിന്‍റെ മത്ത് ഒട്ടു മിക്കവരെയും മോഹിപ്പിക്കുന്ന ഒന്നാണ്.

പൊന്നിയിൻ സെൽവൻ പോലെയൊരു നോവൽ തമിഴിൽ വേറെ വന്നിട്ടില്ല. അഞ്ച് വലിയ പുസ്തകങ്ങളായി ദീർഘമായി വഴിഞ്ഞൊഴുകുന്ന നോവലിൽ കൽക്കി കൃഷ്ണമൂർത്തി എന്ന ക്രാഫ്റ്റ്സ്മാന്‍റെ സൂക്ഷ്മത കാണാം - ഒരു പക്ഷേ, അവസാന നോവലിലൊഴികെ. 

കൽക്കി കൃഷ്ണമൂർത്തി


ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജവംശങ്ങളിൽ ഒന്നാണ് എന്ന് ചോള / ചോഴ രാജവംശത്തെ ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. BC 300 മുതൽ AD 1279 വരെ ഭരണം കൈയ്യാളിയ തമിഴ് രാജവംശം.

മധ്യകാലഘട്ടത്തിലെ ചോഴ ആധിപത്യം തുടങ്ങുന്നത് വിജയാലയ ചോഴനോട് കൂടിയാണ് (9th century onwards). പിന്നീട് ആദിത്യൻ / ആദിതൻ എന്നിവരിലൂടെ പരാന്തകനിലേക്കെത്തി സുന്ദര ചോഴനിലൂടെ മകൻ അരുൾ മൊഴിവർമനിലക്ക് എത്തുന്ന പരമാധികാരം, അതോടെയാണ് ദക്ഷിണേന്ത്യ കടന്ന് മറ്റ് നാടുകളിലേക്ക് വ്യാപിക്കുന്നത്.


ഒരു കാലത്ത് ഇന്തോനേഷ്യ, മലയ, ശ്രീലങ്കൻ രാജവംശങ്ങൾ ചോളസാമ്രാജ്യത്തിന്‍റെ കീഴിലായിരുന്നു. തമിഴ്നാട്ടിലെ മൂന്ന് പ്രമുഖ രാജവംശങ്ങളിൽ ഒന്നായ ചോളവംശം പിന്നിലേക്ക് പോവുന്നത് പാണ്‌ഡ്യരാജവംശത്തിന്‍റെ ഉയർച്ചയോടെയാണ് (മറ്റൊന്ന് ചേരവംശമാണ്). ഇത്രയും ചരിത്രം.

കൽക്കി എന്താണ് ചെയ്യുന്നത്? പിൽക്കാലത്ത് രാജരാജചോഴൻ ഒന്നാമൻ എന്നറിയപ്പെട്ട ചോഴ സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയെ മിത്തിന്‍റെ ഭാരമില്ലാതെ വായനക്കാർക്ക് മുന്നിൽ കൊണ്ടുവന്നിരുത്തുന്നു. 



പൊന്നിയുടെ, അഥവാ കാവേരിയുടെ പ്രിയപ്പെട്ടവനായി വളരുന്ന അരുൾമൊഴി നോവലിന്‍റെ തുടക്കത്തിൽ രാജഭരണത്തിൽ താൽപര്യമില്ലാത്ത ഒരാളാണ്. അത്തരത്തിൽ ഒരു രാജകുമാരൻ എങ്ങനെ നാടു ഭരിക്കുന്ന ആളിലേക്ക് മാനസികമായ പരകായപ്രവേശം നടത്തുന്നു എന്നതാണ് നോവൽ പറഞ്ഞു പോവുന്നത്.


ഗെയിം ഓഫ് ത്രോൺസ് വായിച്ചവർക്കും സീരീസ് കണ്ടവർക്കും അത്തരമൊരു കഥയെ എങ്ങനെ എഴുത്തുകാരൻ പോളിഷ് ചെയ്യുന്നു എന്ന് മനസിലാവും. സീരീസ് മാത്രം കണ്ടാൽ ബുദ്ധിമുട്ടാണ് എന്നതിന് അവസാന എപ്പിസോഡുകളിലെ തിരക്ക് തന്നെ സാക്ഷ്യമാണ്. എഴുത്തിൽ കുറേക്കൂടി നന്നായി ചെയ്യാവുന്ന ആ പോളിഷിങ്ങ് പ്രക്രിയ, മാർട്ടിന്‍റെ അത്രയും കൈയടക്കത്തിൽ അല്ലെങ്കിലും കൽക്കി ചെയ്തു വെക്കുന്നുണ്ട്.

വണ്ടിയ തേവൻ വല്ലവരായൻ എന്ന ദൂതനിലൂടെയാണ് കഥ തുടങ്ങുന്നത്. കഥ നടക്കുന്നത് പലയിടങ്ങളിലാണ് എന്നത് വൃത്തിയായി പറഞ്ഞിട്ടുണ്ട്. തഞ്ചാവൂരും പഴയറൈയും ഈഴവും (ഇപ്പോഴത്തെ ശ്രീലങ്ക) നാഗപട്ടണവുമാക്കെ കഥയെ ചലിപ്പിക്കുന്നു. വണ്ടിയതേവൻ തഞ്ചാവൂരുള്ള ചക്രവർത്തി സുന്ദര ചോഴനെയും മകൾ കുന്ദവൈയെയും കണ്ട് സന്ദേശം കൊടുക്കാനാണ് സുന്ദര ചോഴന്‍റെ മൂത്ത മകനായ ആദിത കരികാലന്‍റെയടുത്ത് നിന്നും എത്തുന്നത്. 



യാത്രയുടെ തുടക്കത്തിൽ കണ്ടുമുട്ടുന്ന പഴുവെട്ടരായരുടെ ഭാര്യ നന്ദിനി വണ്ടിയ തേവനെ ആകർഷിക്കുന്നു. (പെരിയ / ചിന്ന പഴുവെട്ടരായർമാർ ധനാധികാരിയും സേനാധിപതിയുമൊക്കെ ആയിരുന്നു). രഹസ്യങ്ങളുടെ കലവറയായ നന്ദിനിയാണ് കഥയിലെ ഉപജാപത്തെ മുന്നോട്ട് നയിക്കുന്നത്. നന്ദിനി യഥാർത്ഥത്തിൽ ആരാണെന്നത് കണ്ടുപിടിക്കുന്നത് അവസാന നോവലിൽ മാത്രമാണ്.

വണ്ടിയതേവൻ ഇതിനിടയിൽ ചാരനാണെന്ന് സംശയിക്കപ്പെടുന്നു. അവിടെ നിന്നും രക്ഷപ്പെടുന്നു. കുന്ദവൈയുടെ വിശ്വാസമാർജിച്ച അയാൾ സുന്ദര ചോഴന്‍റെ മറ്റൊരു മകനായ അരുൾ മൊഴിക്ക് മറ്റൊരു ദൂത് നൽകാൻ ഈഴത്തേക്ക് പോകുന്നു. കഥയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം എന്ന് വിളിക്കാവുന്ന പൂങ്കുഴലി, ഒരു പക്ഷേ മാർത്താണ്ഡവർമ്മയിലെ സുഭദ്രയ്ക്ക് തുല്യമായ ഒരാൾ ഇവിടെ രംഗപ്രവേശം ചെയ്യുന്നു.

പൂങ്കുഴലിയോടൊപ്പമാണ് വണ്ടിയത്തേവൻ ഈഴത്തേക്ക് പോകുന്നത്. അരുൾ മൊഴിയെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങളും പിന്നീട് രാജാധികാരമാർക്ക് കൊടുക്കണമെന്ന ബഹളങ്ങളൊക്കെയാണ് നോവൽ സംസാരിക്കുന്നത്. അത്തരമൊരു കഥയിൽ ഒഴിവാക്കാനാവാത്ത ജാരസന്തതികളുണ്ട്. Midnight's Children എന്ന നോവലിൽ ശിവയും സലീം അഹമദ് സിനായിയും മാറിപ്പോകുന്നത് (മന:പ്പൂർവം മാറ്റുന്നതാണ്) പോലെ ഇവിടെയും സംഭവിക്കുന്നുണ്ട്. പുതിയ അവകാശികൾ വരുന്നു. കുടിലിൽ നിന്ന് കൊട്ടാരത്തിലേക്കും കൊട്ടാരത്തിൽ നിന്ന് കുടിലിലേക്കും നൊടിയിട കൊണ്ട് ആളുകൾ വേഷപ്പകർച്ച നടത്തുന്നു. അനിവാര്യമായ ചതികളുടെയൊടുക്കം അവകാശികളിൽ ഒരാൾ കൊല്ലപ്പെടുന്നു. പാണ്ഡ്യ ഗൂഢാലോചനകളും നന്ദിനിയുടെ ചരിത്രവും മറ്റ് പല വഴി പിരിഞ്ഞ കഥകളും കൊണ്ട് സമ്പന്നമാണ് ഈ നോവൽ. 



എഴുപത് വർഷങ്ങൾക്ക് മുൻപ് രചിക്കപ്പെട്ട ഒരു ചരിത്രനോവലിനെ 2020 ൽ വായിക്കുമ്പോൾ പ്രശ്നങ്ങളൊരുപാട് കണ്ടേക്കാം. അവസാന പുസ്തകത്തിൽ തിരക്കിട്ടു എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. പക്ഷേ, ഒരു പുസ്തകം കൂടി എഴുതി ദീർഘിപ്പിക്കാൻ പറ്റുന്ന കഥകൾ അതിൽ ബാക്കിയുണ്ട് എന്നതാണ് സത്യം. കാർത്തിക് നാരായണന്‍റെ വിവർത്തനം നല്ല വായനാനുഭവം തരുന്നുണ്ട്. നിലവിൽ മണിരത്നം സിനിമയാക്കാൻ ഉദ്ദേശിച്ചിരിക്കുന്ന നോവൽ നന്നായി തിരക്കഥ ചെയ്താൽ ഒരു വെബ് സീരീസിലേക്ക് മാറ്റാൻ കെൽപ്പുള്ളതാണ്.

Tags:    
News Summary - ponniyin selvan book review by likesh mv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.