വഴികളുടെ സുഗന്ധ യാത്രകൾ

അനേകം യാത്രകളിൽനിന്നാണ് ഓരോ വഴികളും രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഓരോ വഴിക്കും പറയാൻ ധാരാളം കഥകളുണ്ടാകും. ചരിത്രങ്ങളിൽ ഇടംപിടിക്കാതെ ചിത്രങ്ങളിൽ ഇടം പിടിച്ച ചില കാടുപിടിച്ച വഴികളിൽ കാലം സ്തംഭിച്ച് നിൽക്കുന്നതുകാണാം. ഇത്തരത്തിലുള്ള നിരവധി വഴികളുടെ വർണക്കാഴ്ചകളാണ് പിരിശത്തിന്റെ സുഗന്ധക്കാറ്റ് എന്ന പുസ്തകത്തിലൂടെ സീനത്ത് മാറഞ്ചേരി പറഞ്ഞുതരുന്നത്.

കശ്മീരിന്റെ മഞ്ഞുസൗന്ദര്യം ആഗസ്റ്റ് മാസത്തിൽ ഹരിതകാന്തിയണിയുന്നതും മുഗൾ കലകളുടെ സൗന്ദര്യം ദാൽ തടാകത്തിൽ മുങ്ങിക്കുളിക്കുന്നതും വരികളിൽ തെളിയുന്നു.കശ്മീരി സംസ്കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായ ചിനാർ മരങ്ങളിലിരുന്ന് ‘ചരിത്രവാക’ പക്ഷികൾ പാടുന്നതും പട്ടാള വണ്ടികളുടെ ഇരമ്പലിൽ ആ പാട്ടുകൾ തേങ്ങിത്തേങ്ങി ഇല്ലാതാകുന്നതും ഇന്നത്തെ കശ്മീർ ജീവിതത്തിന്റെ നേർകാഴ്ചയാണ്.

കശ്മീർ ജീവിതത്തിന്റെ ഇടവഴികളിലേക്കും ഇടത്താവളങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവയെ വാക്കുകൾ കൊണ്ട് വരച്ചുവെക്കുകയാണ് ദൈർഘ്യം കുറഞ്ഞ അധ്യായങ്ങളിൽ സുധീർഘമായ ചിട്ടയിൽ.ഓരോ അധ്യായത്തിന്റെയും ശീർഷകങ്ങൾ വായനക്കാരനെ പിടിച്ചുനിർത്തുകയും താഴ്വാരങ്ങളുടെ കുങ്കുമ സൗന്ദര്യത്തിലേക്ക് ആനയിക്കുകയും ചെയ്യുന്നു.

മുഗൾ രാജകുമാരൻ ദാര ഷിക്കോവിന്റെ കൈയൊപ്പു പതിഞ്ഞ മുഗൾ ഗാർഡൻസും കശ്മീരിന്റെ കീരിടം എന്നറിയപ്പെടുന്ന ഷാലിമാർ ബാഗിന്റെ സൗന്ദര്യവും മനോഹരമായി വർണിച്ചിരിക്കുന്നു. മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബൈസറൻ വാലിയുടെ ചിത്രം വരക്കുന്നു. അതിതീവ്രമായ നിർവൃതി ഭൂമികയാണ് ഈ താഴ്വര എന്നാണ് ഗ്രന്ഥകാരി വിശേഷിപ്പിച്ചത്.

അതിവിശാലമായ ആ പച്ചപ്പുൽ താഴ്വരയിലെ ദേവതാരുക്കൾ ദേവതമാരായിത്തന്നെ വിലസി നിൽക്കുന്നുണ്ടായിരുന്നു എന്ന മികവുള്ള ഭാവന. മുഗൾ ചക്രവർത്തി ഷാജഹാൻ പുത്രനായ ദാര ഷിക്കോവിനുവേണ്ടി നിർമിച്ച പൂന്തോട്ടം.മുഗൾ സാമ്രാജ്യത്തിന്റെ സൗന്ദര്യം മുഴുവൻ സന്നിവേശിക്കപ്പെട്ട സുന്ദര ശിൽപം.

ശ്രീനഗറിൽ നിന്നും ഗുൽമാർഗിലേക്കുള്ള യാത്രയിൽ കണ്ട കാഴ്ച ഗ്രന്ഥകാരിയെ ഓർമിപ്പിച്ചത് വിശ്വകവി, വില്യം വേർഡ്സ് വർത്ത് ഡാഫോഡിൽസിനെക്കുറിച്ച് എഴുതിയ വരികളാണത്രെ. ശ്രീനഗറിൽനിന്ന് സോനാ മാർഗിലേക്ക് റോഡുമാർഗം യാത്ര ചെയ്യുമ്പോഴുള്ള ദൃശ്യങ്ങൾ അതിസുന്ദരമായി വർണിക്കപ്പെട്ടിരിക്കുന്നു. ഇവിടെ പിറന്നു വീഴുന്നവരുടെ ഹൃദയങ്ങൾ ഈ മലനിരകളിലെ പച്ച വിരിപ്പിലൂടെ ഒലിച്ചിറങ്ങുന്ന നീർച്ചാലുകളാലും, മിഴിക്കോണുകൾ ഹരിതാഭമായ ബിംബങ്ങൾ നിറഞ്ഞ കൈയടക്കമുള്ള കവിതകളാലും മന്ദസ്മിതം തൂകുന്നുണ്ടാകാമെന്ന് അവർ എഴുതുമ്പോൾ അവരിലെ കവിയും കവിയുടെ മനോഹരമായ ഭാവനയും ഉണരുന്നു.

വറ്റാത്ത ചരിത്രങ്ങളുടെ ചിത്രശാലയാണ് കശ്മീരെന്നും അവക്കിടയിലെ അശാന്തിയുടെ വെടിയൊച്ചകളും പ്രാണന്റെ നിലവിളിയും എന്നാണ് ഇല്ലാതാവുക എന്ന വേദന വായനക്കാരന്റെ മുഖത്തേക്ക് നോക്കുന്നു.കശ്മീരിൽ നിന്ന്, ബദുവിയൻ സംസ്കാരത്തിലൂടെ വളർന്ന് ബുർജ് ഖലീഫയോളം എത്തിയ ഐക്യ അറബ് നാടുകളുടെ (യു.എ.ഇ) തിരക്കും പ്രാദേശിക കൂട്ടായ്മകളുടെ തണ്ണീർ പന്തലുകളും കടന്ന്, പേക്കുമാട്ടികളും ഒട്ടകങ്ങളും കഥപറയുന്ന മരുഭൂമിയിലേക്കുള്ള വഴികൾ തെളിയുന്നു.

കടലും മരുഭൂമിയും മലകളിലേക്ക് ഓടിക്കയറുന്ന ഖോർഫക്കാനിലെ പത്തേമാരിക്കഥകൾ കഞ്ഞിമൊല്ലയുടെ കാലിക്കറ്റ് ഹോട്ടൽ പറയുമ്പോൾ കടലിൽ പിടഞ്ഞുതീർന്ന മലയാള മക്കളുടെ ജീവിതം തിരശിഖരങ്ങളിൽ മിന്നിത്തെളിയുന്നതുകാണാം. മരുഭൂമിയുടെ വളർച്ചകളും കുതിപ്പുകളും കലകളും കെട്ടിടങ്ങളും എല്ലാം ചേർന്ന് ഒരുക്കുന്ന അതിഥി സൽക്കാരം വിസ്മയിപ്പിക്കുന്നു.

പുറത്തുകയറാൻ മുട്ടുകുത്തി ഒരു അരയന്നത്തിന്റെ ഇണക്കത്തോടെയാണത്രെ ഒട്ടകം ഗ്രന്ഥകാരിയോട് സഹകരിച്ചത് എന്നത് മാത്രമല്ല, ഒട്ടകത്തിന്റെ മുഖത്തേക്ക് നമ്മൾ സൂക്ഷിച്ചുനോക്കിയാൽ അതിന്റെ ഹൃദയലാവണ്യം തിരിച്ചറിയാനാകുമെന്നും പറയുന്നു. വിശാലമായ കാഴ്ചപ്പാടാണ് ആ മനസ്സിന്.

യു.എ.ഇ തലസ്ഥാനമായ അബൂദബിയിൽ സ്ഥിതി ചെയ്യുന്ന ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനെക്കുറിച്ചുള്ള ഗംഭീര വർണന. അർപ്പണബോധത്തോടെയുള്ള പഠനമാണ് അവർ നടത്തിയിരിക്കുന്നത്. യാത്ര ഗവേഷണത്തിന് ഉപയോഗിക്കാമെന്ന് അവർ കാണിച്ചുതരുന്നു. കുതിരകളുടെ കുതിച്ചുചാട്ടം വിജയത്തിന്റെയും കീഴടക്കലിന്റെയും പ്രതീകമായി കാണുന്നു. ദുബൈ ഗ്ലോബൽ വില്ലേജിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ. ലോകത്തിലെ മിക്ക രാജ്യങ്ങളിൽ നിന്നും വരുന്ന പുസ്തകങ്ങളുടെ വലിയൊരു പുസ്തക പ്രപഞ്ചം ഒരുക്കുന്ന ഷാർജ പുസ്തകോത്സവത്തിൽ ​െവച്ചു നടന്ന സീനത്തിന്റെ വെറ്റിലപ്പച്ച എന്ന പുസ്തകത്തിന്റെ പ്രകാശനം അതീവ ഹൃദ്യമായി അവതരിപ്പിച്ചു.

പ്രവാസത്തിൽനിന്നുള്ള യാത്ര കാലാപാനിയിലേക്ക് കടക്കുന്നതോടെ സ്വാതന്ത്ര്യ സമരങ്ങളുടെ ഇതിഹാസങ്ങൾ കോട്ടവാതിലുകൾ തുറക്കുന്നു. എഴുത്തുകാരിയുടെ നാട്ടിൽനിന്ന് അന്തമാനിലെ ഇരുളറയിലേക്കെത്തിയ ഒസാൻ അയമുവിനെപ്പോലെയുള്ള നിരവധി പേരുടെ ചിത്രങ്ങൾ കാലാപാനിയിൽ തെളിഞ്ഞു കത്തുന്നതുകാണാം.

ബ്രിട്ടീഷ് സാമ്രാജ്യത്വം നാടുകടത്തിയവർ ആയിരുന്നു അന്തമാനിൽ. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും അവിടെ താമസമാക്കിയവർ. പിൽക്കാലത്ത് തങ്ങൾ താമസിക്കുന്ന സ്ഥലത്തിന് മലബാറിലെ സ്ഥലങ്ങളുടെ പേരുകൾ നൽകി അവർ. എത്ര സൂക്ഷ്മതയോടെയാണ് ഗ്രന്ഥകാരി ഇതെല്ലാം കുറിക്കുന്നത്.

ബറാ ടൊംഗ് ഐലൻഡിലെ ആദിമവാസികളായ ജെറവകളെ കണ്ട ശേഷം കാട്ടിലൂടെയുള്ള യാത്ര ഹൃദ്യമായി എഴുതിയിരിക്കുന്നു. തദ്ദേശീയരായ അന്തമാൻ നിവാസികൾ, നിഗ്രെറ്റോയുടെ പിൻഗാമികളത്രെ. കാടുകളിൽ ഉൾവലിഞ്ഞുള്ള ജീവിതമാണ് അവർക്കുള്ളത്. സ്വന്തം ജീവിതരീതി കൈവിടാൻ തയാറല്ലാത്തവർ. കാട്ടിലെ സ്വതന്ത്ര ജീവിതം ഇഷ്ടപ്പെടുന്നവർ.

അന്തമാനിലെ ഓരോ ഇടത്തിനും പറയാൻ അനേകം കഥകളുണ്ട്. നിത്യമായ ആനന്ദത്തേക്കാൾ എത്ര മനോഹരമാണ് അപൂർവമായി ലഭിക്കുന്ന ആനന്ദം. നിത്യമായ ചിത്രമാവുന്നതിനേക്കാൾ നിത്യ ഗാനമാവുന്നതിനേക്കാൾ സുന്ദരം, ഈ യാത്രാവിവരണം വായിക്കുന്ന നിമിഷങ്ങളാണ്.

ആത്മാവിന്റെ ആഴങ്ങളിൽനിന്ന് നിർവിഘ്നം പ്രവഹിച്ച ജലധാരയാണ് സീനത്തിന്റെ അക്ഷരങ്ങൾ. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂര ബുക്സാണ് പ്രസാധകർ. അജിത് കൊളാടിയുടെ അവതാരിക പുസ്തകത്തിന് ചരിത്രത്തിന്റെ വർണങ്ങൾ ചാർത്തുന്നുണ്ട്.

പിരിശത്തിന്റെ സുഗന്ധക്കാറ്റ്

യാത്രാവിവരണം

സീനത്ത് മാറഞ്ചേരി

കൂര ബുക്സ് 

Tags:    
News Summary - Fragrance Journeys of the Ways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.