ചിത്രങ്ങൾ: അനീഷ് ​ഫോക്കസ്

അണിയറയിലെ കനൽ ചുവപ്പ്

മുച്ചിലോട്ടമ്മയുടെ തിരുമുടിയേന്താനുള്ള നിയോഗം രവി മണക്കാടനിലേക്ക് വന്നുചേർന്നു. ചിറക്കൽ കൊട്ടാരത്തിൽനിന്ന് ആചാരപ്പെട്ട് വാങ്ങിയ കച്ചും ചുരികയുമണിഞ്ഞ് രവി ദേവതാമൂർത്തികളുടെ മുഖകമലമണിയാനുള്ള അവകാശി മണക്കാടനായി മാറി

 

മുഖത്തെഴുതി, മുടിയണിഞ്ഞ്, മനുഷ്യൻ ദൈവരൂപം പൂണ്ട് ഉറഞ്ഞുതുള്ളുന്ന തെയ്യക്കാഴ്ചകൾ വടക്കൻ കേരളത്തിനു സ്വന്തം. കാവുകളിലും കഴകങ്ങളിലും കോട്ടങ്ങളിലും തറവാട്ടു മുറ്റങ്ങളിലും അമ്മദൈവങ്ങളും മന്ത്രമൂർത്തികളും തെയ്യക്കോലങ്ങളിലൂടെ ഉറഞ്ഞാടുന്ന കാഴ്ചകൾക്കെങ്ങും കനലിന്റെ ചുവപ്പാണ്. മനുഷ്യൻ ദേവതാരൂപം ധരിച്ച് ഉറഞ്ഞുതുള്ളി നാടിന് ഐശ്വര്യവും സമൃദ്ധിയും ചൊരിഞ്ഞുനൽകുകയാണ് ഓരോ തെയ്യങ്ങളിലൂടെയും. ജാതി, മത, സമുദായ അതിരുകൾക്ക് അതീതമായി ഓരോ നാടിനെയും ഒന്നിപ്പിക്കുന്ന കലാരൂപം കൂടിയാണ് തെയ്യം.

കോലക്കാരൻ

നീണ്ടനാളത്തെ ചിട്ടയായ പഠനത്തിനുശേഷം ശരീരവും മനസ്സും തെയ്യത്തിനു സമർപ്പിച്ചാണ് കോലക്കാരനാകുന്നത്. മുഖത്തെഴുത്തു കഴിഞ്ഞ് തിരുമുടി കെട്ടിയാൽ പിന്നെ കോലക്കാരനല്ല, തെയ്യം മാത്രം. കുത്തുവിളക്കിന്റെ ചുവന്ന വെട്ടത്തിൽ തെയ്യം അവതാര നടനമാടും. രാവേറുംവരെ കൈകൂപ്പിനിൽക്കുന്ന ഭക്തർക്ക് അനുഗ്രഹങ്ങൾ ചൊരിയും. സൂര്യരശ്മികൾ കളിയാട്ടക്കാവിൽ ചിതറുമ്പോൾ താളവും തോറ്റവും നിലക്കും, തെയ്യാട്ടം അവസാനിക്കും. ആൾത്തിരക്ക് കഴിഞ്ഞ് കാവ് മൗനത്തിലേക്ക് നടക്കും. അപ്പോൾ കോലക്കാരൻ പൂർണാർഥത്തിൽ മനുഷ്യനാകും. ഉറക്കമൊഴിച്ചുള്ള കഠിനാധ്വാനത്തിന്റെ ശേഷിപ്പായി ശരീരമാകെ അപ്പോഴേക്കും വേദന പടർന്നുപിടിച്ചിട്ടുണ്ടാകും. നല്ല കോലക്കാരന് കൂടുതൽ കാലം തിരുമുടി അണിയാനാകില്ല. ആരോഗ്യ പ്രശ്നങ്ങളാൽ അയാൾ പിന്നീട് മറ്റു കോലക്കാരന്റെ പിറകിൽ സഹായിയായി മാറും. സത്യത്തിൽ സഹായികളായി നിൽക്കുന്നവരുടെ സമർപ്പണം കൂടിയാണ് ഓരോ തെയ്യവും.

 

കോലക്കാരനെ അണിയറയിൽ ഒരുക്കി, മുടി വെച്ചുകെട്ടി, വരവിളി, നീട്ടുകവി, താളവൃത്തം, സ്തുതി, പൊലിച്ചുപാടൽ എന്നിവ ചൊല്ലി ദൈവത്തറയിലേക്ക് ആനയിക്കുന്ന ഒരു സഹായിയുണ്ട് പിലിക്കോട്ട് പ്രദേശത്ത്. ചെറുപ്പത്തിൽ തന്നെ കോലക്കാരനായതിനാൽ ആരോഗ്യപരമായ പ്രശ്നങ്ങളാൽ കോലമഴിച്ചുവെച്ച് തെയ്യസഹായിയായി അണിയറയിലേക്ക് പിൻവാങ്ങിയ പിലിക്കോട് വയലിലെ രവി മണക്കാടൻ.

അമ്മാമന്റെ നിഴലായ്...

നാട്യവും നടനവും സമന്വയിപ്പിച്ച് രൂപപ്പൊലിമകൊണ്ടും ഭാവപ്പലമകൊണ്ടും അമ്മത്തെയ്യങ്ങളായി മാറി ഭക്തമാനസങ്ങളുടെ മനസ്സിൽ കുടിയേറിയ രവി മണക്കാടൻ പഞ്ഞമാസമായ കർക്കടകത്തിലെ വറുതിയകറ്റാൻ പത്താം വയസ്സിൽ ആടിവേടന്റെ വേഷമണിഞ്ഞു. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പിലിക്കോടിന്റെ വയൽ വരമ്പിലൂടെ കർക്കടകത്തെ മുറിച്ചുകടക്കാൻ ഈ കുഞ്ഞു തെയ്യം നടന്നുനീങ്ങി. വീടുവീടാന്തരം കയറിയിറങ്ങിയാലേ വീട്ടിലെ അടുപ്പു പുകയൂവെന്ന് തിരിച്ചറിഞ്ഞപ്പോൾ നാലാം ക്ലാസിൽ പഠനം നിർത്തി അമ്മാമന്റെസഹായിയായി. വളപട്ടണത്തിനും ഉദയംകുന്നിനുമിടയിൽ പേരുകേട്ട തെയ്യക്കാരനായ രാമൻ മണക്കാടനാണ് അമ്മാമൻ. അദ്ദേഹത്തിന്റെ നിഴലായി പിന്നീട് ഒപ്പംകൂടി.

 

‘ആദി മുച്ചിലോട്ടായ കരിവെള്ളൂരിൽ പെരുങ്കളിയാട്ടത്തിനു മുന്നോടിയായുള്ള വരച്ചുവെക്കലിന് 1979ൽ രാമൻ മണക്കാനൊപ്പം പോയതായിരുന്നു. അന്ന് 17 വയസ്സേയുള്ളൂവെന്ന് രവി മണക്കാടൻ ഓർക്കുന്നു. അന്ന് മുച്ചിലോട്ടമ്മയുടെ തിരുമുടിയേന്താനുള്ള നിയോഗം രവി മണക്കാടനിലേക്ക് വന്നുചേർന്നു. ചിറക്കൽ കൊട്ടാരത്തിൽനിന്ന് ആചാരപ്പെട്ട് വാങ്ങിയ കച്ചും ചുരികയുമണിഞ്ഞ് രവി ദേവതാമൂർത്തികളുടെ മുഖകമലമണിയാനുള്ള അവകാശിയായ മണക്കാടനായി മാറി.

അമ്മത്തമ്പുരാട്ടിയായ്...

നിറതിരിയിട്ട് കത്തിച്ചുവെച്ച നിലവിളക്കിൻ ശോഭയിൽ മുഖം വാൽക്കണ്ണാടിയിൽ തെളിഞ്ഞു. ചായില്യം, കരിമഷി, അരിപ്പൊടി, മനയോല എന്നീ വർണങ്ങളും കണ്ണിനു മുകളിൽ ശംഖും താഴെ രണ്ട് ഇണപ്രാവുകളും ഒരുക്കിയ മുഖത്തെഴുത്തും വട്ടമുടിയിൽ ഓട്, വെള്ളി, സ്വർണം, കുരുത്തോല, പട്ട്, ചെക്കിപ്പൂ എന്നീ അലങ്കാരങ്ങളും ചുട്ടി, കോപ്പ് എന്നീ ആടയാഭരണങ്ങളും അണിഞ്ഞ് സർവാഭരണ വിഭൂഷിതയായ ദൈവക്കോലം ഭക്തമാനസങ്ങൾക്ക് ഭക്തിയും ഐശ്വര്യങ്ങളും ചൊരിഞ്ഞ് ക്ഷേത്ര തിരുസന്നിധിയിൽ അവതാര നടനമാടി. എന്നാൽ, രാവിലെ മുതൽ ഭാരമുള്ള തിരുമുടിയേന്തിയ ഈ പതിനേഴുകാരന് രാത്രിയാവോളം തെയ്യമായി മാറാൻ കഴിഞ്ഞില്ല. ശാരീരിക അസ്വസ്ഥതകൾമൂലം ശരീരം കൊഴിയുമെന്ന് തോന്നിയപ്പോൾ ചടങ്ങുകൾ പൂർത്തിയാക്കി തിരുമുടിയഴിച്ചുവെച്ചു.

വരച്ചുവെക്കൽ മുതൽ സ്വയം പേറിയ ദേവതയുമായുള്ള ബന്ധത്തെ അഴിച്ചുമാറ്റിക്കൊണ്ട് കോലക്കാരൻ വീണ്ടും രവി മണക്കാടനെന്ന മനുഷ്യനായി. തന്നിലേക്കു വന്ന ജന്മനിയോഗത്തെ പൂർണതയിൽ എത്തിച്ച ചാരിതാർഥ്യത്തോടെയല്ല രവി മണക്കാടൻ എന്ന ഈ തെയ്യക്കാരൻ പിന്നീടുള്ള നാളുകൾ കഴിഞ്ഞത്. വിവിധ കാവുകളിലും കഴകങ്ങളിലും തറവാട്ടു മുറ്റങ്ങളിലും ചടങ്ങുകൾ പൂർത്തിയാക്കി മുടിയഴിച്ച ശേഷമാണ് മനസ്സിലെ സങ്കടക്കടലിൽനിന്ന് തിരയൊഴിഞ്ഞത്. ഇന്നും വിവിധ മുച്ചിലോട്ടുകളുടെ പെരുങ്കളിയാട്ട ഭാഗമായുള്ള പോസ്റ്ററുകളിൽ നിറഞ്ഞുതുളുമ്പുന്ന ഫോട്ടോയും രവി മണക്കാടന്റേതാണ്.

 

കോലധാരിയായുള്ള തന്റെ മൂന്നു പതിറ്റാണ്ടു കാലത്തെ പ്രയാണം വെള്ളൂർ കുടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രത്തിൽ വേട്ടക്കൊരുമകന്റെ വെള്ളാട്ടം കെട്ടിയാണ് അവസാനിപ്പിച്ചത്. രോഗാതുരമായ ശരീരം തിറ പൂർത്തിയാക്കാൻ അനുവദിച്ചില്ല. വെള്ളാട്ടമഴിച്ചശേഷം ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ പകരക്കാരനാണ് തിറ കെട്ടിയാടിയത്.

തെയ്യംകെട്ടുന്നവരുടെ സഹായിയായാണ് രവി മണക്കാടൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. അമ്പതാണ്ടോടടുക്കുന്ന ജീവിതബന്ധമാണ് തെയ്യംകലയുമായി രവി മണക്കാടനുള്ളത്. അതിനാൽ തെയ്യമാകാൻ പറ്റിയില്ലെങ്കിലും തെയ്യമിറങ്ങുമ്പോൾ കൂടെയുണ്ടാകണമെന്നത് ഈ കലാകാരന്റെ അടങ്ങാത്ത ആഗ്രഹമാണ്. 2007ൽ കേരള സംഗീത അക്കാദമിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. സങ്കടങ്ങളുടെ കടലിരമ്പത്തിനിടയിലും ഒരു കളിയാട്ടക്കാവിൽനിന്ന് മറ്റൊരിടത്തേക്ക് ഈ അതുല്യ കലാകാരൻ പ്രയാണം തുടരുകയാണ്.

Tags:    
News Summary - Theyyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT