കോ​ട്ട​യം സി.​എം.​എ​സ്​ കോ​ള​ജി​ലെ ച​രി​ത്ര​മ​തി​ലി​ൽ ശി​ൽ​പ​മൊ​രു​ക്കു​ന്ന അ​ജി​ത പ്ര​ഭാ​ക​ര​ൻ              ചിത്രം–ദി​ലീ​പ്​ പു​ര​ക്ക​ൽ

ചിൽഡ്രൻസ് ഹോമിൽനിന്നൊരു വിജയശിൽപി

കോട്ടയം: സി.എം.എസ് കോളജിന്‍റെ ചരിത്രമതിലിൽ ബെഞ്ചമിൻ ബെയ്ലിയുടെയും സ്വാതിതിരുനാളിന്‍റെയും ശിൽപമൊരുക്കുമ്പോൾ അജിതയുടെ ഓർമയിൽ കോഴിക്കോട് ഗവ. ചിൽഡ്രൻസ് ഹോമിന്‍റെ വരാന്തയിലിരുന്ന് ചളി കുഴച്ച് രൂപങ്ങളുണ്ടാക്കുന്ന കുട്ടിക്കാലമായിരുന്നു. അവിടെനിന്ന് അജിത പ്രഭാകരൻ എന്ന ശിൽപിയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല.

ചിൽഡ്രൻസ് ഹോമിൽനിന്ന് പുറത്തുവന്നപ്പോൾ എല്ലാറ്റിനോടും പേടിയായിരുന്നു. അതുകൊണ്ടാണ് തന്‍റേടത്തോടെ തുറന്നുപറയാൻ കഴിയുന്നതുവരെ തന്‍റെ മേൽവിലാസം ഒളിച്ചുവെച്ചത്. എന്നാലിപ്പോൾ മടിയേതുമില്ലാതെ അജിത പറയും- ''ഞാൻ വളർന്നത് ചിൽഡ്രൻസ് ഹോമിലാണ്; എന്നെ വളർത്തിയതും ചിൽഡ്രൻസ് ഹോം ആണ്''.

സ്വന്തമായി വീടില്ലാതിരുന്നതിനാലാണ് മലപ്പുറം തിരൂർ കൂട്ടായി അഴിമുഖം തെക്കും പാടത്ത് പ്രഭാകരനും ഭാര്യ ശ്രീവള്ളിയും മൂന്നുമക്കളെ ചിൽഡ്രൻസ് ഹോമിലാക്കിയത്. അജിതയായിരുന്നു ഇളയ ആൾ. അങ്ങനെ അഞ്ചുവയസ്സുമുതൽ 'കുട്ടികളുടെ വീട്' അജിതക്കും തണലായി. മത്സ്യത്തൊഴിലാളിയായ പിതാവ് പിന്നീട് വീട് തട്ടിക്കൂട്ടിയെടുത്തെങ്കിലും അജിത കുട്ടികളുടെ വീടു വിട്ടില്ല. ഭക്ഷണം, വസ്ത്രം, പഠനസൗകര്യം തുടങ്ങി എല്ലാം അവിടെയുണ്ടായിരുന്നതായി അജിത പറയുന്നു. സ്നേഹിക്കാനും തന്‍റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ആളുകളുണ്ടായിരുന്നു.

ഏഴാം ക്ലാസ് വരെ ചിൽഡ്രൻസ് ഹോമിലെ സ്കൂളിൽതന്നെയായിരുന്നു പഠനം. തുടർന്ന് പ്ലസ് ടുവരെ എൻ.ജി.ഒ ക്വാർട്ടേഴ്സിലെ സ്കൂളിൽ. ആഗ്രഹിച്ച പോലെ ശിൽപകല പഠിക്കാൻ ചിൽഡ്രൻസ് ഹോം അധികൃതർ തൃശൂർ ഫൈൻ ആർട്സ് കോളജിൽ വിട്ടു. തുടർന്ന് തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. ജോലി തേടി പുറത്തിറങ്ങിയപ്പോൾ ചിൽഡ്രൻസ് ഹോം എന്ന വിലാസം കേട്ട് പലരും നെറ്റി ചുളിച്ചു. വീടില്ലാത്തതുകൊണ്ടാണ് അവിടെ വളർന്നതെന്ന് പറഞ്ഞാൽ അടുത്ത ചോദ്യം അവിടെ എല്ലാ തരത്തിലുമുള്ള കുട്ടികളും ഇല്ലേ എന്നതാണ്. അങ്ങനെയാണ് ചിൽഡ്രൻസ് ഹോമിന്‍റെ കാര്യം പറയാതായത്.

പെൺകുട്ടിയായതിനാൽ തുടക്കത്തിൽ ജോലി കിട്ടാനും ബുദ്ധിമുട്ടി. ഒരിടത്ത് ശിൽപനിർമാണത്തിന് ചെന്നപ്പോൾ ആദ്യം വെച്ചുനീട്ടിയത് അടിച്ചുവാരാനുള്ള ചൂലാണ്. രാത്രി ജോലികൾക്ക് കൂടെകൂട്ടാൻ പുരുഷൻമാർക്കും മടി. ആദ്യമൊന്നും അജിതയുടെ ജോലി എന്താണെന്ന് വീട്ടുകാർക്കും നാട്ടുകാർക്കും അറിയില്ലായിരുന്നു. ശിൽപകല പഠിച്ചിട്ട് എന്തു കാര്യമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം.

ശിൽപകലരംഗത്തേക്ക് ഇപ്പോൾ നിരവധി പെൺകുട്ടികൾ കടന്നുവരുന്നുണ്ടെങ്കിലും ഭൂരിഭാഗവും സാഹചര്യങ്ങൾ നിമിത്തം വിട്ടുപോകുകയാണ്. ഒറ്റക്കു പിടിച്ചുനിൽക്കാൻ കഴിയുന്നവർക്കേ ഇവിടെ നിലനിൽപ്പുള്ളൂ എന്നാണ് അജിത അനുഭവങ്ങളിൽനിന്ന് പഠിച്ചത്. ഇപ്പോൾ നിരവധി അവസരങ്ങൾ കിട്ടിത്തുടങ്ങി. രാത്രി ജോലികൾക്കുംപോവും. ശാന്തിനികേതനിൽ ഉപരിപഠനം നടത്തണമെന്നാണ് ആഗ്രഹം. ''അതും എങ്ങനെയെങ്കിലും നടക്കും''- അജിത ചിരിയോടെ പറയുന്നു.

Tags:    
News Summary - A successful artist from a children's home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.