മദ്യപസംഘത്തിന്‍റെ ആക്രമണം: എസ്.ഐ ഉൾപ്പെടെ ഒമ്പത് പോലീസുകാർക്ക് പരിക്ക്
വർക്കല: വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം കിടങ്ങിൽ പുതുവൽ കോളനിയിൽ മദ്യപസംഘം പൊലീസിനെ ആക്രമിച്ചു. വർക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പടെ ഒമ്പത് പൊലീസുകാർക്ക് പരിക്കേറ്റു. എ.എസ്.ഐ മനോജിന്‍റെ കൈ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവർ വർക്കല താലൂക്കാശുപത്രിയിൽ ചികിത്സ തേടി.എസ്.ഐയുടെ മാല മദ്യപ സംഘം വലിച്ചു പൊട്ടിക്കുകയും നെഞ്ചിനും ശരീരഭാഗങ്ങളിലും പരിക്കേൽപ്പിക്കുകയും ചെയ്തു. അക്രമി സംഘത്തിലെ മൂന്ന് പേരെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.
കോളനിയിൽ പതിവായി മദ്യപ സംഘം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പരാതി ലഭിച്ചിരുന്നു. ബുധനാഴ്ച രാത്രി വൈകി പത്തോളം പേരടങ്ങുന്ന സംഘം കോളനിയിൽ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി നാട്ടുകാർ വർക്കല പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് മൂന്ന് പൊലീസുകാർ ജീപ്പിൽ കോളനിയിലെത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മദ്യപ സംഘം ഇവരെ കൈയേറ്റം ചെയ്യുകയായിരുന്നു. പോലീസ് സംഘം സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് കൂടുതൽ പൊലീസ് കോളനിയിൽ എത്തി. ഇവരെയും പ്രകോപിതരായ മദ്യപസംഘം ആക്രമിക്കുകയായിരുന്നു. വർക്കല എസ്.ഐ രാഹുൽ, എ.എസ്.ഐമാരായ മനോജ്, ബിജു, സി.പി.ഒമാരായ പ്രശാന്ത്, റാം ക്രിസ്റ്റ്യൻ, ഹരികൃഷ്ണൻ,ശ്യാം ലാൽ,ഷജീർ, ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.