നാലുവയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം അവയവങ്ങൾ ഓൺലൈനിൽ വിൽക്കാൻ ശ്രമം; ഛത്തിസ്ഗഢിൽ ബന്ധുവിന്‍റെ ക്രൂരത

 റായ്പുർ: ഛത്തീസ്ഗഢിൽ നാലുവയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം ആന്തരികാവയവങ്ങൾ ഓൺലൈനിലൂടെ വിൽക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. ജഷ്പുർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ജിതേന്ദ്ര റാം എന്ന നാലുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ ബന്ധുവായ ബസുദേവ് എന്ന താങ്നുവിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവയവങ്ങൾ വിറ്റ് പണമുണ്ടാക്കാമെന്ന ചിന്തയാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.


നവംബർ അഞ്ചിനാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പിതാവ് സന്ന പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ബന്ധുക്കളോടൊപ്പം നടത്തിയ തിരച്ചിലിൽ ചോളപ്പാടത്തിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുതപ്പിലും കമ്പിളിയിലും പൊതിഞ്ഞ് ചാക്കിലാക്കിയ നിലയിലായിരുന്നു മൃതദേഹം. മണ്ണിട്ട് ഭാഗികമായി മൂടിയ നിലയിലായിരുന്നു ചാക്ക് കണ്ടെത്തിയത്.

ഉപജീവനത്തിനായി തൊഴിൽ തേടി ഒരു വർഷം മുമ്പാണ് റാംജീത് റാമും കുടുംബവും സന്ന ഗ്രാമത്തിലെത്തിയത്. ആമച്ചുവ നദിയിലെ അണക്കെട്ടിന് സമീപമുള്ള കുടിലിലായിരുന്നു കുടുംബത്തിന്റെ താമസം. റാംജീതിന്റെ മാതൃസഹോദരന്റെ മകനായ പ്രതി ബസുദേവ് ഇവരുടെ വീട്ടിൽ പതിവായി എത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ദിവസക്കൂലിപ്പണിയിൽനിന്നുള്ള വരുമാനം മതിയാകാത്തതിനാൽ എളുപ്പത്തിൽ കൂടുതൽ പണം സമ്പാദിക്കാനുള്ള വഴികൾ അന്വേഷിച്ചിരുന്നുവെന്നാണ് ചോദ്യംചെയ്യലിൽ പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതിനായി സമൂഹമാധ്യമങ്ങളിൽ പല വഴികളും തിരഞ്ഞിരുന്നു. ഇതിലൂടെ ചെറിയ കുട്ടികളുടെ ശരീരാവയവങ്ങൾ വിൽപന നടത്തി പണമുണ്ടാക്കാമെന്ന ആശയം പ്രതിക്കുണ്ടായെന്നാണ് പൊലീസ് വിശദീകരണം.

നവംബർ അഞ്ചിന് കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ പ്രതി വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചശേഷം മദ്യവും കോഴിയിറച്ചിയും വാങ്ങി. തുടർന്ന് കുട്ടിയെ മദ്യം കുടിപ്പിച്ചുവെന്നും ഉറങ്ങിക്കിടക്കുന്നതിനിടെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

കൊലപാതകത്തിനുശേഷം കുട്ടിയുടെ ശരീരത്തിൽനിന്ന് വൃക്കകൾ, ശ്വാസകോശം, കണ്ണുകൾ എന്നിവ നീക്കംചെയ്ത് പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ചിരുന്നതായും പൊലീസ് അറിയിച്ചു. പിന്നീട് മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ചാക്കിലാക്കി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങളും നീക്കംചെയ്ത ശരീരാവയവങ്ങൾ സൂക്ഷിച്ചിരുന്ന ബക്കറ്റും മറ്റ് തെളിവുകളും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Tags:    
News Summary - Jashpur Man Arrested for Organ Trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.