വാഹന നമ്പർ കുറിച്ചെടുത്തതിൽ പ്രകോപനം; എ.എസ്.ഐയെ മർദിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ

മലപ്പുറം: വൈലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കേസിൽ ഒളിവിൽ പോയ തിരൂർ സ്വദേശി മുഹമ്മദ് സഫ്വാനെ ആലപ്പുഴയിൽ വെച്ചാണ് പിടികൂടിയത്. മൂർച്ചയുള്ള ആയുധം കൈയിൽ വെച്ചാണ് യുവാക്കൾ തന്നെ മർദിച്ചതെന്ന് ചികിത്സയിൽ കഴിയുന്ന എ.എസ്.ഐ രാമചന്ദ്രൻ പറഞ്ഞു.

രണ്ടു ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മുഹമ്മദ് സഫ്വാൻ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു സുഹൃത്തിന്‍റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ സഫ്വാൻ ആലപ്പുഴയിലേക്ക് ട്രെയിൻ മാർഗം പോയെന്ന വിവരം കിട്ടിയ പൊലീസ് അവിടെവെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ലഹരി ഇടപാടിൽ രണ്ടു വർഷം അബുദാബിയിലെ ജയിലിലിൽ കിടന്നിട്ടുള്ള സഫ്വാനെ നാടുകടത്തിയതായിരുന്നു. നാട്ടിലെത്തിയിട്ടും ലഹരി ഇടപാടും കവർച്ചയും നടത്തി. സ്വന്തം വീട്ടിൽ നിന്ന് 40 പവൻ സ്വർണം മോഷ്ടിച്ചെന്ന പരാതിയും സഫ്വാനെതിരെ മുമ്പ് ഉണ്ടായിരുന്നതായി കൽപകഞ്ചേരി പൊലീസ് പറഞ്ഞു.

എ.എസ്.ഐയെ അക്രമിച്ച കേസിൽ മറ്റൊരു പ്രതി ദിൽഷാദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമത്തിനും കവർച്ചക്കും കേസെടുത്തു. മുഖത്ത് സാരമായി പരിക്കേറ്റ എ.എസ്.ഐ രാമചന്ദ്രൻ ആശുപത്രിയിൽ തുടരുകയാണ്. ‌വൈലത്തൂർ ഹയർ സെക്കന്ററി സ്കൂളിന് സമീപത്ത് ബൈക്കിൽ ഹെൽമറ്റില്ലാതെ എത്തിയ പ്രതികളുടെ പെരുമാറ്റത്തിൽ ലഹരി ഉപയോഗം സംശയിച്ച പൊലീസ്, ഇവരുടെ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്തിരുന്നു. ഇതിൽ പ്രകോപിതരായാണ് യുവാക്കൾ എ.എസ്.ഐയെ മർദിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണും പ്രതികള്‍ കവര്‍ന്നിരുന്നു.

Tags:    
News Summary - Main Accused Arrested in ASI Assault Case Over Vehicle Number Dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.