സൂഫികളുടെ നാട്ടിൽ അഭയാർഥികൾക്ക്​ തടങ്കൽ പാളയം

ആരെയും ഉലച്ചു കളയുന്ന കാഴ്ചകളിലൂടെയാണ് ഓരോ ദിവസവും ഓരോ നിമിഷവും നാം കടന്നുപോകുന്നത്. റോഹിങ്ക്യൻ അഭയാർഥികളെ ആട്ടിയിറക്കി ജമ്മുമേഖലയിലെ തടങ്കൽപാളയങ്ങളിലേക്ക് പിടിച്ചുവലിച്ച്​ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ ചിന്തകൾ പഴയകാലങ്ങളിേലക്ക് പാഞ്ഞു.

ഇക്കഴിഞ്ഞുപോയ നൂറ്റാണ്ടുകളിൽ എവിടെനിന്നെല്ലാം വന്ന എത്രയധികം അഭയാർഥികൾക്കാണ് ജമ്മു-കശ്മീർ മേഖല സ്വാഗതമരുളിയതും ഇടമനുവദിച്ചതും. മ​േധ്യഷ്യയിൽനിന്ന്, ഇറാനിൽനിന്ന്, ഇറാഖിൽനിന്ന്... അതിനുമപ്പുറമുള്ള നാടുകളിൽനിന്ന് കടന്നുവന്ന ആയിരക്കണക്കായ മനുഷ്യർ. ആയിരക്കണക്കിന് കാതങ്ങൾ താണ്ടി ആ 'വൈദേശികർ' ഇവിടേക്കു വന്നത് അഭയവും സമാധാനവും തേടിയാണ്.

ആവോളം പ്രസന്നതയും പ്രശാന്തതയും ഈ മണ്ണിൽ കണ്ടെത്തിയ അവർ പിറന്ന നാട്ടിലേക്ക് തിരിച്ചുപോകാൻ പോലും മറന്നുപോയിരുന്നു. അവരുടെ ലാളിത്യത്തിൽ സാധാരണക്കാരായ പ്രദേശവാസികൾ മാത്രമല്ല, ഉന്നതരായ ചക്രവർത്തിമാർ പോലും ആകൃഷ്​ടരായിരുന്നു.

മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീർതന്നെ ഓർമക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് ഈ സാത്വികജന്മങ്ങളെക്കുറിച്ച്- മതപരിജ്ഞാനമോ മറ്റു ശാഖകളിലെ വിജ്ഞാനമോ ലഭിച്ചവരല്ലായിരുന്നുവെങ്കിലും ആ മനുഷ്യർ അതീവ ലാളിത്യത്തിൽ ജീവിച്ചു. നാട്യങ്ങൾ അവർക്കന്യമായിരുന്നു. ഒരാളെയും അവർ വേദനിപ്പിച്ചില്ല, അപഹസിച്ചില്ല. ആഗ്രഹങ്ങളിലേക്കും മോഹങ്ങളിലേക്കും സഞ്ചരിക്കുന്നതിൽനിന്ന് അവർ നാവുകളെയും കാലുകളെയും നിയന്ത്രിച്ചു നിർത്തി.

അവർ മാംസം ഭക്ഷിച്ചില്ല, സ്ത്രീ സംസർഗവുമുണ്ടായിരുന്നില്ല. പോകുന്നിടങ്ങളിലെല്ലാം അവർ പഴങ്ങൾ വിളയുന്ന മരങ്ങൾ നട്ടുപിടിപ്പിച്ചു; അവർക്കായല്ല, അതിലൂടെ കടന്നുപോകുന്ന ആളുകൾക്ക് ഗുണപ്പെടുമല്ലോ എന്ന കരുതൽകൊണ്ട്. അവരവർക്കുവേണ്ടി ഒന്നിനും മോഹിച്ചതേയില്ല.

അവരിൽ ആകൃഷ്​ടരായിട്ടാണല്ലോ മുഗൾ രാജകുമാരൻ ദാരാ ശിക്​വ ഏഷ്യയിലെതന്നെ ആദ്യ സൂഫി പാഠശാലയായ കാ-സി-മാ ശ്രീനഗറിൽ ആരംഭിച്ചത്. ബുദഖ്​ശാനിൽ നിന്നെത്തിയ ത​െൻറ ആത്മീയ ഗുരു അഖുന്ദ് മുല്ലാ മുഹമ്മദ് ഷായുടെ ആവശ്യാനുസരണമായിരുന്നു അത്.

ജമ്മു-കശ്മീർ മേഖലയുടെ പലഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്നു ഈ മഹാമനുഷ്യരുടെ അന്ത്യവിശ്രമഗേഹങ്ങൾ ശ്രീനഗറിലെ നൗഹട്ടാ ചൗക്കിൽനിന്ന് ഏറെ അകലെയല്ലാത്ത ഝലം നദിയുടെ ഓരത്തായാണ് ഷാഹി ഹംദാെൻറ ദർഗ. തൈമൂറിെൻറ കോപത്തിനും ശാസനകൾക്കും വഴങ്ങാതെ പേർഷ്യൻ പട്ടണമായിരുന്ന ഹംദാനിൽനിന്ന് പലായനം ചെയ്ത് എത്തിയതാണ് അദ്ദേഹം.

സുൽത്താൻ ശിഹാബുദ്ദീെൻറ കാലത്ത് 700 സയ്യിദന്മാരാണ് അദ്ദേഹത്തെ അനുഗമിച്ചതെന്നും ഐതിഹ്യമുണ്ട്. കശ്മീരിെൻറ മണ്ണിൽ മറമാടപ്പെട്ട ഷായെക്കണ്ട് അവധൂത കവയിത്രി ലല്ലാ ആരിഫ് അവസാനം താനൊരു മനുഷ്യനെ കണ്ടെത്തിയെന്നു പാടിയതും ഇവിടത്തെ നാട്ടോർമകളിലുണ്ട്. ദർഗയുടെ വാസ്തുശിൽപ ചാരുതി വർണനകൾക്ക്​ അതീതം, രാത്രികാലങ്ങളിൽ ഝലം നദിയുടെ ജലപ്പരപ്പിൽ പതിയുന്ന പ്രതിബിംബം അതിലേറെ മനോഹരം. 1395ലാണ് ആദ്യ നിർമിതി. പിന്നീട് പലകുറി പുതുക്കിപ്പണിതു.

ഇന്നുകാണുന്ന രൂപം കൈവന്നത് 1732ലെ പുനർനിർമാണ ശേഷമാണ്. നൗഹട്ടാ ചൗക്കിെൻറ മറുപുറം പാതയോരത്തായാണ് ഇറാഖി സൂഫി ദസ്തഗീർ സാഹിബിെൻറ കുടീരം. മരത്തടികളിൽ സവിശേഷമായ കൊത്തുപണികളോടു കൂടിയ അതിഗംഭീരമായ ഒരു നിർമിതിയായിരുന്നു അതും. ഒരു വൻ തീപിടിത്തത്തിൽ ദർഗ പൂർണമായി കത്തിയമർന്നു. പുനർനിർമിച്ചെങ്കിലും പഴയ ആ ഗാംഭീര്യം വീണ്ടെടുക്കാനായില്ല എന്നത് ഞങ്ങളെപ്പോലെ പലരെയും നിരാശപ്പെടുത്തിയിരുന്നു.

കുറച്ചുകൂടി നീങ്ങിയാൽ സിയാറത്തി ഹസ്രത്തി യൂസ അസൂഫ് സയ്യിദ് നസിറുദ്ദീൻ എന്ന് രേഖപ്പെടുത്തിയ പടുകൂറ്റൻ ഫലകം കാണാം. ആ വളപ്പിനുള്ളിൽ രണ്ട് ഖബറിടങ്ങളുണ്ട്. ഒന്ന് ശരാശരി വലുപ്പമുള്ളത്, അടുത്തത് അസാമാന്യ വലുപ്പമുള്ളത്. യൂസയെക്കുറിച്ച് ഒരുപാട് കഥകളും ഐതിഹ്യങ്ങളുമുണ്ട്. പ്രവാചകൻ മോശെയുടെ വംശപരമ്പരയിൽപ്പെട്ടയാളാണ്​ ഇദ്ദേഹമെന്നും പറയപ്പെടുന്നുണ്ട്.

നൂറ്റാണ്ടുകൾക്കു മുമ്പ്​ വന്നുചേർന്ന തലമുറകൾക്കിപ്പുറവും ആദരബഹുമാനങ്ങൾ ഏറ്റുവാങ്ങുന്ന അഭയാർഥികൾ നിറഞ്ഞ നാട്ടിൽനിന്നാണ് ഇപ്പോൾ റോഹിങ്ക്യൻ അഭയാർഥികളെ കുറ്റവാളികളെപ്പോലെ വലിച്ചിറക്കിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കുന്നത്. ഈ അന്യായത്തിനെതിരെ അഭയാർഥികളിലൊരാളായ മുഹമ്മദ് സലീമുല്ല നൽകിയ പരാതി സ്വീകരിച്ച സുപ്രീംകോടതി ഈ മാസം 25ന് പരിഗണിക്കാമെന്നറിയിച്ചത് നേരിയ ആശ്വാസം തരുന്നു. ആ മനുഷ്യരെ ആഭ്യന്തര കലാപത്തിെൻറ പരകോടിയിൽ നിൽക്കുന്ന മ്യാന്മറിലേക്ക് നാടുകടത്തുന്നതിൽനിന്ന് കേന്ദ്രത്തെ തടഞ്ഞുവെന്ന വാർത്തയും.

വർഗീയ ൈവറസിന്​ വാക്സിൻ എപ്പോൾ?

ആ കുട്ടി കരയുന്ന ചിത്രങ്ങൾകണ്ട് സഹിക്കാനാവുന്നില്ല. തലയിലും രഹസ്യഭാഗങ്ങളിലുമെല്ലാം അടിച്ചു ചതക്കുന്നു രണ്ടുപേർ. 14 വയസ്സല്ലേ അവനുള്ളൂ എന്നുപോലും ആലോചിക്കാതെ ശിരിംഗി നന്ദൻ യാദവ്, അയാളുടെ സഹായി ശിവാനന്ദ് എന്നിവർ ചേർന്ന് നടത്തിയ ക്രൂരത കണ്ടപ്പോൾ വർഗീയ വൈറസിന് ആരെങ്കിലുമൊരു വൈറസ് കണ്ടുപിടിച്ചില്ലെങ്കിൽ നാം നശിച്ച് ചത്തൊടുങ്ങുമെന്ന് ചിന്തിച്ചുപോയി.

ഗാസിയാബാദിൽ നടന്ന ആ നികൃഷ്​ട സംഭവത്തിെൻറ കാരണം ആലോചിക്കുേമ്പാഴാണ് കൂടുതൽ പേടി തോന്നുന്നത്. 14 വയസ്സുള്ള മുസ്​ലിംപയ്യൻ ദാഹം മാറ്റാൻ, ഒരൽപം വെള്ളം കുടിക്കാനാണ് ക്ഷേത്രവളപ്പിലേക്ക് കയറിയത്.

അമ്പലത്തിലെ പൈപ്പിൽനിന്ന് വെള്ളമെടുത്ത് കുടിക്കുേമ്പാഴാണ് അക്രമികൾ ഇരുവരും വന്ന് അവ​െൻറയും പിതാവിെൻറയും പേരു ചോദിക്കുന്നതും മുസ്​ലിം ആണെന്നറിഞ്ഞതും അവരുടെ വെറുപ്പും വിദ്വേഷവും ആക്രമണരൂപത്തിൽ പ്രകടിപ്പിച്ചതും. ഏതെങ്കിലും ഉൾക്കാടിനുള്ളിലല്ല ഇതൊന്നും നടന്നത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ്​. തലസ്ഥാനനഗരിയായ ന്യൂഡൽഹിയിൽനിന്ന് ഏറെയകലെയല്ല ഈ സ്ഥലം.

ആ രണ്ട് വർഗീയഗുണ്ടകളെയും പൊലീസ് പിടിച്ചു കൊണ്ടുപോയി എന്നത് നേരു തന്നെ. പക്ഷേ, ഏറെ വൈകാതെ അവരിരുവരും ജാമ്യംനേടി പുറത്തിറങ്ങില്ലെന്നും ആ കുഞ്ഞിനെയും കുടുംബത്തെയും അതുപോലെ മറ്റനവധിപേരെയും ഇനിയും ദ്രോഹത്തിനിരയാക്കില്ലെന്നും എന്താണുറപ്പ്?

അതുകൊണ്ടാണ് രാഷ്​ട്രീയമാഫിയ പടർത്തിവിടുന്ന അതിമാരകമായ വർഗീയ വൈറസിനെതിരെ വാക്സിൻ അടിയന്തരമായി കണ്ടുപിടിക്കണമെന്ന് പറഞ്ഞുപോകുന്നത്. അത്തരമൊരു പോംവഴി കണ്ടെത്തുവോളം ഇതുപോലുള്ള അതിക്രമകാരികളെ തടവറക്കുള്ളിൽ തളച്ചിടണം, അവർക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തണം. നിരപരാധികൾക്കെതിരെയാണ് അവരുടെ അതിരുവിട്ട ഭീകരതയെന്ന് കാണാതെ പോകരുത്.

ദൈവം നൽകിയതിന് പരിധിവെക്കാൻ നമ്മളാര്?

സൂഫിവര്യൻ ഖാജാ നിസാമുദ്ദീൻ ഔലിയയുടെ അന്ത്യവിശ്രമകേന്ദ്രം ഡൽഹിയിലെ ഏറെ തിരക്കേറിയ സന്ദർശക ഇടമാണ്. സന്ദർശകരിൽ നാനാ ജാതിക്കാരും ദേശക്കാരും ഉൾപ്പെടുന്നു. അദ്ദേഹത്തിെൻറ ജീവചരിത്രത്തിലെ ഒരുഭാഗത്ത് ശിഷ്യന്മാരുമായി നടത്തിയ ഒരു സംവാദം വിവരിക്കുന്നുണ്ട്.

മുസ്​ലിംകളല്ലാത്തവർക്ക് അദ്ദേഹം ഭക്ഷണവും താമസസൗകര്യവും നൽകുന്നതിനെ ശിഷ്യന്മാർ ചോദ്യം ചെയ്തതാണ് സന്ദർഭം. ഔലിയയുടെ മറുപടി ഇങ്ങനെ: അഖിലലോകം പടച്ച നമ്മുടെ സ്രഷ്​ടാവ് ജാതിക്കോ മതത്തിനോ ദേശത്തിനോ വേർതിരിവ് കൽപിച്ചിട്ടില്ലെന്നിരിക്കെ ദൈവകാരുണ്യമായി ലഭിച്ച വിഭവങ്ങൾ പങ്കുവെക്കുന്നതിൽ പരിധി നിശ്ചയിക്കാൻ നിസ്സാരരായ മനുഷ്യർക്ക് എന്തധികാരം? നദികളിൽ ഒഴുകുന്ന തെളിനീരും വൃക്ഷങ്ങളിൽ കുലച്ചുനിൽക്കുന്ന മധുരപഴങ്ങളും സൂര്യ​െൻറ പ്രകാശവും പ്രസരിപ്പും വീശുന്ന കുളിർക്കാറ്റുമെല്ലാം നാം ഓരോരുത്തരുടേതുമാണ്. എല്ലാ ജീവജാലങ്ങൾക്കും അതിന്മേൽ അവകാശമുണ്ട്!

സമ്പത്തും സ്രോതസ്സുകളും വിഭവങ്ങളും കൈകാര്യം ചെയ്യുന്നവർ ഒരു നിമിഷമെങ്കിലും ഇതുപോലൊന്ന് ചിന്തിച്ചിരുന്നുവെങ്കിൽ...

Tags:    
News Summary - Detention camp for refugees in the land of the Sufis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.