സൗ​ഹൃ​ദ​ത്തി​ന്‍റെ വ​ർ​ണ​ങ്ങ​ൾ

ന​മു​ക്കെ​ല്ലാ​വ​ർ​ക്കും സൗ​ഹൃ​ദ​ങ്ങ​ളു​ണ്ട്. ജീ​വി​ത​ത്തി​ന് പ്ര​കാ​ശം ന​ൽ​കു​ന്ന ഘ​ട​ക​മാ​ണ​ത്. ഓ​രോ സൗ​ഹൃ​ദ​വും ഓ​രോ ത​ര​മാ​ണ്. പ്രൈ​മ​റി സ്കൂ​ൾ കാ​ല​ത്ത് തു​ട​ങ്ങി ആ ​പ​ഠ​ന​കാ​ലം ക​ഴി​യു​മ്പോ​ൾ അ​വ​സാ​നി​ക്കു​ന്ന​വ​യാ​ണ് ചി​ല​ത്. എ​ന്നാ​ൽ മ​റ്റു​ചി​ല​താ​ക​ട്ടെ, കാ​ല​മെ​ത്ര ക​ഴി​ഞ്ഞാ​ലും മ​ങ്ങാ​തെ നി​ൽ​ക്കും. നി​ത്യേ​ന​യു​ള്ള സം​സാ​ര​മോ കാ​ണ​ലോ ഇ​ല്ലെ​ങ്കി​ൽ പോ​ലും അ​വ​യ്ക്ക് ഒ​രു സ്ഥാ​യീ​ഭാ​വ​മു​ണ്ടാ​കും. മൂ​ന്നാ​മ​ത്തെ വി​ഭാ​ഗ​മാ​ണ് ആ​ഴ​മേ​റി​യ സൗ​ഹൃ​ദ​ങ്ങ​ൾ; ഊ​ണി​ലും ഉ​റ​ക്ക​ത്തി​ലും ഒ​പ്പ​മു​ള്ള​വ​ർ. ന​മ്മു​ടെ സ​ന്തോ​ഷ​ങ്ങ​ളി​ലും സ​ങ്ക​ട​ങ്ങ​ളി​ലും താ​ങ്ങാ​യി നി​ൽ​ക്കു​ന്ന, ജീ​വി​ത​ത്തി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​ങ്കു​വെ​ക്കാ​ൻ ക​ഴി​യു​ന്ന ഗാ​ഢ​മാ​യ ബ​ന്ധ​ങ്ങ​ൾ. എ​ല്ലാ ത​രം സൗ​ഹൃ​ദ​ങ്ങ​ൾ​ക്കും അ​തി​ന്റേ​താ​യ മൂ​ല്യ​മു​ണ്ട്.

ഒ​രു പ​ഴ​യ സു​ഹൃ​ത്ത് ഈ ​നി​മി​ഷം ഓ​ർ​മ​യി​ലെ​ത്തു​ന്നു. ച​ങ്ങാ​ത്തം കൂ​ടാ​ൻ ഏ​റെ താ​ല്പ​ര്യ​മു​ള്ളൊ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ രീ​തി കൗ​തു​ക​മു​ള​വാ​ക്കു​ന്ന​താ​യി​രു​ന്നു; ഒ​രാ​ളു​ടെ കൂ​ടെ കു​റ​ച്ചു​നാ​ൾ ച​ങ്ങാ​ത്തം കൂ​ടും, അ​ടു​ത്ത​യാ​ളി​ൽ നി​ന്ന് എ​ന്തെ​ങ്കി​ലും മെ​ച്ച​മു​ണ്ടെ​ന്ന് ക​ണ്ടാ​ൽ ആ​ദ്യ​ത്തെ​യാ​ളെ പാ​ടേ ഉ​പേ​ക്ഷി​ക്കും. സ്വ​ന്തം നേ​ട്ട​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് സൗ​ഹൃ​ദ​ത്തി​ന്റെ മാ​ന​ദ​ണ്ഡം.

ചെ​റു​പ്പ​ത്തി​ൽ ഇ​ത്ത​ര​മൊ​രു അ​വ​ഗ​ണ​ന നേ​രി​ടേ​ണ്ടി വ​ന്ന​പ്പോ​ൾ എ​നി​ക്ക് വ​ലി​യ പ്ര​യാ​സം തോ​ന്നി. പൊ​ടു​ന്ന​നെ ഒ​രാ​ൾ ന​മ്മെ തി​രി​ഞ്ഞു​നോ​ക്കാ​തെ​യാ​കു​മ്പോ​ൾ ആ ​പി​ഞ്ചു​മ​ന​സ്സി​നു​ണ്ടാ​കു​ന്ന വേ​ദ​ന ചെ​റു​ത​ല്ല. അ​ന്ന് ഞാ​ൻ അ​യാ​ളെ തി​രി​കെ വി​ളി​ക്കാ​നൊ​ക്കെ ശ്ര​മി​ച്ചു. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​തി​ന്റെ പൊ​രു​ൾ എ​നി​ക്ക് മ​ന​സ്സി​ലാ​യ​ത്. ഇ​ന്ന് തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ അ​ത്ത​രം സൗ​ഹൃ​ദ​ങ്ങ​ൾ വ​ന്നു​പോ​കു​ന്ന​തി​ൽ എ​നി​ക്ക് തീ​ർ​ത്തും വി​ഷ​മ​മി​ല്ല. ജീ​വി​ത​യാ​ത്ര​യി​ൽ പ​ല​രും വ​രു​ന്നു, പ​ല​രും പ​ല വ​ഴി​ക​ളി​ൽ പി​രി​ഞ്ഞു​പോ​കു​ന്നു. നാം ​ന​മ്മു​ടെ പാ​ത​യി​ലൂ​ടെ മു​ന്നോ​ട്ട് പോ​കു​ന്നു.

ഇ​നി മ​റ്റൊ​രു സു​ഹൃ​ത്ത്; എ​ന്റെ സ​ഹ​പാ​ഠി​യാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന അ​ദ്ദേ​ഹം സ​മ​യം കി​ട്ടു​മ്പോ​ഴെ​ല്ലാം എ​ന്നെ വി​ളി​ക്കു​ക​യും നാ​ട്ടി​ൽ വ​രു​മ്പോ​ഴെ​ല്ലാം വീ​ട്ടി​ൽ എ​ത്തു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഒ​രി​ക്ക​ൽ പോ​ലും എ​നി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. എ​ന്റെ സ്ഥാ​ന​മാ​ന​ങ്ങ​ൾ നോ​ക്കി​യ​ല്ല അ​ദ്ദേ​ഹം എ​ന്നെ സ്നേ​ഹി​ച്ച​ത്. കാ​ര​ണം, കൂ​ടെ പ​ഠി​ച്ച എ​ല്ലാ​വ​രോ​ടും അ​ദ്ദേ​ഹം ഇ​തേ സ്നേ​ഹ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. എ​ന്റെ ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ങ്ങ​ളി​ലും ചെ​റി​യ ദുഃ​ഖ​ങ്ങ​ളി​ലു​മെ​ല്ലാം അ​ദ്ദേ​ഹം എ​പ്പോ​ഴും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഒ​രി​ക്ക​ൽ ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ച്ചു: ‘‘നീ ​എ​പ്പോ​ഴും എ​നി​ക്ക് സ​മ്മാ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്നു, പ​ക്ഷേ തി​രി​ച്ച് ഒ​ന്നും ചെ​യ്യാ​ൻ എ​നി​ക്ക് ക​ഴി​യു​ന്നി​ല്ല​ല്ലോ.’’ സാ​ധാ​ര​ണ​ഗ​തി​യി​ൽ ‘‘അ​വ​സ​രം വ​രു​മ്പോ​ൾ ചോ​ദി​ക്കാം’’ എ​ന്നാ​കും നാം ​പ്ര​തീ​ക്ഷി​ക്കു​ന്ന മ​റു​പ​ടി. എ​ന്നാ​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി:

‘‘ഞാ​ൻ ഒ​ന്നും തി​രി​ച്ചു പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. നി​ങ്ങ​ൾ ഇ​ത്ര​യും ഉ​യ​ർ​ന്ന സ്ഥാ​ന​ത്ത് എ​ത്തി​യ​ത് കാ​ണു​ന്ന​ത് ത​ന്നെ എ​നി​ക്ക് അ​ഭി​മാ​ന​മാ​ണ്. എ​ന്നെ​ങ്കി​ലും എ​ന്റെ വീ​ട്ടി​ലേ​ക്ക് ഒ​ന്ന് വ​ര​ണ​മെ​ന്ന ഒ​രൊ​റ്റ ആ​ഗ്ര​ഹ​മേ എ​നി​ക്കു​ള്ളൂ.’’

അ​ടു​ത്തി​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ ഞാ​ൻ ഒ​രു പു​ത്ത​ൻ​മു​ണ്ട് അ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​നി​ച്ചു. അ​ത് വാ​ങ്ങി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ മു​ഖ​ത്തു​ണ്ടാ​യ ആ​ഹ്ലാ​ദ​വും നി​ർ​വൃ​തി​യും വി​വ​രി​ക്കാ​നാ​വി​ല്ല. പി​ന്നീ​ട് പ​ല​രോ​ടും അ​ദ്ദേ​ഹം ആ​വേ​ശ​ത്തോ​ടെ ആ ​സ​മ്മാ​ന​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യു​ണ്ടാ​യി.

ഇ​ങ്ങ​നെ​യു​ള്ള കൂ​ട്ടു​കാ​ർ ജീ​വി​ത​ത്തി​ലെ യ​ഥാ​ർ​ത്ഥ ര​ത്ന​ങ്ങ​ളാ​ണ്. ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പാ​ദ്യ​വും അ​വ​ർ ത​ന്നെ. ജീ​വി​ത​ത്തി​ന് അ​ർ​ഥ​മു​ണ്ടാ​ക്കു​ന്ന​ത് ഇ​ത്ത​രം മ​നു​ഷ്യ​രാ​ണ്. ചു​റ്റു​പാ​ടു​മു​ള്ള​വ​രോ​ട് നി​ഷ്ക​ള​ങ്ക​മാ​യി ഇ​ട​പ​ഴ​കു​ക​യും പ്ര​തി​ഫ​ലം കാം​ക്ഷി​ക്കാ​തെ സ്നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​വ​ർ ജീ​വി​ത​ത്തി​ലെ വ​ലി​യ വെ​ളി​ച്ച​മാ​ണ്.

ഈ ​ര​ണ്ട് രീ​തി​യി​ലു​ള്ള സൗ​ഹൃ​ദ​ങ്ങ​ളും ന​മ്മു​ടെ​യെ​ല്ലാം ജീ​വി​ത​ത്തി​ലു​ണ്ടാ​കാം. ഇ​തി​ൽ ആ​ദ്യ​ത്തെ കൂ​ട്ട​ർ സു​ല​ഭ​മാ​ണ്; നാം ​ഉ​ന്ന​തി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ കൂ​ടെ​യു​ണ്ടാ​കു​മെ​ങ്കി​ലും ഒ​രു ബു​ദ്ധി​മു​ട്ട് വ​ന്നാ​ൽ അ​വ​ർ അ​പ്ര​ത്യ​ക്ഷ​രാ​കും. എ​ന്നാ​ൽ ര​ണ്ടാ​മ​ത്തെ കൂ​ട്ട​ർ അ​ങ്ങ​നെ​യ​ല്ല, ജീ​വി​ത​ത്തി​ന്റെ ഏ​ത് വി​ഷ​മ​ഘ​ട്ട​ത്തി​ലും അ​വ​ർ ന​മു​ക്കൊ​പ്പം കാ​ണും. അ​ത്ത​രം ശ്രേ​ഷ്ഠ​മാ​യ സൗ​ഹൃ​ദ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ക എ​ന്ന​തും മ​റ്റൊ​രാ​ൾ​ക്ക് അ​ത്ത​ര​മൊ​രു സു​ഹൃ​ത്താ​യി​രി​ക്കു​ക എ​ന്ന​തു​മാ​ണ് ജീ​വി​ത​ത്തി​ലെ വ​ലി​യ നേ​ട്ടം.

പ്ര​ശ​സ്ത ആം​ഗ​ലേ​യ നോ​വ​ലി​സ്റ്റ് റോ​ബ​ർ​ട്ട് ലൂ​യി സ്റ്റീ​വ​ൻ​സ​ന്റെ വാ​ക്കു​ക​ൾ ഇ​വി​ടെ ഏ​റെ പ്ര​സ​ക്ത​മാ​ണ്:

‘‘നി​ങ്ങ​ൾ നി​ങ്ങ​ൾ​ക്കുത​ന്നെ ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മാ​ണ് ഒ​രു സു​ഹൃ​ത്ത്.’’

Tags:    
News Summary - The colors of friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.