നരേന്ദ്ര മോദി, ഗുലാംനബി ആസാദ്

മോദിയുടെ പൂങ്കണ്ണീരാണ് കടന്നുപോയ ദിവസങ്ങളിലെ സ്തോഭജനകമായ പ്രധാന സംഭവം. രാജ്യസഭയുടെ പടിയിറങ്ങുന്ന കോൺഗ്രസുകാരനായ പ്രതിപക്ഷ നേതാവിലെ മനുഷ്യസ്നേഹിയും ദേശസ്നേഹിയുമായ പച്ചമനുഷ്യനോടുള്ള ആദരവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണിലൂെട തുളുമ്പിയൊഴുകി. കാണികൾ വികാരാധീനരാവുക

യോ സ്തംഭിച്ചുപോവുകയോ ഉണ്ടായി. ഗുലാംനബി ആസാദ് കരച്ചിലടക്കാൻ പാടുപെട്ടു. മനുഷ്യപ്പറ്റുള്ള മോദിയെ അടുത്തുചെന്ന്​ കാണണമെന്നു തോന്നിപ്പോയ സി.പി.ഐ നേതാവ് ബിനോയ് വിശ്വം അടക്കം മോദിയുടെ കണ്ണീരിനു മുന്നിൽ ഇതികർത്തവ്യതാ മൂഢരായി നിന്നുപോയി, ജനസാമാന്യം. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തി ഡൽഹിയിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസം ഭൂമി നടുങ്ങിയതുപോലും ഇതിെൻറ തുടർച്ചയാണെന്ന സംശയം വാഴ്ത്തുപാട്ടുകാർക്കുണ്ട്. അതേതായാലും ഭരണ, പ്രതിപക്ഷ ബന്ധത്തിെൻറ ഉദാത്ത മാതൃകയാണ് ആസാദിെൻറ യാത്രയയപ്പു വേളയിൽ രാജ്യസഭയിൽ പിറവിയെടുത്തതത്രേ.

കരയാനുള്ള കഴിവ് പച്ചമനുഷ്യന്മാർക്ക് കിട്ടുന്ന വരദാനമാണ്. കണ്ണീരിന് സാമൂഹിക ബന്ധങ്ങളിൽ ആർദ്രമായ സ്ഥാനമുണ്ട്. അത് മനസ്സിലാക്കുന്ന ചിലർ അനവസരത്തിലും ആനുപാതികമല്ലാതെയും പൊതുജന മധ്യത്തിൽ പൊട്ടിക്കരയാറുണ്ട്. രാഷ്​ട്രീയത്തിലെ പൊട്ടിക്കരച്ചിലും കെട്ടിപ്പിടിത്തവുമൊ​െക്ക നമ്പറും അടവുമായി കാണികൾക്ക് പലപ്പോഴും അനുഭവപ്പെടുന്നത് അതുകൊണ്ടാണ്. മുതലക്കണ്ണീർ എന്നൊരു പ്രയോഗംതന്നെ അങ്ങനെയാണ് പ്രചാരം നേടിയത്. പ്രതിപക്ഷ നേതാവ് സഭയിൽനിന്ന് കടന്നുപോകുേമ്പാൾ പ്രധാനമന്ത്രി വിങ്ങിപ്പൊട്ടുന്നു. വികാരത്തള്ളൽമൂലം പുറത്തുവരാനാകാത്ത വാക്കുകൾ കണ്ഠനാളത്തിൽ കിടന്നു ശ്വാസംമുട്ടുന്നു. ശ്വാസതടസ്സം നീക്കാൻ വെള്ളം കുടിക്കേണ്ടിവരുന്നു. വികാരങ്ങൾക്കുമേൽ കാര്യശേഷിക്ക് മുൻഗണനയുള്ള കാലത്താണ് നാം. എങ്കിലും ഇത്തരം വൈകാരിക പ്രകടനങ്ങൾക്ക് ആത്മാർഥതയുമായുള്ള ബന്ധം എത്രത്തോളമെന്ന് അന്നേരമോർക്കാൻ ദോഷൈകദൃക്കുകൾക്കും കഴിഞ്ഞെന്നുവരില്ല. എന്നിരുന്നാലും ഒരു ഫ്ലാഷ് ബാക്ക് പോലെ പിന്നീട് ഓർത്തെടുക്കാവുന്നതേയുള്ളൂ.

വീടും കുടുംബവും ഉപേക്ഷിച്ച് രാജ്യത്തിനു വേണ്ടി ജീവിക്കുന്ന സർവസംഗ പരിത്യാഗിയെന്ന നിലയിലാണ് അടുത്തകാലത്തായി പ്രധാനമന്ത്രിയുടെ തൂവെള്ള താടി നീണ്ടുവളരുന്നത്. അതുപോലെത്തന്നെ, 56 ഇഞ്ച് നെഞ്ചളവുള്ള അതിശക്തനായും വൈകാരിക മുഹൂർത്തങ്ങളിൽ ഇടനെഞ്ചു പൊട്ടുന്ന പച്ചമനുഷ്യനായും അവസരോചിതം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം സമൂഹമധ്യത്തിൽ അവതരിപ്പിച്ചുപോരുന്നുണ്ട്. അമ്മയെക്കുറിച്ച് ഓർക്കുേമ്പാഴും ഭരണഘടനാ പുസ്തകം കാണുേമ്പാഴും ഗുരുവായ എൽ.കെ. അദ്വാനിയെക്കുറിച്ച് പറയുേമ്പാഴും ഗുലാംനബിയെ യാത്രയാക്കുേമ്പാഴും വികാരം അടക്കാനാവാതെ വിങ്ങിപ്പൊട്ടുന്നു. അതിനൊരു മറുവശംകൂടിയുണ്ടെന്നു മാത്രം. അമ്മയോടുള്ള വികാരം, ജീവിത സഖിയാക്കിയ ശേഷം ഇക്കാലമത്രയും ഏകാകിനിയായി കഴിയുന്നവളോടില്ല. ഭരണഘടനാ പുസ്തകത്തോടുള്ള ആദരം, അതിനുള്ളിലെ വ്യവസ്ഥകളോടില്ല. അദ്വാനിയോടുള്ള അമിതാദരത്തിനൊപ്പം നടന്നത്, പുറന്തള്ളലാണ്. അഥവാ അമ്മയെ പരസ്യമായി ചേർത്തുപിടിച്ച്, മറ്റൊന്ന് മറച്ചുപിടിക്കുന്നു. പുസ്തകം തൊട്ടുവന്ദിച്ച്, അതിലെഴുതിയത് അടിമുടി പൊളിക്കുന്നു. പാർലമെൻറ് മന്ദിരത്തിെൻറ പടിക്കൽ നമസ്കരിച്ച്, പാർലമെൻററി ജനാധിപത്യം അവമതിക്കുന്നു. ഗുരുവിനെ ചേർത്തുപിടിച്ചെന്നു വരുത്തി, പാർട്ടിയിലെ എതിരാളികളെ മൊത്തമായി മൂലക്കാക്കുന്നു.

എന്നതുപോലെ ഗുലാംനബിയെ ആദരിച്ചതോ, കോൺഗ്രസിനെ ഒന്നു ചവിട്ടാൻകൂടിയാണ്. ഒരു വെടിക്ക് പല പക്ഷിയെന്നപോലെ, ആസാദിനൊപ്പം കശ്മീരികളെയും ഗുജറാത്തികളെയും കൈയിലെടുക്കാൻകൂടിയാണെന്നും കൂട്ടിച്ചേർക്കാം. അതാണ് പൂങ്കണ്ണീരിെൻറ രാഷ്​ട്രീയം. കശ്മീരിൽ ഭീകരരുടെ ചെയ്തിയിൽ ഗുജറാത്തികളായ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടപ്പോൾ ആസാദ് കാണിച്ച ആത്മാർഥതയാണ് മോദിയുടെ മനസ്സ്​ തൊട്ടത്. ആത്മാർഥ പ്രവർത്തനത്തിന് ആസാദും, അഭിനന്ദനത്തിന് മോദിയും കൈയടി അർഹിക്കുന്നുണ്ട്. അതിനപ്പുറമാണ് അഭിനന്ദനത്തിലെ ഉള്ളിലിരിപ്പ്. മോദി പറഞ്ഞു: പ്രതിപക്ഷ നേതാവിെൻറ കസേരയിൽ ഇനി വരുന്നത് ആരായാലും ആസാദിന് പകരമാവില്ല. രാജ്യസഭയിൽനിന്ന് പോയാലും വിരമിച്ച മട്ടിൽ കഴിയാൻ ആസാദിനെ അനുവദിക്കില്ല. ത​െൻറ വാതിലുകൾ തുറന്നുകിടക്കുന്നു. അദ്ദേഹത്തിെൻറ ഉപദേശവും അഭിപ്രായവുമൊ​െക്ക തനിക്ക് ഇനിയും ആവശ്യമുണ്ട്. അവിടെയാണ് കണ്ണീർ തൂവിയ മനസ്സ്​ രാഷ്​ട്രീയ ലാക്കോടെ കണ്ണിറുക്കുന്നത് നാം കാണുന്നത്. കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതി വിമതഗണത്തിലായ നേതാക്കളിലൊരാളാണ് ഗുലാംനബി. നരസിംഹ റാവുവും പ്രണബ് മുഖർജിയുമെന്നപോലെ നെഹ്​റുകുടുംബത്തിന് അനഭിമതനായി ഗുലാംനബിയെ വീണ്ടും രാജ്യസഭ സീറ്റ് നൽകാതെ കോൺഗ്രസ് ഒതുക്കുന്നെങ്കിൽ, ഇവിടെ ബി.ജെ.പിയും താനുമുണ്ട്, ആസാദിന് തീരുമാനിക്കാമെന്ന് വ്യംഗ്യം. ജമ്മു-കശ്മീരിെൻറ കാര്യത്തിൽ അടക്കം, സർക്കാറിെൻറ നിർണായകമായ ഒരു തീരുമാനത്തിലും പ്രതിപക്ഷ നേതാവിനോട് ഒരഭിപ്രായം ചോദിക്കണമെന്ന് തോന്നാതിരുന്ന മോദിയാണ്, അദ്ദേഹം വിരമിക്കുേമ്പാൾ ഉപദേശനിർദേശം കാത്തിരിക്കുന്നുവെന്ന് പറയുന്നത്. ഈ വൈരുധ്യമൊക്കെത്തന്നെയാണ് കണ്ണീരിനിപ്പുറത്തെ കാപട്യം പുറത്തു കൊണ്ടുവരുന്നത്.

ജമ്മു-കശ്മീരിൽനിന്നുള്ള ഒരു ജനപ്രതിനിധിക്ക് വിടവാങ്ങൽ പ്രസംഗത്തിൽ പറയാനുള്ളത് പറയാതെ വായടപ്പിക്കാനും മോദിക്കു സാധിച്ചു. മോദിയുടെ വാക്കുകളിൽ രോമാഞ്ച പുളകിതനായിപ്പോയ ഗുലാംനബിയും മറുപടി പ്രസംഗത്തിനിടയിൽ പലവട്ടം കണ്ണീർ തുടച്ചു. പറയേണ്ടതോ, പറയാമായിരുന്നതോ ഒക്കെയും വിഴുങ്ങി. ബി.ജെ.പിക്കാർക്ക് ഇഷ്​ടപ്പെടുന്ന വിധം, മോദി തന്നിൽ കണ്ടെത്തിയ ദേശസ്നേഹത്തിെൻറ ബാക്കി പൂരിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു അദ്ദേഹത്തിന്. പാകിസ്താൻ ഇനിയും സന്ദർശിക്കാത്തത് ഭാഗ്യമായി കരുതുന്നുവെന്നും ഹിന്ദുസ്ഥാനി മുസ്​ലിമെന്ന നിലയിൽ അഭിമാനിക്കുന്നുവെന്നും മറ്റുമാണ് അദ്ദേഹത്തിന് പറയാൻ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ഏക മുസ്​ലിംഭൂരിപക്ഷ സംസ്ഥാനമായിരുന്ന ജമ്മു-കശ്മീർ; അതിനു ഭരണഘടനപ്രകാരം നൽകിപ്പോന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വെട്ടിമുറിച്ചത് മോദിസർക്കാറാണ്. സഞ്ചാര സ്വാതന്ത്ര്യവും സമ്പർക്ക അവകാശവുമടക്കം പരിമിതപ്പെട്ട് സൈനിക ബൂട്ടുകൾക്കിടയിൽ ഞെരിഞ്ഞുകിടക്കുന്ന ജനത. ഇന്ത്യയുടെ മറ്റെല്ലായിടത്തും ബാധകമായ നിയമങ്ങൾ ജമ്മു-കശ്മീരിലും നടപ്പാക്കിയെന്ന് സർക്കാർ അഭിമാനിക്കുേമ്പാൾ, മറ്റെല്ലായിടത്തും ലഭ്യമായ അവകാശങ്ങൾ കശ്മീർ ജനതക്ക് ലഭിക്കുന്നുണ്ടോ? ജനപ്രതിനിധികൾക്ക് രാഷ്​ട്രീയ പ്രവർത്തനത്തിന് തുല്യാവകാശമുണ്ടോ? അവരെ കരുതൽതടങ്കലിലാക്കുകയും നിയമസഭതന്നെ ഇല്ലാതാക്കുകയും ചെയ്തിട്ട്, കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ സർക്കാർ എന്തു നേടി? പൗരാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ട കാലം. കശ്മീരിൽ മാത്രമല്ല, ഇന്ത്യയിലെത്തന്നെയും ന്യൂനപക്ഷങ്ങൾ രണ്ടാംതരം പൗരന്മാരായി കഴിയുന്ന കാലം. ശീഘ്രം പായുന്ന ത​െൻറ കാറിനടിയിൽ പെട്ട പട്ടിക്കുട്ടിയോടെന്ന വികാരം ദുർബലരോട് ഭരണാധികാരികളും കോർപറേറ്റ് ഭീമന്മാരും കൊണ്ടുനടക്കുന്ന കാലം. കശ്മീരിെൻറയും കർഷക​െൻറയും കണ്ണീരിന് എന്തുവില? സമരവും സ്വാതന്ത്ര്യവും അവകാശവും ഒരേപോലെ അടിച്ചമർത്തപ്പെടുന്ന കാലം. അധികാരത്തിെൻറ സൗകര്യം ദുരുപയോഗിച്ച് രാഷ്്ട്രീയ പാർട്ടികളെ പൊളിച്ചടുക്കുകയും പ്രതിയോഗികളെ വേട്ടയാടുകയും ചെയ്യുന്ന കാലം. അതേക്കുറിച്ചൊന്നും ഒരക്ഷരം വിരമിക്കുന്ന പ്രതിപക്ഷ നേതാവിെൻറ നാവിൽനിന്ന് ഉതിർന്നില്ല.

ഗുലാംനബി ഇനിയെങ്ങാൻ ബി.ജെ.പിയിലേക്ക് പോവുകയാണോ എന്ന ഊഹം സ്വാഭാവികമായും ഉയർന്നു. മഹ്ബൂബ മുഫ്തിക്ക് ബി.ജെ.പിയുമായി ചേരാമെങ്കിൽ, കോൺഗ്രസിലെ വിമതനായി മാറിയ ഗുലാംനബിക്ക് എന്തുകൊണ്ട് പറ്റില്ല? താൻ ബി.ജെ.പിയിലേക്കോ? ബി.ജെ.പിയിലേക്ക് എന്നല്ല മറ്റേതെങ്കിലും പാർട്ടിയിലേക്ക് താൻ പോകണമെങ്കിൽ കശ്മീരിൽ കരിമഞ്ഞ് പെയ്യണമെന്നാണ് ഗുലാംനബി ഉറച്ചുപറയുന്നത്. രാഷ്​ട്രീയത്തിലെ ഈ സായാഹ്നകാലത്ത് അത്തരം ഒരങ്കത്തിന് ബാല്യമില്ലതന്നെ. ബി.ജെ.പിക്കാരനായി കശ്മീരിലേക്ക് ചെന്നാൽ കല്ലേറു പ്രതീക്ഷിക്കണമെന്നത് വേറെ കാര്യം. ഏതിനും, സ്വത്വം കളഞ്ഞുകുളിക്കാൻ ഗുലാംനബിക്ക് കഴിഞ്ഞെന്നുവരില്ല. മോദിക്കു മുന്നിൽ മറന്നുപോയ ചോദ്യങ്ങൾ ഇനിയുള്ള കാലം അദ്ദേഹം സഭക്കു പുറത്തെങ്കിലും ചോദിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. കിരീടം പോയെങ്കിലും, പഴയ പ്രതിപക്ഷ നേതാവിെൻറ അഭിപ്രായ നിർദേശങ്ങൾക്ക് മോദിയേക്കാൾ രാജ്യം ചെവിയോർക്കുന്നുണ്ടാകണം. ശബ്​ദം കേൾക്കാതാവുന്ന ഒരു നാടിെൻറ പ്രതിനിധിക്ക് അധികാര കേന്ദ്രങ്ങൾക്കു മുന്നിൽ ശബ്​ദം ഇല്ലാതാകാമോ?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.