അനക്കമറ്റ കോൺഗ്രസ്

അടുത്ത തോൽവി വരെ കോൺഗ്രസിൽ ഒന്നും സംഭവിക്കുന്നി​െല്ലന്നു തന്നെ കരുതണം. ബിഹാറിൽ കോൺഗ്രസ് തോൽക്കുക മാത്രമായിരുന്നില്ല, മഹാസഖ്യത്തി​െൻറ ഭരണസാധ്യതകളെ തോൽപിക്കുക കൂടിയായിരുന്നു. അതു നടന്നു കഴിഞ്ഞപ്പോൾ, കഷ്​ടിച്ചു കടന്നുകൂടിയ നിതീഷ്കുമാറിനും ബി.ജെ.പിക്കും ആശ്വാസമായി. കോൺഗ്രസിലെ 'വിമതർ'ക്ക് പാർട്ടിയുടെ പോക്കിനെതിരെ ഒന്നുകൂടി ആഞ്ഞടിക്കാൻ അവസരം കിട്ടി. കോൺഗ്രസിനെ ബി.ജെ.പിക്കു ബദലായി ജനം കാണുന്നില്ലെന്ന കാഴ്ചപ്പാട് കപിൽ സിബൽ തുറന്നടിച്ചു. ബിഹാറിനേക്കാൾ, കോൺഗ്രസും ബി.ജെ.പിയും നേർക്കുനേർ മത്സരിക്കുന്ന മധ്യപ്രദേശിലേയും ഗുജറാത്തിലേയുമൊക്കെ ഉപതെരഞ്ഞെടുപ്പുകളിലേറ്റ പരാജയമാണ് ഭയപ്പെടുത്തുന്നതെന്ന് വിമതന്മാരുടെ പട്ടികയിൽ ഇതുവരെയില്ലാത്ത പി. ചിദംബരം പറഞ്ഞു. വിമതന്മാരെ നേരിട്ടുകൊണ്ട് നേതൃത്വത്തോടുള്ള ഭക്തിയും വിധേയത്വവും വീണ്ടുമൊരിക്കൽക്കൂടി പ്രകടിപ്പിക്കാനുള്ള അവസരം സൽമാൻ ഖുർശിദും അധീർരഞ്ജൻ ചൗധരിയും വെറുതെ കളഞ്ഞില്ല. വല്ലാതെ മടുപ്പു തോന്നുന്നവർക്ക് പാർട്ടി വിട്ടുപോകാൻ അവസരമുണ്ടെന്നാണ് ചൗധരി പറഞ്ഞത്. തെരഞ്ഞെടുപ്പിൽ തോറ്റാൽ പ്രതിപക്ഷപാർട്ടിയുടെ പ്രസക്തി നഷ്​ടപ്പെടുന്നത് എങ്ങനെയാണെന്ന സംശയം സൽമാൻ ഖുർശിദ് പങ്കുവെച്ചു.

ഹൈകമാൻഡ് എന്ന നെഹ്​റുകുടുംബം ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ബിഹാർ തെരഞ്ഞെടുപ്പിലെ തോൽവി പാർട്ടി ഔപചാരികമായി ഇനിയും ചർച്ച ചെയ്തിട്ടില്ല. അതിനുവേണ്ടി പ്രവർത്തകസമിതി കൂടിയില്ല. സമീപ ദിവസങ്ങളിൽ അതിനു കഴിയുമോ എന്നും കണ്ടറിയണം. പാർട്ടി അധ്യക്ഷ സോണിയഗാന്ധി ഡൽഹിയിലെ കാലാവസ്ഥ താങ്ങാൻ കഴിയാതെ ഗോവയിലാണ്. ഒപ്പം രാഹുൽ ഗാന്ധിയും പോയി. മുതിർന്ന നേതാക്കളും വിശ്വസ്തരുമായ അഹ്​മദ് പട്ടേൽ, എ.കെ. ആൻറണി എന്നിവർ കോവിഡ് ബാധിച്ച് ആശുപത്രിയിലാണ്. ഇവരെല്ലാവരുടെയും സാന്നിധ്യമില്ലാതെ പ്രവർത്തക സമിതി ചേരാനാവില്ല. കോവിഡ്കാലത്തെ വെർച്വൽ നേതൃയോഗങ്ങൾക്കു തന്നെ ഇപ്പോഴത്തെ പരിതഃസ്ഥിതിയിൽ സാധ്യത കുറവ്. തോൽവിയും നാണക്കേടും ചർച്ചചെയ്യാൻ തിരക്കിട്ട് യോഗം വിളിച്ചിട്ടെന്ത്? തോൽവികൾ ആദ്യത്തേതല്ല. അതു ചർച്ച ചെയ്യുന്ന യോഗങ്ങൾ പലവട്ടം നടന്നിട്ടുണ്ട്. അതേക്കുറിച്ച് പാർട്ടി നേതൃത്വത്തിന് ഒരു കാഴ്ചപ്പാട് ഉണ്ടാകാതെയും തരമില്ല. പ്രതിവിധികളിലേക്ക് കടക്കുന്നില്ല എന്നതാണ് വിഷയം.

കപിൽ സിബലും ഗുലാംനബി ആസാദും അടക്കം 23 പേർ മാസങ്ങൾക്കു മുമ്പ് കത്തെഴുതിയത് അതുകൊണ്ടാണ്. അതൊരു തുറന്ന കത്തായി മാറിയതുവഴി കുത്തുകൊണ്ട നേതൃത്വം, കത്തെഴുത്തു സംഘത്തോടുള്ള രോഷം മറച്ചുവെച്ചില്ല. പ്രവർത്തകസമിതിയിൽ രാഹുൽഗാന്ധി വിമതരോടുള്ള ദേഷ്യം തുറന്നു പ്രകടിപ്പിച്ചതിൽ അത് അവസാനിച്ചതുമില്ല. കത്തെഴുതിയവർ ജി-23 എന്നാണ് ഇേപ്പാൾ പാർട്ടിയിൽ അറിയപ്പെടുന്നത്. ആ ഗ്രൂപ്പിന് വിമതരെന്ന മുദ്ര വീണുകഴിഞ്ഞു. ഒതുക്കലുകൾ നടക്കുകയും ചെയ്യുന്നു. അതിലെ മുതിർന്ന നേതാക്കളുടെ വികാരങ്ങൾക്ക് നേതൃത്വം എത്രകണ്ട് വില കൊടുക്കുന്നു എന്നതാണ് 'നിൽക്കണമെന്നില്ല, പോകണമെങ്കിൽ പോകാം' എന്ന മട്ടിലുള്ള അധീർരഞ്ജൻ ചൗധരിയുടെ വാക്കുകളിൽ പ്രതിഫലിച്ചത്. പറയാൻ വേദികളില്ലെന്ന പ്രഖ്യാപനത്തോടെ ഇംഗ്ലീഷ് പത്രത്തിന് പാർട്ടിയുടെ ദുഃസ്ഥിതിയെക്കുറിച്ച് കപിൽ സിബൽ അഭിമുഖം നൽകിയതും നേതൃത്വത്തിെൻറ വിശ്വസ്ത ഗണത്തിന് പുറത്താണ് ത​െൻറ സ്ഥാനമെന്ന വികാരത്തോടെ തന്നെയാണ്. മറ്റു വിമതർ ഇതിനകം തിരിച്ചറിഞ്ഞിരിക്കുന്നതും മറ്റൊന്നാവില്ല. എങ്കിലും എല്ലാവരെയും ഉൾക്കൊള്ളുന്നു എന്ന സന്ദേശം പുറത്തേക്ക് നൽകേണ്ടത് നേതൃത്വത്തിെൻറ ഉത്തരവാദിത്തവും വിവേകവുമാണ്. കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ച പാർട്ടിയുടെ നയരൂപവത്​കരണ സമിതികളിൽ നാലു വിമതർക്ക് ഇടം നൽകിയതിെൻറ പൊരുൾ അതാണ്.

പക്ഷേ, ശ്രദ്ധിച്ചാൽ ഹൈകമാൻഡി​െൻറ ജാഗ്രത തെളിഞ്ഞുകാണാം. പി. ചിദംബരം അംഗമായ സാമ്പത്തികകാര്യ സമിതിയെ നയിക്കുന്നത് വിശ്വസ്തനായ ജയ്റാം രമേശാണ്. വിദേശകാര്യ നയ സമിതിയിൽ ആനന്ദ് ശർമയോ ശശി തരൂരോ അല്ല, സൽമാൻ ഖുർശിദാണ് കൺവീനർ. ദേശസുരക്ഷയെക്കുറിച്ച സമിതിയിലാകട്ടെ, ഗുലാംനബിയോ വീരപ്പമൊയ്​ലിയോ അല്ല, വിൻസൻറ് പാലയാണ് കൺവീനർ. പഴയ തലമുറയിൽ നിന്ന് പുതിയ തലമുറയിലേക്കുള്ള മാറ്റമായി അതിനെ വ്യാഖ്യാനിക്കാൻ കഴിയില്ല. ഏതായാലും പാർട്ടി ചില ഒരുക്കങ്ങൾ നടത്തുന്നുവെന്ന പ്രതീതി സൃഷ്​ടിക്കാൻ ഇത്തരം ചില നിയമന പ്രഖ്യാപനങ്ങൾക്ക് കഴിയും. പക്ഷേ, പുറത്താകുന്നവർക്കും ഒതുക്കുന്നവർക്കും പകരമെത്തുന്നവർ എന്തു ചെയ്യുന്നു എന്നതും പ്രധാനമാണ്.

ജി-23ക്കാരുടെ കത്തിനെ തുടർന്നാണ് മാസങ്ങൾക്കു മുമ്പ് എ.ഐ.സി.സിയിൽ ചില അഴിച്ചു പണികൾ നടത്തിയത്. അടിമുടി അഴിച്ചുപണിയാണ് വിമതർ ആവശ്യപ്പെട്ടതെങ്കിൽ പുതിയ പ്രസിഡൻറിനെയും, ഒരുവേള പ്രവർത്തക സമിതിയേയും തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങൾക്കായി രാഹുൽഗാന്ധിയുടെ വിശ്വസ്തനായ മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിൽ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി രൂപവത്​കരിച്ചു. അവർ എന്തു ചെയ്തു? പുനഃസംഘടിപ്പിക്കപ്പെട്ട എ.ഐ.സി.സി എന്തു ചെയ്യുന്നു? ഏറെ നിർണായകമായി രാജ്യം കണ്ട ബിഹാർ തെരഞ്ഞെടുപ്പിെൻറ കാര്യത്തിൽ കോൺഗ്രസിെൻറ മുന്നൊരുക്കം എത്രത്തോളം ഉണ്ടായിരുന്നു? സീറ്റു പിടിച്ചു വാങ്ങിയെന്നതു നേര്. പിടിച്ചു വാങ്ങിയ 70ൽ പകുതിയോളം സീറ്റുകളിൽ യഥാർഥത്തിൽ പാർട്ടി മത്സരിക്കേണ്ടതില്ലായിരുന്നുവെന്നാണ് ഇന്ന് മുതിർന്ന നേതാക്കളുടെ തന്നെ കുറ്റസമ്മതം. ബൂത്തിലിരിക്കാൻ പോലും കോൺഗ്രസിന് ആളില്ലായിരുന്നുവെന്ന യാഥാർഥ്യമാണ് സഖ്യകക്ഷികൾ വിളിച്ചു പറയുന്നത്. രാഹുൽ ഗാന്ധിയോ, പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കാൻ സമയമില്ലാത്ത വിധം പ്രധാനമന്ത്രിയേക്കാൾ തിരക്കിലായിരുന്നു. ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന, പണവും സംഘടനസംവിധാനവുമുള്ള ഗുജറാത്തിലും മധ്യപ്രദേശിലും ഉപതെരഞ്ഞെടുപ്പുകളിൽ ദയനീയമായി തോറ്റത് എങ്ങനെയെന്ന ചോദ്യത്തിനും ഉത്തരങ്ങളില്ല.

കഴിഞ്ഞതു പോകട്ടെ എന്നു വെച്ച് ഭാവിയിലേക്കുള്ള ആസൂത്രണത്തിലേക്ക് ചിന്തിച്ചാലോ? പശ്ചിമ ബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ മാസങ്ങൾക്കകം നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്നു. തോൽവി എന്ന പോലെ ഭാവി തെരഞ്ഞെടുപ്പു തന്ത്രങ്ങളും പ്രവർത്തക സമിതി അവലോകനം ചെയ്യുന്നില്ല. ഫലത്തിൽ ദീർഘകാലമായി ഒരു അഡ്ഹോക് സംവിധാനത്തിലാണ് കോൺഗ്രസ് ചലിക്കുന്നത്. അതിനിടയിൽ തെരഞ്ഞെടുപ്പുകൾ വരുന്നു. പാർട്ടിക്ക് ജയമെങ്കിൽ നെഹ്​റു കുടുംബത്തിന് പ്രശംസ. തിരിച്ചടിയാണ് കിട്ടുന്നതെങ്കിൽ കോൺഗ്രസിനെക്കൊണ്ട് ഇനി രക്ഷയില്ലെന്ന നിരാശ അണികളിൽ പടരുന്നു. വിമതരും വിധേയരും ഏറ്റുമുട്ടുന്നതിനിടയിൽ പാർട്ടിയെ മാധ്യമങ്ങളും എഴുതിത്തള്ളുന്നു. സോഷ്യൽ മീഡിയയിൽ ട്രോൾ നിറയുന്നു. പിന്നെ മുറുമുറുപ്പ് കെട്ടടങ്ങുന്നു. അതൃപ്തി ബാക്കിയാവുന്നു. ചിലർ കൂടുവിട്ടു പോകുന്നു. അടുത്ത തോൽവി വരെ ഒന്നും സംഭവിക്കുന്നില്ല. അതുകഴിഞ്ഞാൽ പിന്നെയും വിഴുപ്പലക്കൽ. അത് എത്രനാൾ; ആരാണ് അതിന് ഉത്തരവാദി?

തോൽവിക്ക് പല കാരണങ്ങളാണെങ്കിലും, ചൂണ്ടുവിരൽ നീളുക സ്വാഭാവികമായും രാഹുൽ ഗാന്ധിയിലേക്കാണ്. കോൺഗ്രസ് നേരിടുന്ന തിരിച്ചടികൾക്കും പ്രശ്നങ്ങൾക്കുമെല്ലാം രാഹുൽ മാത്രം ഉത്തരവാദിയാകുന്നതെങ്ങനെ? സംഘടനാപരമായും നയപരമായും പലവിധ ജീർണതകൾ ബാധിച്ച് മോന്തായം ഒടിഞ്ഞു നിൽക്കുന്ന പഴങ്കൊട്ടാരമാണ് കോൺഗ്രസ്. പുതിയ രാഷ്​ട്രീയ യാഥാർഥ്യങ്ങൾക്ക് അനുസൃതമായി കോൺഗ്രസിനെ കണ്ടെടുക്കേണ്ടതുണ്ട്. അതിനുള്ള ഇഛാശക്തിയും നടപടിയുമാണ് വൈകുന്നത്. അതിനു വഴിയൊരുക്കാൻ തങ്ങൾക്ക് കഴിയുന്നില്ലെങ്കിലും, പാർട്ടിയുടെ ഉടമാവകാശം വിട്ടുകൊടുക്കാൻ നെഹ്​റു കുടുംബമോ അവരെ താങ്ങിനിൽക്കുന്നവരോ തയാറല്ല എന്നത് യാഥാർഥ്യം. അതു മാത്രമല്ല യാഥാർഥ്യം. ഈ പഴങ്കൊട്ടാരം ഉടച്ചു വാർക്കാനുള്ള കെൽപും ആർജവവും നെഹ്​റുകുടുംബത്തിനില്ല. എന്നാൽ താക്കോൽകൂട്ടം താഴെ വെക്കുകയുമില്ല. നെഹ്​റുകുടുംബത്തിന് പുറത്തൊരാൾ പ്രസിഡൻറായാൽ കോൺഗ്രസ് ഗ്രൂപ്പു തിരിഞ്ഞ യുദ്ധക്കളമായി മാറുമെന്ന ആശങ്കകളും വെറുതെയല്ല. കെട്ടുപിണഞ്ഞ ഈ യാഥാർഥ്യങ്ങൾക്കിടയിലാണ് പാർട്ടി.

ഈ കുരുക്ക് മുറുക്കുന്നതിൽ ത​േൻറതായ പങ്ക് രാഹുൽ വഹിച്ചുവെന്ന് ചരിത്രം അടയാളപ്പെടുത്തിക്കഴിഞ്ഞു. ആത്മാർഥതയും വിവരവുമുള്ള നേതാവാണ് രാഹുൽ. എന്നാൽ രണ്ടുവട്ടം തോൽവി ഏറ്റുവാങ്ങിയ സ്ഥിതിക്ക്, ഇനിയൊരു ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിസ്ഥാനാർഥിയായി വീണ്ടും രാഹുലിനെ എത്രകണ്ട് അവതരിപ്പിക്കാൻ കഴിയും? പറ്റില്ലെന്ന് വിളിച്ചുപറഞ്ഞത് രാഹുൽതന്നെ. ലോക്സഭ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പാർട്ടിപ്രസിഡൻറ് സ്ഥാനം രാജിവെച്ചതിൽ ആ പ്രഖ്യാപനം കൂടിയുണ്ട്. താൻ മാത്രമല്ല, നെഹ്​റുകുടുംബത്തിൽ നിന്നാരും പാർട്ടിയെ നയിക്കാനില്ലെന്നും പ്രഖ്യാപിച്ചു. ആ പിടിവാശിക്കിടയിൽ ഇടക്കാല പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തു പ്രതിസന്ധി ഇടക്കാലത്തേക്ക് പരിഹരിച്ചത് സോണിയഗാന്ധിയാണ്. അതല്ലാതെ പാർട്ടിയിൽ ഒന്നും സംഭവിച്ചില്ല.

ലോക്സഭ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ട് ഒന്നര വർഷമാകുന്നു. രാഹുൽതന്നെ കോൺഗ്രസിനെ ഇന്നും നയിക്കുന്നു. സോണിയയെ കസേരയിലിരുത്തി രാഹുലിെൻറ താൽപര്യങ്ങളാണ് പാർട്ടി നടപ്പാക്കുന്നത്. രാജി പ്രഖ്യാപിച്ച നേതാവ്, വിമതസംഘത്തിെൻറ കത്തിനു മുന്നിൽ ക്ഷോഭിച്ചു. അവരെ ഒപ്പം കൂട്ടുന്നതിനു പകരം ഒതുക്കി. യഥാർഥത്തിൽ ആ കത്ത് രാഹുലിനും നെഹ്​റുകുടുംബത്തിനും പരിഷ്​കരണങ്ങൾക്കുള്ള അവസരമാകേണ്ടതായിരുന്നു. എന്നാൽ ഉത്തരവാദിത്തം ഒഴിയുകയും ഉടമാവകാശം കൈവശം വെക്കുകയുമാണ് യഥാർഥത്തിൽ രാഹുൽ ചെയ്യുന്നത്. നേതാവ് എന്ന നിലയിലുള്ള ചില മിന്നലാട്ടങ്ങൾക്കപ്പുറം അന്തർമുഖത്വം തന്നെയാണ് രാഹുലിനെ ഭരിക്കുന്നത്. നേതാവിനാണോ പാർട്ടിക്കാണോ പ്രശ്നമെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് അത്.

Tags:    
News Summary - immovable Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.