ആലപ്പുഴ: പുതിയ വാഹനത്തിന്റെ ടയർ തേഞ്ഞതുമായി ബന്ധപ്പെട്ട് ഷോറൂമിൽ പരാതി പറയാനെത്തിയ മുൻ എം.എൽ.എയുടെ മകനെതിരെ പൊലീസ് കേസ്. സി.കെ. സദാശിവന്റെ മകൻ കുപ്പപ്പുറം ചുങ്കപ്പുരയ്ക്കൽ സി.എസ്. പ്രവീണിനെതിരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
ആലപ്പുഴ ആറാട്ടുവഴിയിലെ മഹീന്ദ്ര ഷോറൂമിൽനിന്ന് ആറ് മാസംമുമ്പ് പ്രവീൺ പിക്കപ് വാൻ വാങ്ങിയിരുന്നു. എന്നാൽ, ടയർ വേഗം തേഞ്ഞതോടെ നിരവധി തവണ പരാതിപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. ഫോൺ വിളിക്കുമ്പോൾ ഉടൻ ടയർമാറ്റി നൽകാമെന്ന ഉറപ്പ് മാത്രമാണ് ലഭിച്ചത്. പരാതി നേരിട്ട് അന്വേഷിക്കാനെത്തിയപ്പോൾ പിക്കപ് വാൻ ഷോറൂമിലേക്ക് കൊണ്ടുപോയി.
വാഹനം ഷോറൂമിന് തടസ്സമുണ്ടാക്കുന്നുവെന്ന് കാട്ടി ഷോറും അധികൃതർ പൊലീസിൽ അറിയിച്ചു. തുടർന്ന് വഴിതടസ്സപ്പെടുത്തിയെന്ന വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്. അതേസമയം, താൻ പറയുന്നത് കേൾക്കാൻപോലും തയാറാകാതിരുന്ന പൊലീസ് അപമാനിച്ചുവെന്നും വലിയകുറ്റംചെയ്ത പ്രതികളെപ്പോലെ ജീപ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയെന്നുമാണ് പ്രവീണിന്റെ പരാതി. ഇതിനെതിരെ ജില്ല പൊലീസ് മേധാവി, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകി. എന്നാൽ, പ്രവീണിന്റെ ആരോപണം തെറ്റാണെന്നും ഷോറൂമിന്റെ വഴി മുടക്കിയതിനാലാണ് കേസെടുത്തതെന്നും നോർത്ത് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.