നീറ്റ്: അഖിലേന്ത്യ ക്വോട്ട മെഡിക്കല്‍, ഡെന്‍റല്‍ സീറ്റ് അലോട്ട്മെന്‍റ് നടപടികള്‍ ആഗസ്റ്റ് 22 മുതല്‍

രാജ്യത്തെ ഗവണ്‍മെന്‍റ് മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ അഖിലേന്ത്യ ക്വോട്ടയില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളില്‍ ഇക്കൊല്ലം നീക്കിവെച്ചിട്ടുള്ള 15 ശതമാനം സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ മെഡിക്കല്‍ കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള സീറ്റ് അലോട്ട്മെന്‍റ് നടപടികള്‍ ആഗസ്റ്റ് 22ന് ആരംഭിക്കും. ഇതിനായി തയാറാക്കപ്പെടുന്ന നീറ്റ് -യു.ജി 2016 (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) മെറിറ്റ്/ റാങ്ക് ലിസ്റ്റില്‍നിന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രൂപവത്കരിച്ചിട്ടുള്ള മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയാണ് www.mcc.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ കൗണ്‍സലിങ്ങിനും സീറ്റ് അലോട്ട്മെന്‍റ് നടപടികള്‍ക്കും സൗകര്യമൊരുക്കുക.
ഓള്‍ ഇന്ത്യ ക്വോട്ട സീറ്റുകളിലേക്ക് യോഗ്യത നേടിയിട്ടുള്ളവരുടെ റാങ്ക് ലെറ്റര്‍, റിസള്‍ട്ട് www.cbseneet.nic.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം. ഇങ്ങനെ യോഗ്യത നേടിയിട്ടുള്ളവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ മെഡിക്കല്‍ കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ.
2016 ആഗസ്റ്റ് 22 മുതല്‍ 25 വൈകീട്ട് അഞ്ചുമണിവരെ കൗണ്‍സലിങ് രജിസ്ട്രേഷന്‍, ചോയ്സ് ഫില്ലിങ് മുതലായ കാര്യങ്ങള്‍ www.mcc.nic.in എന്ന വെബ്സൈറ്റിലൂടെ നടത്താവുന്നതാണ്. അര്‍ഹമായ ചോയ്സ് ലോക്ക് ചെയ്യുന്നതിന് ആഗസ്റ്റ് 26 വൈകീട്ട് അഞ്ചുമണിവരെ സമയം ലഭിക്കും. ആദ്യ റൗണ്ട് സീറ്റ് അലോട്ട്മെന്‍റ് ആഗസ്റ്റ് 27ന് നടക്കും. ആദ്യ റൗണ്ട് സീറ്റ് അലോട്ട്മെന്‍റ് വിവരങ്ങള്‍ ആഗസ്റ്റ് 28ന് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. സീറ്റ് അലോട്ട് ചെയ്ത് കിട്ടിയവര്‍ ആഗസ്റ്റ് 29നും സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് അഞ്ചുമണിക്കും മുമ്പ് ബന്ധപ്പെട്ട മെഡിക്കല്‍, ഡെന്‍റല്‍ കോളജില്‍ അഡ്മിഷനായി അസല്‍ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യണം. നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും.
രണ്ടാം റൗണ്ട് ചോയ്സ് ഫില്ലിങ്, ലോക്കിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സെപ്റ്റംബര്‍ 9, 10 തീയതികളില്‍ നടത്താം.  രണ്ടാം റൗണ്ട് സീറ്റ് അലോട്ട്മെന്‍റ് സെപ്റ്റംബര്‍ 11ന് നടത്തി സെപ്റ്റംബര്‍ 12ന് വിവരം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. സീറ്റ് അലോട്ട് ചെയ്ത് കിട്ടിയ മെഡിക്കല്‍, ഡെന്‍റല്‍ കോളജില്‍ സെപ്റ്റംബര്‍ 13നും 20നും ഇടയില്‍ അഡ്മിഷനായി  റിപ്പോര്‍ട്ട് ചെയ്യണം.
രണ്ടാം റൗണ്ട് സീറ്റ് അലോട്ട്മെന്‍റിനുശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ കണ്ടത്തെി സെപ്റ്റംബര്‍ 20നു ശേഷം സ്റ്റേറ്റ് ക്വോട്ടയിലേക്ക് അന്തിമമായി മാറ്റുന്നതാണ്.
ഓണ്‍ലൈന്‍ മെഡിക്കല്‍ കൗണ്‍സലിങ്ങിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, ചോയ്സ് ഫില്ലിങ് എന്നിവ ഇന്‍റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറില്‍നിന്ന് നിര്‍വഹിക്കാവുന്നതാണ്. ഇതിനായുള്ള വെബ്പോര്‍ട്ടല്‍ www.mcc.nic.in താമസിയാതെ സജ്ജമാകും. കൗണ്‍സലിങ് ഷെഡ്യൂളും നിര്‍ദേശങ്ങളും, പങ്കാളികളാകുന്ന മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളും അപ്ഡേഷനുകളുമെല്ലാം യഥാസമയം അറിയുന്നതിന് ഈ വെബ്പോര്‍ട്ടല്‍ നിരന്തരം വീക്ഷിക്കേണ്ടതാണ്.
ആന്ധ്രപ്രദേശ്, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളിലുള്ളവര്‍ 15 ശതമാനം ഓള്‍ ഇന്ത്യ ക്വോട്ട സീറ്റിലേക്കുള്ള കൗണ്‍സലിങ്ങില്‍ പങ്കെടുക്കുന്നതിന് അര്‍ഹരല്ല.
ഓണ്‍ലൈന്‍ കൗണ്‍സലിങ് രജിസ്ട്രേഷനായി വിനിയോഗിച്ച പാസ്വേഡ് അഡ്മിഷന്‍ നടപടികള്‍ പൂര്‍ണമാവുന്നതുവരെ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.  ഓണ്‍ലൈന്‍ അലോട്ട്മെന്‍റ് നടപടികളില്‍ പങ്കെടുക്കുന്നതിന് പാസ്വേഡ് വളരെ പ്രധാനമാണ്. 
സീറ്റ് അലോട്ട്മെന്‍റ് ലഭിച്ച കോളജില്‍ ചേരുമ്പോള്‍ സി.ബി.എസ്.ഇയുടെ NEET അഡ്മിറ്റ് കാര്‍ഡ്, റിസള്‍ട്ട്, റാങ്ക് ലെറ്റര്‍, ജനനത്തീയതി തെളിയിക്കുന്ന രേഖ, 10 -12 ക്ളാസ് സര്‍ട്ടിഫിക്കറ്റുകള്‍ എട്ട് പാസ്പോര്‍ട്ട് വലുപ്പമുള്ള ഫോട്ടോകള്‍, ഓണ്‍ലൈനില്‍ ജനറേറ്റ് ചെയ്ത് കിട്ടുന്ന പ്രൊവിഷനല്‍ അലോട്ട്മെന്‍റ് ലെറ്റര്‍, ഐഡന്‍റിറ്റി പ്രൂഫ്, എസ്.സി, എസ്.ടി, ഒ.ബി.സി, ഒ.പി.എച്ച് വിഭാഗങ്ങളില്‍പെടുന്നവര്‍ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടിവരും. ഇവയുടെ ഫോട്ടോ കോപ്പികളും കൈവശം കരുതണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.