കടുപ്പമേറിയ ചോദ്യങ്ങളും വേറിട്ട ശൈലിയും; ‘നീറ്റ്’ വിദ്യാര്‍ഥികളെ കണ്ണീരുകുടിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ പ്രവേശ പരീക്ഷയെഴുതി സ്കോറും കണക്കുകൂട്ടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സുപ്രീംകോടതി വിധിയനുസരിച്ച് നടത്താനിരിക്കുന്ന ‘നീറ്റ്’ പരീക്ഷ കരുതിവെച്ചിരിക്കുന്നത് കടുപ്പമേറിയ ചോദ്യങ്ങളും വേറിട്ട ശൈലിയും.
സംസ്ഥാന പ്രവേശ പരീക്ഷക്ക് അവലംബിക്കുന്നത് ഹയര്‍ സെക്കന്‍ഡറിയിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പാഠപുസ്തകങ്ങളെയാണ്. സിലബസിന്‍െറ പരിധിയില്‍നിന്ന് മാത്രമുള്ള ചോദ്യങ്ങളായതിനാല്‍ എന്‍ട്രന്‍സ് പരിശീലനത്തിനു പോകാത്തവര്‍ക്കുപോലും സംസ്ഥാനതല പരീക്ഷ എഴുതി വിജയം നേടാനാവും.
സംസ്ഥാന, സി.ബി.എസ്.ഇ സിലബസുകളിലുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്നത് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍തന്നെയാണ്. എന്നാല്‍, സി.ബി.എസ്.ഇ നടത്തുന്ന അഖിലേന്ത്യ മെഡിക്കല്‍ പ്രവേശ പരീക്ഷക്കുള്ള സിലബസ് ഇതില്‍നിന്ന് വേറിട്ടതാണ്. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശ പരീക്ഷക്ക് അപേക്ഷിക്കുമ്പോള്‍തന്നെ സിലബസ് പ്രോസ്പെക്ടസിനൊപ്പം നല്‍കുന്നു.
സംസ്ഥാന പരീക്ഷയില്‍ നേരിട്ട് ചോദ്യങ്ങള്‍ വരുമ്പോള്‍ പ്രയാസമേറിയ ചോദ്യങ്ങളാണ് അഖിലേന്ത്യ പ്രവേശ പരീക്ഷയില്‍ ചോദിക്കുക. ഫിസിക്സിലാണ് ഇതേറെയും. കെമിസ്ട്രിയിലും ഇങ്ങനെ ഉണ്ടാവാറുണ്ട്. ബയോളജിയില്‍ സിലബസിലില്ലാത്ത ചോദ്യങ്ങളും ഉണ്ടാവാറുണ്ടെന്ന് പരിശീലകര്‍ പറയുന്നു. സി.ബി.എസ്.ഇ സ്കൂളുകളില്‍ വേറിട്ട പരിശീലന രീതി പിന്തുടരുന്നതിനാല്‍ അവര്‍ക്ക് ഇത് പ്രശ്നമാകാറില്ല. കേരള പ്രവേശ പരീക്ഷയില്‍ ആദ്യ 1000 റാങ്കില്‍ കൂടുതലും സി.ബി.എസ്.ഇ സ്കൂളുകളില്‍ പഠിക്കുന്നവര്‍ വരുന്നത് ഇതുമൂലമാണ്.
കഴിഞ്ഞ വര്‍ഷംവരെ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശ പരീക്ഷ വഴി വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ മേഖലയിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട പ്രവേശമാണ് നടത്തിയിരുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളിലേക്കും സര്‍ക്കാര്‍ പരീക്ഷ വഴിതന്നെയാണ് പ്രവേശം. നീറ്റ് പരീക്ഷക്ക് 180 ചോദ്യങ്ങളും മൂന്നുമണിക്കൂര്‍ സമയവുമാണ്. ഒരു ചോദ്യത്തിന് എടുക്കാവുന്ന പരമാവധി സമയം ഒരു മിനിറ്റാണ്. കേരള മെഡിക്കലില്‍ 120 ചോദ്യങ്ങളുള്ള പേപ്പറുകള്‍ക്ക് ലഭിക്കുന്നത് രണ്ടര മണിക്കൂര്‍ വീതമാണ്. ഓരോ ചോദ്യത്തിനും ഒന്നേകാല്‍ മിനിറ്റ് ലഭിക്കും.
സംസ്ഥാന മെഡിക്കല്‍ പരീക്ഷയുടെ ഉത്തരസൂചിക വ്യാഴാഴ്ചതന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് ലഭിക്കാവുന്ന സ്കോര്‍ സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് മറ്റൊരു പരീക്ഷ എഴുതണമെന്ന സുപ്രീംകോടതി വിധി.
അഖിലേന്ത്യ മെഡിക്കല്‍ പരീക്ഷ, എന്‍ട്രന്‍സ് പരിശീലനത്തിന് പോകാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കും. പ്രത്യേക പരിശീലനം ലഭിക്കാതെ അഖിലേന്ത്യ പരീക്ഷാ വിജയം ഇവര്‍ക്ക് അപ്രാപ്യമാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.