"ചിട്ടയായി പഠിച്ചാല്‍ മാത്രം മതി"

ചിട്ടയായ പഠനത്തിലൂടെയും പരിശീലനത്തിലൂടെയും പി.എസ്.സി പരീക്ഷയില്‍ വിജയിച്ച് സര്‍ക്കാര്‍ ജോലി നേടിയ സ്മിത, ചാത്തമംഗലം വിജയമന്ത്രങ്ങൾ പങ്കുവെക്കുന്നു...

സര്‍ക്കാര്‍ ജോലി കിട്ടാന്‍ രണ്ടു വഴിയുണ്ട്. ഒന്ന് നന്നായി പരിശ്രമിക്കുക. രണ്ട്, വീണ്ടും വീണ്ടും പരിശ്രമിക്കുക. സര്‍ക്കാര്‍ ജോലിയിലെത്താന്‍ കുറുക്കുവഴിയില്ലെന്ന് കോഴിക്കോട് ചാത്തമംഗലം പാതിരിശ്ശേരി ഇല്ലത്തെ പി.വി. ശ്രീകുമാറിന്‍റെ ഭാര്യ സ്മിത പറയുമ്പോള്‍ അര്‍ഥമാക്കുന്നത് ഇതുതന്നെയാണ്. കഴിഞ്ഞ എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയില്‍ കോഴിക്കോട് ജില്ലയില്‍ 31ാം റാങ്കോടെ ചുരുക്കപ്പട്ടികയില്‍ കയറുമ്പോള്‍ ഒരു പിടി സര്‍ക്കാര്‍ ജോലികള്‍ സ്മിതയുടെ കൈപ്പിടിയിലുണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറി ലാബ് അസിസ്റ്റന്‍റ്, കമ്പനി കോര്‍പറേഷന്‍ ലാസ്റ്റ് ഗ്രേഡ്, കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ എന്നീ ലിസ്റ്റുകളില്‍ മുന്‍നിരയിലായിരുന്നു റാങ്ക്. കഴിഞ്ഞ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ ലാബ് അസിസ്റ്റന്‍റായി കിട്ടിയിരുന്നു. അത് ഒഴിവാക്കി.  വി.ഇ.ഒ റാങ്ക് ലിസ്റ്റിലും നിയമനം സ്തംഭിച്ച കാലിക്കറ്റ് യൂനി. അസിസ്റ്റന്‍റ് ഗ്രേഡ് ഷോര്‍ട്ട് ലിസ്റ്റിലും  ഇപ്പോള്‍ ചുരുക്കപ്പട്ടികയിലുണ്ട്. 2015 മാര്‍ച്ചിലാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ക്ലര്‍ക്കായി നിയമനം ലഭിച്ചത്. 

കോളജ് പഠനം പൂര്‍ത്തിയായതോടെ ഒരു ജോലിയായിരുന്നു ലക്ഷ്യം. അതിനാലാണ് മടപ്പിള്ളി ഗവ. കോളജില്‍നിന്ന് കെമിസ്ട്രിയില്‍ ബിരുദമെടുത്തശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സിന് ചേര്‍ന്നത്. തുടര്‍ന്ന്  ലാബ്ടെക്നീഷ്യനായി ജോലി നോക്കി. ജീവിതത്തില്‍ തടസ്സം നേരിട്ടതോടെ വിവാഹത്തിനു ശേഷം അധികം വൈകാതെ ജോലി ഉപേക്ഷിച്ചു. മകന്‍ ഉണ്ടായതോടെ സമയം കിട്ടാതെയായി. മകന്‍ സ്കൂളില്‍ പോയിത്തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ ജോലിയെന്ന ലക്ഷ്യത്തിലേക്ക് എത്തിയത്. ഭര്‍ത്താവ് ശ്രീകുമാര്‍ പഞ്ചായത്ത് വകുപ്പിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ പ്രചോദനവും തുണയായി. മകന്‍ സ്കൂളില്‍ പോകുന്ന സമയമാണ് പകല്‍ കുറച്ച് സമയം കിട്ടുക. ഇതനുസരിച്ചുള്ള പഠനരീതി തയാറാക്കി പി.എസ്.സി പരീക്ഷയെഴുത്തില്‍ സജീവമായി. 

രണ്ടു വര്‍ഷം മുമ്പ് ലാസ്റ്റ്ഗ്രേഡില്‍ റാങ്ക് ലഭിച്ചതോടെയാണ് ആത്മവിശ്വാസം ലഭിച്ചത്. ശ്രമിച്ചാല്‍ കിട്ടുമെന്ന് മനസ്സിലായി. പിന്നെ  സീരിയസായി പഠനം തുടങ്ങി. അതുവരെ കുറച്ച് പഠിച്ച് എഴുതുക എന്നതില്‍ കവിഞ്ഞ് ലക്ഷ്യം ഉണ്ടായിരുന്നില്ല. ആ രീതി മാറ്റി. വീടിനടുത്തുള്ള കോച്ചിങ് ക്ലാസില്‍ ചേര്‍ന്നു. ഉച്ചവരെ മൂന്നു മണിക്കൂര്‍ അവിടെ പോയി പഠിച്ചു. കണക്കിലെ എളുപ്പവഴികള്‍ പഠിച്ചത് അവിടെനിന്നായിരുന്നു. മാതൃകാ പരീക്ഷകള്‍ പരിശീലിക്കാന്‍ പറ്റിയത് സമയത്തെക്കുറിച്ചുള്ള ബോധമുണ്ടാക്കാന്‍ സഹായിച്ചു. വീട്ടില്‍ സമയം കിട്ടുമ്പോഴൊക്കെ പുസ്തകമെടുക്കുമായിരുന്നു. അടുക്കള ജോലിക്കിടയിലും രാത്രിയിലും ഒക്കെ. രാത്രിയില്‍ അല്‍പനേരം കൂടുതല്‍ ഇരുന്നു. മൂന്നോ നാലോ മണിക്കൂര്‍ ദിവസം പഠനത്തിനുവേണ്ടി ചെലവഴിച്ചു. പത്രവും ആനുകാലികങ്ങളും വായിക്കുന്നത് മുടക്കിയില്ല. പരീക്ഷ കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസമുണ്ടായിരുന്നു, കയറിപ്പറ്റുമെന്ന്. തുടരെ പരീക്ഷകള്‍ എഴുതി റാങ്ക്ലിസ്റ്റുകളില്‍ ഇടംപിടിക്കുകയും ചെയ്തു. കാലിക്കറ്റ് യൂനിവേഴ്സിറ്റ് അസിസ്റ്റന്‍റ് ഗ്രേഡ് ഇപ്പോഴുള്ളതില്‍ മെച്ചപ്പെട്ടതാണെങ്കിലും നടപടിക്രമങ്ങള്‍ നിയമക്കുരുക്കിലാണ്.  സര്‍ക്കാര്‍ ജോലി എന്നത്  അല്‍പം മെനക്കെട്ടാല്‍ കിട്ടുന്ന ഒന്നുതന്നെ. ചിട്ടയായ പഠനവും പ്ലാനിങ്ങും വേണം -സ്മിത പറഞ്ഞു.  

വിജയമന്ത്രങ്ങള്‍

  • സര്‍ക്കാര്‍ ജോലിക്ക് എളുപ്പവഴി ഇല്ല. കഠിന പ്രയത്നം തന്നെയാണ് വേണ്ടത്. വായനയാണ് പ്രധാനം. ജനറല്‍ നോളജിലെ അറിവുകള്‍ പുതുക്കണം. അതിന് പത്രവും ആനുകാലികങ്ങളും വായിച്ചിരിക്കുക പ്രധാനം.  അവ എഴുതിവെച്ചാല്‍ നന്ന്. വായനക്ക് തുടര്‍ച്ചയുണ്ടാകണം. ആനുകാലികങ്ങള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്ന തരത്തില്‍ വായിക്കാന്‍ സമയം കണ്ടത്തെണം.  
  • വ്യക്തികളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ  വായിക്കുമ്പോള്‍ പരമാവധി വിവരങ്ങള്‍ വിവിധ പുസ്തകങ്ങളില്‍ നിന്നും ആനുകാലികങ്ങളില്‍നിന്നും ശേഖരിക്കുക. അത് കുറിച്ചുവെക്കുക.  ഇത്തരത്തിലുള്ള ആഴത്തിലെ അറിവുകള്‍ പരതുന്ന ചോദ്യങ്ങള്‍ ഈയിടെ പി.എസ്.സി പരീക്ഷകളില്‍ വരാറുണ്ട്. പുരസ്കാരങ്ങള്‍, തലവന്മാര്‍ എന്നിവ എഴുതിവെച്ചാല്‍ നന്ന്. 
  • പഴയ ചോദ്യപേപ്പറുകള്‍ ചെയ്തു പരിശീലിച്ചിരിക്കണം. ഏതു രീതിയിലാണ് ചോദ്യമത്തെുന്നത് എന്നത് അറിയാനും സ്വയം വിലയിരുത്താനും ഇത് സഹായിക്കും. മാതൃകാ ചോദ്യപേപ്പറുകള്‍ എത്ര കൂടുതല്‍ ചെയ്യുന്നുവോ അത്ര നല്ലത്. സമയക്ലിപ്തത അറിയുക എന്നത് മാത്രമല്ല, എത്ര നെഗറ്റിവ് മാര്‍ക്ക് വരുന്നു എന്നത് അറിയാനും ഉപകരിക്കും. എവിടെയാണ് നാം കണ്‍ഫ്യൂസ്ഡ് ആകുന്നത് എന്നത് തിരിച്ചറിയാനും അത് പരിഹരിക്കാനും  ഇതിലൂടെയാകും.
  • നെഗറ്റിവ് മാര്‍ക്കുകളെ അവഗണിക്കാതിരിക്കുക. പരീക്ഷ വിഷമമുള്ളതായിക്കോട്ടെ. ഊഹത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഉത്തരം കണ്ടത്തെുന്നത് ഒഴിവാക്കുക. നമുക്ക് അറിയാവുന്ന, നൂറുശതമാനം ഉറപ്പുള്ള, ഉത്തരങ്ങള്‍ ആദ്യമെഴുതിപ്പോവുകയും സംശയമുള്ളവ വിട്ടുകളയുകയും ചെയ്യണം. നാല് ഓപ്ഷനുകളില്‍ രണ്ടെണ്ണത്തിലാണ് ആശങ്ക വരുന്നതെങ്കില്‍ കൂടുതല്‍ ശരിയുത്തരമെന്ന് തോന്നുന്നത് പരീക്ഷിക്കാവുന്നതാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഈ പരീക്ഷണം പാടില്ല. ഒന്നോ രണ്ടോ ഇത്തരം ചാന്‍സുകള്‍ അനുവദിക്കാം. നെഗറ്റിവ് സാധ്യത കണ്ടത്തൊന്‍ വീണ്ടും വീണ്ടും ചോദ്യപേപ്പറുകള്‍ ചെയ്തുനോക്കുകയാണ് പോംവഴി.
  • ഇംഗ്ളീഷ് പത്രം വായിക്കുന്നത് നല്ലതാണ്. ഇംഗ്ളീഷ് പുസ്തകങ്ങള്‍ വായിച്ച് ഇംഗ്ളീഷ് ഭാഷയുമായി ബന്ധം നിലനിര്‍ത്തുക. ഗ്രാമര്‍, സ്ഥിരമായി ഉപയോഗിക്കപ്പെടുന്ന പദങ്ങള്‍ എന്നിവ പരിചയപ്പെടുക. ഇംഗ്ളീഷില്‍ പദസമ്പത്തുണ്ടാക്കല്‍ കൂടുതല്‍ മാര്‍ക്ക് നേടാന്‍ ആവശ്യമാണ്.  ഇംഗ്ളീഷ് വാക്കുകളുടെ അര്‍ഥം പരമാവധി ശേഖരിക്കണം. കിട്ടുന്ന ഇംഗ്ളീഷ് വാക്കുകളും അര്‍ഥങ്ങളും  പുസ്തകത്തില്‍ കുറിച്ചുവെക്കുക. പഴയ ചോദ്യപേപ്പറുകള്‍ പരിശോധിച്ച് അതില്‍ ചോദിച്ച  ഇംഗ്ളീഷ് വാക്കുകള്‍ എഴുതിവെക്കാം.  ഇടക്കിടെ ഇത് മറിച്ചുനോക്കുക. 
  • ചരിത്രപഠനം നടത്തുമ്പോള്‍ വര്‍ഷങ്ങള്‍ ഓര്‍ത്തുവെക്കുക പ്രധാനമാണ്. കാണാപാഠം പഠിക്കുന്നതിനേക്കാര്‍ നല്ലത് നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെടുത്തി ഓര്‍ക്കുന്നതാണ്. നാം ജനിച്ച വര്‍ഷം. അച്ഛന്‍ ജനിച്ച വര്‍ഷം, പത്താംക്ലാസ് പാസായ വര്‍ഷം. അനിയന്‍ ജനിച്ച വര്‍ഷം... എന്നിവയുമായി  ചേര്‍ത്ത് ഓര്‍ത്തുവെക്കാം. 
  • മഴവില്ലിന്‍റെ നിറങ്ങള്‍ (വിബ്ജിയോര്‍) ഓര്‍മിക്കുംപോലെ  പരസ്പരബന്ധമുള്ള കോഡുകളാക്കി  കാര്യങ്ങള്‍ ഓര്‍ത്തുവെക്കുക. സംസ്ഥാനങ്ങളുടെ ആദ്യ വാക്കുകള്‍ ക്രമപ്പെടുത്തിയ കോഡ്, രാസഘടകങ്ങളുടെ, വിറ്റമിനുകളുടെ... അങ്ങനെ ഏതു വിഷയത്തിലും കുറെ കോഡുകള്‍ തയാറാക്കി ഓര്‍ത്തുവെക്കുക. രസകരമായ കോഡുകള്‍ എളുപ്പം ഓര്‍ക്കാന്‍ സഹായിക്കും. 
  • കണക്കില്‍ സ്കൂളിലും മറ്റും പഠിച്ചപോലെ ക്രിയ ചെയ്താല്‍ സമയം തികയാതെ വരും. എളുപ്പവഴികള്‍ മനസ്സിലാക്കുകയും പരിശീലിക്കുകയും വേണം. കണക്കിലെ വേഗതയാണ് നമ്മുടെ യോഗ്യത നിശ്ചയിക്കുക. 
  • വിഷമം തോന്നുന്ന ഭാഗങ്ങള്‍ ആവര്‍ത്തിച്ച് വായിക്കുക. എന്നിട്ടും മനസ്സില്‍ നില്‍ക്കുന്നില്ലെങ്കില്‍ എഴുതിപ്പഠിക്കാം.
  • ഓര്‍മയില്‍ നില്‍ക്കുന്നില്ല എന്നു തോന്നുന്ന കാര്യങ്ങളില്‍ ലഘുകുറിപ്പുണ്ടാക്കി പ്രത്യേകം സൂക്ഷിച്ചാല്‍ പരീക്ഷയുടെ തലേന്ന് വീണ്ടും വായിച്ച് ഓര്‍മയില്‍ വെക്കാന്‍ ഉപകാരപ്പെടും. 

തയാറാക്കിയത്: പി.പി. പ്രശാന്ത്

Tags:    
News Summary - smitha chathamangalam explain her victory government jobs and psc exams -career news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.