ഇവി​ടെ സൗഹൃദം പടിക്കുപുറത്ത്; എല്ലാവരും കടുത്ത മത്സരാർഥികൾ മാത്രം -തടവറകളാകുന്ന എൻട്രൻസ് പരിശീലന കേന്ദ്രങ്ങൾ

ജയ്പൂർ: കോട്ട ഫാക്ടറി എന്നറിയപ്പെടുന്ന ഈ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ പഠിക്കുന്ന ആരും തമ്മിൽ സൗഹൃദമില്ല. എല്ലാവരും ശക്തമായ മത്സരം കാഴ്ചവെക്കുന്ന പഠിതാക്കൾ മാത്രം. കോട്ടയിൽ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 20 വിദ്യാർഥികളാണ് ഈ വർഷം ആത്മഹത്യ ചെയ്തത്. മറ്റ് വർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം 15 വിദ്യാർഥികളാണ് പഠന സമ്മർദ്ദം താങ്ങാനാകാതെ ജീവിതം അവസാനിപ്പിച്ചത്.

ഭാരമാകുന്ന പഠന ഷെഡ്യൂളുകൾ, കടുത്തമത്സരം, ഒന്നാമതെത്തണമെന്ന സമ്മർദ്ദം, മാതാപിതാക്കളുടെ പ്രതീക്ഷകളുടെ ഭാരം, ഹോം സിക്ക്നെസ് എന്നിവയുമായാണ് വിദ്യാർഥികൾ പോരാടുന്നത്. സംസാരിക്കാനും സ്വന്തം വികാരങ്ങൾ പങ്കിടാനും ആരുമില്ലാതെ തനിച്ചായിപ്പോകുന്നവരാണ് എല്ലാവരും.

കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടാണെങ്കിലും വിദ്യാർഥികളെ ഉന്നത റാങ്കുകൾ നേടാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇവിടെ പഠിക്കുന്നവർക്ക് തമ്മിൽ സങ്കടം പോലും കൈമാറാൻ സാധിക്കില്ല. എല്ലാം ഉള്ളിലൊതുക്കുക മാത്രമാണ് പോംവഴി. കോച്ചിങ് കേന്ദ്രത്തിൽ ചേർന്നാൽ പിന്നെ സൗഹൃദം പടിക്കുപുറത്താണ്.

ഒരുമിച്ച് ഒരു ബെഞ്ചിലിരിക്കുന്നുണ്ടെങ്കിൽ പോലും ഒരാൾ പോലും പഠനനോട്ടുകൾ കൈമാറില്ല. സ്കൂളുകളിലും കോളജുകളിലും നമ്മൾ കണ്ടുശീലിച്ച കാഴ്ചകളാണ് അതെല്ലാം. ഒരു ട്രെഡ്മില്ലിൽ അകപ്പെട്ട പോലെയാണ് ഇവിടത്തെ ജീവിതമെന്ന് ഒഡിഷയിൽനിന്നുള്ള മൻസി സിങ് പറയുന്നു. ജെ.ഇ.ഇ ക്കാണ് മൻസി തയാറെടുക്കുന്നത്. നിങ്ങൾക്ക് ആകെ രണ്ട് ഓപ്ഷനേയുള്ളൂ...ഓടിക്കൊണ്ടിരിക്കുക, അല്ലെങ്കിൽ തളർന്നു വീഴുക. അതിനിടയിൽ ​ബ്രേക്ക് എടുക്കാനാകില്ല. ഓട്ടത്തിന് വേഗം കുറക്കാനുമാകില്ല. അതിവേഗം ഓടുക തന്നെ ഏക മാർഗം.-മൻസി കൂട്ടിച്ചേർത്തു. ഇവിടെ പഠിക്കുമ്പോൾ നമ്മൾ മറ്റു കാര്യങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ നിമിഷവും പാഴായതായാണ് കണക്കാക്കുന്നതെന്ന് മറ്റൊരു വിദ്യാർഥി പറയുന്നു.

''ഒരിക്കൽ എനിക്ക് ഇവിടെ പഠിക്കുന്ന ആൺകുട്ടിയുടെ അമ്മയുടെ ​ഫോൺവിളി വന്നു. ​എന്റെ ഹോസ്റ്റലിലാണ് ആ കുട്ടിയും. മകനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ഒരാഴ്ചയായി മകൻ ക്ലാസിലെത്തിയിരുന്നില്ലെന്നും ആ അമ്മയുടെ ആശങ്കപ്പെട്ടു. ഞാനാ കുട്ടിയുടെ മുറിയിൽ പോയി നോക്കാമെന്ന് അമ്മക്ക് ഉറപ്പുനൽകി. എന്നാൽ ഹോസ്റ്റലിലെത്തിയപ്പോൾ ഞാൻ പഠനത്തിന്റെ തിരക്കിലായിപ്പോയി. അമ്മ നിരന്തരം ​ഫോൺവിളിച്ചു. അടുത്ത ദിവസം പരീക്ഷയുണ്ടായിരുന്നതിനാൽ അത് ശ്രദ്ധിക്കാൻ മിനക്കെടാതെ തയാറെടുപ്പിലായിരുന്നു ഞാൻ. ഒരു മിനിറ്റ് പോലും വെറുതെ കളയുന്നത് പഠനത്തെ ബാധിക്കുമെന്ന് ഞാൻ ഭയന്നു.''-മഹാരാഷ്ട്രയിൽ നിന്നുള്ള മറ്റൊരു വിദ്യാർഥി പറയുന്നു.

ആ അമ്മ മറ്റൊരു വിദ്യാർഥിയെ വിളിച്ചു ആവലാതികൾ പരിഹരിച്ചു. ആ കുട്ടിക്ക് എന്തെങ്കിലും സംഭിവിച്ചുണ്ടായിരുന്നുവെങ്കിലെന്ന് ഓർത്ത് പിന്നീട് എനിക്ക് കുറ്റബോധം തോന്നി. ഇതാണ് ഇവിടത്തെ അവസ്ഥ. മറ്റൊരാളെ പോലും ശ്രദ്ധിക്കാതെ ഒരുമിനിറ്റ് പോലും കളയാതെ നിരന്തരം പഠിക്കുക. അതാണ് ഇവിടെയുള്ള ഓരോ വിദ്യാർഥിയും അനുഭവിക്കുന്ന സമ്മർദ്ദം.​''-ആ വിദ്യാർഥി കൂട്ടിച്ചേർത്തു.

സമാന പ്രായക്കാരായ കുട്ടികൾ തമ്മിലുള്ള സഹവർത്തിത്തം, സഹാനുഭൂതി തുടങ്ങിയ ഒന്നും ഇത്തരം വിദ്യാർഥികളിൽ കാണാൻ കഴിയില്ലെന്നും അവർ ഒരിക്കലും മനസ് പങ്കുവെക്കാറില്ലെന്നും അത് അപകടകരമായ പ്രവണതയാണെന്നും സർക്കാർ നഴ്സിങ് കോളജ് സൈക്കോളജി വിഭാഗം മേധാവി ദിനേശ് ശർമ വിലയിരുത്തുന്നു.

'നിങ്ങളിവിടെ ചങ്ങാത്തം കൂടാൻ വന്നതല്ല, പഠിക്കാൻ എത്തിയതാണ്. അതിനാൽ സൗഹൃദത്തിനായി സമയം പാഴാക്കരുത്.'-കുട്ടികളെ ഇവിടെയാക്കി മാതാപിതാക്കൾ മടങ്ങിക്കഴിഞ്ഞാൽ ഇവർക്ക് ലഭിക്കുന്ന ആദ്യ നിർദേശം ഇതാണ്. സുഹൃത്തുക്കൾ എല്ലായ്പ്പോഴും നമുക്ക് ലഭിക്കുന്ന ആശ്വാസമാണ്. ഇത്തരത്തിലുള്ള കോച്ചിങ് സെന്ററുകളിൽ നമുക്ക് സൗഹൃദം വളർത്താനാകില്ല.-അദ്ദേഹം പറഞ്ഞു. ​മാതാപിതാക്കളിൽ നിന്ന് വേർപെട്ട് ഹോസ്റ്റലിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് എന്തെങ്കിലും വിഷമം നേരിട്ടാൽ ഒപ്പം പഠിക്കുന്നവരായിരിക്കും സഹായികളായി ഉണ്ടാവുക. എന്നാൽ ഇവിടെ അങ്ങനെയൊരു വികാരം ആരും തമ്മിലില്ല. ഓരോരുത്തരും തനിച്ചാണ്. വിദ്യാർഥികൾ ഒരുമിച്ചു ചേർന്നുള്ള പഠനവും ഇല്ല. പലപ്പോഴും വിദ്യാർഥികളുടെ ഹോസ്റ്റൽ മുറികൾ പുറത്തുനിന്ന് പൂട്ടിയിരിക്കും. ഒറ്റക്ക് ഒരുമുറിയിൽ തനിച്ചിരുന്ന് പഠിക്കുകയല്ലാതെ മറ്റൊരു വഴിയും അവർക്ക് മുന്നിലുണ്ടാകില്ല. ആദ്യമായായിരിക്കും പല കുട്ടികളും വീട്ടിൽ നിന്ന് മാറിനിൽക്കുന്നത് പോലും. അങ്ങനെയുള്ളവർ അനുഭവിക്കുന്ന മാനസിക വിഷമം വിവരിക്കാനാകില്ല. സൗഹൃദങ്ങളുണ്ടെങ്കിൽ ഈ അവസ്ഥക്ക് മാറ്റം വരും.- കോട്ട അഡീഷണൽ എസ്.പി ച​ന്ദ്രശീൽ താക്കൂർ വിവരിക്കുന്നു.

തിങ്കൾ മുതൽ ശനി വരെ എട്ടു മണിക്കൂറോളം നീളുന്ന ക്ലാസുകളുണ്ടാകും. റിഫ്രഷ്​​മെന്റിന് ചെറിയ ഇടവേളമാത്രമാണ് ലഭിക്കുക. ഞായറാഴ്ചകളിൽ സംശയനിവാരണത്തിനും മറ്റുമായി പ്രത്യേകം ക്ലാസുകളുണ്ടായിരിക്കും. ഒരാഴ്ച മൂന്ന് ഇന്റേണൽ പരീക്ഷകളുണ്ടാകും. മാസാവസാനം വരുന്ന ഞായറാഴ്ച പ്രധാന പരീക്ഷയുമുണ്ടാകും. കുട്ടികളിൽ ആരോഗ്യകരമായ മത്സരമാണ് വളർത്തേണ്ടത് എന്ന കാര്യം മറന്നാണ് ഇത്തരം ​പരിശീലന കേ​ന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പരിശീലന കേന്ദ്രങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ ആത്മഹത്യ നിരക്കും കൂടി വരുന്നതിനെ കുറിച്ച് പഠിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രക്ഷിതാക്കളും ഡോക്ടർമാരും കോച്ചിങ് കേന്ദ്രങ്ങളിലെ അധ്യാപകരും അടങ്ങുന്ന പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Tags:    
News Summary - Kota pressure cooker no friends, only competitors, say students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.