സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡ് എന്ത്? എന്തിന്?

ഇന്ത്യന്‍ സൈന്യത്തില്‍ ഉയര്‍ന്ന പദവിയിലുള്ള കരിയര്‍ കാംക്ഷിക്കുന്നവര്‍ എപ്പോഴും കേള്‍ക്കുന്നൊരു പേരാണ് എസ്.എസ്.ബി (സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡ്). നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശം ലഭിക്കാന്‍ സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡിന്‍െറ ടെസ്റ്റുകള്‍ കൂടി പാസാകണം. 
എന്താണ് എസ്.എസ്.ബി?
ഒന്നാം ലോകയുദ്ധത്തില്‍ ട്രഞ്ച് യുദ്ധമേഖലയിലുണ്ടായ കനത്ത ആള്‍നാശവും ദുരന്തവും ഉണ്ടായ സാഹചര്യത്തില്‍ കഴിവും പ്രാപ്തിയുമുള്ള യുവാക്കളെ സൈന്യത്തിലെ ഓഫിസര്‍ റാങ്കുകളിലേക്ക് തെരഞ്ഞെടുക്കാനായി പുതിയൊരു പരീക്ഷയും തെരഞ്ഞെടുപ്പ് രീതിയും ഇംഗ്ളീഷ് സൈന്യത്തില്‍ ആവിഷ്കരിച്ചു. അതിന്‍െറ ഭാഗമായി ആരംഭിച്ച പ്രവേശ പരീക്ഷക്കുശേഷം തുടര്‍ വിലയിരുത്തലുകള്‍ നടത്താനായി രൂപവത്കരിച്ച സമിതിയാണ്, കാലാന്തരത്തില്‍ ഒട്ടേറെ പരിഷ്കാരങ്ങള്‍കൊണ്ട് രൂപപ്പെട്ട, ഇന്ന് ഇന്ത്യന്‍ സൈന്യത്തിലെ ഓഫിസര്‍ റാങ്കിലുള്ളവരെ തെരഞ്ഞെടുക്കാന്‍ ചുമതല നല്‍കിയിട്ടുള്ള സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡ് എന്ന ‘എസ്.എസ്.ബി.’ ഇന്ത്യന്‍ സൈന്യത്തിനാവശ്യമായ ഓഫിസര്‍ റാങ്കില്‍ തെരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥരുടെ ‘ഓഫീസേഴ്സ് ലൈക് ക്വാളിറ്റീസ്’ കണ്ടത്തെലാണ് എസ്.എസ്.ബിയുടെ പ്രധാന ചുമതല.
ഇന്ത്യന്‍ സാഹചര്യത്തില്‍ സൈന്യത്തിലേക്കാവശ്യമായ ഓഫിസര്‍ റാങ്കിലുള്ളവരെ തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയാണ് എസ്.എസ്.ബി. ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും മിടുക്കരായ ഓഫിസര്‍മാരാണിതിലെ അംഗങ്ങള്‍. ഇന്ത്യന്‍ സൈന്യത്തിനാവശ്യമായ ഓഫിസര്‍ റാങ്കിലുള്ളവരെ കണ്ടത്തൊനുള്ള എസ്.എസ്.ബി ഇന്‍റര്‍വ്യൂ പരീക്ഷ രണ്ടു ഭാഗങ്ങളായാണ് തിരിച്ചത്.  ഒന്നാമത്തെ ഭാഗം സ്ക്രീനിങ് പരീക്ഷയാണ്. ഇത് വിജയകരമായി പൂര്‍ത്തീകരിക്കുന്ന പരീക്ഷാര്‍ഥിക്ക് മാത്രമേ രണ്ടാം ഭാഗത്തെ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയൂ. രണ്ടാം ഭാഗത്ത് നടക്കുന്ന വിപുലവും കഠിനസ്വഭാവവും ഉള്ള വ്യക്തിവിലയിരുത്തലിലൂടെയാണ് പരീക്ഷാര്‍ഥിയെ പൂര്‍ണമായ ‘ഓഫിസര്‍ ലൈക്ക് ക്വാളിറ്റി’ ഉണ്ട് എന്ന് ഉറപ്പാക്കി തെരഞ്ഞെടുക്കുന്നത്. 
പൊതുവെ എസ്.എസ്.ബി പരീക്ഷയില്‍ പങ്കെടുത്ത് വിജയിക്കുന്നവരുടെ എണ്ണം കുറവാണ്. കാരണം, എസ്.എസ്.ബി പരീക്ഷ ഒരിക്കലും നിശ്ചിത എണ്ണം വിദ്യാര്‍ഥികളെ ഓരോ പരീക്ഷയിലും ജയിപ്പിച്ച് ഇന്‍ടേക്ക് പൂര്‍ത്തിയാക്കാനല്ല പ്രഥമ പരിഗണന നല്‍കുക, മറിച്ച് സൈന്യത്തിലെ വളരെ ഉയര്‍ന്ന പദവികളിലേക്ക് വളരേണ്ടവരെ തെരഞ്ഞെടുക്കുക എന്ന ചുമതല ഉള്ളതിനാല്‍ കര്‍ശനമായ ഗുണനിയന്ത്രണം തെരഞ്ഞെടുപ്പിലെ എല്ലാ ഘട്ടത്തിലും നിലനിര്‍ത്തുന്നു. തന്നിരിക്കുന്ന സാഹചര്യത്തില്‍ ഒരു വ്യക്തി എത്രമാത്രം തന്നോടുതന്നെ സത്യസന്ധത പുലര്‍ത്തുന്നു എന്നതാണ് ഈ പരീക്ഷയും പരിശോധനയും കര്‍ശനമായി ഉറപ്പുവരുത്തുന്നത്. സാധാരണയായി അഞ്ചോ ആറോ ദിവസം നീണ്ടുനില്‍ക്കുന്ന പരീക്ഷയായിരിക്കും. ഇതില്‍ പരീക്ഷാര്‍ഥിയുടെ ‘ബുദ്ധിശക്തിയും വ്യക്തിത്വവും സഹനശക്തിയും’  സൂക്ഷ്മതയില്‍ വിലയിരുത്തപ്പെടും. പരീക്ഷാര്‍ഥിയിലെ ഓഫിസര്‍ ലൈക്ക് ക്വാളിറ്റീസ് അളക്കേണ്ട പരീക്ഷയായതിനാല്‍ എസ്.എസ്.ബി പരീക്ഷയുടെ ഘടന മൂന്ന് പ്രധാന വിഭാഗങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്.
a. സൈക്കോളജിസ്റ്റ് ടീം
സൈക്കോളജിസ്റ്റ് ടീം അല്ളെങ്കില്‍ സൈക്കോളജിസ്റ്റ് ബോര്‍ഡില്‍ സാധാരണ നലു മന$ശാസ്ത്രജ്ഞന്മാരാണ് ഉണ്ടാവുക. ഇവരാണ് സൈക്കളോജിക്കല്‍ ടെസ്റ്റുകള്‍ നടത്തുകയും വിലയിരുത്തുകയും ചെയ്യുക. ഈ ടെസ്റ്റിലൂടെ പരീക്ഷാര്‍ഥിയിലെ സമഗ്ര വ്യക്തിത്വമാണ് പരിശോധിക്കുന്നത്. ഈ പരിശോധനക്കും പരിഗണനാ വിഷയം പരീക്ഷാര്‍ഥിയിലുള്ള ഓഫിസര്‍ ലൈക്ക് ക്വാളിറ്റിയാണ്. ഓഫിസര്‍ ലൈക്ക് ക്വാളിറ്റി സൈക്കളോജിക്കല്‍ തലത്തില്‍ വിശകലനം ചെയ്ത് ബോര്‍ഡ് തൃപ്തിയായാല്‍ മാത്രമേ പരീക്ഷാര്‍ഥിയെ മുന്നോട്ടുള്ള ടെസ്റ്റുകളിലേക്ക് റെക്കമന്‍ഡ് ചെയ്യുകയുള്ളൂ.
b. ഇന്‍റര്‍വ്യൂവിങ് ഓഫിസര്‍
പ്രസിഡന്‍റ് അഥവാ ഡെപ്യൂട്ടി പ്രസിഡന്‍റ് പദവി വഹിക്കുന്ന ഇന്‍റര്‍വ്യൂ ബോര്‍ഡിലെ വ്യക്തിയാണ് പരീക്ഷാര്‍ഥിയെ ഇന്‍റര്‍വ്യൂ ചെയ്യുന്നത്. പരീക്ഷാര്‍ഥിയുടെ മാനസികനില സൂക്ഷ്മതയില്‍ വിലയിരുത്തുന്നതാണീ വാചാ പരീക്ഷ. ഇവിടെ പരീക്ഷാര്‍ഥിയുടെ വിഷയങ്ങളോടും സാഹചര്യങ്ങളോടും ഇണങ്ങിച്ചേരാനുള്ള പ്രാപ്തി, അടിയന്തര സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും പുലര്‍ത്തുന്ന കായികക്ഷമത, അതോടൊപ്പം പരീക്ഷാര്‍ഥിയുടെ മാനസികവഴക്കം എന്നിവ ഇന്ത്യന്‍ സൈന്യത്തിലെ ഒരു ഓഫിസര്‍ എന്ന നിലയില്‍ എത്രമാത്രം കാര്യക്ഷമമായി വിനിയോഗിക്കാന്‍ കഴിയുന്നുണ്ട് പരീക്ഷാര്‍ഥിക്ക് എന്ന് സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നത് ഈ സന്ദര്‍ഭത്തിലാണ്.
c. ഗ്രൂപ് ടെസ്റ്റിങ് ഓഫിസര്‍
സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡിലെ വിവിധ ടെസ്റ്റുകളില്‍ ‘ജി.ടി.ഒ’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘ഗ്രൂപ് ടെസ്റ്റിങ് ഓഫിസര്‍’ പരീക്ഷാര്‍ഥിയിലെ ഓഫിസര്‍ ലൈക്ക് ക്വാളിറ്റി കൃത്യമായി തിട്ടപ്പെടുത്തുന്നു. പരീക്ഷാര്‍ഥിയില്‍ എത്ര അളവിലുള്ള ഓഫിസര്‍ ലൈക്ക് ക്വാളിറ്റി ഉണ്ടെന്ന് തിട്ടപ്പെടുത്താന്‍ പരീക്ഷാര്‍ഥിക്ക് വിവിധങ്ങളായ ഇന്‍ഡോര്‍, ഒൗട്ട്ഡോര്‍ കൃത്യങ്ങള്‍ നല്‍കും. ജി.ടി.ഒ ടെസ്റ്റ് പരീക്ഷാര്‍ഥിയുടെ സമഗ്ര വ്യക്തിത്വം പരീക്ഷാര്‍ഥി അറിയാതത്തെന്നെ പ്രകടിപ്പിക്കുന്ന സന്ദര്‍ഭങ്ങളാണ്. എത്ര ബോധപൂര്‍വം ശ്രമിച്ചാലും ജി.ടി.ഒ ടാസ്കുകള്‍ ഓരോന്നായി നിര്‍വഹിക്കപ്പെടുമ്പോള്‍ പരീക്ഷാര്‍ഥിയില്‍ അന്തര്‍ലീനമായ ഗുണവിശേഷങ്ങള്‍ മറനീക്കി പുറത്തുവരും. ഇതാവട്ടെ, പരീക്ഷാര്‍ഥിയുടെ ഏറ്റവും സത്യസന്ധമായ മാനസികാവസ്ഥയായിരിക്കും. ഇതറിയുക എന്നതാണീ പരീക്ഷയുടെ പ്രധാന ലക്ഷ്യവും. സാധാരണ രീതിയില്‍ ഒരു ബോര്‍ഡില്‍ നാല് ജി.ടി.ഒകളാണ് ഉണ്ടാവുക.
എസ്.എസ്.ബി പരീക്ഷയില്‍ മുകളില്‍ സൂചിപ്പിച്ച മൂന്നുവിഭാഗം പരീക്ഷണ നിരീക്ഷണത്തിലൂടെ പരീക്ഷാര്‍ഥിയുടെ സമഗ്ര വ്യക്തിത്വം സുസൂക്ഷ്മം വിലയിരുത്തപ്പെടുന്നു. പരീക്ഷകളില്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നത് സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണെങ്കിലും പരീക്ഷാസമയങ്ങളില്‍ അവര്‍ പൂര്‍ണമായും സിവില്‍ ഡ്രസിലായിരിക്കും. യൂനിഫോമും റാങ്കും പരീക്ഷാര്‍ഥിയിലുണ്ടാക്കാവുന്ന മാനസിക സമ്മര്‍ദങ്ങളൊഴിവാക്കാനാണിങ്ങനെ ചെയ്യുന്നത്.  ഇത്രയും കൃത്യതയോടെ നടത്തപ്പെടുന്ന വിശകലനത്തില്‍ വിജയം വരിക്കുന്നവരെ കര്‍ശനവും സമഗ്രവുമായ മെഡിക്കല്‍ പരിശോധനക്കും വിധേയമാക്കി. അവിടെയും പൂര്‍ണമായും ഫിറ്റാണെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ ഇന്ത്യന്‍ സൈന്യത്തിലെ ആര്‍മിയിലും നേവിയിലും എയര്‍ഫോഴ്സിലും ഓഫിസര്‍ റാങ്കുകാരനാക്കി എടുക്കാനുള്ള സ്ഥാപനങ്ങളായ നാഷനല്‍ ഡിഫന്‍സ് അക്കാദമി പോലുള്ള സ്ഥാപനങ്ങളില്‍ പ്രവേശം ലഭിക്കൂ. വര്‍ഷത്തില്‍ രണ്ടുതവണ എസ്.എസ്.ബി ഈ പരീക്ഷകള്‍ നടത്തുന്നുണ്ട്.
എസ്.എസ്.ബി പരീക്ഷണരീതി ഇങ്ങനെ ചുരുക്കിപ്പറയാം:
എസ്.എസ്.ബി പരീക്ഷ രണ്ടു ഘട്ടങ്ങളിലാണ്. ഒന്നാം ഫേസില്‍ സ്ക്രീനിങ് ടെസ്റ്റ്, രണ്ടാം ഫേസില്‍ സൈക്കളോജിക്കല്‍ വിലയിരുത്തല്‍, അതിനുശേഷം ഇന്‍റര്‍വ്യൂ, തുടര്‍ന്ന് നടക്കുന്ന ജി.ടി.ഒ കൃത്യങ്ങള്‍. എസ്.എസ്.ബി ടെസ്റ്റ് വളരെ കഠിനമാണെന്ന ധാരണ പൂര്‍ണമായും അടിസ്ഥാനരഹിതമാണ്. ആവറേജ് ബുദ്ധിയും കഴിവുമുള്ളവര്‍ക്കും ഈ പരീക്ഷ പാസാകാം. പക്ഷേ, ഈ വിശ്വാസത്തിന്‍െറ കാരണം ഇതാണ്. ഇന്ത്യന്‍ ആര്‍മിയിലെ പ്രധാന സ്ഥാനങ്ങള്‍ വഹിക്കേണ്ട ഭാവിയിലെ ഓഫിസര്‍മാരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ ആയതിനാല്‍ ഇന്ത്യന്‍ ആര്‍മി ഒരു വിട്ടുവീഴ്ചയും ഈ പരീക്ഷയില്‍ അനുവദിക്കുന്നില്ല. 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.