നൈപുണി വികസനം- സാധ്യതകളും, വെല്ലുവിളികളും

ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളം ചില മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. പൊതുജനാരോഗ്യം, വനിതാ ശാക്തീകരണം, സാമൂഹിക വികസനം, പ്രാഥമിക വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ മലയാളിയുടേതായ ഒരു പതിപ്പ് "കേരള മോഡല്‍' വികസനമെന്ന് ഓമനപ്പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളിയുടെ ആത്മാഭിമാനം വാനോളമുയര്‍ത്തുന്ന ചില കാര്യങ്ങള്‍ ഇതാണ്:
 ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ധാരാളം ചെറുപ്പക്കാര്‍, മലയാളിയുടെ ലോക വ്യാപനം, പ്രവാസികളുടെ കരുത്തില്‍ ശക്തിയാര്‍ജ്ജിച്ച സാമ്പത്തിക ഭദ്രത, 6 വയസ്സിനും, 14 വയസ്സിനും ഇടയിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാലയ പ്രവേശനം, സ്കൂളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നവര്‍ പൂജ്യം ശതമാനം, ഉയര്‍ന്ന സാക്ഷരത, നല്ല ആരോഗ്യബോധം. നേട്ടങ്ങളുടെ പട്ടിക ഇങ്ങനെയൊക്കെയാണെങ്കിലും മലയാളികള്‍ മറന്ന് പോകുന്ന ഒന്നുണ്ട്. പുത്തന്‍ തൊഴില്‍ മേഖലകളായ ടൂറിസം, ഹോട്ടല്‍ വ്യവസായം, റീട്ടെയിലിങ്ങ്, ഇലക്ട്രോണിക്സ്, ഹോസ്പിറ്റാലിറ്റി, നഴ്സിങ്ങ് മുതലായവയുടെ കടന്ന് വരവോടുകൂടി സ്വന്തം നാട്ടിലെ കൈതൊഴിലുകളായ കൃഷി, മൃഗസംരക്ഷണം, കൈത്തറി, കയര്‍ എന്നിവ തീരെ നിറംമങ്ങിപ്പോയി. സുസ്ഥിരവും സ്വാശ്രയവുമായ വികസന കാഴ്ച്ചപ്പാടിനെതിരാണ് ഈ പ്രവണത. ഊതി വീര്‍പ്പിച്ച ഈ വികസനത്തിന്‍്റെ മറുപുറം അത്ര ശുഭകരമല്ല. കേരളത്തില്‍ 45 ലക്ഷം യുവാക്കള്‍ എംപ്ളോയ്മെന്‍്റ് എക്സ്ചേഞ്ചില്‍ പേര് ചേര്‍ത്ത് തൊഴിലിനായി കാത്ത് കഴിയുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരുലക്ഷംപേരും, ഹയര്‍ സെക്കന്‍്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒന്നരലക്ഷംപേരും തുടര്‍ പഠനമോ തൊഴില്‍ നൈപുണികളോ നേടാതെ എങ്ങോ പോയി മറയുന്നു. ഉന്നത വിദ്യാഭ്യാസവും, പ്രൊഫഷണല്‍ കോഴ്സും പൂര്‍ത്തിയാക്കിയ ഭൂരിപക്ഷം പേരും അനുയോജ്യമായ തൊഴില്‍ നേടാനാവാതെ മോഹഭംഗത്തിന്‍്റെയും നിരാശയുടെയും പിടിയിലമരുകയാണ്. എന്തുകൊണ്ട് മലയാളിക്ക് ഈ ദുരന്തം സംഭവിക്കുന്നുവെന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വസ്തുതയാണ്. 
നമ്മുടെ വിദ്യാഭ്യാസ സംവിധാനവും തൊഴില്‍ രംഗവും തമ്മിലുള്ള അന്തരത്തിലേക്കാണ് ഇത് ഒന്നാമതായി വിരല്‍ചൂണ്ടുന്നത്. പ്രായോഗിക പരിശീലനത്തിന് തീരെ ഊന്നല്‍ നല്‍കാതെ, കുറേ അടിസ്ഥാന വിവരങ്ങള്‍ മാത്രം കുത്തിനിറച്ചതാണ് മിക്ക ഡിഗ്രി കരിക്കുലവും. ഇതുകൊണ്ടുതന്നെ വ്യവസായമേഖല പ്രതീക്ഷിക്കുന്ന നൈപുണികള്‍ പഠനത്തിലൂടെ യുവതലമുറക്ക് കൈവരിക്കാനാവുന്നില്ല. കൂടാതെ വ്യക്തിത്വ സവിശേഷതകളായ ആശയ വിനിയമശേഷി, നേതൃപാടവം, ഭാഷാ പരിജ്ഞാനം എന്നിവയില്‍ ശരാശരി നിലവാരം പുലര്‍ത്താന്‍ കഴിയാത്ത ദുരവസ്ഥ. ആഗോളവല്‍ക്കരണം സൃഷ്ടിച്ച, തൊഴില്‍ രംഗത്തുള്ള മത്സരാന്തരീക്ഷത്തില്‍ വിജയിക്കാനുതകുന്ന കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഭാഷാ നൈപുണി എന്നിവയിലും തിളങ്ങാനാവാത്ത മലയാളി തൊഴില്‍ രംഗത്ത് ആര്‍ക്കും വേണ്ടാത്തവനായി മാറി.
നല്ല വിദ്യാഭ്യാസവും, തൊഴില്‍ നൈപുണികളുമുള്ള യുവസമൂഹമാണ് ഒരു രാജ്യത്തിന്‍്റെ പുരോഗതിയുടെ അളവുകോല്‍. ലോകത്ത് ഏറ്റവും കൂടുതല്‍ വര്‍ക്കിംഗ് ജനസാന്ദ്രതയുള്ള നമ്മുടെ രാജ്യത്ത്, മനുഷ്യ വിഭവശേഷിയെ ഫലപ്രദമായി വിനിയോഗിച്ച് തൊഴില്‍ രംഗത്ത് ശാക്തീകരിക്കാനായാല്‍ കുറഞ്ഞ കാലംകൊണ്ട് തന്നെ നമുക്ക് വികസിത രാജ്യങ്ങളുടെ പട്ടികയില്‍ കയറിപ്പറ്റാം.
നൈപുണി വികസന രംഗത്ത് നമ്മുടെ പിന്നോക്കാവസ്ഥ അടിവരയിടുന്ന ഈ സ്റ്റാറ്റിറ്റിക്സ് നോക്കൂ. വിവിധ തൊഴില്‍ രംഗത്ത് നൈപുണി നേടിയ ഇന്ത്യക്കാര്‍ വെറും 4.6 ശതമാനം മാത്രമാണ്. പക്ഷെ അമേരിക്കക്കാര്‍ 52 ശതമാനവും ബ്രിട്ടന്‍്റേത് 68 ശതമാനവും ജപ്പാന്‍്റേത് 80 ശതമാനവും ദക്ഷിണ കൊറിയയുടേത് 96 ശതമാനവുമാണ്. ഇവിടെയാണ് യുവാക്കളുടെ നൈപുണി വികസനത്തിന്‍്റെ പ്രാധാന്യവും പ്രസക്തിയും നാം തിരിച്ചറിയേണ്ടത്.
 അറിവുകള്‍ക്കൊപ്പംതന്നെ തൊഴില്‍ നൈപുണികളും, സോഫ്റ്റ് സ്കില്‍ പ്രാവീണ്യവും നേടാന്‍ സഹായിക്കുന്ന രീതിയില്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനം ഉടച്ച് വാര്‍ക്കണം. ഒരു കാര്യം ഉറപ്പാണ്. നമ്മുടെ മക്കള്‍ക്കുതകുന്ന രീതിയില്‍ ഭാവിയെ ക്രമീകരിക്കുക അസാധ്യമാണ്. മറിച്ച് മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിനനുസരിച്ച് നമ്മുടെ മക്കളെ ശാക്തീകരിക്കാന്‍ നമുക്കാവും. ഈ ദൗത്യ നിര്‍വ്വഹണത്തിനായി ഗവണ്‍മെന്‍്റും സര്‍വ്വകലാശാലകളും വ്യവസായി ലോകവും കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം. എന്ത് പഠിക്കുന്നു എന്നതിനോടൊപ്പം തന്നെ പഠിച്ചത് എങ്ങനെ പ്രായോഗികവല്‍ക്കരിക്കണമെന്നും നാം കുട്ടികളെ പഠിപ്പിക്കേതുണ്ട്.
 വിദ്യാഭ്യാസ-നൈപുണി വികസനത്തില്‍ ജപ്പാന്‍ കൈവരിച്ച നേട്ടങ്ങളില്‍ നിന്ന് നാം പാഠം ഉള്‍ക്കൊള്ളണം. രണ്ടാം ലോക മഹായുദ്ധത്തോടെ ലോക ഭൂപടത്തില്‍ അപ്രത്യക്ഷമായ ജപ്പാന്‍, ചുരുങ്ങിയ കാലം കൊണ്ട് ചാരത്തില്‍ നിന്നും പറന്നുയരുന്ന ഫിനിക്സ് പക്ഷിയെപോലെ ഉദിച്ചുയരാന്‍ സാധിച്ചതിന്‍്റെ പ്രധാന കാരണം അവിടുത്തെ ഗവണ്‍മെന്‍്റും ജനങ്ങളും നൈപുണി വികസന ത്തിന് നല്‍കിയ ഊന്നല്‍ ഒന്ന്കൊണ്ട് മാത്രമാണ്. വ്യക്തി നൈപുണികള്‍ കേന്ദ്രീകരിച്ച് വീട് തോറും നടപ്പിലാക്കിയ സാങ്കേതിക വിപ്ളവമാണ് ഈ രംഗത്ത് ലോകത്തിന്‍്റെ തലസ്ഥാനമാകാന്‍ ജപ്പാനെ സഹായിച്ചത്.
 യുവാക്കളുടെ നൈപുണി വികസനത്തിനായി കേന്ദ്രമന്ത്രിസഭയില്‍ പ്രത്യേക വകുപ്പുണ്ടാക്കി തൊഴില്‍ രംഗത്തുള്ള ആവശ്യകതയും, വിതരണവും തമ്മിലുള്ള അന്തരം കുറക്കാന്‍ ക്രിയാത്മകമായ ഒട്ടേറെ പദ്ധതികളുമായി മുന്നോട്ട് പോകുന്നത് ഏറെ ആശാവഹമാണ്. കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്‍്റെ കീഴില്‍ നടപ്പിലാക്കിയ "ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കരകൗശലയോജന' എന്ന പദ്ധതിയും താഴെ തട്ടില്‍ പൈപുണീ വികസനത്തിന് വഴിയൊരുക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളായ "സ്കില്‍ ഇന്ത്യ', "മേക്ക് ഇന്‍ ഇന്ത്യ' ഒക്കെ ആശയത്തിന്‍്റെ വലയത്തില്‍ നിന്നും പ്രായോഗികതയുടെ തലത്തിലേക്ക് കടന്ന് വരേണ്ടതുണ്ട്.
 നൈപുണി വികസന രംഗത്ത് ശ്രദ്ധേയമായ ഒരു കാല്‍വെപ്പാണ് കേന്ദ്ര ഗവണ്‍മെന്‍്റ് നടപ്പാക്കി വരുന്ന "നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക്' അഥവാ എന്‍.എസ്.ക്യു.എഫ്. ഇതിന്‍്റെ ഭാഗമായി 9-ാം ക്ളാസ് മുതല്‍ എല്ലാ വിദ്യാര്‍ത്ഥികളും താല്‍പര്യമുള്ള ഒരു വൊക്കേഷണല്‍ വിഷയത്തില്‍ പ്രാവീണ്യം നേടാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കി വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ഗ്രേഡിലും നിര്‍ബന്ധമായും ലഭിച്ചിരിക്കേണ്ട മിനിമം ശേഷികള്‍ സ്വായത്തമാക്കി അടുത്ത ഗ്രേഡിലേക്കുള്ള പ്രമോഷന്‍ നല്‍കുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ പദ്ധതിയില്‍ കേരളം എത്രയും വേഗം ഒപ്പ് വെച്ച് നടപ്പിലാക്കാന്‍ ക്രിയാത്മകമായി പരിശ്രമിക്കേതുണ്ട്. 
 നൈപുണീ വികസനം ലക്ഷ്യമിട്ട് കേരള ഗവണ്‍മെന്‍്റ് നടപ്പാക്കി വരുന്ന "അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം' അഥവാ, "അസാപ്പ്' ഒരു മികച്ച കാല്‍വെപ്പാണെന്ന് പറയാതെ വയ്യ. ഇതിന്‍്റെ ഭാഗമായി +2 വിദ്യാര്‍ത്ഥികള്‍ക്കും, ആര്‍ട്സ് & സയന്‍സ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തോടൊപ്പം തന്നെ ഇഷ്ടപ്പെട്ട ഏതെങ്കിലുമൊരു തൊഴില്‍ മേഖലയില്‍ ആവശ്യമായ നൈപുണികളും, അതോടൊപ്പം ഭാഷാശേഷിയും, ആശയവിനിമയ ശേഷിയും, ഐ.ടി. പരിജ്ഞാനവും വര്‍ദ്ധിപ്പിക്കാനുള്ള പ്രത്യേക പരിശീലനം നല്‍കി വരുന്നു.
തൊഴില്‍ നൈപുണി വികസനത്തിനും, പ്രായോഗികതയ്ക്കും ഊന്നല്‍ നല്‍കി കരിക്കുലം പരിഷ്കരിച്ച കേരളത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍്ററിയുടെ മാറിയ മുഖച്ഛായ ഈ രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്നു. തൊഴില്‍ പ്രാവീണ്യം നേടുന്നതിനോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും നല്‍കുന്ന ഈ പാഠ്യപദ്ധതി കേരളത്തിന്‍്റെ മുഖ്യധാര വിദ്യാഭ്യാസ രീതിയായി മാറേണ്ടിയിരിക്കുന്നു. കേരളത്തിലെ നിലവിലുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍്ററി വിദ്യാഭ്യാസ സംവിധാനത്തെ പുനക്രമീകരിച്ച് എന്‍.എസ്.ക്യു.എഫ്. കേരളത്തില്‍ വിജയകരമായി എളുപ്പം നടപ്പിലാക്കാവുന്നതാണ്.
 നൈപുണി വികസനത്തിലൂന്നിയ വിദ്യാഭ്യാസ സംവിധാനത്തിന്‍്റെ പുനരാവിഷ്കരണവും, അധ്യാപക ശാക്തീകരണവും, കരിക്കുലത്തിന്‍്റെ സമൂലമാറ്റവും നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ മലയാളിയുടെ പഠന-തൊഴില്‍ സങ്കല്‍പങ്ങളും ഏറെ മാറേതുണ്ട്. എല്ലാ തൊഴിലുകളും മഹത്തരമാണെന്നും ഒരു സന്തുലിത സമൂഹത്തില്‍ എല്ലാ ശേഷികള്‍ക്കും പ്രാധാന്യമുണ്ടെന്നും നാം തിരിച്ചറിയണം. ഈ രീതിയില്‍ മനസ്സിനെ പാകപ്പെടുത്തിയാല്‍ മാത്രമേ മലയാളി ഇന്നകപ്പെട്ട മെഡിക്കല്‍/ എഞ്ചിനീയറിംഗ് തുടങ്ങിയ തൊഴില്‍ മേഖലയോടുള്ള അന്ധമായ ഭ്രമത്തില്‍ നിന്നും മോചനം നേടി പുത്തന്‍ തൊഴില്‍ മേഖലകളിലേക്ക് മക്കളെ പറഞ്ഞ് വിടാന്‍ മലയാളിക്ക് ആത്മധൈര്യം ലഭിക്കുകയുള്ളൂ. 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.