ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്‍റ്:  തൊഴില്‍ സാധ്യതകളേറെ

എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് ഉപരിപഠനാര്‍ഥം തെരഞ്ഞെടുക്കാവുന്ന മികച്ച കോഴ്സുകളാണ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്‍റും (പി.ജി.ഡി.ഐ.എം), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ആന്‍ഡ് എന്‍വയോണ്‍മെന്‍റല്‍ മാനേജ്മെന്‍റും (പി.ജി.ഡി.ഐ.എസ്.ഇ.എം). കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള മുംബൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് (എന്‍.ഐ.ടി.ഐ.ഇ) നടത്തുന്ന ഈ കോഴ്സുകളില്‍ 2017-2019 വര്‍ഷത്തെ ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ടെക്നോളജി മാനേജ്മെന്‍റിനും വ്യാവസായിക-പാരിസ്ഥിതിക സുരക്ഷാ മാനേജ്മെന്‍റിനും പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഈ കോഴ്സുകളില്‍ വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടെക്നോ-മാനേജീരിയല്‍ തസ്തികകളില്‍ തൊഴില്‍ ലഭിക്കുന്നതാണ്.
യോഗ്യത: ഏതെങ്കിലും ബ്രാഞ്ചില്‍ മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത എന്‍ജിനീയറിങ്, ടെക്നോളജി ബിരുദവും പ്രാബല്യത്തിലുള്ള ഐ.ഐ.എം-കാറ്റ് സ്കോറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ അഞ്ചു ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്. 2017 സെപ്റ്റംബറിനുമുമ്പ് യോഗ്യത തെളിയിക്കാന്‍ കഴിയുമെങ്കില്‍ എന്‍ജിനീയറിങ് ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2016 ഡിസംബര്‍ നാലിന് നടക്കുന്ന  ഐ.ഐ.എം-കാറ്റ് 2016ന് അപേക്ഷിച്ചിട്ടുള്ളവരാകണം. രണ്ട് കോഴ്സുകള്‍ക്കും ഒരേ യോഗ്യത തന്നെയാണ്. വിദേശ വിദ്യാര്‍ഥികള്‍ക്ക് ജി-മാറ്റ് സ്കോര്‍ മതിയാകും.
അപേക്ഷ നിര്‍ദേശങ്ങള്‍ പാലിച്ച് www.nitie.edu എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. 2016 ജനുവരി 16 വരെ അപേക്ഷകള്‍ സ്വീകരിക്കും. പൊതുവായ ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. ഒന്നിലധികം കോഴ്സിന് പരിഗണിക്കപ്പെടുന്നതിന് ഇരട്ടി ഫീസ് നല്‍കേണ്ടതുണ്ട്. ഓരോ കോഴ്സിനും അപേക്ഷ ഫീസ് 1000 രൂപ വീതമാണ്. പട്ടികജാതി , വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ വീതം മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. വിദേശ വിദ്യാര്‍ഥികള്‍ക്കും എന്‍.ആര്‍.ഐ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കും  50 യു.എസ് ഡോളറാണ് അപേക്ഷ ഫീസ്.
 ഐ.ഐ.എം-കാറ്റ് സ്കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചര്‍ച്ചയും ഇന്‍റര്‍വ്യൂവും നടത്തി തെരഞ്ഞെടുക്കും. ഗ്രൂപ് ചര്‍ച്ചയും ഇന്‍റര്‍വ്യൂവും 2017 മാര്‍ച്ച് , ഏപ്രില്‍ മാസത്തില്‍ നടക്കും. കോഴ്സുകള്‍ ജൂണില്‍ ആരംഭിക്കും.
പി.ജി.ഡി.ഐ.എം കോഴ്സില്‍ ആകെ 274 സീറ്റുകളും പി.ജി.ഡി.ഐ.എസ്.ഇ.എം കോഴ്സില്‍ 39 സീറ്റുകളുമാണുള്ളത്. പി.ജി.ഡി.ഐ.എസ്.ഇ.എം കോഴ്സില്‍ 15 സീറ്റുകള്‍ സ്പോണ്‍സേര്‍ഡ് വിഭാഗക്കാര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്.
അഡ്മിഷന്‍ ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രണ്ടു വര്‍ഷത്തെ പഠന കാലയളവില്‍ ആദ്യവര്‍ഷം 4,19000 രൂപയും രണ്ടാം വര്‍ഷം 3,91000 രൂപയും വിവിധ ഫീസ് ഇനങ്ങളിലായി അടക്കണം. 
നാലര ലക്ഷത്തിന് താഴെ വാര്‍ഷിക  കുടുംബ വരുമാനമുള്ള പട്ടികജാതി, വര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക്  ഫീസായ 2,70,000 രൂപ കുറച്ച് അടച്ചാല്‍ മതി.
സ്പോണ്‍സേഡ് വിദ്യാര്‍ഥികള്‍ ആദ്യവര്‍ഷം 4,09,000 രൂപയും രണ്ടാം വര്‍ഷം 3,81000 രൂപയും ഫീസായി നല്‍കണം. രണ്ടുവര്‍ഷത്തെ ഫുള്‍ടൈം കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍ഡസ്ട്രിയല്‍, സേഫ്റ്റി മാനേജ്മെന്‍റ് മേഖലകളില്‍ തൊഴില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ www.nitie.edu എന്ന വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.