ഐ.എഫ്.ടി.കെയും ഫാഷന്‍ ടെക്നോളജി പഠനവും

പുതിയ കാലത്ത് ഏറെ പഠിതാക്കളുള്ള പഠനമേഖലയാണ് ഫാഷന്‍ ടെക്നോളജിയും അനുബന്ധ പഠനമേഖലകളും. ഫാഷന്‍ ടെക്നോളജിയും അനുബന്ധ വിഷയങ്ങളിലെ പഠനങ്ങളും ചില കാര്യങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെടുന്നു. ഇവയെ രണ്ടായി തിരിക്കാം:
1. വിദ്യാര്‍ഥിക്ക് ജന്മസിദ്ധമായി ലഭിച്ച പ്രതിഭ. കുറച്ച് വിശാലമായി പറഞ്ഞാല്‍, സൗന്ദര്യാത്മകമായി ഭാവനാതലത്തില്‍ ചിന്തിക്കാനും നിറങ്ങളും രൂപങ്ങളും സൃഷ്ടിക്കുന്ന അനന്ത ദൃശ്യചാരുതയെ സംബന്ധിക്കുന്ന ചിന്തകളും അതോടൊപ്പം ഏറ്റവും പുതുതായി രംഗത്തത്തെുന്ന ഫാഷന്‍ പ്രവണതകളെക്കുറിച്ച അറിവും.
2. ‘സമ്പാദിച്ചെടുക്കുന്ന പ്രാപ്തി’ എന്ന് സാമാന്യാര്‍ഥത്തില്‍ മനസ്സിലാക്കാം. ബോധപൂര്‍വം സമ്പാദിക്കുന്ന ഈ നൈപുണ്യത്തെ ഒരക്കാദമിക യോഗ്യതയായി കരുതാം. ഏതെങ്കിലും ഫാഷന്‍ ടെക്നോളജി കോഴ്സുകള്‍ പഠിപ്പിക്കാന്‍ അവശ്യം വേണ്ട സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളതും അത് വേണ്ടവിധം പഠിതാക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നതും അംഗീകാരവുമുള്ളതുമായ സ്ഥാപനത്തില്‍നിന്നും സമ്പാദിക്കുന്ന ബിരുദം അല്ളെങ്കില്‍ സമാന നിലവാരത്തിലുള്ള അക്കാദമിക യോഗ്യത. നിലവാരമുള്ള പഠനപരിശീലനം ഫാഷന്‍ ടെക്നോളജി രംഗത്ത് നല്‍കാനുള്ള പരിശ്രമമാണ് കൊല്ലം ജില്ലയിലെ കുണ്ടറയില്‍ പ്രവര്‍ത്തിക്കുന്ന ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരള’ (ഐ.എഫ്.ടി.കെ) ശ്രമിക്കുന്നത്.
എന്താണ് ഐ.എഫ്.ടി.കെ?
കേരള സര്‍ക്കാറിന്‍െറ നേരിട്ട് നിയന്ത്രണമുള്ള ‘സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍െറ’ (സി.സി.ഇ.കെ) മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് ഐ.എഫ്.ടി.കെ പ്രവര്‍ത്തിക്കുന്നത്. 
കൊല്ലം ജില്ലയിലെ കുണ്ടറയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനാവശ്യമായ എല്ലാ സാങ്കേതിക സഹായവും നല്‍കിയതും നല്‍കുന്നതും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍.ഐ.എഫ്.ടി) ആണ്. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ ഐ.എഫ്.ടി.കെയില്‍ നടക്കുന്ന കോഴ്സിന്‍െറ അലകും പിടിയും നിര്‍മിച്ചിട്ടുള്ളത് നിഫ്റ്റില്‍ നടക്കുന്ന പ്രോഗ്രാമുകളുടെ മാതൃകയിലും നിലവാരത്തിലുമാണ്. ഐ.എഫ്.ടി.കെ ലക്ഷ്യംവെക്കുന്നതും ഇതുതന്നെ. ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ ഫാഷന്‍ ഡിസൈനിങ്ങിലും അനുബന്ധ മേഖലകളിലും അന്തര്‍ദേശീയ നിലവാരം പ്രകടിപ്പിക്കുന്ന കരുത്തുള്ള പ്രഫഷനലുകളാകണം. 
ആയതിനാല്‍, ഫാഷന്‍ പഠനത്തിന്‍െറയും അതുമായി ബന്ധപ്പെടുന്ന വിപുലമായ ഗവേഷണവും പരിശീലനവും ലഭ്യമാകുന്ന പൊതു ഇടമായി ഐ.എഫ്.ടി.കെയെ മാറ്റാന്‍ ചുരുങ്ങിയ കാലയളവില്‍തന്നെ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. 2014-15 അധ്യയനവര്‍ഷം മുതല്‍ സ്ഥാപനം കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത് സര്‍വകലാശാല നല്‍കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് പഠിതാക്കള്‍ക്ക് നല്‍കുന്നത്.
ഐ.എഫ്.ടി.കെയിലെ 
കോഴ്സ് ഏത്?
‘ബാച്ലര്‍ ഡിഗ്രി ഇന്‍ ഡിസൈന്‍’ (B.Des) എന്ന പേരില്‍ ബിരുദ നിലവാരത്തിലുള്ള പ്രോഗ്രാമാണ് ഐ.എഫ്.ടി.കെ നടത്തുന്നത്. ഈ ബിരുദപഠനത്തിന്‍െറ കാലദൈര്‍ഘ്യം നാലു വര്‍ഷമാണ്. നാലു വര്‍ഷത്തെ എട്ട് സെമസ്റ്ററായി മുറിച്ചാണ് കോഴ്സ് ക്രമപ്പെടുത്തിയിട്ടുള്ളത്. ആധുനിക കാലഘട്ടത്തില്‍ ഫാഷന്‍ ടെക്നോളജി മേഖലയില്‍ രൂപപ്പെട്ടിട്ടുള്ള എല്ലാ സാങ്കേതിക വശങ്ങളെയും പഠിതാക്കളെ പരിചയപ്പെടുത്തി സ്വാധീനം നേടാന്‍ അവസരം ഒരുക്കുന്നതിനോടൊപ്പം പാരമ്പര്യ വഴികളില്‍നിന്ന് മാറി തീര്‍ത്തും നവീനവും ഭാവനാസുന്ദരവും മൗലികവുമായ പരിശ്രമങ്ങള്‍ ഫാഷന്‍ ടെക്നോളജി മേഖലയില്‍ പരീക്ഷിക്കാന്‍ സ്ഥാപനം എല്ലാവിധ സൗകര്യങ്ങളും പഠിതാക്കള്‍ക്ക് നല്‍കുന്നു എന്നത് എടുത്തുപറയേണ്ടതാണ്.
താഴെ പറയുന്ന കാര്യങ്ങളാണ് ഐ.എഫ്.ടി.കെയിലെ ബിരുദപഠനം കഴിയുന്നതിലൂടെ വിദ്യാര്‍ഥികള്‍ ആര്‍ജിക്കുമെന്ന് സ്ഥാപനം ഊന്നല്‍ നല്‍കി പരിശ്രമിക്കുന്നത്:
1. ഫാഷന്‍ ടെക്നോളജി രംഗത്ത് ഭാവനാസമ്പന്നരായ പുതിയ പ്രതിഭകളെ വളര്‍ത്തിയെടുക്കുക.
2. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നിലനില്‍ക്കുന്ന ഫാഷന്‍ ടെക്നോളജിക്കും അനുബന്ധ മേഖലയിലുള്ള ഇന്‍ഡസ്ട്രി പ്രവണതകള്‍ക്കുമിണങ്ങും വിധം ഫാഷന്‍ ടെക്നോളജി വിദ്യാഭ്യാസ പരിശീലനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുക.
3. മൗലികതയും മികവും പുലര്‍ത്തി ആദര്‍ശാത്മകതയും യാഥാര്‍ഥ്യബോധവും നിലനിര്‍ത്തുന്ന പ്രഫഷനലുകളെ ഫാഷന്‍ ടെക്നോളജി രംഗത്ത് വളര്‍ത്തിയെടുക്കുക.
4. സുസ്ഥിരമായ ഫാഷന്‍ സമീപനങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാക്കിയെടുക്കാന്‍ പുതിയ പ്രഫഷനുകളെ പരിശീലിപ്പിക്കുക.
5. പഠിച്ചിറങ്ങുന്ന പ്രതിഭകളുടെ കഴിവ് പൂര്‍ണാര്‍ഥത്തില്‍ പ്രദര്‍ശിപ്പിച്ച് ജനശ്രദ്ധ നേടാന്‍ കഴിയുന്ന പ്രത്യേക ഇടങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നു.
ആര്‍ക്കൊക്കെ പ്രോഗ്രാമിന് ചേരാം?
പ്ളസ് ടുവും തത്തുല്യ യോഗ്യതയും പാസായ ഏത് വിദ്യാര്‍ഥിക്കും ഈ കോഴ്സിന് ചേരാന്‍ യോഗ്യത ഉണ്ട്.
ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജുക്കേഷന്‍, കേരളം നടത്തുന്ന എന്‍ജിനീയറിങ് ഡിപ്ളോമ പാസായവരും ‘ബാച്ലര്‍ ഡിഗ്രി ഇന്‍ ഡിസൈന്‍’ കോഴ്സിന് ചേരാന്‍ യോഗ്യതയുണ്ട്.
കൂടാതെ ഐ.എഫ്.ടി.കെ നടത്തുന്ന ‘ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്’ പാസായിട്ടുണ്ടാകണം.
ഐ.എഫ്.ടി.കെയിലേക്കുള്ള പ്രവേശന പരീക്ഷ എങ്ങനെ?
ബാച്ലര്‍ ഡിഗ്രി ഇന്‍ ഡിസൈന്‍ കോഴ്സിലേക്ക് ചേരാന്‍ ഐ.എഫ്.ടി.കെ നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് രണ്ടു ഭാഗങ്ങളുള്ളതാണ്.
ഒന്നാം ഭാഗം ജനറല്‍ എബിലിറ്റി ടെസ്റ്റ് (ജി.എ.ടി) ആണ്.
ഈ ഭാഗത്ത് വിദ്യാര്‍ഥിയുടെ ‘ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി’ പരിശോധിക്കാനുള്ള ചോദ്യങ്ങള്‍, ‘കമ്യൂണിക്കേഷന്‍ എബിലിറ്റി’ പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങള്‍, ‘ഇംഗ്ളീഷ് കോംപ്രിഹെന്‍ഷന്‍’ ‘അനലിറ്റിക്കല്‍ എബിലിറ്റി’ ‘ജനറല്‍ നോളജും കറന്‍റ് അഫയേഴ്സും’ ഉള്‍ക്കൊള്ളുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ഭാഗം - ക്രിയേറ്റിവ് എബിലിറ്റി ടെസ്റ്റ് (CAT) ആണ്. ഈ വിഭാഗം ചോദ്യങ്ങളിലൂടെ വിദ്യാര്‍ഥിയുടെ നിരീക്ഷണപാടവം, വിഷയങ്ങളെ മനസ്സിലാക്കി വിലയിരുത്താനുള്ള കരുത്ത്, പുതിയതും നവീനവുമായ ആശയങ്ങളെ ചിന്തിച്ചെടുക്കാനും അത് പ്രവൃത്തിയില്‍ എത്തിക്കാനുമുള്ള പ്രാപ്തിയും ശേഷിയും ഈ ഭാഗത്ത് പരിശോധിക്കപ്പെടുന്നു. നിറങ്ങളുടെ ഉപയോഗവും രേഖാചിത്രങ്ങളുടെ ഉപയോഗവും എങ്ങനെ എന്ന അന്വേഷണം ഈ ഭാഗത്തെ ചോദ്യങ്ങളുടെ മൂടിവെക്കപ്പെട്ട പ്രധാനമായ രഹസ്യമാണ്.
തീര്‍ച്ചയായും ഫാഷന്‍ ടെക്നോളജിയില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തില്‍തന്നെ അതിനുള്ള അവസരമാണ് കേരള സര്‍ക്കാറിന്‍െറ സ്വന്തം സ്ഥാപനമായ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരള’. 2017-18 അധ്യയനവര്‍ഷത്തിലേക്കുള്ള പ്രവേശന നടപടികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനം ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി www.iftk.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0474 2547775, 2548798. 
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.