മാനേജ്മെന്‍റ് പഠനം; ശ്രദ്ധിക്കേണ്ടതെന്ത്

ഇന്ത്യയില്‍ മാനേജ്മെന്‍റ് പഠനം ആരംഭിക്കുന്നത് 1957ല്‍ ആന്ധ്ര സര്‍വകലാശാലയിലാണ്.  തുടര്‍ന്ന്, ഇന്ത്യയിലെ മറ്റു ചില സര്‍വകലാശാലകള്‍കൂടി മാനേജ്മെന്‍റ് പഠനരംഗത്തേക്കുവരുന്നു.
1958ല്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയും ബംഗാളിലെ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ എന്ന സ്ഥാപനവും മാനേജ്മെന്‍റ് പഠനം ആരംഭിക്കുന്നു. എന്നാല്‍, മാനേജ്മെന്‍റ് പഠനത്തിന്‍െറ എല്ലാ ചേരുവകളും ശാസ്ത്രീയമായി ഉള്‍പ്പെടുത്തി അന്തര്‍ദേശീയ നിലവാരത്തോടെ ഇന്ത്യയില്‍  മാനേജ്മെന്‍റ് പഠനം ആരംഭിക്കുന്നത് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലാണ്. മാനേജ്മെന്‍റ് പഠനത്തിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന അമേരിക്കയിലെ ഹാര്‍വാഡ് ബിസിനസ് സ്കൂളുമായി സഹകരിച്ചാണ് കൊല്‍ക്കത്തയില്‍ ആദ്യത്തെ ഐ.ഐ.എം ആരംഭിക്കുന്നത്.
തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ധാരാളം ബിസിനസ് സ്കൂളുകള്‍ (ബി-സ്കൂളുകള്‍) ആരംഭിച്ചു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മാനേജ്മെന്‍റ് പഠനം നടത്താന്‍ അവസരം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയിലാണുള്ളത്. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജുക്കേഷന്‍ (എ.ഐ.സി.ടി.ഇ) നല്‍കുന്ന കണക്കനുസരിച്ച് ഇന്ത്യയില്‍ 5849 ബിസിനസ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാംകൂടി 4,32,021 സീറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് മാനേജ്മെന്‍റ് പഠനത്തിനായി തുറന്നിട്ടുണ്ട്. മാനേജ്മെന്‍റ് പഠനത്തിന് ഏറ്റവും ശ്രദ്ധേയമായ 19 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് അടക്കം ധാരാളം  സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. എങ്കിലും, പലപ്പോഴായി വിവിധ സംഘടനകളും സ്ഥാപനങ്ങളും ഇത്തരം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ റാങ്കിങിന് വിധേയമാക്കിയപ്പോള്‍100ാം റാങ്കിനുള്ളില്‍പോലും ഇന്ത്യയിലെ ഒരു ബിസിനസ് സ്കൂളും ഇടം പിടിച്ചില്ല. അതിനാല്‍, എം.ബി.എപോലുള്ള പഠനശാഖകള്‍ തെരഞ്ഞെടുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ബിസിനസ് ബിരുദപഠനത്തിന് അവശ്യം വേണ്ടതെന്തെല്ലാം?
ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദമാണ് എം.ബി.എക്കുള്ള യോഗ്യത. പ്രവേശന പരീക്ഷകളും അനുബന്ധ ഗ്രൂപ്പു ചര്‍ച്ചകളും വിജയിച്ചാല്‍ അഡ്മിഷന്‍ ലഭിക്കും. എന്നാല്‍, എം.ബി.എപോലുള്ള കോഴ്സിന് സിലബസും അനുബന്ധ പഠനങ്ങളും ആവശ്യപ്പെടുന്ന പ്രാപ്തിയും കരുത്തും പ്രകടമാക്കി ഉപയോഗിക്കാന്‍ കഴിഞ്ഞാലേ നിലവാരമുള്ള ബിസിനസ് ബിരുദധാരിയായി പുറത്തുവരാനാകൂ.
എം.ബി.എ പഠനം ഊന്നല്‍ നല്‍കുന്ന പ്രധാന മേഖലകള്‍
 അപ്ളിക്കേഷന്‍ സ്കില്‍,  കമ്പ്യൂട്ടേഷന്‍ സ്കില്‍,  ഡാറ്റ ഇന്‍റര്‍പ്രറ്റേഷന്‍ സ്കില്‍. ഈ മൂന്നു മേഖലയെയും ഊന്നിയാണ് എല്ലാത്തരം മാനേജ്മെന്‍റ് ബിരുദ-ബിരുദാനന്തര പഠനങ്ങളും. ബിസിനസ് ബിരുദ കോഴ്സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കണക്കില്‍ നല്ല അടിത്തറയുണ്ടാകണം. 12ാം ക്ളാസില്‍ കണക്കു പഠിച്ചിട്ടുണ്ട് എന്നത് പ്ളസ് പോയന്‍റായി പറയാമെങ്കിലും 12ാം തരത്തിലെ കണക്കിന്‍െറ പാഠങ്ങളില്‍നിന്ന് വ്യത്യസ്തവും കടുപ്പവുമുള്ളതാണ് എം.ബി.എ ക്ളാസിലെ കണക്കിന്‍െറ ആപ്ളിക്കേഷന്‍.
ഇംഗ്ളീഷ് ഭാഷയുടെ ഉപയോഗവും അത്യാവശ്യമാണ്. അനലറ്റിക്കല്‍ സ്കില്ലിന്‍െറ ഭാഗമായി പരിഹരിക്കേണ്ട പ്രശ്നങ്ങളെ സമര്‍ഥമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ഇംഗ്ളീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം.  ഇംഗ്ളീഷില്‍ നല്‍കുന്ന ഒരു പ്രശ്നം വായിച്ച് വിശകലനത്തിലൂടെയും വിലയിരുത്തലിലൂടെയും ഉചിതമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിയണം.
ഇവിടെ പഠിതാവിന്‍െറ കോംപ്രിഹെന്‍ഷന്‍ കഴിവാണ്  ആവശ്യമായി വരുന്നത്. മറ്റു ഭാഷകള്‍ സംസാരിക്കുന്ന രാജ്യങ്ങളിലെ മാനേജര്‍മാരും ഉദ്യോഗസ്ഥരും ബിസിനസുകാരുമായി നിരന്തരം ഇടപെടേണ്ടതുകൊണ്ട് അന്തര്‍ദേശീയ ഭാഷ എന്ന കാരണത്താല്‍ ഇംഗ്ളീഷിലുള്ള കമ്യൂണിക്കേഷന്‍ പ്രാപ്തി ഓരോ എം.ബി.എ വിദ്യാര്‍ഥിയും വളര്‍ത്തിയെടുക്കണം.
എം.ബി.എ പഠനം ഈകാലയളവില്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ചിലകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധകൊടുക്കണം.
മാനേജ്മെന്‍റ് പഠനത്തിന് തെരഞ്ഞെടുക്കുന്ന ഓപ്ഷനല്‍ വിഷയത്തെപോലത്തെന്നെ പ്രധാനമാണ് ഏതു സ്ഥാപനത്തിലാണ് മാനേജ്മെന്‍റ് പഠനം നടത്തിയിട്ടുള്ളതെന്നത്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കണം.  മുന്‍കാലങ്ങളിലെ മാനേജ്മെന്‍റ് പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓരോ വ്യവസായവും തങ്ങള്‍ക്കാവശ്യമായ സ്പെഷലൈസ്ഡ് കോഴ്സുകള്‍ കഴിയുന്നവരെ മാത്രം തെരഞ്ഞെടുത്ത് ജോലിനല്‍കുന്ന പ്രവണതകൂടിവരുകയാണ്. ആയതിനാല്‍ കാലം ആവശ്യപ്പെടുന്നതരത്തിലുള്ള സ്പെഷലൈസ്ഡ് എം.ബി.എ പഠനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. പുതിയകാലത്ത് ഡിമാന്‍ഡുള്ള പ്രധാന മാനേജ്മെന്‍റ് സ്പെഷലൈസ്ഡ് കോഴ്സുകള്‍  ഇവയാണ്:
 റിടെയില്‍ മാനേജ്മെന്‍റ്,  ഐ.ടി മാനേജ്മെന്‍റ്, ഓന്‍ട്രെപ്രന്യര്‍ മാനേജ്മെന്‍റ്,  ടൂര്‍ ആന്‍ഡ് ട്രാവല്‍ മാനേജ്മെന്‍റ്, സപൈ്ള ചെയിന്‍ മാനേജ്മെന്‍റ്,  അഗ്രിബിസിനസ് മാനേജ്മെന്‍റ്,  എവിയേഷന്‍ മാനേജ്മെന്‍റ്,  ബയോടെക്നോളജി മാനേജ്മെന്‍റ്,  ബ്രാന്‍ഡ് മാനേജ്മെന്‍റ്, ഡിസൈന്‍ മാനേജ്മെന്‍റ്,  ഇ-കോമേഴ്സ്/ഇ-ബിസിനസ് മാനേജ്മെന്‍റ്, സ്പോര്‍ട്സ് മാനേജ്മെന്‍റ്, ഇന്‍ഷുറന്‍സ് ആന്‍ഡ് റിസ്ക് മാനേജ്മെന്‍റ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്‍റ് ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍.
ഇതുകൂടാതെ ധാരാളം പുതിയ ശാഖകള്‍ മാനേജ്മെന്‍റ് പഠനത്തില്‍ കടന്നുവരുന്നുണ്ട്. ഇവ നല്‍കുന്ന തൊഴില്‍ സാധ്യതകളെ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്തതിനുശേഷമേ മാനേജ്മെന്‍റ് കോഴ്സുകളില്‍ ചേര്‍ന്ന് പഠനം നടത്താവൂ.
ഇന്ത്യക്ക് പുറത്ത് മാനേജ്മെന്‍റ് പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍, ചെലവുകൂടുതലും എന്നാല്‍ കൂടിയ മികവുമുള്ള സ്ഥാപനങ്ങളില്‍ പോകാന്‍ കഴിയുമെങ്കില്‍ അമേരിക്കന്‍ ഐക്യനാടുകളും യൂറോപ്യന്‍ രാജ്യങ്ങളുമാണ് ഉത്തമം. പണച്ചെലവു കുറഞ്ഞതും നിലവാരമുള്ളതുമായ മാനേജ്മെന്‍റ് പഠനത്തിന് ആഗ്രഹിക്കുന്നവര്‍ ചൈന, സിംഗപ്പൂര്‍പോലുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ പഠനം നടത്തുന്നതായിരക്കും നല്ലത്.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.