പരീക്ഷക്കാലത്തെ പേടിക്കണോ? 

ഡോ. ടി.എം അനന്ത കേശവന്‍
വീണ്ടും ഒരു പരീക്ഷക്കാലം വരുകയാണ്. നമ്മുടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരുപരിധിവരെ അധ്യാപകരും ആശങ്കാകുലരാകുന്ന സമയമാണിത്. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് പരീക്ഷക്ക് വേണ്ട തയാറെടുപ്പുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 
ഏതൊരു മനുഷ്യനും ആവശ്യമുള്ളതാണല്ളോ ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവ. പരീക്ഷക്ക് പോകുന്ന വിദ്യാര്‍ഥിക്കും ഇതെല്ലാം അത്യാവശ്യമാണെന്നു കാണാം. ഭക്ഷണത്തില്‍ അതീവ ശ്രദ്ധവേണം. ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ പഠിച്ചാല്‍ പ്രതീക്ഷിച്ച ഫലമുണ്ടാവില്ളെന്നുറപ്പാണ്. മിതമായ ഭക്ഷണമാണ് അഭികാമ്യം. ഒരിക്കലും പ്രാതല്‍ കഴിക്കാതിരിക്കരുത്. ‘പ്രഭാത ഭക്ഷണം തലച്ചോറിന്‍െറ ഭക്ഷണമാണ്’ എന്നു വേണമെങ്കില്‍ പറയാം. ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും പയറുവര്‍ഗങ്ങളും ഉള്‍പ്പെടുത്തണം. ധാരാളം വെള്ളം കുടിക്കണം; പ്രത്യേകിച്ച് ഇതുപോലൊരു ചൂടുകാലാവസ്ഥയില്‍. വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് അഭികാമ്യം. ഓര്‍മശക്തി, ശ്രദ്ധ, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കാന്‍ പഴം, പച്ചക്കറികള്‍, മത്സ്യം, മുട്ട എന്നിവ സഹായിക്കും. തലച്ചോറിനെ തളര്‍ത്തുന്ന ഭക്ഷണങ്ങള്‍; പ്രത്യേകിച്ചും മൈദ കൊണ്ടുണ്ടാക്കിയ കേക്ക്, ബ്രഡ് തുടങ്ങിയവയും, ജങ്ക് ഫുഡും ഒഴിവാക്കണം. ഐസ്ക്രീമുകളും ചോക്ളറ്റുകളും വേണ്ടെന്നുവെക്കുക. കൃത്രിമമായ കൂള്‍ഡ്രിങ്ക്സ് ഉപേക്ഷിച്ച് ശുദ്ധമായ പഴച്ചാറുകളും തിളപ്പിച്ചാറ്റിയ വെള്ളവും കുടിക്കാം. പരീക്ഷാ സമയത്ത് പുതിയ ഭക്ഷണംകൊണ്ടുള്ള പരീക്ഷണം അരുത്. പുറമെനിന്നുള്ള ഭക്ഷണം, ഇതുവരെ കഴിച്ചിട്ടില്ലാത്ത പുതിയ ഭക്ഷണം എന്നിവ ഒഴിവാക്കണമെന്നര്‍ഥം. 
ഉറക്കമാണ് പലപ്പോഴും കുട്ടികളും ഒരു പരിധിവരെ രക്ഷിതാക്കളും പ്രാധാന്യം കൊടുക്കാത്ത ഘടകം. കുട്ടികള്‍ പരീക്ഷ സമയത്ത് ചുരുങ്ങിയത് ആറു മുതല്‍ എട്ടു വരെ മണിക്കൂര്‍  ഉറങ്ങണം. നേരത്തേയുറങ്ങി നേരത്തേ എഴുന്നേല്‍ക്കുന്ന ശീലംതന്നെയാണ് നല്ലത്. രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കുന്ന വിധത്തില്‍ ഉറക്കസമയം നിജപ്പെടുത്തണം. ഉണര്‍വോടും ഊര്‍ജസ്വലതയോടും കൂടി പരീക്ഷ എഴുതാന്‍ മതിയായ ഉറക്കം അത്യാവശ്യമാണ്. ഉറക്കമൊഴിഞ്ഞു പഠിച്ചാല്‍ പരീക്ഷയെഴുതാനുള്ള ഉത്സാഹത്തെയും ഓര്‍മശക്തിയെയും പ്രതികൂലമായി ബാധിക്കാം. 
മൂന്നാമത്തെ ഘടകമായ വ്യായാമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പഠിക്കുന്നതിനിടയില്‍ വിശ്രമിക്കുന്നതിനെയാണ്. നടന്നുകൊണ്ട് ചിന്തിക്കലോ, പഠിച്ച ഭാഗങ്ങള്‍ കുറിപ്പെഴുതി ഓര്‍മ പുതുക്കലോ ഇതിലുള്‍പ്പെടുത്താം. ചെറിയ തരത്തിലുള്ള യോഗയും മനസ്സ് റിഫ്രഷ് ചെയ്യുന്നതിന് സഹായിക്കും. ടി.വി, മൊബൈല്‍, കാര്‍ട്ടൂണ്‍ കളികള്‍ എന്നിവ പൂര്‍ണമായും വേണ്ടെന്നുവെക്കണം. ടി.വി കാണാതിരിക്കുന്നതിനുവേണ്ടി വീട്ടിലുള്ള മറ്റുള്ളവരും പ്രത്യേകം സഹകരിക്കണം. 
പരീക്ഷക്ക് തയാറെടുക്കുന്നതും ഒരു കലയാണ്. കഠിനാധ്വാനം മാത്രം പോരാ; സ്വന്തമായുള്ള സാമര്‍ഥ്യവും അതിലുള്‍പ്പെടുത്തി പഠിക്കണം. പ്രാധാന്യമുള്ള പഠനവിഷയങ്ങള്‍ പുസ്തകത്തില്‍ അടയാളപ്പെടുത്തിയും അതിനെക്കുറിച്ച് പ്രത്യേക കുറിപ്പുണ്ടാക്കിയും പഠനം സുഖകരമാക്കാം. പഠിച്ച ഭാഗങ്ങള്‍ പുസ്തകം നോക്കാതെ പറയാനോ എഴുതാനോ ശ്രമിക്കുന്നത് നന്നായിരിക്കും. ഉത്തരം വലിയ അക്ഷരങ്ങളില്‍ സ്ഥലം വിട്ട് എഴുതണം. കഴിവതും ചിത്രങ്ങളും പട്ടികകളും ഉത്തരക്കടലാസില്‍ ഉള്‍ക്കൊള്ളിക്കുന്നത്  നോക്കുന്ന അധ്യാപകന് കൂടുതല്‍ മാര്‍ക്കിടാന്‍ പ്രചോദനമായേക്കും. ഒരു ചോദ്യവും ഒന്നുമെഴുതാതെ വിടാന്‍ പാടില്ല. അറിയാവുന്ന ഒന്നു രണ്ടു കാര്യമെങ്കിലും എഴുതിയാല്‍ 20-30 ശതമാനം  മാര്‍ക്ക് തരും. ഒട്ടും അറിയാത്ത ചോദ്യമാണെങ്കില്‍ അവസാനത്തേക്ക് മാറ്റിവെക്കുന്നതില്‍ തെറ്റില്ല. പക്ഷേ, മാറ്റിവെച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാന്‍ മറക്കരുത്. ആദ്യംതന്നെ ചോദ്യങ്ങള്‍ മുഴുവന്‍ നോക്കി അവലോകനം ചെയ്യുന്നത് നന്നായിരിക്കും. ഇത് സമയം ഒരുവിധം ക്രമീകരിച്ച് എഴുതുന്നതിന് സഹായിക്കും. പലപ്പോഴും കാണുന്നത് ആദ്യഭാഗ ചോദ്യങ്ങള്‍ക്ക് ഉത്തരം വലിച്ചുനീട്ടിയും അവസാനഭാഗ ചോദ്യങ്ങള്‍ക്ക് സമയം മതിയാവാത്തതു കാരണം ഉത്തരം വളരെ കുറച്ചും എഴുതുന്ന പ്രവണതയാണ്. 
പരീക്ഷാ ഹാളില്‍ മുന്‍കൂട്ടിയത്തെണം. ഓടിക്കിതച്ച് പരീക്ഷക്ക് തൊട്ടുമുമ്പേ ഹാളിലത്തെിയാല്‍ പരിഭ്രമവും മറവിയും കൂടും. ഹാള്‍ടിക്കറ്റും എല്ലാ ഉപകരണങ്ങളും (പേന, കളര്‍ പെന്‍സില്‍, സ്കെയില്‍ തുടങ്ങിയവ) മുമ്പേ എടുത്തുവെക്കണം. 
പരീക്ഷക്കു ശേഷം ഹാളിന് പുറത്തുനിന്ന് പരീക്ഷയെക്കുറിച്ച് വിശകലനം ചെയ്യുന്നത് സമയം നഷ്ടപ്പെടുത്താനും നിരാശകൂട്ടാനും മാത്രമേ സഹായിക്കൂ. ഇങ്ങനെ സമയം കളയാതെ, വീട്ടിലത്തെി അടുത്ത പരീക്ഷക്ക് തയാറെടുപ്പ് തുടങ്ങുന്നതാണ് നല്ലത്. 
അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും കുട്ടികളുടെ പരീക്ഷയില്‍ കാര്യമായ പങ്കുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്താല്‍ അഭിനന്ദിക്കാന്‍ മറക്കരുത്. മറ്റുള്ള കുട്ടികളുമായി താരതമ്യംചെയ്ത് അവരെ കൂടുതലായി കൂടക്കൂടെ ഉപദേശിക്കരുത്. രണ്ടോ മൂന്നോ മാര്‍ക്ക് കുറഞ്ഞാല്‍ വഴക്കുപറയരുത്. 85-95 ശതമാനം വരെ മാര്‍ക്ക് കിട്ടിയ കുട്ടികള്‍ മോശമെന്നു കരുതരുത്. ഇതില്‍ പലരും വിവിധതരം പ്രവേശപരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുകയും പ്രഫഷനല്‍ കോളജില്‍ പഠനത്തില്‍ കൂടുതല്‍ തിളങ്ങുന്നതായും കണ്ടിട്ടുണ്ട്. നേരത്തേ സൂചിപ്പിച്ചതുപോലെ കുട്ടികളെ ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും ഉറങ്ങാന്‍ വിടണം. ടി.വികൊണ്ടുള്ള ശല്യം കുട്ടികളെ ബാധിക്കരുത്. ഇടക്കിടക്ക് ചെറിയ സമയത്തേക്ക് വിശ്രമം അനുവദിക്കുക. 
രാവിലെ ട്യൂഷന്‍ ഒഴിവാക്കുക. ട്യൂഷന്‍ വേണമെങ്കില്‍ വൈകീട്ട് മാത്രം മതി. അമിത പ്രതീക്ഷ അടിച്ചേല്‍പിക്കരുത്. നിരാശപ്പെടുത്തുന്ന കാര്യങ്ങള്‍ പറയാതെ അധ്യാപകരും ശ്രമിക്കണം. പോസിറ്റിവ് എനര്‍ജി പകര്‍ന്നുകൊടുക്കുന്ന രീതിയില്‍ മാത്രമേ ഉപദേശിക്കാവൂ. തളര്‍ച്ചകളെ ഉയര്‍ച്ചകളാക്കി ജീവിതം വിജയമാക്കിയ തോമസ് ആല്‍വ എഡിസന്‍, ഐസക് ന്യൂട്ടന്‍, ബില്‍ ഗേറ്റ്സ് എന്നിവരെ ഉദാഹരണമാക്കി നമുക്ക് പോസിറ്റിവ് എനര്‍ജി പകര്‍ന്നുകൊടുക്കാം. കുട്ടിയുടെ മുറിയുടെ മുന്നില്‍ കാവലിരുന്ന് പഠിപ്പിക്കേണ്ട കാലമല്ലിത്. നമ്മള്‍ പഠിച്ച കാലഘട്ടവുമല്ല. ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അതെഴുതേണ്ട വിധത്തിലും മാറ്റം വന്നിരിക്കുന്നു എന്ന വസ്തുത നമ്മള്‍ ഉള്‍ക്കൊള്ളണം. 
അധ്യാപകരും രക്ഷിതാക്കളും കുട്ടികളോട് സഹകരിച്ചും പ്രചോദനമായും പരീക്ഷ ഒരു നല്ല അനുഭവമാക്കി മാറ്റാം. പരീക്ഷക്കുള്ള തയാറെടുപ്പ് നേരത്തേ തുടങ്ങി വേവലാതിയും സംഭ്രമവും മറ്റിവെച്ചാല്‍തന്നെ നമ്മുടെ കുട്ടികളുടെ പരീക്ഷക്കാലം നല്ല കാലമാക്കാന്‍ പറ്റുമെന്ന് തീര്‍ച്ച.   
സംശയങ്ങള്‍ക്ക് ഫോണ്‍: 9447959980
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.