നാവികസേനയും അവസരങ്ങളും

കടലോളം തൊഴിലവസരങ്ങള്‍ പ്രദാനംചെയ്യുന്ന പ്രതിരോധസേനാ വിഭാഗമാണ് ഇന്ത്യന്‍ നാവികസേന. അര്‍പ്പണമനോഭാവവും ദേശസ്നേഹവും  വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാര്‍ക്ക് വിവിധ തൊഴിലവസരങ്ങളാണ് സേന നല്‍കിവരുന്നത്. മെറിറ്റ് തന്നെയാണ് തെരഞ്ഞെടുപ്പിലെ മുഖ്യമാനദണ്ഡം. സുതാര്യമായ റിക്രൂട്ട്മെന്‍റ് രീതിയാണ് മുഖമുദ്ര.
യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷനിലൂടെയും (യു.പി.എസ്.സി) അല്ലാതെ നേരിട്ട് പെര്‍മനന്‍റ്/ഷോര്‍ട്ട് സര്‍വിസ് കമീഷനിലൂടെയുമാണ് റിക്രൂട്ട്മെന്‍റുകള്‍.
നാഷനല്‍ ഡിഫന്‍സ് അക്കാദമി (എന്‍.ഡി.എ)/നേവല്‍ അക്കാദമി (10+2); കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വിസസ് എക്സാമിനേഷന്‍ (സി.ഡി.എസ്.ഇ) എന്നിങ്ങനെ വര്‍ഷത്തില്‍ രണ്ടു തവണ യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ നടത്തുന്ന പരീക്ഷകളിലൂടെയാണ് മുഖ്യ തെരഞ്ഞെടുപ്പ്. എന്‍.ഡി.എ/നേവല്‍ അക്കാദമി പരീക്ഷകളില്‍ സമര്‍ഥരായ പ്ളസ് ടു വിജയികള്‍ക്ക് പങ്കെടുക്കാം. എന്നാല്‍, സി.ഡി.എസ്.ഇയില്‍ ബിരുദധാരികള്‍ക്കു മാത്രമേ പങ്കെടുക്കാനാവൂ. എഴുത്തുപരീക്ഷ നടത്തി യോഗ്യത നേടുന്നവരുടെ ഷോര്‍ട്ട്ലിസ്റ്റ് തയാറാക്കി സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡിന് നല്‍കി, എസ്.എസ്.ബി, ഇന്‍റര്‍വ്യൂ നടത്തി അര്‍ഹതയുള്ളവരുടെ ലിസ്റ്റ് വീണ്ടും യു.പി.എസ്.സിക്ക് കൈമാറുകയും റിക്രൂട്ട്മെന്‍റിനുള്ള അന്തിമ റാങ്ക്/മെറിറ്റ്ലിസ്റ്റ് യു.പി.എസ്.സി തയാറാക്കുകയുമാണ് ചെയ്യുന്നത്. മെഡിക്കല്‍ ഫിറ്റ്നസിന് വിധേയമായാകും അന്തിമ തെരഞ്ഞെടുപ്പ്. യു.പി.എസ്.സി വിജ്ഞാപനത്തിന് അനുസൃതമായി മാത്രമേ അപേക്ഷിക്കാനാവൂ.
യു.പി.എസ്.സി മുഖാന്തരമല്ലാതെയുള്ള പെര്‍മനന്‍റ്, ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ (എസ്.എസ്.സി) റിക്രൂട്ട്മെന്‍റുകള്‍ എക്സിക്യൂട്ടിവ് (ലോജിസ്റ്റിക്സ്, ലോ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഹൈഡ്രോഗ്രഫി, നേവല്‍ ആര്‍മമെന്‍റ് ഇന്‍സ്പെക്ഷന്‍, പൈലറ്റ് ഒബ്സര്‍വര്‍); മറൈന്‍ എന്‍ജിനീയറിങ് (നേവല്‍ ആര്‍കിടെക്ട് ഉള്‍പ്പെടെ) വിഭാഗങ്ങളിലാണ് നടത്തുക.
പ്ളസ് ടു (ബി.ടെക്) എന്‍ട്രിയാണ് മറ്റൊരു ആകര്‍ഷണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക്/ഗ്രേഡോടെ വിജയിച്ചിട്ടുള്ളവര്‍ക്ക് സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡ് നടത്തുന്ന തെരഞ്ഞെടുപ്പിലൂടെ ഏഴിമല നേവല്‍ അക്കാദമിയില്‍ ചേര്‍ന്ന് സൗജന്യ എന്‍ജിനീയറിങ് പഠനം നടത്തി ഇലക്ട്രിക്കല്‍/നേവല്‍ ആര്‍കിടെക്ചര്‍ ബ്രാഞ്ചുകളില്‍ തൊഴില്‍ നേടാം. പഠന-പരിശീലനങ്ങള്‍ തികച്ചും സൗജന്യമാണ്. പരിശീലനകാലത്ത് സ്റ്റൈപന്‍ഡും ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ആകര്‍ഷകമായ ശമ്പളവും ലഭിക്കുന്നതാണ്.
യൂനിവേഴ്സിറ്റി എന്‍ട്രി സ്കീമിലൂടെ ഫൈനല്‍ ഇയര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ടെക്നിക്കല്‍ ബ്രാഞ്ചുകളില്‍ തൊഴില്‍ നേടാം. അപേക്ഷകരുടെ ഷോര്‍ട്ട്ലിസ്റ്റ് തയാറാക്കി എസ്.എസ്.ബി ഇന്‍റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കും. മെഡിക്കല്‍ ടെസ്റ്റുകളും ഉണ്ടാകും. സ്പെഷല്‍ നേവല്‍ ആര്‍കിടെക്ട്സ് എന്‍ട്രി സ്കീമിലൂടെ നേവല്‍ ആര്‍കിടെക്ട് ഓഫീസര്‍മാരെ നിയമിക്കുന്നതിലേക്ക് കാമ്പസ് ഇന്‍റര്‍വ്യൂകളും സംഘടിപ്പിക്കാറുണ്ട്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, എജുക്കേഷന്‍ വിഭാഗങ്ങളിലേക്കും റിക്രൂട്ട്മെന്‍റ്  നടത്തുന്നുണ്ട്.
50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദവും ‘ബി’ ഗ്രേഡില്‍ കുറയാതെയുള്ള എന്‍.സി.സി-സി സര്‍ട്ടിഫിക്കറ്റും ഉള്ളവരെ റെഗുലര്‍ കമീഷന്‍ഡ് ഓഫിസര്‍മാരായി നിയമിക്കാറുണ്ട്.  ഇക്കൂട്ടര്‍ സി.ഡി.എസ്.ഇ പരീക്ഷയെഴുതാതെ എസ്.എസ്.ബി ഇന്‍റര്‍വ്യൂ വഴി തെരഞ്ഞെടുക്കപ്പെടുകയാണ് ചെയ്യുന്നത്. എന്‍.സി.സി സര്‍ട്ടിഫിക്കറ്റുകാര്‍ക്ക്  ഷോര്‍ട്ട് സര്‍വിസ് കമീഷനിലൂടെ എക്സിക്യൂട്ടിവ് ബ്രാഞ്ചിലും തൊഴിലവസരം ലഭിക്കും. ഫിസിക്സ്, മാത്തമാറ്റിക്സ്  ഉള്‍പ്പെടെ ശാസ്ത്രവിഷയങ്ങളില്‍ ബിരുദമെടുത്തവര്‍ക്കാണ് അവസരം.
വിമന്‍ എന്‍ട്രി: ലോ, ലോജിസ്റ്റിക്സ്, എയര്‍ട്രാഫിക് കണ്‍ട്രോള്‍, ഒബ്സര്‍വേഴ്സ് (ഏവിയേഷന്‍), നേവല്‍ ആര്‍കിടെക്ചര്‍, എജുക്കേഷന്‍ ബ്രാഞ്ചുകളിലാണ് ഷോര്‍ട്ട് സര്‍വിസ് കമീഷനിലൂടെ വനിതകളെ ഓഫിസര്‍മാരായി തെരഞ്ഞെടുക്കപ്പെടുന്നത്.  പെര്‍മനന്‍റ് കമീഷന്‍ വഴിയും  ലോ, എജുക്കേഷന്‍ , നേവല്‍ ആര്‍കിടെക്ചര്‍ കേഡറുകളില്‍ വനിതകളെ നിയമിക്കാറുണ്ട്. വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ പരിശീലനങ്ങള്‍തന്നെയാണ് നല്‍കുക.
ഇന്ത്യന്‍ നേവിയില്‍ ചേരുന്നതിന് ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസ് അനിവാര്യമാണ്. സ്പോര്‍ട്സ്, സ്വിമ്മിങ് മുതലായ പാഠ്യേതരപ്രവര്‍ത്തന പ്രാവീണ്യം അഭിലഷണീയം.
എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് എക്സിക്യൂട്ടിവ്, എജുക്കേഷന്‍ ബ്രാഞ്ചുകളിലോ ടെക്നിക്കല്‍ ബ്രാഞ്ചുകളിലോ ജോലിയില്‍ പ്രവേശിക്കാം. സന്നാഹമൊരുക്കി യുദ്ധം നയിക്കേണ്ട ചുമതല എക്സിക്യൂട്ടിവ് ഓഫിസര്‍ക്കുള്ളതാണ്. എന്നാല്‍, യുദ്ധോപകരണങ്ങളും മറ്റും സജ്ജമാക്കുകയും മെയ്ന്‍റയിന്‍ ചെയ്യുകയുമാണ് ടെക്നിക്കല്‍ ബ്രാഞ്ചുകളുടെ ചുമതല. ഓഫിസര്‍മാരെ പരിശീലിപ്പിക്കുകയാണ് എജുക്കേഷന്‍ ഓഫിസര്‍മാരുടെ കൃത്യനിര്‍വഹണം.
പ്രതിഭാശാലികളും കഠിനാധ്വാനികളുമായ ഓഫിസര്‍മാര്‍ക്ക് അഡ്മിറല്‍ റാങ്ക്വരെ  ഉയരാം. സെയിലര്‍മാര്‍ക്ക് കമീഷന്‍ഡ് ഓഫിസറാകാനും കഴിയും. സാഹസികത നിറഞ്ഞ പാരാ സെയിലിങ്, മൗണ്ടനീയറിങ്, ‘സ്കൂബാ’ ഡൈവിങ്, ഹാങ് ഗൈ്ളഡിങ്, വാട്ടര്‍ സ്പോര്‍ട്സ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും നേവിയില്‍ അവസരങ്ങളുണ്ട്.  റിക്രൂട്ട്മെന്‍റ്  സംബന്ധമായ വിവരങ്ങള്‍ക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.