ക്ളാറ്റ് കടന്നാല്‍ കോട്ടണിയാം

ഓടിനടന്ന് കേസ് പിടിക്കലാണ് വക്കീലുദ്യോഗം എന്ന സങ്കല്‍പമൊക്കെ പഴഞ്ചന്‍ ആയി. കറുത്ത കോട്ടിന്‍െറ ബ്ളാക് ആന്‍ഡ് വൈറ്റ് ഇമേജില്‍ നിന്നും തിളങ്ങുന്ന പത്രാസിലേക്ക് അഭിഭാഷകജോലി മാറിയിരിക്കുന്നു. നിയമപഠനം കഴിഞ്ഞിറങ്ങുന്നവരെ കാത്തിരിക്കുന്നത് അവസരങ്ങളുടെ വലിയ ലോകമാണ്. നിയമവ്യവസ്ഥയോടു ഇഷ്ടമുള്ളവര്‍ക്ക് പ്ളസ്ടുവിന് ശേഷം ആ വഴിയിലേക്ക് തിരിയാം. രാജ്യത്തെ പ്രമുഖ നിയമപഠന ഇന്‍സ്റ്റിറ്റ്യുട്ടുകളില്‍ പ്രവേശത്തിന് അവസരമൊരുക്കുന്ന പ്രവേശപരീക്ഷയാണ് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ളാറ്റ്).1988ല്‍ ബംഗളൂരുവിലാണ് രാജ്യത്തെ ആദ്യ ലോ സ്കൂള്‍ സ്ഥാപിതമായത്. ഇന്ന് 17 നാഷണല്‍ ലോ സ്കൂളുകള്‍ രാജ്യത്തുണ്ട്. ക്ളാറ്റ് വഴിയാണ് ഇവയിലേക്ക് പ്രവേശം. ഇതുകൂടാതെ ഡല്‍ഹിയിലെ നാഷണല്‍ ലോ സ്കൂള്‍ പ്രത്യേക പ്രവേശപരീക്ഷ നടത്തുന്നു.  
വര്‍ഷം തോറും ക്ളാറ്റ് എഴുതുന്നവരുടെ എണ്ണത്തില്‍ അതിശയകരമായ വര്‍ധനയാണുണ്ടാവുന്നത്. 2008ല്‍ 8,000 പേര്‍ മാത്രമാണ് പരീക്ഷ എഴുതിയത്. 2015ല്‍ ഇത് 42,500 ആയി വളര്‍ന്നു. പ്ളസ്ടു/തത്തുല്യം വിജയിച്ചവര്‍ക്കും അവസാന പരീക്ഷയെഴുതുന്നവര്‍ക്കും ക്ളാറ്റിന് അപേക്ഷിക്കാം. 
വക്കീല്‍ക്കുപ്പായത്തിന് തിളക്കമേറി
‘‘നിയമപഠനമെന്നാല്‍ പണ്ട് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യല്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് അത് മാറി. നിയമപഠനത്തിനുശേഷം ബാങ്കുകളിലും കമ്പനികളിലും ലീഗല്‍ കണ്‍സള്‍ട്ടന്‍റ് ആയി പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെ നിരവധി സാധ്യതകള്‍ ഇന്നുണ്ട്. അതുതന്നെയാണ് നിയമപഠനത്തിന് കൂടുതല്‍ നിറം നല്‍കുന്നതും‘‘ -നുവാല്‍സില്‍ അവസാനവര്‍ഷ ബി.എ എല്‍.എല്‍.ബി ഓണേഴ്സ് വിദ്യാര്‍ഥിയായ റസാന്‍ ഹാരിസ് പറയുന്നു. നിരവധി തിളങ്ങുന്ന അവസരങ്ങളാണ് നിയമത്തില്‍ ബിരുദവുമായി ഇറങ്ങുന്നവരെ കാത്തിരിക്കുന്നത്. കാമ്പസ് റിക്രൂട്ട്മെന്‍റ് വഴി നിരവധി വിദ്യാര്‍ഥികള്‍ തൊഴില്‍ നേടുന്നുമുണ്ട്. 
കൂടുതല്‍ വിദ്യാര്‍ഥികള്‍ നിയമപഠനത്തിലേക്ക് വരുന്നുണ്ട് ഇപ്പോള്‍. നുവാല്‍സില്‍ മുമ്പ് 80 സീറ്റുണ്ടായിരുന്ന ബി.എ എല്‍.എല്‍.ബി ഓണേഴ്സിന് ഈ വര്‍ഷം തൊട്ട് 120 സീറ്റാക്കി. അഞ്ചു വര്‍ഷ കോഴ്സാണ് ബി.എ എല്‍.എല്‍.ബി ഓണേഴ്സ്. ഈ കോഴ്സിന് പുറമേ ബിരുദാനന്തരബിരുദ കോഴ്സായ എല്‍.എല്‍.എമ്മും നുവാല്‍സിലുണ്ട്. വളരെക്കുറച്ചുപേര്‍ മാത്രമാണ് പഠനത്തിനുശേഷം മറ്റ് മേഖലകള്‍ തിരഞ്ഞുപോകുന്നത്. അധികം പേരും നിയമവീഥിയില്‍ തന്നെ യാത്ര തുടരുന്നു. നിയമപഠനത്തോടുള്ള താല്‍പര്യം തന്നെയാണ് റസാന്‍ ഹാരിസിനെ നുവാന്‍സില്‍ എത്തിച്ചത്. ‘ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാകാന്‍ അഭിഭാഷകര്‍ക്കാവുന്നു. സാമൂഹിക സേവനത്തിന് അവസരം നല്‍കുന്ന ജോലിയാണിത്’ -കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സ്വദേശിയായ റസാന്‍ നയം വ്യക്തമാക്കുന്നു. വിദേശത്ത് ഉപരിപഠനമാണ് റസാന്‍െറ ലക്ഷ്യം. 
പരീക്ഷ എങ്ങനെ?
200 മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളടങ്ങിയ ഓണ്‍ലൈന്‍ പരീക്ഷയാണ് ക്ളാറ്റ്. ഇംഗ്ളീഷ്, അടിസ്ഥാന ഗണിതശാസ്ത്രം, പൊതുവിജ്ഞാനം, ലോജിക്കല്‍ റീസനിങ്, ലീഗല്‍ റീസണിങ് എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാകും. രണ്ട് മണിക്കൂര്‍ പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കുമുണ്ട്. 
എപ്പോഴാണ് അപേക്ഷിക്കേണ്ടത്?
ഡിസംബറോടെയാണ് വിജ്ഞാപനം വരിക. 2016 മാര്‍ച്ച് 31 ആണ് ഇത്തവണ അപേക്ഷിക്കാനുള്ള അവസാനതീയതി. മെയിലായിരിക്കും പരീക്ഷ. ജൂലൈയോടെ അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://clat.ac.in/
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.