സര്‍വകലാശാലകളുടെ അമരത്തെത്താന്‍ റാപ്പിഡ് പ്ളാനിങ് മെത്തേഡ്

കേരളത്തിലെ സര്‍വകലാശാലകളില്‍ 4000ത്തോളം പേര്‍ക്ക് ഉയര്‍ന്ന ഉദ്യോഗം കരസ്ഥമാക്കാനുള്ള മത്സരപരീക്ഷ അടുത്തമാസം 24ന് നടക്കും. പതിവില്‍നിന്ന് വിപരീതമായി വളരെ വേഗത്തിലാണ് പബ്ളിക് സര്‍വിസ് കമീഷന്‍ നടപടികള്‍. 12 സര്‍വകലാശാലകളിലേക്ക് അസിസ്റ്റന്‍റുമാരെ കണ്ടത്തൊനുള്ള പ്രധാന പരീക്ഷയുടെ നടത്തിപ്പിന് യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷനെക്കാള്‍ വേഗമാണ് ഇത്തവണ. മാര്‍ച്ചില്‍ അപേക്ഷ ക്ഷണിച്ചുതുടങ്ങി ഏപ്രില്‍ 27ന് അര്‍ധരാത്രി 12ന് അവസാനിപ്പിച്ച് മേയ് 24ന് പരീക്ഷ നടത്തി മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റിടുകയെന്ന ദൗത്യത്തിനാണ് പി.എസ്.സി ശ്രമിക്കുന്നത്. കേരള  പി.എസ്.സിയുടെ ചരിത്രത്തില്‍തന്നെ ഇതൊരു റെക്കോഡായിരിക്കും.  
അംഗീകൃത സര്‍വകലാശാല ബിരുദക്കാര്‍ക്ക് അപേക്ഷിക്കാവുന്ന പരീക്ഷക്ക് ഇക്കുറി പ്രഫഷനല്‍ ബിരുദക്കാരുമുണ്ടാവും. ബി.ടെക് ബിരുദക്കാര്‍, എം.ടെക്കുകാര്‍, എം.സി.എ, എം.ബി.എക്കാര്‍ വരെ മാറ്റുരക്കുന്ന  പരീക്ഷക്ക് അപേക്ഷ അയച്ചവര്‍ മിക്കവരും പറയുന്നത് ‘സമയം കിട്ടുന്നില്ല’ എന്ന പരാതിയാണ്.  അപേക്ഷ അയക്കാനുള്ള സമയം അവസാനിച്ചാല്‍ ആകെ ലഭിക്കുക 26 ദിവസങ്ങള്‍ മാത്രമാണെന്നത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ മുള്‍മുനയില്‍ നിര്‍ത്തുന്നു.  
99 ശതമാനം അപേക്ഷകരും സമയക്കുറവിനെക്കുറിച്ച് പരിതപിക്കുകയാണ്. എന്നാല്‍, കേവലം മൂന്ന് ആഴ്ചകൊണ്ട് അത്യുത്സാഹികളായ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ പരീക്ഷ വിജയിക്കാന്‍ കഴിയുമെന്നുറപ്പാണ്. അതിനായി ഒരു അതിവേഗ ആസൂത്രണ പദ്ധതി (Rapid Planning Method) നടപ്പാക്കേണ്ടതുണ്ട്. 
ആസൂത്രണം അതിവേഗം
ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും സുശക്തമായ ആസൂത്രണവും കഠിനാധ്വാനവുമുണ്ട്. എന്നാല്‍, അമേരിക്കന്‍ മോട്ടിവേറ്റര്‍ ആയ അന്തോണി റോബിന്‍സ് ആണ് ഇതില്‍നിന്ന് കുറച്ച് വ്യത്യസ്തമായ റാപ്പിഡ് പ്ളാനിങ് കൊണ്ടുവന്നത്. ഈ റാപ്പിഡ് പ്ളാനിങ് നമ്മുടെ സര്‍വകലാശാല അസിസ്റ്റന്‍റ് പരീക്ഷക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നോക്കാം. 
ആരാണ് യോഗ്യര്‍?
മൂന്ന് ആഴ്ചകൊണ്ട് എങ്ങനെ പരീക്ഷയെ അഭിമുഖീകരിക്കുമെന്ന് ഭയക്കുന്നവര്‍ക്ക് ഉള്ളതല്ല ഈ പദ്ധതി. യോഗ്യതയുള്ളതുകൊണ്ടാണ് നിങ്ങള്‍ അപേക്ഷ നല്‍കിയത്. ഇനി വേണ്ടത് മത്സരത്തിനുള്ള തയാറെടുപ്പാണ്. ആറോ ഏഴോ ലക്ഷം പേര്‍ എഴുതുന്ന പരീക്ഷക്ക് 4000 പോസ്റ്റുകള്‍ വരുന്ന മൂന്നു വര്‍ഷംകൊണ്ട് നികത്തപ്പെടും. 90 ശതമാനം പേരും പരിശീലിക്കാന്‍ സമയമില്ളെന്നു പറഞ്ഞ് മാറിനില്‍ക്കുന്നവരും ഗൗരവമില്ലാതെ പരീക്ഷയെ നേരിടുന്നവരുമാണ്.  ഇവര്‍ പരീക്ഷ എഴുതുംമുമ്പുതന്നെ സ്വയം പുറത്തുപോയവരാണ്. ഏകദേശ കണക്ക് നോക്കിയാല്‍ കുറച്ചെങ്കിലും പരിശീലനത്തോടെ പരീക്ഷയെ സമീപിക്കുന്നവര്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രമായിരിക്കും. ഒരു ലക്ഷത്തില്‍ ആദ്യത്തെ 3000ത്തിനോ 4000ത്തിനോ താഴെയത്തെുക പ്രയാസമുള്ള കാര്യമല്ല. ഇനി പരീക്ഷയുടെ സിലബസ് എങ്ങനെ റാപ്പിഡ് പ്ളാനിങ്ങില്‍ സന്നിവേശിപ്പിക്കാമെന്ന് നോക്കാം. 
എങ്ങനെ ലിസ്റ്റില്‍ കടന്നുകൂടാം? 
ലിസ്റ്റില്‍ കടന്നുകൂടാന്‍ നമുക്ക് ഒരു കുറുക്കുവഴി തേടാം. ജീവന്മരണ പോരാട്ടമാണിത്. ഒരു ചാര്‍ട്ട് പേപ്പര്‍ പഠിക്കാനിരിക്കുന്ന മേശയുടെ സമീപത്തെ ഭിത്തിയില്‍ ഒട്ടിക്കണം. മുകളില്‍നിന്ന് തീയതി എഴുതി യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ് മേയ് 24 എന്നെഴുതുക. എല്ലാ ദിവസവും ഈ എഴുത്ത് തുടരുക.  നിങ്ങള്‍ അഭിമുഖീകരിക്കുന്ന പരീക്ഷാ ചോദ്യങ്ങളെ 10 ഭാഗങ്ങളാക്കി പരിശീലിക്കേണ്ടതുണ്ട്. മേയ് ഒന്നിന് തുടങ്ങിയാലും ഓരോ വിഭാഗത്തിലും 500 ചോദ്യങ്ങള്‍ പഠിക്കാനായി ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യണം. 
മികച്ച സ്ഥാപനങ്ങളുടെ പരിശീലന സഹായികള്‍ പഠനത്തിന് ഉപയോഗിക്കാം . ഐ.ടി, Facts about Kerala, Constitution and Civil Rights, Gen. English എന്നിങ്ങനെ ഓരോ വിഭാഗത്തിനും വെവ്വേറെ ഗൈഡുകള്‍  വാങ്ങുന്നതാകും റാപ്പിഡ് പ്ളാനിങ്ങിന്  സഹായിക്കുക. 
എന്തിന് റാപ്പിഡ് പ്ളാനിങ്?
ടോണി റോബിന്‍സ് എന്നറിയപ്പെടുന്ന അന്തോണി റോബിന്‍സ് കേരളത്തിലെ യുവാക്കള്‍ക്ക് പി.എസ്.സി ടെസ്റ്റിനു വേണ്ടി കണ്ടുപിടിച്ചതല്ല ഇത്. ജീവിതത്തില്‍ വിജയികളായിട്ടുള്ളവരെല്ലാം സുശക്തമായ ആസൂത്രണത്തോടെയും ആത്മവിശ്വാസത്തോടെയും പദ്ധതികള്‍ നടപ്പാക്കിയവരാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള പാലവും ഏറ്റവും ഉയരമുള്ള കെട്ടിടവും ആദ്യഭാഗത്തുനിന്നാണ് തുടങ്ങിയത്. പക്ഷേ, എവിടെ നിര്‍ത്തണമെന്നും എന്ന് അവസാനിപ്പിക്കണമെന്നും മുന്‍കൂട്ടി പ്ളാന്‍ ചെയ്തിരുന്നുവെന്നുമാത്രം. വേഗമുള്ള വാഹനങ്ങളുടെയും വേഗമുള്ള ശബ്ദവീഥികളുടെയും ലോകത്ത് ജീവിക്കുമ്പോള്‍ വേഗം എന്നത് ജീവിതത്തിന്‍െറ മന്ത്രമായി മാറ്റേണ്ടതുണ്ട്. വേഗം പ്ളാനിങ്ങോടെയാണെങ്കില്‍ ആത്മവിശ്വാസം വര്‍ധിക്കും. ആത്മവിശ്വാസം വിജയത്തിലേക്കത്തെിക്കും. അതിനായി ഓരോ വിഷയങ്ങളും കൃത്യമായ ആസൂത്രണത്തോടെ പഠിക്കണം. 
ഇനി ഈ ടെസ്റ്റില്‍ നിങ്ങള്‍ റാങ്ക് ലിസ്റ്റില്‍ വന്നില്ളെങ്കില്‍ പോലും തുടര്‍ന്നുള്ള ടെസ്റ്റുകള്‍ക്ക് ഈ റാപ്പിഡ് പ്ളാനിങ് മെത്തേഡ് നടപ്പാക്കാം. സര്‍വകലാശാലകളിലും സെക്രട്ടേറിയറ്റിലും കയറിയവര്‍ പലരും സിവില്‍ സര്‍വിസിലേക്കത്തെിയിട്ടുണ്ട്. ഈ അതിവേഗ പ്ളാനിങ് നിങ്ങള്‍ക്കൊരു നഷ്ടമായിരിക്കില്ല. 
പരീക്ഷക്ക് തയ്യാറെടുക്കേണ്ട രീതിയെ കുറിച്ച് നാളെ
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.