സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്നവരെ തേടി സകാത് ഫൗണ്ടേഷന്‍ കേരളത്തില്‍

ന്യൂഡല്‍ഹി:  സിവില്‍ സര്‍വീസ് സ്വപ്നവുമായി നടക്കുന്ന വിദ്യാര്‍ഥികളെ തേടി സകാത് ഫൗണ്ടേഷന്‍ വീണ്ടും കേരളത്തിലേക്ക്. ഈ വര്‍ഷവും മൂന്ന് മലയാളികളടക്കം 16 സിവില്‍ സര്‍വീസുകാരെ വിജയിപ്പിച്ചെടുത്ത ഫൗണ്ടേഷന്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ്  മലപ്പുറത്ത് പ്രവേശ പരീക്ഷ നടത്തുന്നത്. ജൂലൈ 26ന് രാവിലെ ഒമ്പത് മണിക്ക് മലപ്പുറം ‘ഏറനാട് ഇന്‍’ ഹോട്ടലില്‍ നടത്തുന്ന പ്രവേശ പരീക്ഷയില്‍ മികച്ച മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഡല്‍ഹിയില്‍ സൗജന്യ കോച്ചിങ്ങും കുറഞ്ഞ നിരക്കില്‍ താമസസൗകര്യവും ലഭ്യമാക്കുമെന്ന് ഫൗണ്ടേഷന്‍ ‘മാധ്യമ’ത്തെ അറിയിച്ചു.

സകാത് വിഹിതം ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ഡല്‍ഹിയിലെ മികച്ച കോച്ചിങ് കേന്ദ്രങ്ങളില്‍ പരിശീലനമൊരുക്കുകയാണ് സകാത് ഫൗണ്ടേഷന്‍ . ഫൗണ്ടേഷന്‍ വിദ്യാര്‍ഥികളായിരുന്ന 26 പേരില്‍ 16 പേരും ഇത്തവണത്തെ സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റിലുണ്ട്. സഫീര്‍ കരീം, രോഷ്നി തോംസണ്‍, ഡോ. സിമി മറിയം ജോര്‍ജ് എന്നിവരാണ് ഇത്തവണ സിവില്‍ സര്‍വീസ് ലഭിച്ച സകാത് ഫൗണ്ടേഷന്‍െറ മലയാളി വിദ്യാര്‍ഥികള്‍. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് ഇന്‍റര്‍വ്യൂവില്‍ 220 മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്തത്തെിയ പശ്ചിമ ബംഗാളിലെ സൈനബ് സയ്യിദ് ഫൗണ്ടേഷന്‍ വിദ്യാര്‍ഥിയാണ്. മലപ്പുറത്ത് ആദ്യം നടത്തിയ പ്രവേശ പരീക്ഷ വഴി ഫൗണ്ടേഷനിലത്തെിയ മലപ്പുറത്തുകാരനായ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസുകാരനായി കൊഹിമയിലും സയ്യിദ് റബീഹശ്മി ഡല്‍ഹിയില്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലും ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

മറ്റു വിദ്യാര്‍ഥികളുടെ അവസരം നഷ്ടമാകാതിരിക്കാന്‍ മികച്ച വിദ്യാര്‍ഥികളെ പ്രവേശ പരീക്ഷക്ക് ഇരുത്താന്‍ ഈ മേഖലയില്‍ താല്‍പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും മുന്‍കൈ എടുക്കണമെന്ന് സകാത് ഫൗണ്ടേഷന്‍ അഭ്യര്‍ഥിച്ചു.
പ്രവേശ പരീക്ഷക്കുള്ള അപേക്ഷാ ഫോമും നടപടിക്രമങ്ങളും  www.zakatindia.org ല്‍  ലഭ്യമാണ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആയിരുന്ന സകാത് ഫൗണ്ടേഷന്‍ സഫര്‍ മഹ്മൂദ് ഐ.എ.എസ് നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.