ജി.പി.എസ് ഇല്ല, എന്നിട്ടും ഡ്രോണുകൾ വഴിതെറ്റില്ല! ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധ നേടി വിദ്യാർഥികളുടെ കണ്ടുപിടിത്തം

ഹൈദരാബാദ്: ജി.പി.എസ് ഇല്ലാത്ത ചൊവ്വയിൽ ഡ്രോണുകൾക്ക് എങ്ങനെ വഴികണ്ടെത്താനാകും? ഈ കൗതുകത്തിൽനിന്ന് തുടങ്ങിയ ഗവേഷണം ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധ നേടുന്ന സാങ്കേതികവിദ്യയായി വളർന്നിരിക്കുന്നു. ബിറ്റ്സ് പിലാനി ഹൈദരാബാദ് കാമ്പസിലെ വിദ്യാർഥികളായ നമൻ കസ്‌ലിവാളും ശിവ് പാട്ടീലും വികസിപ്പിച്ച നാവിഗേഷൻ സംവിധാനമാണ് സൈനിക പരീക്ഷണങ്ങളിലെത്തിയത്.

ചൊവ്വയിൽ ഭൂമിയിലേതുപോലുള്ള ഉപഗ്രഹാധിഷ്ഠിത നാവിഗേഷൻ സംവിധാനമില്ല. അതിനാൽ അവിടെ പ്രവർത്തിക്കുന്ന ഡ്രോണുകൾക്ക് സ്വന്തം വഴി കണ്ടെത്താൻ ബദൽ സാങ്കേതികവിദ്യ ആവശ്യമാണ്. ഈ വെല്ലുവിളിക്ക് പരിഹാരം തേടിയായിരുന്നു ഇരുവരുടെയും തുടക്കം. എന്നാൽ ഗവേഷണത്തിനിടെ ഒരു സൈനിക ഉദ്യോഗസ്ഥൻ ഇതിന്റെ മറ്റൊരു സാധ്യത ചൂണ്ടിക്കാട്ടി. ജി.പി.എസ് സിഗ്നലുകൾ തടസ്സപ്പെടുന്ന സൈനിക മേഖലകളിൽ ഡ്രോണുകൾക്ക് വഴികണ്ടെത്താനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന തിരിച്ചറിവ് പദ്ധതിയുടെ ദിശ മാറ്റി.

ഇതിന്റെ തുടർച്ചയായി ഇരുവരുടെയും സ്റ്റാർട്ടപ്പായ ബെയ്ജാൻ വികസിപ്പിച്ചതാണ് 'ഓട്ടോണമസ് നാവിഗേഷൻ മോഡ്യൂൾ'. ഡ്രോണിൽ ഘടിപ്പിച്ച ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ വിശകലനം ചെയ്താണ് സംവിധാനം പ്രവർത്തിക്കുന്നത്. ഉപഗ്രഹ സിഗ്നലുകളെ ആശ്രയിക്കാതെ ചുറ്റുപാടുകളിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് ഡ്രോണിന്റെ ചലനം കണക്കാക്കാനും നാവിഗേഷന് സഹായിക്കാനും ഇതിന് കഴിയും.

സെക്കന്തരാബാദ്, ലേ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ സംവിധാനം പരീക്ഷിച്ചു. സൈന്യത്തിന്റെ സതേൺ കമാൻഡിന് മുന്നിലും പ്രദർശിപ്പിച്ചു. തുടർപരീക്ഷണങ്ങൾക്കായി മൂന്ന് മോഡ്യൂളുകൾ പൊഖ്റാനിലേക്ക് കൊണ്ടുപോയതായും എട്ട് സൈനിക യൂണിറ്റുകൾ താൽപര്യം അറിയിച്ചതായും കമ്പനിയുടെ സി.ഇ.ഒ നമൻ കസ്‌ലിവാൾ പറഞ്ഞു.

ബിറ്റ്സിലെ പഠനകാലത്ത് റോബോട്ടിക്സ് രംഗത്ത് നേടിയ അനുഭവങ്ങളാണ് ഇരുവർക്കും ഈ സംരംഭത്തിന് അടിത്തറയായത്. ഐ.ഐ.ടി ബോംബെയിൽ നടന്ന റോബോട്ടിക്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതും നിർണായകമായി. സ്റ്റാർട്ടപ്പിന്റെ വളർച്ചയ്ക്കായി എ.ജെ.വി.സി ഫണ്ടിൽനിന്ന് 1.7 കോടി രൂപയുടെ നിക്ഷേപവും ലഭിച്ചു.

പീരങ്കി ആക്രമണങ്ങളുടെ കൃത്യത മെച്ചപ്പെടുത്താനുള്ള സംവിധാനവും സൈന്യത്തിന്റെ നോർത്തേൺ കമാൻഡിനൊപ്പം പരീക്ഷിച്ചതായി കസ്‌ലിവാൾ പറഞ്ഞു. അതേസമയം, ഡ്രോൺ നാവിഗേഷൻ സംവിധാനം പൂർണമായ വിമാനസംവിധാനങ്ങളുമായി സംയോജിപ്പിച്ച് അന്തിമ പരിശോധനകൾ പൂർത്തിയാക്കാനുണ്ട്. വ്യാപകമായ സൈനിക വിന്യാസത്തിലേക്ക് ഇതുവരെ കടന്നിട്ടില്ല.

ചൊവ്വയിലെ ഒരു സാങ്കേതിക വെല്ലുവിളിക്ക് പരിഹാരം തേടിയുള്ള വിദ്യാർഥികളുടെ ശ്രമം പ്രതിരോധ മേഖലയിലെ പ്രായോഗിക സാധ്യതകളിലേക്ക് വളരുകയാണ്. സർവകലാശാലയിലെ ഗവേഷണം എങ്ങനെ യാഥാർഥ്യലോകത്തിലെ ആവശ്യങ്ങളുമായി കൈകോർക്കാമെന്നതിന്റെ ഉദാഹരണം കൂടിയാണിത്.

Tags:    
News Summary - Students Build Drone Navigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.